ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നന്ദു കാവാലം എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഞാന്‍ ഉണരുമ്പോള്‍ അവള്‍ ഉറങ്ങുകയാണ്.
ഒരു കൊച്ചു കുട്ടിയുടെ മുഖം.
നിദ്രയില്‍ സ്ഥാന ചലനം വന്ന വസ്ത്രങ്ങള്‍ക്കിടയിലൂടെ അവളുടെ യൗവനം ഒരു മേഘമില്ലാ രാവിലെ നിലാവ് പോലെ.
23 വയസ്സ് ഒരു പെണ്ണിന് നല്‍കാവുന്ന എല്ലാ വടിവുകളും ലഭിച്ച സുന്ദരി, ലിനറ്റ്. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്. തലേന്നത്തെ വഴക്കിന്റെ ബാക്കി പത്രം .
ലിവിങ് ടുഗെതര്‍ എന്ന ന്യൂ ജെന്‍ കണ്ടുപിടുത്തം എനിക്ക് നേടി തന്ന സൗഭാഗ്യം
പക്ഷെ ഞാന്‍ അവളില്‍ നിന്ന് കവര്‍ന്നതൊക്കെ ഏകപക്ഷീയം ആയിരുന്നു എന്നും ഞാന്‍ സെല്‍ഫിഷ്, സ്‌നേഹമില്ലാത്തവന്‍, ആവശ്യത്തിന് കരുണ കാട്ടാത്തവന്‍, കെയര്‍ ചെയ്യാത്തവന്‍ ഒക്കെ ആണെന്ന് പറഞ്ഞു ഇന്നലെ എന്തൊരു പ്രശനം ആയിരുന്നു.
അതില്‍ ചിലതൊക്കെ ശരി തന്നെ അല്ലെ എന്ന മനസ്സിന്റെ ചോദ്യം ഞാന്‍ അവഗണിച്ചു കൊണ്ടേയിരുന്നു ഒടുവില്‍ മദ്യം നല്‍കിയ ക്ഷീണത്തില്‍ മയങ്ങും വരെയും അവള്‍, 'ക്രൂരന്‍, നശിച്ച സമയത്താണ് നിന്നെ ഞാന്‍ കണ്ടത്' എന്നൊക്കെ പിറുപിറുത്തു കൊണ്ടിരുന്നു.
ഞാന്‍ നോക്കി ഇരിക്കെ അവള്‍ എഴുന്നേറ്റു.
ഒരു മൂലയ്ക്ക് വച്ചിരിക്കുന്ന അവളുടെ പെട്ടിയും ബാഗും. അതില്‍ നിന്നും അവള്‍ കണ്ണെടുത്ത് എന്നെ നോക്കി.
ഒന്ന് പുഞ്ചിരിക്കണം എന്നും 'സോറി' എന്ന് പറയണം എന്നും ഞാന്‍ കരുതി പക്ഷെ ഇവള്‍ പോയാല്‍ ഉടന്‍ കയറി വരാന്‍ തയ്യാര്‍ ആയിരിക്കുന്ന ലിവിങ് ടുഗെതര്‍ സുന്ദരി ജാനുവിനെ കുറിച്ചോര്‍ത്തപ്പോള്‍ ഞാന്‍ മൗനിയായി.
നിന്റെ ഹൃദയം കരിങ്കല്ലായി തീര്‍ന്നുവോ എന്ന മനസ്സിന്റെ ചോദ്യം അവള്‍ കേട്ടോ എന്ന് ഞാന്‍ ഭയന്നു.
ബാത് റൂമില്‍ പോയി തിരികെ വന്നവള്‍ എന്റെ മുന്നില്‍ നഗ്‌നയായി നിന്ന് വസ്ത്രം മാറി.
എത്രയോ തവണ കണ്ടതെങ്കിലും എന്റെ ശരീരം ഒന്നുണര്‍ന്നു.
വേഷം മാറി ഒന്നും മിണ്ടാതെ ഒരു കൊടുങ്കാറ്റു പോലെ അവള്‍ ബാഗും എടുത്ത് പുറത്തേക്കു നടന്നു.
കതകു വലിച്ചടക്കും മുന്‍പ് അവള്‍ എന്നെ ഒഴികെ മുറിയാകെ ഒന്ന് നോക്കി.
ഞാന്‍ കിടക്കയില്‍ കിടന്നു മൊബൈല്‍ ഫോണ്‍ എടുത്ത് ജാനുവിനൊരു ഗുഡ് മോര്‍ണിംഗ് വിഷ് ചെയ്യാനൊരുങ്ങവേ അവള്‍ പെട്ടെന്ന് തിരികെ കയറി വന്നു.
'എന്താ എന്ത് പറ്റി?''-ചെറിയൊരു വിജയ ഭാവത്തില്‍ ഞാന്‍ ചോദിച്ചു.
ഒരു നിമിഷം എന്നെ നോക്കി നിന്ന അവള്‍ എന്റെ അടുത്തേക്ക് വന്നു.
'ഞാന്‍, ഞാന്‍ എന്റെ ഹൃദയം മറന്നതെടുക്കാന്‍ വന്നതാണ്.'
'ഓ അത് ഞാന്‍ ഇന്നലെ വൃത്തികെട്ട ചവറുകള്‍ നിറഞ്ഞ ചവറ്റു കുട്ടയില്‍ ഇട്ടു.'-പരിഹാസത്തോടെ ഞാന്‍ പുലമ്പി
''അതെനിക്കറിയാം..''-അവള്‍ എന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ വിടര്‍ത്തി എന്റെ ഹൃദയത്തിന്റെ ഭാഗത്തു നിന്നും അവളുടെ ഹൃദയവും എടുത്ത് തിരികെ നടന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...