Malayalam Short Story : കക്ക് കളി, ലിസ ലാലു എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Mar 21, 2022, 4:49 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

ഒന്ന്..
രണ്ട്..
മൂന്ന്..

കളങ്ങള്‍ എണ്ണിച്ചവിട്ടി ലൂസി ഉയര്‍ന്നുചാടി.

'സോഡയോ കുപ്പിയോ..?'
 
അവളുടെ കാല്‍വിരലുകളുടെ ഇടയ്ക്ക് പൂഴി നിറഞ്ഞു. കക്കുകളിയുടെ ഊറ്റത്തില്‍ കളങ്ങളില്‍ വെളുത്ത പാദങ്ങള്‍ താഴ്ന്നു.

'ഇങ്ങനെ കെടന്ന് തുള്ളാതെ പെണ്ണേ. ആളോള് നോക്കും. അടക്കോം ഒതുക്കോം ഒണ്ടേലേ വല്ലോനും വന്നു കെട്ടിക്കൊണ്ടു പോകൂ.'
 
ലൂസിയുടെ ശബ്ദത്തിനു മുകളില്‍ അന്നാമ്മയുടെ ശബ്ദം പൊന്തി. ലൂസി ജനാലയ്ക്കപ്പുറം കുഴമ്പു കുപ്പികള്‍ക്ക് അരികില്‍ തലപൊക്കുന്ന അന്നാമ്മയെ നോക്കി.

'അമ്മാമ്മ അമ്മാമ്മേന്റെ പാട് നോക്ക്. അമ്മാമ്മയ്ക്ക് ഇപ്പോ കക്കുകളിക്കാന്‍ തോന്നിയാല്‍ നടക്കുവോ? ഇല്ലല്ലോ. കുറച്ചു കഴിയുമ്പോള്‍ എനിക്കും പറ്റുകേല.'
 
'കുപ്പി'

കൂട്ടത്തില്‍ ഒരുത്തി വിളിച്ചു പറഞ്ഞു. പൂഴി പറന്നു. ഉയര്‍ന്നു ചാടുന്ന ലൂസിയെ എത്തിപ്പിടിക്കാനാകാതെ അന്നാമ്മയുടെ കണ്ണുകഴച്ചു. അവള്‍ തല പതിയെ താഴ്ത്തി കിതച്ചു.

'ഇല്ല, അവള് പറഞ്ഞത് നേരാണ്. ഒന്നുയര്‍ന്നു ചാടാന്‍ തനിക്കാവില്ല.'  

തന്റെ കനത്ത ശരീരത്തില്‍ ആകമാനം നോക്കി അന്നാമ്മ നെടുവീര്‍പ്പിട്ടു. 

ഒന്ന് ഉയര്‍ന്നു നോക്കിയാലോ? 

ഓഹ്.. വീണു. ഇന്നും ശബ്ദം കേട്ട് അവള് തലപറിക്കും.

'അമ്മാമ്മ മരുന്നു കഴിച്ചില്ലേ ഇത് വരെ. ലൂസിയേ, എടി ലൂസിയേ..'
 
തോട്ടില്‍ നിന്നും അലക്കി കയറി വരുന്ന ആലീസിനെ കണ്ടു അന്നാമ്മ വേഗത്തില്‍ ഗുളിക ചവച്ചു വിഴുങ്ങി. ഗുളിക കയ്ച്ചു തൊണ്ടയിലിറങ്ങി. ഗുളികയ്ക്കുള്ള വെളളം നിലത്തു പരന്നത് തുടയ്ക്കാനാകാതെ അന്നാമ്മ മയങ്ങിത്തുടങ്ങി.

'മരുന്നു കഴിച്ചില്ലേല്‍ പിന്നെ എണീക്കാന്‍ ഉള്ള വെപ്രാളമാണ്. എല്ലാം തട്ടി മറിച്ചിടും. ഇവിടെ കാശടിക്കുന്ന യന്ത്രം ഒന്നുമില്ല. ഇച്ചായന്‍ കൂലിപ്പണിയ്ക്ക് പോയാണ് ഈ ആര്‍ക്കും വേണ്ടാത്തേനെ ഒക്കെ നോക്കുന്നത്. മരുന്നു കഴിച്ചാല്‍ പിന്നെ പിച്ചും പേയും പറയുമെന്നേ ഒള്ളൂ. അത് സഹിക്കാം. കിടന്ന് ഉറങ്ങട്ടങ്ങ്.  പത്തു സെന്റ് സ്ഥലം ഉണ്ടെന്ന് കണ്ടിട്ടാണ് ഞാന്‍ നോക്കുന്നേന്നു അവളുമാര് പറയും. നമ്മക്ക് വേണ്ടേ.' 

അന്നാമ്മയുടെ കണ്ണുകളില്‍ മയക്കം കയറി.

 

രണ്ട്

അന്നൊരിക്കല്‍.

'ഇത് കക്കുകളിയാണോ.. ഇങ്ങനെ പൂഴി പറത്തുന്നത് പതിനെട്ടാമത്തെ അടവാണ്'

'പൂഴിക്കടകന്‍ അല്ലിയോ..' 

അന്നാമ്മ ഉയര്‍ന്നു ചാടി.

'ത്രേസ്യാ ആണല്ലോ അത്. നീ കണ്ണുവെക്കണ്ട. കളിക്കാന്‍ വരുന്നെന്നു പറഞ്ഞു തോട്ടില്‍ ഓലമെടയാന്‍ പോയില്ലയോ. പണക്കാരിയാകാന്‍ പിന്നേം പറ്റും. ഇപ്പോളേ കളിക്കാന്‍ ഒക്കൂ.' 

അപ്പന്‍ ചത്ത ആണ്ടാണ് വരുന്നത്. തറ മെഴുകാനുള്ള ചാണകക്കൊട്ട കൈയില്‍ പിടിച്ചു കൊണ്ട് ത്രേസ്യ തലതാഴ്ത്തി നടന്നു. ഇടയ്ക്ക് കളം വരച്ച പഞ്ചാരമണലില്‍ കണ്ണെറിഞ്ഞു അവളുടെ കണ്ണു നനഞ്ഞു. അവളുടെ മനസ്സ് കളിക്കാന്‍ ഓടി. 

എണ്ണയില്ലാതെ പറന്ന മുടിയുമായി നിലത്ത് അപ്പന്റെ മരണത്തില്‍ പകച്ചിരിക്കുന്ന അമ്മയും കുഞ്ഞനുജത്തിമാരും അവളുടെ ഉള്ളില്‍ നിറഞ്ഞു. ഓലമെടഞ്ഞുണ്ടാക്കിയ അഞ്ചു രൂപ അവളുടെ മാറില്‍ വിയര്‍ത്തു നനഞ്ഞു. അവള്‍ വേഗത്തില്‍ നടന്നു. പൂഴി അവളുടെ കാലടികളെ അടയാളപ്പെടുത്തിയതേയില്ല.

'അമ്മച്ചീ,ഇവളെ ഞാന്‍ ഇനി കൂടെ കെടത്തുകേല. എനിക്ക് വയ്യ, രാത്രി മുഴുവനും അവക്കടെ ചാടി ചവുട്ട് കൊള്ളാന്‍' 

ചെറിയാന്‍ അമ്മച്ചിയോട് പരിഭവം പറയുന്നു.

'ഇത്രേം വലിയ പെണ്ണായിട്ടും കെടന്നു തുള്ളുന്നത് കണ്ടില്ലേ. ഇനീം നിര്‍ത്തണ്ട അവറാച്ചാ. പെണ്ണു കേറിയങ്ങ് മുഴുത്തു. സ്‌കോളില്‍ വിട്ടിട്ട് എന്നാത്തിനാ.. ഈ പ്രായത്തില്‍ എന്റെ പെണ്ണുംപിള്ള രണ്ടു പെറ്റു.' 

ശരീരം ചൂഴ്ന്നുള്ള വാക്കുകളില്‍ അന്നാമ്മ ശരീരം ചുളുക്കി പിടിച്ചു കളത്തില്‍ നിന്നൊഴിഞ്ഞു ഒളിച്ചു. പതിമൂന്നു വയസ്സ് അവള്‍ക്കു ചുറ്റും നാലതിരു വരച്ചു.

'നിങ്ങള്‍ ഇതെന്നാ ഈ പറയുന്നേ. പെണ്ണ് പ്രായമായില്ല മനുഷ്യാ.. ഞാനോ ചെറുപ്രായത്തില്‍ ഈ അടുക്കളേല്‍ വന്നു കെടന്നു നരകിച്ചു. നിങ്ങടെ അടുത്ത് വന്നിട്ടാ വയസ്സറിയിച്ചത് പോലും. കൂമ്പാള കെട്ടി നടന്ന കാലത്തു നിങ്ങടമ്മച്ചി എന്നെ ഇങ്ങു കൊണ്ടുപോന്നു. അഞ്ചു എരുമേം ആറു പശുക്കളും രണ്ടേറു പൂട്ടുന്ന കന്നും കണ്ണെത്താത്ത കണ്ടവും ഉണ്ടെന്നും പറഞ്ഞാണ് എന്നെ ഇങ്ങോട്ടയച്ചത്. എത്ര പേര്‍ക്ക് വെച്ചുവിളമ്പി. എത്ര എണ്ണത്തിനെ പെറ്റു. എത്ര മരണം കണ്ടു.. അതൊക്കെ പറഞ്ഞിട്ടെന്തിനാ.. ഇപ്പോ പെണ്ണിനെ കെട്ടിക്കാന്‍ ഒക്കത്തില്ല. പഠിക്കട്ടെ. ഒരു അടുപ്പിന്‍ കരേല്‍ ആക്കും മുന്‍പ് അതൊരു കരയ്ക്ക് എത്തട്ടെ.'

അമ്മ മൂക്കു പിഴിഞ്ഞു മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ചു. കക്കുകളിക്കാന്‍ എടുത്തുവെച്ച ഓടിന്റെ കഷ്ണങ്ങളും നുറുങ്ങു വളപ്പൊട്ടുകളും ഇരുട്ടില്‍ കൈപ്പിടിക്കുള്ളില്‍ ഒതുക്കി അന്നാമ്മ നെടുവീര്‍പ്പിട്ടു. ഉറക്കത്തില്‍ കളങ്ങളില്‍ ചാടി ചാടി കാലിനു നീര് കയറിയത് സ്വപ്നം കണ്ടു.

അമ്മ പറഞ്ഞതും കരഞ്ഞതും വിലപ്പോയില്ല. അമ്മ പശുത്തൊഴുത്തില്‍ പതിപ്പിച്ച കാല്‍പ്പാടുകള്‍ അന്നാമ്മ പതിപ്പിച്ചത് മുകളിലേക്ക് നടന്നാല്‍ മൂക്ക് മുട്ടില്‍ ഇടിക്കുന്ന റബ്ബര്‍ത്തോട്ടങ്ങളില്‍ ആയിരുന്നു.

'വര്‍ഗീസിന് ഇഷ്ടം പോലെ പറമ്പുണ്ട്. രണ്ടു മലകള്‍ അവന്റെയാണ്. റബറാ മുഴുവനും. ഒറ്റ മോനല്ലേ. എല്ലാം അവനാ.. പിന്നെ അവരുടെ തലമുറയ്ക്കും.'

കേട്ടതും അപ്പന്‍ വീണു.

കിതച്ചു കയറ്റം കയറി നടുവളഞ്ഞും പല്ലു പൊന്തിയും അന്നാമ്മയുടെ രൂപം തന്നെമാറി. മലമുകളില്‍ ഇച്ചിരി നേരം കളിക്കാന്‍ കൂട്ടിനവള്‍ കൊതിച്ചു. റബര്‍പ്പൂ കൊഴിക്കുന്നൊരു കാറ്റുമാത്രം അവളോട് മിണ്ടിപ്പറഞ്ഞു.
'പാറയില്‍ നിന്നു കാലൊന്നു വഴുതിയതേ ഓര്‍മ്മയുള്ളൂ അമ്മേ. നടുവും തല്ലിയാണ് വീണത്.' 

'എന്റെ കൊച്ചിനീ ഗതി വന്നല്ലോ..'
 
അമ്മ നിലവിളിച്ചു.

'അവന്റെ ഭാവി നോക്കണ്ട! ആവതില്ലാത്ത ഇവള്‍ക്കിനി ഒരു കൊച്ചിനെ താങ്ങാന്‍ ഒക്കുമോ.?'
 
അകമുറികളില്‍ ചര്‍ച്ച മുറുകി. തെറിവിളികള്‍ ഉയര്‍ന്നു.

ജീപ്പില്‍ ഇരുന്നു പോയവള്‍ കിടന്നു തിരിച്ചു വന്നു. അവളുടേതായ ഒന്നും ആ വീട്ടില്‍ അവശേഷിച്ചില്ല. രണ്ടു ഓട്ടു കഷ്ണം കിടക്കുന്ന കട്ടിലിനു അടിയില്‍ നിന്നും വര്‍ഗീസ് വലിച്ചെറിഞ്ഞു.

 

മൂന്ന്

'കളിയില്‍ കള്ളം പാടില്ല ത്രേസ്യേ.. 

'നിന്റെ കാലു വരയില്‍ അല്യോടീ.. നോക്ക്.'

കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണിലേക്ക് ത്രേസ്യ താഴ്ന്നു നോക്കി.

'അമ്മാമ്മേ.. നോക്കിയേ. അമ്മാമ്മയുടെ കൂട്ടുകാരി വന്നേക്കുന്നു.' 

ലൂസി ആര്‍ത്തു.

പീള കെട്ടിയ കണ്ണുകള്‍ തുറന്നു അന്നാമ്മ ത്രേസ്യയെ ഒരു നോട്ടം നോക്കി. പിന്നെ മണല്‍ത്തരികളില്‍ പൂന്തിയ ത്രേസ്യയുടെ കാലിലേക്ക് നോക്കി.

കൈപ്പിടിയില്‍ ഒതുങ്ങുന്ന തന്റെ കാലിലോട്ടു നോക്കി ത്രേസ്യ നൊമ്പരപ്പെടുന്നു. കട്ടിലില്‍ ചാഞ്ഞു കിടന്നു പുറത്തേക്ക് നോക്കി അന്നാമ്മ കരഞ്ഞു.

'കൊച്ചേ, ലൂസിയേ നീയൊന്നിവളേം കൂട്ടി കക്കുകളിക്കെടീ.. ഞാന്‍ ഒന്ന് കാണട്ടെ.'
 
പ്രായത്തിന്റെ കുതിച്ചോട്ടത്തിലും കാലത്തിന്റെ ഉടച്ചുവാര്‍ക്കലിലും അവശതകള്‍ ഉണ്ടെങ്കിലും കൂട്ടുകാരിക്ക് വേണ്ടി പതിയെ ത്രേസ്യ കളംചാടി. 

അന്നാമ്മയുടെ തലമുറയെയും കാല്‍പ്പാടുകളെയും മറന്നു തുടങ്ങിയ പൂഴി കാറ്റില്‍ കളം വരച്ചു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!