Malayalam Short Story : ഒരു സ്ത്രീ പുരുഷനില്‍നിന്നും ആഗ്രഹിക്കുന്നത്, ലക്ഷ്മി മനീഷ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jul 14, 2022, 1:42 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.    ലക്ഷ്മി മനീഷ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

'ഫോണിന്റെ അലാറം കുറേ നേരം ആയല്ലോ അടിക്കുന്നത് അതൊന്ന് ഓഫ് ചെയ്ത് വെച്ചൂടേ?'

ഷംസുവിന്റെ ഉച്ചത്തില്‍ ഉള്ള ആക്രോശം കേട്ട് ആണ് ജാസ്മിന്‍ ഉറക്കം തെളിഞ്ഞത്.

'ഞാന്‍ കേട്ടില്ല ഇക്കാ..'

'എന്തൊരു ക്ഷീണം ആണ്. ഇന്നലെ അയിഷയുടെ വീട്ടില്‍ നിന്നും കുഞ്ഞിനെ കാണാനായി വിരുന്നുകാര്‍ ഉണ്ടായിരുന്നു. പണി എല്ലാം കഴിഞ്ഞപ്പോള്‍ തന്നെ രാത്രി പന്ത്രണ്ട് മണി ആയി. ഇനി രാവിലത്തെ ജോലികള്‍ തുടങ്ങണം. '

അവള്‍ പരിഭവം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ അയാളുടെ കൂര്‍ക്കം വലിയുടെ ശബ്ദം ഉയര്‍ന്നു.

അല്ലെങ്കിലും അയാള്‍ ഇങ്ങനെയൊക്കെയായിട്ട് നാളുകള്‍ കുറേ ആയിരിക്കുന്നു. രാത്രി ആവുമ്പോള്‍ എന്തെങ്കിലും പറഞ്ഞു വഴക്ക് കൂടി ഉറങ്ങും. രാവിലെ സ്‌കൂളില്‍ പോവാന്‍ നേരം ആവുമ്പോള്‍ ആണ് അയാള്‍ പതിയെ ഉറക്കം തെളിയുന്നത്.

എന്തൊരു ജീവിതം ആണിത്. ഏതോ ഒരു യന്ത്രത്തെപോലെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തു കഴിഞ്ഞിരിക്കുന്നു. ജീവിതത്തില്‍ എന്തൊരു മാറ്റങ്ങള്‍ ആണ് ഉണ്ടായത്. സ്വന്തം വീട്ടില്‍ അടുക്കളയില്‍ പോലും കയറാത്ത താന്‍ ഇപ്പോള്‍ പാതിരാ വരെ അടുക്കളയില്‍ കിടന്നു പണിയുന്നു.

ഒരേ സ്‌കൂളില്‍ അധ്യാപകന്‍ ആയതിനാലും കുടുംബത്തോടെ വല്യ തരക്കേടില്ലാത്തതിനാലും ആണ് ഷംസുവിന്റെ ആലോചന വന്നപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചത്.

അവള്‍ പതിയെ ബെഡില്‍ എഴുന്നേറ്റിരുന്നു. ആരോട് പറയാന്‍? ആര് കേള്‍ക്കാന്‍..

അവള്‍ ടോയ്ലറ്റില്‍ പോയി പതിയെ അടുക്കളയിലേക്ക് ചെന്നു. അതിവിശാലം ആയ അടുക്കള തന്നെ നോക്കി ചിരിക്കുന്നോ? അതെ ഇനി നേരം പുലരുന്ന വരെ ഇവിടെ താന്‍ അടുക്കളയിലെ പാത്രങ്ങളോടും വെള്ളം വരാത്ത പൈപ്പിനോടും ഒക്കെ മല്ലിടണം.


അനിയന്റെ ഭാര്യ അയിഷ വല്ലപ്പോഴും എങ്കിലും രാവിലെ അടുക്കളയില്‍ വരുന്നതായിരുന്നു. ഇപ്പോള്‍ കുഞ്ഞുണ്ടായതില്‍ പിന്നെ അവളെയും അടുക്കളയിലേക്ക് കാണാന്‍ ഇല്ല.

ഉമ്മാക്ക് അവളെന്നു വച്ചാല്‍ ജീവനാണ്. ഉമ്മാക്ക് ഒരു പേരക്കിടാവിനെ കൊടുക്കാന്‍ തനിക്കായില്ലല്ലോ? അതിന്റെ നീരസം തന്നോട് ഉമ്മാ പലപ്പോഴും കാണിക്കാറുണ്ട്.

ഷംസു ഇക്കയും കുഞ്ഞില്ലാത്ത ദേഷ്യം ആവുമോ തന്നോട് കാണിക്കുന്നത്-അവള്‍ ചിന്തിച്ചു.

നിസ്‌കാരം കഴിഞ്ഞ് ഉമ്മാ അടുക്കളവാതില്‍ക്കല്‍ വന്ന് എത്തി നോക്കി.

'ജാസ്മിന്‍.അയിഷ രാത്രി ഒക്കെ കുഞ്ഞിനെ നോക്കാനായി ഉറക്കിളക്കുന്നതല്ലേ? അത് കൊണ്ട് രാവിലെ മോള്‍ ഓളെ വിളിക്കണ്ട കെട്ടോ. എനിക്ക് കാലിന് വല്ലാത്ത കട്ടു കഴപ്പ്. ഞാന്‍ ലേശം നേരം കൂടെ കിടന്നിട്ട് വരാം.'

ഉമ്മയുടെ ഉപദേശം കേട്ടപ്പോള്‍ ജാസ്മിന്റെ ഉള്ള് നീറി. എങ്കിലും അത് പുറത്ത് കാണിച്ചില്ല.

തനിക്ക് പണിയെല്ലാം കഴിഞ്ഞു രാവിലെ ജോലിക്ക് പോവേണ്ടതല്ലേ. ഉമ്മ അതെന്താണ് ചിന്തിക്കാത്തത്. അവള്‍ മനസ്സില്‍ പറഞ്ഞു.

അനിയന്‍ അനസിന്റെ കല്യാണം കഴിഞ്ഞ് അവന് കുട്ടികളും ആയി. ഇനിയെങ്കിലും മാറി താമസിക്കാം എന്ന് പറഞ്ഞാല്‍ ഷംസു കേള്‍ക്കണ്ടേ? അതു പറയുമ്പോള്‍ താന്‍ എന്തോ വല്യ അപരാധം ചെയ്യുന്ന പോലെ ആണ് പെരുമാറ്റം.

അടുക്കളയിലെ പണികള്‍ ഒതുക്കി ഒരുവിധം കുളിച്ചു എന്ന് വരുത്തി.

തനിക്കും ഷംസുവിനും ഉള്ള ടിഫിന്‍ ബോക്‌സ് നിറച്ചു.

ഡൈനിങ് റൂമില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിന്റെ ഉച്ചയും ബഹളവും കേള്‍ക്കാം. ഷംസു നേരത്തെ കഴിച്ച് റെഡി ആയി കാറെടുത്തിരിക്കുന്നു. ഇനി താമസിച്ചാല്‍ ആകെ ഉച്ചയും ബഹളവും ആവും.

'മോളെ ജാസ്മിന്‍, ഷംസു ഇറങ്ങി കെട്ടോ നീ വേഗം ചെല്ലീ. ഓനെ വെറുതെ ഹാലിളക്കണ്ട.'

ഉപ്പാ വിളിച്ച് പറയുന്നുണ്ട്.

'ഇതാ ഇറങ്ങുവാ ഉപ്പാ..'

സ്വന്തം മോന് ഹാലിളകുന്ന കാര്യമേ അവര്‍ക്ക് ചിന്തിക്കാനുള്ളൂ.

രാവിലെ എണീറ്റ് ഉള്ളവര്‍ക്കെല്ലാം കുടിക്കാനും കഴിക്കാനും ഉണ്ടാക്കി വെച്ച താന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചോന്ന് ഒരു മനുഷ്യര്‍ക്ക് ചോദിക്കാന്‍ തോന്നിയില്ലല്ലോ.? അവള്‍ മനസ്സില്‍ പറഞ്ഞു.

അവള്‍ ബ്രേക്ഫാസ്റ്റ് ടിഫിനിലോട്ടാക്കി വേഗം കാറില്‍ കയറി.

ഷംസുവിന്റെ മുഖം കടന്നല്‍ കുത്തിയ പോലെ.

'എന്നും പറയണോ ഇത്തിരി നേരത്തെ ഇറങ്ങാന്‍. താമസിച്ചാല്‍ എച്ച് എം വഴക്ക് പറയും എന്ന് നിനക്കറിയാവുന്നതല്ലേ.'

ജാസ്മിന്‍ ഒന്നും മിണ്ടിയില്ല.

അല്ലെങ്കില്‍ എന്ത് മിണ്ടാന്‍ ഇത് സ്ഥിരം പല്ലവി ആണല്ലോ?

'ഇക്ക നമുക്ക് ശ്യാമളടീച്ചര്‍ പറഞ്ഞ ഡോക്ടറെ ഒന്ന് കണ്ടാലോ? 'ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്‌റ് ആണെന്നാണ് ടീച്ചര്‍ പറഞ്ഞേ. ഒരുപാട് പേര്‍ക്ക് ഫലം കണ്ടിട്ടുണ്ട് എന്ന് കേള്‍ക്കുന്നു.'

'ജാസ്മിന്‍ നിന്നോട് ഞാന്‍ പല വട്ടം പറഞ്ഞിട്ടുണ്ട്. എനിക്ക് കുഴപ്പം ഒന്നും ഇല്ല. ഞാന്‍ ആരെയും കാണാനും ചികില്‍സിക്കാനും തീരുമാനിച്ചിട്ടില്ല.'


'എന്ന് പറഞ്ഞാല്‍ എങ്ങനെയാ ഇക്കാ, ജീവിതത്തിന് ഒരു അര്‍ത്ഥം വരണം എങ്കില്‍ ഒരു കുഞ്ഞു വേണ്ടേ?
'മച്ചി പെണ്ണെന്നുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും വിളി കേട്ട് ഞാന്‍ മടുത്തിരിക്കുന്നു.'

'നിനക്ക് വേണങ്കില്‍ നീ പോയി ടെസ്റ്റ് ചെയ്‌തോളൂ. എനിക്കിതിനൊന്നും വരാന്‍ സമയം ഇല്ല.'

ജാസ്മിന്‍ ഒന്നും മിണ്ടിയില്ല.

സ്‌കൂളില്‍ ചെന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ശ്യാമള ടീച്ചര്‍ വന്നു.

'എന്താ ജാസ്മിന്‍ ഇന്നും ബ്രേക്ഫാസ്‌റ് കഴിക്കാന്‍ സമയം കിട്ടിയില്ലേ?'

അവള്‍ ഒന്നും മിണ്ടിയില്ല.

അവളുടെ വിഷണ്ണമായ മുഖഭാവം ടീച്ചര്‍ ശ്രദ്ധിച്ചു.

'ജാസ്മിന്‍  നീ എന്റെ അനിയത്തി കുട്ടിയേ പോലെ ആണ്. നിന്നോട് ഞാന്‍ ഒരു കാര്യം പറയാം. നീ ഇങ്ങനെ വിഷമിച്ച് ഇരുന്നാല്‍ നിനക്ക് ചുറ്റും ഉള്ളവര്‍ മാറും എന്ന് നിനക്ക് തോന്നുന്നുണ്ടോ? നിന്റെ മനസ്സ് വിഷമിച്ചു ആരോടും മിണ്ടാതെയും തുറന്നു പറയാതെയും ഉള്ള സ്വഭാവം കൊണ്ട് നിന്റെ പ്രയാസങ്ങള്‍ക്ക് പരിഹാരം ആകും എന്ന് നിനക്ക് തോന്നുന്നുണ്ടോ? നീ പത്തു വര്‍ഷം ആയി അവരുടെ വീട്ടില്‍ കഴിയുന്നു. ആര്‍ക്കൊക്കെ മാറ്റം സംഭവിച്ചു. ആരും മാറിയിട്ടില്ല. ഇനി ഒട്ട് മാറാനും പോവുന്നില്ല. ഇനി മാറേണ്ടത് നീ ആണ്.'

'നാളെ നമുക്ക് ആ ഡോക്ടറെ കാണാന്‍ പോവാം. ഞാനും നിനക്കൊപ്പം വരാം. എന്റെ റിലേറ്റീവ് ആണ് ഡോക്ടര്‍. അപ്പോയ്ന്റ്‌മെന്റ് ഞാന്‍ ശരിയാക്കി തരാം.'

പിറ്റേന്ന് ശ്യാമള ടീച്ചറും ജാസ്മിനും ഹോസ്പിറ്റലില്‍ എത്തി. റിസപ്ഷനില്‍ നിന്നപ്പോള്‍ പുറകില്‍ നിന്നും ആരോ വിളിക്കുന്നു.

'ടീച്ചര്‍ എന്നെ ഓര്‍മയില്ലേ?'

'ഞാന്‍ ആന്‍സി,  ടീച്ചര്‍ പഠിപ്പിച്ചതാണ്. 'ഞാന്‍ ഇവിടെ നഴ്സ് ആണ് ഇപ്പോള്‍.'

'പിന്നെ ഓര്‍മയുണ്ട്. നന്നായി പഠിച്ചു മിടുക്കിയായല്ലോ?'

ജാസ്മിന്‍ പറഞ്ഞു.

'ഷംസു മാഷ് വന്നില്ലേ ടീച്ചര്‍? കഴിഞ്ഞ ആഴ്ച്ച സാര്‍ മാത്രം ആണല്ലോ വന്നത്.'

'മാഷോ? നിനക്ക് തെറ്റിയതാവും.'

'തെറ്റിയതോ? മാഷിനോട് ഞാന്‍ സംസാരിച്ചപ്പോ ടീച്ചറിന്റെ കാര്യം പറയുകയും ചെയ്തു.'

ആന്‍സി പറഞ്ഞു.

'ആരുടെയെങ്കിലും കൂടെ വന്നതാവും. അല്ലാണ്ട് ഇക്ക തനിയെ ഇവിടെ വരാന്‍ വഴിയില്ലല്ലോ?'-ജാസ്മിന്‍ പറഞ്ഞു.

'അല്ല ടീച്ചര്‍ ഷംസു മാഷിന്റെ ഫയല്‍ ഞാനാണ്  ഡോക്ടര്‍ അനുപമയുടെ ഒ പിയില്‍ നിന്നും എടുത്തത്.'

ജാസ്മിന് എന്തോ പന്തികേട് തോന്നി. 

തന്നോട് പറയാതെ ഇക്ക തന്നെ എന്തിന് ഡോക്ടറെ കണ്ടു?

വൈകിട്ട് ചോദിക്കാം.

'ശരി പോട്ടെ..'

ശ്യാമള ടീച്ചറും ജാസ്മിനും ഒ പിയിലേക്ക് പോയി.

ഡോക്ടര്‍ അനുപമ ജാസ്മിനുള്ള ടെസ്റ്റുകള്‍ നടത്തി.

റിസള്‍ട്ട് എല്ലാം കിട്ടിയ ശേഷം ജാസ്മിനും ശ്യാമള ടീച്ചറും ഡോക്ടര്‍ അനുപമയെ കണ്ടു.


'ജാസ്മിന്‍ യൂ ആര്‍ പെര്‍ഫെക്റ്റ്‌ലി ഓള്‍ റൈറ്റ്.'

ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ജാസ്മിന് സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു.

'എന്തുണ്ട് ശ്യാമള ആന്റീ വിശേഷങ്ങള്‍?'

'സുഖം.'

'അനുപമ ഷംസു എന്നൊരു പേഷ്യന്റിനെ അറിയുമോ?'

ശ്യാമള ടീച്ചര്‍ ചോദിച്ചു.

'പിന്നെ ഒരു സ്‌കൂള്‍ മാഷ് അല്ലേ?' വര്‍ഷങ്ങള്‍ ആയി ഇവിടത്തെ പേഷ്യന്റ് ആണല്ലോ. 'വല്യ രക്ഷയൊന്നും ഇല്ലാത്ത കേസ് ആണ്. പിന്നെ അയാള്‍ക്കും വല്യ താല്പര്യം ഇല്ലെന്നു തോന്നിയിട്ടുണ്ട്. ആരോ റിലേറ്റീവ്‌സ് നിര്‍ബന്ധിച്ചാണ് ഇവിടെ കൊണ്ട് വരുന്നത്.'

ജാസ്മിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തല കറങ്ങുന്നോ?

വീട്ടില്‍ എത്തിയതും  അവള്‍ ഒന്നും മിണ്ടാതെ മുറിയില്‍ കയറി കിടന്നു.

എന്തൊരു അന്യായം ആണ് തന്നോട് ചെയ്തത്. അതും കരുതിക്കൂട്ടി എല്ലാവരും ചേര്‍ന്ന് ആസൂത്രിതം ആയുള്ള ഒരു നാടകം ആയിപ്പോയല്ലോ തന്റെ ജീവിതം എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് തന്നോട് തന്നെ ദേഷ്യം വന്നു.

എന്തായാലും അയാളോട് ചോദിച്ചിട്ട് തന്നെ കാര്യം.

ഷംസു സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ അവളുടെ മനസിന്റെ ഭാരം മുഴുവന്‍ കാറായി പേമാരി ആയി പെയ്തിറങ്ങി.

അയാള്‍ക്കൊന്നിനും ഉത്തരം ഉണ്ടായിരുന്നില്ല.

'ഷംസു ഇക്ക ഞാന്‍ അധികം ഒന്നും ജീവിതത്തില്‍ ആഗ്രഹിച്ചിട്ടില്ല. ആദ്യമായി എന്നെ മനസിലാക്കുന്ന, എന്റെ സുഖത്തിലും ദു:ഖത്തിലും പങ്കു ചേരുന്ന ഒരു ജീവിത പങ്കാളി വേണം എന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരു കുട്ടി എന്നത് രണ്ടാമത്തെ ആഗ്രഹം ആയിരുന്നു.'

'കുട്ടികള്‍ ഇല്ലാതിരുന്നിട്ടും പരസ്പര സ്‌നേഹത്തോടെ വിശ്വാസത്തോടെ ജീവിക്കുന്ന എത്രയോ ദമ്പതികള്‍ ഉണ്ട് ഈ ലോകത്ത്. പക്ഷേ സ്‌നേഹവും വിശ്വാസവും കരുതലും ഇല്ലാത്തിടം ഒരിക്കലും ഒരു നല്ല കുടുംബം ആവില്ല. ഇക്ക എന്നോട് മനസ്സ് തുറന്ന് സംസാരിച്ചിരുന്നെങ്കില്‍, എന്റെ ഓരോ വിഷമങ്ങളിലും എനിക്ക് തണല്‍ ആയി നിന്നിരുന്നെങ്കില്‍, ഇക്കയുടെ കുറവുകള്‍ എന്നോട് പറഞ്ഞിരുന്നെങ്കില്‍, ഒരു പക്ഷേ ഒരു കുഞ്ഞില്ലാത്തതിന്റെ വേദന എനിക്ക് ഉണ്ടാകുമായിരുന്നില്ല.'

'നാളെ എന്റെ ഉപ്പയും ഇക്കമാരും എന്നെ കൂട്ടികൊണ്ട് പോവാന്‍ വരും. അവര്‍ക്കൊപ്പം ഞാന്‍ എന്റെ വീട്ടിലോട്ട് പോവുന്നു. ഇവിടെ വീട്ടുകാരോട് കൂടുതല്‍ ഒന്നും പറയണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അവര്‍ക്കെല്ലാം അറിയാവുന്നതാണല്ലോ?  എന്റെ തീരുമാനം ഇക്ക തന്നെ എല്ലാവരോടും പറയണം.'

എന്നത്തേയും പോലെ മൗനം ആയിരുന്നു അയാളുടെ ഉത്തരം.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!