Malayalam Short Story ; തിരുവോണത്തുമ്പികള്‍, ലത ബാലകൃഷ്ണന്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Sep 8, 2022, 4:10 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലത ബാലകൃഷ്ണന്‍ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

ഓണത്തിന്റെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കാനുള്ള ക്ഷമ ഒന്നും അവള്‍ക്കില്ലായിരുന്നു. ഓടുന്ന ജീവിതത്തിന് ഒരു മുഴം മുന്‍പേ മുഴക്കോല്‍ എറിഞ്ഞ് ജീവിതത്തെ തന്റെ പരിധിയില്‍ നിര്‍ത്താന്‍ പാടുപെടുന്ന ഒരു സാധാരണ വീട്ടമ്മ. 

കുതിച്ചുയരുന്ന  വിലക്കയറ്റത്തിന് ഒപ്പം കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കേണ്ടത് അവളുടെ ചുമതലയാണ്. എന്നാലും പുറകോട്ട് മറിഞ്ഞ ജീവിതത്താളുകളിലെ ഇനിയും ഉണങ്ങിയിട്ടില്ലാത്ത ഒരുപാട് മധുരം കിനിയുന്ന ഓര്‍മ്മ ചിത്രങ്ങള്‍ അവളുടെ നിത്യജീവിതത്തില്‍ ദിവാസ്വപ്നങ്ങള്‍ ആയി കടന്നു പോകാറുണ്ട്. 

ഓര്‍മകളുടെ ഒരു തിരുവോണ തോണി ഏതെങ്കിലും കടവില്‍ ആദ്യം അടുക്കുന്നുവെങ്കില്‍ അത് അവളുടെ ബാല്യകാലത്തിന്റെ തിരുമുറ്റത്തായിരിക്കും. പമ്പയാറിന്റെ കല്‍പ്പടവുകളില്‍ കുളിച്ചു കയറിയ ബാല്യവും കൗമാരവും ഇനിയും മനസ്സില്‍ നിന്ന് വിട്ടു മാറിയിട്ടില്ല. കുളിച്ചു തോര്‍ത്തി ഭാഗ്യ ചിറ്റയുടെ കൈപിടിച്ച് പടവുകള്‍ ഓരോന്നായി പുറകോട്ടു എണ്ണി കരയ്ക്കു കയറുന്നത് ഓര്‍ത്തപ്പോള്‍  മനസ്സില്‍ ഉത്രാട വിളക്ക് തെളിഞ്ഞു.  വാസന സോപ്പിന്റെ മണം വിട്ടുമാറാത്ത ചിറ്റയുടെ ശരീരത്തോട് ഒട്ടിനടന്ന അവളുടെ ഓര്‍മ്മകള്‍ ആ പഴയ തറവാടിന്റെ  പടിപ്പുര വാതില്‍ തള്ളിതുറന്നു  അകത്തു കടന്നു. 

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വീട്ടില്‍ വരുന്ന കുപ്പിവള കച്ചവടക്കാരന്‍ പാപ്പി മാപ്പിള, കുട്ടിപപ്പടം മുതല്‍ അമ്പിളി വലുപ്പത്തില്‍ തീര്‍ത്ത ഗുരുവായൂര്‍ പപ്പടം തലച്ചുമടായി  കൊണ്ട് വരുന്ന കുട്ടി മാണി  എല്ലാവരും വന്നു പോയിരിക്കുന്നു. തന്റെ ഒഴിഞ്ഞ കൈത്തണ്ടയില്‍ എത്രയോ തവണ പാകമാകാത്ത കുപ്പിവള തള്ളിക്കയറ്റി കുട്ടി മാണി ചോരപ്പാടുകള്‍ തീര്‍ത്തിരിക്കുന്നു.  അതിന്റെ പാടുകള്‍ ഇന്നും തന്നെ പഴയ സ്‌നേഹതീരത്തു അടുപ്പിക്കുന്നു. 

അയലത്തെ കുട്ടികള്‍ എല്ലാം വീട്ടുമുറ്റത്ത് ഉണ്ട്. ഉത്രാടപ്പൂക്കളം ഒരുക്കുന്ന തിരക്കിലാണ് ചിറ്റയും കുട്ടികളും. തെക്കു വശത്തെ വാളന്‍ പുളിയുടെ ഉയര്‍ന്ന കൊമ്പില്‍ കെട്ടിയ ഊഞ്ഞാല്‍  കുട്ടികളെ ഊഴം കാത്തു കിടക്കുന്നു. ഉത്രാട പാച്ചിലില്‍ വാങ്ങി കൂട്ടിയ ഓണ സാധനങ്ങള്‍ക്കിടയില്‍  ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഒരു നീളന്‍ പൊതിയും ഉണ്ടാവും. ഇട്ടിവരയുടെ  കടയില്‍ തയ്പ്പിച്ച പുത്തനുടുപ്പ്.  ഗ്രാമത്തിലെ സ്ത്രീകളുടെയും, കുട്ടികളുടെയും ഫാഷന്‍ ഡിസൈനര്‍ ആണ് ഇട്ടിവര. പുത്തന്‍ ഉടുപ്പ് കാണാനുള്ള ആഗ്രഹത്തോടെ അവള്‍ മുറിക്കകത്തേക്ക് ഓടിക്കയറി. എന്നാല്‍ ചീട്ടിത്തുണിയിലെ പുള്ളിപ്പാവാടക്ക് പകരം അച്ഛന്‍ വെച്ചു നീട്ടിയത് പച്ച നിറത്തിലുള്ള കോറ തുണിയുടെ പാവാടയും ചന്ദന  നിറത്തിലുള്ള ബ്ലൗസും.
ആ വര്‍ഷം സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയതുകൊണ്ട്  ഓണക്കോടി അച്ഛന്‍ യൂണിഫോമില്‍ ഒതുക്കി. 

ഉള്ളില്‍ എവിടെയോ ചീന്തി എറിഞ്ഞ ഒരു പുള്ളി പാവാടയുടെ നഷ്ടം  മനസ്സില്‍ വിങ്ങലായി. ഒഴുകി വന്ന കണ്ണുനീര്‍ ആരും കാണാതെ തുടച്ചു മുറ്റത്തേക്കിറങ്ങി. മുറ്റത്തേക്ക് ചാഞ്ഞു നില്‍ക്കുന്ന ചെന്തെങ്ങിന്റെ ഓല തലപ്പുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവില്‍  രാവിലെ ഇട്ട പൂക്കളത്തിലെ വാടിയ കോളാമ്പി കഴുത്തൊടിഞ്ഞു കിടപ്പുണ്ടായിരുന്നു.മ ുറിഞ്ഞു പോയ ആഗ്രഹങ്ങളുടെ നോവാണോ ഓണം?

തെക്കേലെ ആമിന ഉമ്മയുടെ മകള്‍ക്ക് അവളുടെ അച്ഛന്‍ സൗദിയില്‍ നിന്നും പിങ്ക് നിറത്തില്‍ മുത്തുകള്‍ പതിപ്പിച്ച ഉടുപ്പ് ഓണക്കോടിയായി അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. അത്രത്തോളം മോടി ഇല്ലെങ്കിലുംആ നിറത്തിലുള്ള ഒന്ന് താനും ആഗ്രഹിച്ചു. ആ  ആഗ്രഹം ഭാഗ്യചിറ്റയോട്   പറഞ്ഞിരുന്നു. കൈയില്‍ കിട്ടിയ യൂണിഫോം കോടി ഉരല്‍പ്പുരയില്‍ ഉപേക്ഷിച്ചിട്ടു ഊഞ്ഞാലിനടുത്തേക്ക് നീങ്ങി. ആരോട് പറയും ഈ സങ്കടങ്ങള്‍ എല്ലാം? 

അമ്മക്ക് കേള്‍ക്കാനുള്ള നേരം തീരെ ഇല്ല. അമ്മയുടെ പ്രാരബ്ധങ്ങള്‍ അടുപ്പിലെ കത്താത്ത വിറകിലും കായ് ഫലം കുറഞ്ഞ തെങ്ങിന്റെ മണ്ഡരിയിലും വിഹരിക്കുന്നു. കുട്ടികളുടെ കുഞ്ഞ് നോവുകള്‍ക്ക് സ്ഥാനം ഇല്ലാത്ത വീട്. അടുക്കളയില്‍ ഇഞ്ചി വറുത്തു കോരുന്നതിന്റെ മണം. കാളനും പഴം നുറുക്കും ഇല്ലെങ്കിലും ഒരു സദ്യ വട്ടത്തിന്റെ ഒരുക്കങ്ങളെല്ലാം തകൃതിയായി  നടക്കുന്നുണ്ട്. ഭാഗ്യ ചിറ്റ അകത്തു നിന്നു കാച്ചിയ പപ്പടവുമായി  തന്നെ അന്വേഷിച്ചു ഊഞ്ഞാലിനു അടുത്തേക്ക് വന്നു. ഊഞ്ഞാലില്‍  ഇരുന്നു ഉറക്കം തൂങ്ങുന്ന  വായിലേക്ക് പപ്പടം പൊട്ടിച്ചു തരുന്നതിനൊപ്പം  ഒരു പൊതി  ആരും കാണാതെ  ഉള്ളം കൈയ്യില്‍ വെച്ച് തന്നു. കാച്ചിയ പപ്പടത്തിന്റെ എണ്ണ പൊതിയില്‍ പടരാതെ ആ പൊതി അഴിച്ചു നോക്കി. പിങ്ക് നിറത്തിലുള്ള  നീല ബോര്‍ഡറോടുകൂടിയ ഒരു ഉടുപ്പ്.

ആമിനുമ്മയുടെ വീടിന്റെ പൂമുഖത്തു കത്തുന്ന ഹാലോജന്‍ ബള്‍ബ് തന്റെ മുഖത്താണ് പ്രകാശിക്കുന്നത് എന്ന് ഒരു നിമിഷം അവള്‍ക്കു തോന്നിപ്പോയി.

ഒരു ജോലിക്കും പോകാത്ത ചിറ്റയ്ക്കു ഉടുപ്പ് വാങ്ങാന്‍ എവിടെ നിന്നാണ് കാശെന്ന് ചിന്തിക്കാതിരുന്നില്ല. എന്നാലും ആ ഉടുപ്പിട്ട് പത്രാസ് കാണിച്ച് മറ്റു കുട്ടികളുടെ മുന്‍പില്‍ നടക്കാനുള്ള ആദമ്യമായ ആഗ്രഹം ഉള്ളില്‍ നുരയിട്ടതു കാരണം കാശിന്റെ ഉറവിടം ചോദിക്കാന്‍ പോയില്ല.. സുന്ദരിയായ ചിറ്റയുടെ ഉത്രാട നിലാവ് മെഴുകിയ മുഖം എന്നത്തേക്കാളും കൂടുതല്‍ ഭംഗിയോടെ ശോഭിച്ചിരുന്നു.. ചിറ്റയോട് വിനയ വിധേയയായി അവരെ മുറുകെ കെട്ടിപ്പിടിച്ചു. കല്യാണം കഴിക്കാത്ത പ്രസവിക്കാത്ത ചിറ്റക്കുള്ള സ്‌നേഹം പോലും അമ്മക്കില്ലേ. 

തനിക്കു ഓണത്തിന് കോടി കിട്ടിയോ, ഇഷ്ടായോ എന്നൊന്നും തിരക്കാതെ അമ്മ ഓണത്തപ്പനെ ഒരുക്കുന്ന തിരക്കിലാണ്. ഈ ഒരുക്കങ്ങള്‍ എല്ലാം ആര്‍ക്കുവേണ്ടിയാണ് എന്നുള്ള ഒരു സംശയം മാത്രം എപ്പോഴും മനസ്സിനുള്ളില്‍ ബാക്കിനിന്നു. ചിറ്റയോട് ചോദിക്കുമ്പോഴെല്ലാം മാവേലി വരും എന്നാണ് പറയുന്നത്. 

ഈ വര്‍ഷത്തിനിടയില്‍ ഒന്നും മാവേലിയെ ചിറ്റ കണ്ടിട്ടുമില്ല. രാത്രിയില്‍ ഉറങ്ങാതെ കാത്തിരുന്നാല്‍ കാണാന്‍ പറ്റും എന്നാണ്  കൂടെ പഠിച്ച മായ പറഞ്ഞത്. അവളുടെ അമ്മായി സ്‌കൂളിലെ ടീച്ചറാണ്. രാത്രി ഉറങ്ങാതിരിക്കാന്‍ ഉപ്പേരിയും കൊണ്ടാട്ടവും വറുത്തു ഉത്രാട രാത്രി തള്ളി നീക്കുമ്പോള്‍ മാവേലി എല്ലാ വീടുകളും അത് കാണാനായി സന്ദര്‍ശിക്കും എന്നാണ് അവള്‍ പറഞ്ഞത്.  ഏതായാലും ഈ രാത്രി ഉറങ്ങാതെ കാത്തിരുന്നു നോക്കാം. 

ഈ വര്‍ഷം നേന്ത്രവാഴ കാലം തെറ്റിയ മഴയില്‍ ഒടിഞ്ഞു വീണത് കാരണം ഉപ്പേരി ഉണ്ടാക്കിയില്ല. അതിന്റെ ജാള്യത അമ്മയുടെ മുഖത്തുണ്ട്. അതിനുപകരമായി അമ്മ കപ്പ അരച്ചുകുറുക്കിയത് മെടഞ്ഞ ഓലയില്‍ പ്ലാവില കോട്ടി ഒഴിച്ച് വെയിലത്ത് ഉണക്കി എടുത്ത കൊണ്ടാട്ടം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. കാക്ക കൊണ്ടുപോകാതെ കാവലിരുന്നതിനു വറുത്തു ടിന്നിലാക്കുന്നതിന് മുന്‍പ് ഒരു വിഹിതം നേരത്തെ തന്നിട്ടുണ്ടായിരുന്നു. രാത്രിയിലെ ഉറക്കം കളയാന്‍ അത് മതി.

പുത്തനുടുപ്പ് തന്നപ്പോള്‍ ചിറ്റയോടുള്ള സ്‌നേഹം ഒന്നുകൂടി അധികരിച്ചു. ചെമ്പകം മണക്കുന്ന ആ രാത്രിയില്‍ പുളിയിലക്കര മുണ്ടും കറുത്ത ബ്ലൗസും ധരിച്ചു നില്‍ക്കുന്ന ചിറ്റയെ കണ്ടപ്പോള്‍  മുറപ്പെണ്ണ് എന്ന സിനിമയിലെ നായികയെ ഓര്‍ത്തു. കഴിഞ്ഞ  ഓണത്തിന് ചിറ്റയോടൊപ്പം പോയി കണ്ട സിനിമയാണ്. അതിലെ സുന്ദരനായ നസീറിന്റെ ദുഃഖം ഏറെ നാള്‍ ഒരു നീറ്റലായി മനസ്സില്‍  കിടന്നു. ഈ ഓണത്തിനും ഒരു സിനിമ  കാണാന്‍  അനുവാദം ഉണ്ട്.

അടുക്കളയിലെ പണി എല്ലാം തീര്‍ന്നെന്നു തോന്നുന്നു. പടിഞ്ഞാറേ മുറിയില്‍ കിടക്ക കുടഞ്ഞു വിരിക്കുന്ന ഒച്ച കേള്‍ക്കാം. ചിറ്റയുടെ കൂടെ ആണ്  തന്റെ കിടപ്പ്. ജനല്‍ പാളിയിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ ഭംഗി നോക്കി ഉറങ്ങാതെ കിടന്നു. പുത്തനുടുപ്പിന്റെ ഭംഗി ഇരുളില്‍ ഒന്നുകൂടി ആസ്വദിച്ചു. ഓണത്തിന് ഒരു അലങ്കാരവും ഉണര്‍വും ഒക്കെ ഉണ്ടായപോലെ. ഒരു പുതിയ ഡ്രസ്സിനു ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കഴിയുമോ. എന്നെങ്കിലും രാത്രിയില്‍ വീട് സന്ദര്‍ശിക്കാന്‍ വരുന്ന അ മഹാരാജാവിനെ കൈയോടെ പിടിക്കണം. കണ്‍പോളയില്‍  ഉറക്കത്തിന്റെ നേരിയ ഭാരം. എപ്പോഴാ കണ്ണടഞ്ഞതെന്നു അറിയില്ല. ഉറക്കത്തിലെങ്ങാനും വന്നുപോയാല്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന നഷ്ടബോധം പാതി മയക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി.

കണ്ണ് തുറന്നു നോക്കിയപ്പോള്‍ ചിറ്റ അടുത്തില്ല. പൂക്കളത്തിന് അടുത്തായി ഒരു നിഴല്‍ അനങ്ങുന്നു. മഹാബലി ആണോ. പൂക്കളം കാണാന്‍  വന്നതാണോ. മായ പറഞ്ഞത് സത്യം ആയി വരികയാണല്ലോ. വാതില്‍ ചാരിയിട്ടേ ഉളളൂ. എന്നേക്കാള്‍ മുന്‍പേ ചിറ്റ മുറ്റത്തിറങ്ങിക്കാണും. പതിയെ പുറത്തേക്കിറങ്ങി. എവിടെ ഓലക്കുട? മെതിയടിഒച്ച കേള്‍ക്കാനായി കാത് കൂര്‍പ്പിച്ചു. ആ മഹാന്റെ പാദം പതിഞ്ഞതുകൊണ്ടാണോ മുറ്റത്തു വിരിച്ചിരിക്കുന്ന മണലിനു ഇത്ര തിളക്കം. എവിടെ മൂന്നടി  മണ്ണുചോദിച്ചു വന്ന  ഭിക്ഷുവിനു മൂന്നു ലോകവും ദാനം കൊടുത്ത ദാനവാനായ ദൈത്യന്‍. 

കോഴിക്കുടില്‍ നിന്നും ഒരു പൂവന്റെ ചിറകടി ഒച്ച കേട്ടു. നിലാവിന്റെ പ്രഭയില്‍ നേരം വെളുത്തെന്നു ധരിച്ചു  പൂവന്‍ കൂകാനുള്ള ഒരുക്കത്തില്‍ ആണെന്ന് തോന്നുന്നു.  പുളിമരത്തിലെ ഊഞ്ഞാല്‍ ചെറുതായി അനങ്ങിയോ? ആരാണ് ഈ രാത്രിയില്‍ ഊഞ്ഞാലില്‍. പുളിയിലക്കര മുണ്ടിന്റെ വെണ്മ നിലാവില്‍ തെളിഞ്ഞു. ഊഞ്ഞാലില്‍ പുറം തിരിഞ്ഞിരിക്കുന്നത് ഭാഗി ചിറ്റ ആണല്ലോ. സന്ധ്യക്ക് തേച്ചു കുളിച്ച സോപ്പിന്റെ മണം അന്തരീക്ഷത്തില്‍ ഇനിയും തങ്ങി നില്‍ക്കുകയാണോ? കൂട്ടത്തില്‍ ഊഞ്ഞാല്‍ പടിയില്‍ ഇരിക്കുന്നതാരാണ്? . ചിറ്റ വന്ന വരവില്‍ തന്നെ രാജാവിനെ കൈയിലെടുത്തോ?

രാജാവല്ല. കിരീടവും മിന്നുന്ന  ഉടയാടയും ഇല്ല. കളം കളം ഷര്‍ട്ടും വെള്ളമുണ്ട് ആണ് വേഷം. ആളെ കാണാനായി കുറച്ചുകൂടി മുന്നോട്ടു നീങ്ങി. നിലാവില്‍ മുഖം വ്യക്തമായി. തിയേറ്ററിന്റെ വാതുക്കല്‍ നിന്ന് ടിക്കറ്റ് മുറിച്ച് വാങ്ങുന്ന ആമിനുമ്മയുടെ മൂത്തമകന്‍ അന്‍വര്‍ ഇക്ക. ഞെട്ടിപ്പോയി. ചിറ്റയുടെ നിലാവ്  മെഴുകിയ മുഖം അന്‍വര്‍ ഇക്കയുടെ നെഞ്ചില്‍ ചേര്‍ന്നിരിക്കുന്നു.

ഏതു തിരക്കിലും ക്യുവില്‍ നില്‍ക്കാതെ, എലിമാളത്തിന്റെ വലിപ്പമുള്ള ടിക്കറ്റ് കൗണ്ടറില്‍ കൈ കടത്തി  ടിക്കറ്റ് എടുക്കാന്‍ മിനക്കേടാതെ, തിയേറ്റര്‍ തുറക്കുമ്പോള്‍ തന്നെ ആദ്യം ഇടികൊള്ളാതെ അകത്തു കയറാന്‍ ഭാഗ്യ ചിറ്റയോടൊപ്പം പോയാല്‍ മാത്രമേ കഴിയുകയുള്ളൂ.. അതിന്റെ രഹസ്യം ഇതാണോ.? ഇത് അമ്മാവന്‍ അറിഞ്ഞാല്‍

നാളത്തെ ഓണവിഭവങ്ങള്‍ പമ്പ ആറ്റില്‍ ആദ്യം ഒഴുകും. പിന്നെ ചിറ്റയും. പതിയെ ആരും കാണാതെ വാതില്‍ ചാരി കിടക്കയില്‍ വന്നു കിടന്നു.ആആരോടെങ്കിലും പറയണോ?

ചിറ്റയോട് താന്‍ കണ്ട കാര്യം ചോദിക്കണോ?

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിലാവിന്റെ വലിയ വൃത്തങ്ങള്‍  തീര്‍ത്ത മുറിയില്‍ പുത്തനുടുപ്പ് തന്നെ നോക്കി കളിയാക്കുന്നതായി തോന്നി. അതില്‍ തൊടാന്‍ പോലും അറപ്പായി. കുറച്ചു മുന്‍പ് വരെ അവരെ താന്‍ സ്‌നേഹിച്ചു. അതെ മനസുകൊണ്ട് തന്നെ അവരെയും അവര്‍ തന്ന ഓണക്കോ ടിയെയും വെറുത്തു. ഏറ്റവും ആഗ്രഹിച്ചു കിട്ടിയ സാധനം ദൂരേക്ക് വലിച്ചെറിയാന്‍ തോന്നുന്നു.  ആ രാത്രിയില്‍ എപ്പോഴോ ഉറങ്ങി. പിറ്റേന്ന് ചിറ്റയുടെ മുന്‍പില്‍ പെടാതെ കഴിഞ്ഞു. 

ഓണതിരക്കില്‍ ആരും ആരെയും ശ്രദ്ധിച്ചില്ല. കാലങ്ങള്‍ക്കപ്പുറം കാണാതീരത്തു മറഞ്ഞ രാജാവിനു വിളമ്പുന്ന തിരക്കില്‍ കുട്ടികളുടെ ഊഴം രണ്ടാമതായിരുന്നു. ഉണ്ണണം എന്നില്ലായിരുന്നു. വീണ്ടും ആടുന്ന മനസ്സിനെ   ആശ്വാസ തീരത്തടുപ്പിക്കാന്‍ ഊഞ്ഞാലില്‍ അഭയം പ്രാപിച്ചു. അയലത്തെ കുട്ടികള്‍ ഊഞ്ഞാലിനു വേണ്ടി ഊഴം കാത്തു നിന്നു. എണീക്കാന്‍ കൂട്ടാക്കാതെ താനും . ക്ഷമ നശിച്ച ആരോ ഊഞ്ഞാല്‍ പടിയില്‍ ശക്തിയായി  പിടിച്ചു കറക്കി. ഓര്‍ക്കാപ്പുറത്തു ആയിരുന്നത് കൊണ്ട്  നില തെറ്റി താഴേക്കു പതിച്ചു. എണീക്കാന്‍ കഴിഞ്ഞില്ല. ഉണ്ണാന്‍ കൈനനച്ചവരും, വായിലേക്ക് ഉരുള വെച്ചു താഴേക്കിറക്കാത്തവരും ഒന്നുപോലെ ആര്‍ത്തലച്ചു ഓടി വന്നു.

ആരോ താങ്ങി എടുത്തു. കൈയില്‍ പിടിച്ചതും നിലവിളിച്ചു പോയി. ബലമില്ലാതെ കൈ താഴേക്കു തൂങ്ങി ആടുന്നു. ഏതു ഒടിവിനും അസ്ഥികളുടെ സ്ഥാന മാറ്റത്തിനും അവസാന വാക്കായ തിരുമ്മു വിദഗ്ധന്‍ ദാമോദരന്‍ വൈദ്യരുടെ അടുക്കലേക്ക് ആണ് ആദ്യം കൊണ്ടുപോയത്. ചാരുബഞ്ചില്‍ ഇരുത്തി അസ്ഥി തിരിഞ്ഞ കൈ ആദ്യം വൈദ്യര്‍ ഒന്ന് പരിശോധിച്ചു. പിന്നീട് കൈ പയ്യെ തിരിച്ച് നോക്കി. അപ്പോഴേക്കും വേദന കൊണ്ട് അലറി പോയി. ആരൊക്കെയോ ചേര്‍ന്ന് അനങ്ങാതെ തന്നെ അമര്‍ത്തിപ്പിടിച്ചു. വൈദ്യരുടെ കാലിന്റെ പേര്  വിരല്‍ ഒടിഞ്ഞ കൈയുടെ മീതെ പലപ്രാവശ്യം എണ്ണയുടെ ഒഴുക്കില്‍ തെന്നി നീങ്ങി. 

തിരുവോണനാളില്‍ പഞ്ചായത്ത് മുഴങ്ങുന്ന ഒച്ചയില്‍ വിളിച്ചു കൂവിയത് സ്ത്രീകളുടെ തുമ്പി തുള്ളലിലും മേളത്തിലും അമര്‍ന്നുപോയി. അവസാനം തളര്‍ന്നു വേദന വേദന അല്ലാതായപ്പോള്‍ എപ്പോഴോ മയങ്ങി. 45 ദിവസം കഴുത്തില്‍ നിന്നും ഒടിഞ്ഞ കൈയുമായി ബന്ധിപ്പിച്ചു വൈദ്യര്‍ കെട്ടി തന്ന  ചെറിയ ഊഞ്ഞാലുമായി സ്‌കൂളില്‍ പോയി. ഈ വീട്ടില്‍ ഇനി ഊഞ്ഞാലേ  വേണ്ട എന്ന തീരുമാനത്തില്‍ അച്ചന്‍ ഊഞ്ഞാലും അഴിച്ചു, പുളിയും മുറിച്ചു.  

ചിറ്റയുടെ ശുശ്രൂഷയില്‍  അവരോടുള്ള വെറുപ്പ് അലിഞ്ഞില്ലാതായി. ആ വര്‍ഷം തീയേറ്റര്‍ നിര്‍ത്തി അവിടെ കല്യാണമണ്ഡപം ഉയര്‍ന്നു. ഭക്തിയും രതിയും  വിനോദവും , ചതിയും, കുടിപ്പകയും, പ്രണയവും എല്ലാം കുറഞ്ഞ ചിലവില്‍ ഗ്രാമീണര്‍ക്ക്  പകര്‍ന്നു കൊടുത്ത ആ വിനോദ ഉപാധിയുടെ ഉറവിടം പെട്ടെന്ന് നിര്‍ത്തിയത്  ഗ്രാമീണരെ ഏറെ  ദുഖിപ്പിച്ചു. തൊഴില്‍ നഷ്ടപ്പെട്ട അന്‍വറിക്ക  ഗള്‍ഫിലേക്ക് ചേക്കേറി. ഭാഗ്യ ചിറ്റയുടെ വിവാഹം ഒരു പട്ടാളക്കാരനുമായി  നടന്നു. വേദനകളും സന്തോഷവും ഇടകലര്‍ന്ന പല ഓണക്കാലവും അങ്ങനെ കടന്നുപോയി.

മുതിര്‍ന്നപ്പോള്‍ ഓണം ഒരു  പ്രാരബ്ധ കെണി ആണെന്ന് മനസ്സിലായി. ബന്ധങ്ങളുടെ നൂലിഴകള്‍ അടുപ്പിക്കാന്‍ കടം വാങ്ങിയും ഓണക്കോടി ഉടുപ്പിക്കേണ്ട ഗതികേട്. ചെറുപ്പത്തില്‍ യൂണിഫോം തന്ന് കോടിയുടെ കടം വീട്ടിയ അച്ഛനെ മനസ്സാ നമിച്ചു പോയി. കൗമാരസ്വപ്നങ്ങള്‍ പാതവഴിയില്‍ തള്ളി  വിവാഹത്തോടെ ജീവിതം മധ്യതിരുവിതാംകൂറിലേക്ക് പറിച്ചു നട്ടപ്പോള്‍ അവിടുത്തെ ആചാരപ്പെരുമയില്‍ പിറന്ന നാട്ടിലെ ഓണം അന്യമായി. വഴി തെറ്റി വന്ന യാത്രക്കാരിയെപ്പോലെ  പലപ്പോഴും പകച്ചു നിന്നു.. ഓണം കൂടാന്‍ തറവാട്ടിലേക്ക് കുടുംബത്തോടൊപ്പം എത്തിച്ചേരുന്ന ആണ്‍മക്കള്‍. കൂട്ടത്തില്‍ ഓണനാളുകളില്‍ മാത്രം വിരുന്നിനെത്തുന്ന ഊരറിയാ ദേശത്തുള്ള പേരറിയാ കിളികളും.

സദാ ചിലച്ചുകൊണ്ട് അവര്‍ വരിക്ക പ്ലാവിന്റെയും നാട്ടുമാവിന്റെയും കൊമ്പത്ത് ചേക്കേറി. കുട്ടികള്‍ ചുവന്ന വാലുള്ള തുമ്പികളെ കൊണ്ട് കല്ലെടുക്കുന്ന തിരക്കില്‍ പെടുമ്പോള്‍ തന്റെ മനസ്സ് ഓണത്തിന്  വിരുന്നുവന്ന മഞ്ഞ വാലന്‍ കിളികളുടെ പുറകെയും. ഉറുമ്പിനും, പല്ലിക്കും വരെ   ഓണം കൊടുത്ത, അരിപ്പൊടിയില്‍ മുങ്ങിയ  അമ്മായി അമ്മയുടെ വലത് കൈപ്പത്തി ചിഹ്നം നടവാതില്‍ മുതല്‍ അടുക്കള വരെ തെളിഞ്ഞു. ഓണത്തപ്പന് കാല്‍ കഴുകി അകത്തു കയറാന്‍ ഓട്ട് കിട്ടിയില്‍ തുളസി തീര്‍ത്ഥവുമായി ഏട്ടത്തിയമ്മ. തിരുവാ ശുദ്ധിയാക്കാന്‍ ഉമയ്ക്കരിയും പച്ചീര്‍ക്കിലും വരെ. പൂവട നേദിച്ച്  കാരണവര്‍. അമ്പെയ്ത്തുമായി കുട്ടികളും..
ഇതിനിടയിലാണ് പാവലിന്റെയും പടവലത്തിന്റെയും പന്തലിനിടയില്‍ സ്ത്രീകള്‍ കാണാതെ കൂടു കുത്തി പൊതിഞ്ഞു സൂക്ഷിക്കുന്ന വിലകൂടിയമദ്യകുപ്പികളുടെ വിളവെടുപ്പ് ആഘോഷം. വിളവെടുപ്പ് ഉത്സവം ഇരുപത്തെട്ടാം ഓണം വരെ നീളം. 

പരബ്രഹ്മത്തിന് മുന്നിലൂടെ ഒഴുകുന്ന ജനാവലിക്കൊപ്പം നീങ്ങുന്ന കരക്കാരുടെ കെട്ടുകാഴ്ചകളും  കാളകെട്ടും കണ്ട്  ഇരുപത്തെട്ടാം  ദിവസം ഓണം പടിയിറങ്ങുമ്പോള്‍  വിരുന്നുകാരും വീട് ഒഴിഞ്ഞു കാണും, മരക്കൊമ്പ് വിട്ട് കിളികളും. മനസ്സ് വീണ്ടും ശൂന്യതയിലേക്ക് കൂടു മാറും. ജീവിതം വീണ്ടും സാധാരണഗതിയിലേക്ക് ഒഴുകാന്‍ തുടങ്ങിയാലും ഓണ നാളിന്റെ ഹാങ്ങോവര്‍ മാറാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടിവരും.

നന്മയും ലാളിത്യവും കൈവിട്ടുപോകുന്ന ഓണക്കാലത്ത് ജീവിക്കുന്ന മനസ്സേ നീ നിന്റെ കര്‍ത്തവ്യത്തിലേക്കു തിരിച്ചുവരൂ. ആരോ ബാക്കി വെച്ചു പോയ കര്‍മ്മത്തിന്റെ പൂര്‍ത്തീകരണത്തിനായി നിനക്കിനിയും തുഴയാന്‍ ഏറെ ഉണ്ട്. അവള്‍ ഓണവെയില്‍ നോക്കി ഏകാന്തതയില്‍ പുലമ്പി.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!