ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നീതു കൃഷ്ണന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'എല്ലാ വിഷയത്തിലും ശരാശരി മാര്‍ക്ക് മാത്രം. ഇതിനാണോടീ നിന്നെ ഞങ്ങള്‍ കഷ്ടപ്പെട്ട് സ്‌കൂളില്‍ വിടുന്നത്. ബാക്കി എല്ലാത്തിനും നല്ല മിടുക്കാണ്. പഠിക്കാന്‍ പറഞ്ഞാല്‍ മാത്രം കഴിയില്ല. ആ പേപ്പറും കളര്‍പെന്‍സിലും വച്ച് കുത്തിവരച്ചോണ്ടിരിക്കുന്ന സമയം മതിയല്ലോ നാലക്ഷരം പഠിക്കുവാന്‍.'
പ്രോഗ്രസ്സ് റിപ്പോര്‍ട്ടുമായി തന്റെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്ന മകള്‍ വേദയോട് ശ്രീജ അലറി.
'വലിയ രാജാ രവിവര്‍മ്മ ആണെന്നാണ് വിചാരം. നിന്റെ കളര്‍പെന്‍സിലുകള്‍ എല്ലാം ഞാന്‍ എടുത്ത് കത്തിക്കും നോക്കിക്കോ. മര്യാദക്ക് കുളിച്ചിട്ട് പോയിരുന്നു പഠിച്ചോ.'
ഒന്നും മിണ്ടാതെ തന്റെ റൂമിലേക്ക് പോകുന്ന മകളെ നോക്കിക്കൊണ്ട് ശ്രീജ തന്റെ മറ്റു പണികളിലേയ്ക്ക് നീങ്ങി.
ഈയിടെയായി പഠന കാര്യത്തില്‍ ഉഴപ്പാണ് വേദ. എല്ലാ കാര്യത്തിലും നല്ല മിടുക്കിയായിരുന്ന മകള്‍ക്ക് ഇതെന്തു പറ്റി എന്നറിയില്ല. ഏതുനേരവും ചിത്രം വര മാത്രം. പഠിക്കണം എന്ന വിചാരമേ ഇല്ല. ഈയിടെ വേദയുടെ ക്ലാസ്സ് ടീച്ചര്‍ രക്ഷകര്‍ത്താവിനെ സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. അവിടെയും വിഷയം ഇത് തന്നെ. അന്ന് ചോദിച്ചപ്പോളും ഇതേ മൗനമായിരുന്നു മറുപടി.
പണിയെല്ലാം ഒതുക്കി മകളുടെ മുറിയിലേയ്ക്ക് ചെന്നു നോക്കിയ ശ്രീജ ഞെട്ടിപ്പോയി. മുറിയിലാകെ വലിച്ചു വാരിയിട്ടിരിക്കുന്ന പേപ്പര്‍ തുണ്ടുകള്‍. വലിച്ചു കീറി ഇട്ടിരിക്കുന്ന തലയിണ. അതിന് നടുവില്‍ തലയും കുമ്പിട്ട് ഒരു ഭ്രാന്തിയെപ്പോലെ ഇരിക്കുന്ന മകള്‍! ഓടി അടുത്തേക്ക് ചെന്ന അവള്‍ ഒരു കാഴ്ച കണ്ട തറഞ്ഞു നിന്നു. കളര്‍പെന്‍സിലുകള്‍ കൊണ്ട് കുത്തിവരച്ച് വികൃതമാക്കിയിട്ടിരിക്കുന്ന അവളുടെ കൊച്ചച്ഛന്റെ ഫോട്ടോ.
ശ്രീജയുടെ മനസ്സില്‍ ഒരു വെള്ളിടി മുഴങ്ങി.
'എന്താ മോളേ. എന്താ കുഞ്ഞിന്. എന്താ പറ്റിയെ?'- ശ്രീജ ഓടിച്ചെന്നു വേദയെ ചേര്‍ത്തുപിടിച്ചു.
'അമ്മ ഓഫീസില്‍ പോകുമ്പോള്‍ എന്നെ ഇനി കൊച്ചച്ഛന്റെ വീട്ടില്‍ വിടല്ലേ അമ്മേ. എനിക്ക് പേടിയാ. കൊച്ചച്ഛന്‍ എന്നെ ദേഹത്തൊക്കെ പിടിച്ച് നോവിക്കും അമ്മേ.'
മകളുടെ വായില്‍ നിന്നും കേട്ട വാക്കുകള്‍ കേട്ട് ശ്രീജ സ്തംഭിച്ചു നിന്നു.
ശരിയാണ്. മോള്‍ക്ക് അവധിയുള്ളപ്പോള്‍ താന്‍ അവളെ അവളുടെ അച്ഛന്റെ അനിയന്റെ വീട്ടിലാക്കിയിട്ടാണ് ജോലിക്ക് പോകുന്നത്. അനിയത്തിയും ജോലിക്കാരിയാണ്. പുറത്തായിരുന്ന അനിയന്‍ കൃഷിപ്പണികളൊക്കെ നോക്കി വീട്ടില്‍ തന്നെ ഇരിപ്പാണ് ഇപ്പോള്‍. എന്തിനും ഏതിനും ഓടി വരുന്നവനെ സംശയിക്കാനോ മകളെ അവിശ്വസിക്കാനോ വയ്യാത്ത പ്രതിസന്ധിയില്‍ ആയിപ്പോയി ശ്രീജ.
'അമ്മയിതുകണ്ടോ,കൊച്ചച്ഛന്‍ കടിച്ചതാ!'
മോളുടെ നെഞ്ചില്‍ തിണിര്‍ത്തുകിടക്കുന്ന പല്ലിന്റെ പാട്. ഒരിക്കലും ഒരമ്മ കാണരുതാത്ത കാഴ്ച കണ്ട് മുള ചീന്തുന്നപോലൊരു കരച്ചില്‍ ശ്രീജയില്‍നിന്നുയര്‍ന്നു.
മൂന്നാം ക്ലാസ്സുമുതല്‍ തനിയെ കുളിക്കുന്ന മകളെ ശ്രദ്ധിക്കുവാന്‍ താന്‍ മറന്നിരിക്കുന്നു. അല്ല, രാവിലത്തെ നെട്ടോട്ടത്തില്‍ സമയം കിട്ടാറില്ലായിരുന്നു.
'മക്കളിതെന്താ അമ്മയോട് പറയാതിരുന്നത്?'
'എനിക്ക് പേടിയായിരുന്നമ്മേ. എന്തെങ്കിലും പറയാന്‍ വന്നാല്‍ അമ്മ പോയിരുന്നു പഠിക്കാന്‍ പറഞ്ഞു വഴക്ക് പറയില്ലേ? പിന്നെ പറഞ്ഞാല്‍ എന്നെ ഇനിയും ഉപദ്രവിക്കുമെന്നും അമ്മയെയും അച്ഛനെയും തല്ലുമെന്നും കൊച്ചച്ഛന്‍ പറഞ്ഞു.'
'എന്റെ കുഞ്ഞേ...'
ഒരാര്‍ത്തനാദത്തോടെ അവള്‍ ഞെട്ടിയെണീറ്റു.
'എന്താടോ താന്‍ വീണ്ടും സ്വപ്നം കണ്ടോ? ഇന്ന് ആ വാര്‍ത്ത വായിച്ചു താന്‍ കരയുന്നത് കണ്ടതേ ഇങ്ങനൊരു സീന്‍ ഞാന്‍ പ്രതീക്ഷിച്ചതാ. തനിക്കിത് പതിവാണല്ലോ. സ്വപ്നം കണ്ട് കരയല്‍.'- ശ്രീജയെ ചേര്‍ത്തുപിടിച്ചുകൊണ്ട് രാജീവ് പറഞ്ഞു.
കണ്ടതൊരു ദു: സ്വപ്നമായിരുന്നു എന്ന തിരിച്ചറിവിലും അവളുടെ ഉള്ളിലെ വിറയല്‍ മാറിയിരുന്നില്ല. ആ സ്വപ്നത്തില്‍ അവള്‍ കണ്ടത് തന്നെ തന്നെ ആയിരുന്നു- വേദശ്രീ എന്ന പഴയ വേദയെ!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...