ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജോയ്‌സ് വര്‍ഗീസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മണ്‍ത്തിട്ടകള്‍ ചാടിക്കടന്നും പൊക്കത്തില്‍ വളര്‍ന്ന ചൂല്‍പ്പുല്ലുകള്‍ വകഞ്ഞും അയാള്‍ കുന്നുകയറി. തീര്‍ത്തും അവശനായിരുന്നു, അയാള്‍.
വന്‍വൃക്ഷങ്ങള്‍ക്കിടയില്‍ ചെറിയ മരങ്ങളും കുറ്റിച്ചെടികളും തഴച്ചു. കൊഴിഞ്ഞ ഇലകള്‍ മണ്ണില്‍ പുതഞ്ഞു ചീഞ്ഞു. അതില്‍ അനവധി പ്രാണികളും പുഴുക്കളും പുളച്ചു. മരങ്ങളും മുളയും ചൂരലും തിങ്ങിനിറഞ്ഞ കുന്നിന്‍ച്ചെരിവിലൂടെ ഒരു അണ്ണാന്‍കുഞ്ഞിന്റെ മെയ് വഴക്കത്തോടെ അയാള്‍ നടന്നുകയറി.
ഇടുങ്ങിയ വഴിക്കിരുപ്പുറവും അനേകം ഉരുണ്ട വെള്ളക്കല്ലുകള്‍ മുഴച്ചു നിന്നിരുന്നു. വഴിയിലേക്ക് ചാഞ്ഞ മരത്തിന്റെ വേരുകള്‍ മിനുസ്സമുള്ള വലിയ കല്ലുകള്‍ക്കിടയില്‍ എഴുന്നു നിന്നു.
നീരൊഴുക്കിന്റെ അലകള്‍ നേര്‍ത്ത ശബ്ദവീചികളായി അയാളുടെ അടുത്തെത്തി.
ഇതിലൂടെ ഒരു പുഴ ഒഴുകിയിരുന്നോ? അയാള്‍ സന്ദേഹിച്ചു.
ജീവിതം തന്നെ ഗതിമാറിയൊഴുകുമ്പോള്‍ പുഴയ്ക്കും അതു സംഭവിച്ചിരിക്കാം.
ചിലച്ചു കൊണ്ടു പറന്നകന്ന ഒരു കൂട്ടം വണ്ണാത്തി പുള്ളുകള്‍ അയാളെ കടന്നുപോയി. മരത്തിനു മുകളില്‍ അണ്ണാനും പച്ചോന്തും അയാളുടെ കാല്‍ പെരുമാറ്റം കേട്ടു, ചെവി വട്ടം പിടിച്ചു, അതിവേഗത്തില്‍ മരത്തില്‍ ഓടിമറഞ്ഞു.
'നിങ്ങള്‍ എന്തിന് പേടിക്കുന്നു? ഞാനും പ്രാണഭയത്തില്‍ ഓടുന്നവന്‍!' അയാള്‍ സ്വയം പറഞ്ഞു.
വളഞ്ഞു പുളഞ്ഞ വഴി ചെന്നെത്തിയത് രണ്ടായി പിരിയുന്ന ഇടവഴികളിലേക്കാണ്. അതില്‍ ഇടത്തേത്, അയാള്‍ ഓര്‍മ്മിച്ചെടുത്തു.
ഒരു ചെറിയ പുര, ഉമ്മറവും തിണ്ണയും വശത്തെ ചായ്പും തന്റെ കൂട്ടുകാരന്റെ, പല തവണ മുറിഞ്ഞു കേട്ട, വിശേഷങ്ങളില്‍ നിന്നും അയാള്‍ തിരിച്ചെടുത്തു.
'ഇവിടെ ആരും ഇല്ലേ?'
അയാള്‍ പറ്റാവുന്ന അത്ര ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു, മറുപടിക്കായ് കാത്തു.
പോക്കുവെയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന മുറ്റത്തു കണ്ണുംനട്ടു നിന്നു. ആരേയും കാണാതെ അക്ഷമനായി.
അയാള്‍ ചായ്പിന്റെ അരികിലൂടെ വീടിന്റെ പുറകുവശത്തേക്ക് നടന്നു.
മേയാന്‍ വിട്ട പശുക്കളെ തിരിച്ചു തൊഴുത്തില്‍ കയറ്റുന്ന സ്ത്രീയും അവളുടെ ചുറ്റും ഓടിക്കളിക്കുന്ന ചെറിയ കുട്ടിയും മാത്രം.
ഒരു ചോദ്യത്തിനു ഇടകൊടുക്കാതെ അയാള്‍ ചോദിച്ചു, ഇതു സുകുവിന്റെ വീടല്ലേ?
എവിടെ തുടങ്ങണം എന്നറിയാതെ അയാള്‍ കുഴങ്ങി.
'ഉം... ' അവള്‍ അലസമായി മൂളി. നിതംബം മറഞ്ഞു കിടന്നിരുന്ന മുടി മാടിക്കെട്ടി. നന്നെ കറുത്ത കണ്‍പീലികള്‍ ഉള്ള വലിയ കണ്ണുകള്‍ അവള്‍ക്കു പകരുന്ന ചന്തം, സുകുവിന്റെ വാക്കുകളില്‍ എന്നും തുടിച്ചുനിന്നിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു. സുകു അവളുടെ ആകാരവടിവുകള്‍ വര്‍ണിക്കുമ്പോള്‍ അയാളില്‍ തെല്ലു അസൂയ തോന്നിയിരുന്നു.
'കുടിക്കാന്‍ കൊറച്ചു വെള്ളം കിട്ടോ?' വറ്റിവരണ്ട വായില്‍ ഒട്ടിയ നാവ് വലിച്ചെടുത്തു അയാള്‍ ചുണ്ടു നനച്ചു.
ചളുങ്ങിയ മൊന്തയിലെ തണുത്ത വെള്ളം തൊണ്ടയിലേക്ക് ഒഴിച്ചു അയാള്‍ തിണ്ണയിലിരുന്നു.
'ഞാന്‍ സുകൂന്റെ കൂട്ടുകാരനാ...' അയാള്‍ അവളെ നോക്കി.
'അപ്പ നിങ്ങള്‍ക്കും സുകൂന്റെ തൊഴിലാ?' അവളുടെ ചുണ്ടില്‍ പരിഹാസം വക്രിച്ചു.
മലമുകളിലെ കഞ്ചാവുകൃഷിയിടത്തിലെ പണിക്കാരായ തങ്ങളെയാണ് അവള്‍ ഉദ്ദേശിച്ചത് എന്നറിഞ്ഞ അയാള്‍ തെല്ലു ജാള്യത്തോടെ ചിരിച്ചു.
അപരിചിതനോട് അടുക്കാതെ കുട്ടി അമ്മയുടെ പുറകില്‍ ഒളിച്ചുനിന്നു.
അയാളുടെ അവശത കണ്ട അവള്‍ ചോദിച്ചു, 'തിന്നാന്‍ വല്ലതും വേണോ?'
ആ ചോദ്യത്തിനു കാത്തിരിക്കുന്നുവെന്ന പോലെ അയാള്‍ മൂളി.
അവള്‍ കൊടുത്ത തണുത്ത ഭക്ഷണം അയാള്‍ ആര്‍ത്തിയോടെ കഴിച്ചു. കഴുത്തില്‍ ചുറ്റിയിരുന്ന തോര്‍ത്ത് അഴിച്ചു ചിറി തുടച്ചു.
'ദാ അപ്പുറത്ത് ചെറിയ പുഴയുണ്ട്, പോയി കുളിച്ചോളൂ'- അവള്‍ അയാള്‍ക്ക് ഒരു വൃത്തിയുള്ള മുണ്ട് എറിഞ്ഞുകൊടുത്തു.
ഇവള്‍ എന്തുകൊണ്ടാണ് സുകുവിനെ കുറിച്ചു അന്വേഷിക്കാത്തതെന്നു അയാള്‍ ആലോചിച്ചുകൊണ്ടേയിരുന്നു. സുകു പറഞ്ഞ കഥകളിലെ നെല്ലും പതിരും അയാള്‍ തിരഞ്ഞു.
മണ്ണിലെ കുഴികളില്‍ പതിഞ്ഞിരുന്നു കുളക്കോഴി കരഞ്ഞുകൊണ്ടിരുന്നു.
വീശിയടിക്കുന്ന കാറ്റിനു ശക്തി കൂടിവരുന്നതായി അയാള്‍ക്ക് തോന്നി.
കാറ്റില്‍ അലിഞ്ഞ ഈര്‍പ്പത്തിനും അയാളുടെ ചിന്തകളെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല.
അരണ്ടവെളിച്ചത്തില്‍ കുന്നിന്‍ ചെരിവിനെ ദീപ്തമാകാന്‍ കഴിയാതെ സന്ധ്യ തോല്‍വി സമ്മതിച്ചു പിന്‍വാങ്ങാന്‍ തുടങ്ങി. കൂടണഞ്ഞ പക്ഷികള്‍ കണ്ണടച്ചിരുന്നു രാത്രിക്കും പുലരിക്കും കാതോര്‍ത്തു ധ്യാനനിമഗ്‌നരായി.
പുല്‍ത്തകിടിയില്‍ വളഞ്ഞു പുളഞ്ഞ ചലനം, പാമ്പ് എന്ന തിരിച്ചറിവില്‍ അയാള്‍ കാല്‍ പുറകോട്ടെടുത്തു.
ഇവിടെ ചെറിയ കുഞ്ഞിനൊപ്പം താമസിക്കുന്ന സുകുവിന്റെ ഭാര്യ അയാളില്‍ അതിശയവും അമ്പരപ്പും നിറച്ചു.
പുഴയുടെ പൂഴിമണല്‍ തിട്ടയില്‍ കാല്‍ചവിട്ടിയപ്പോള്‍ ആണ് അയാള്‍ക്ക് സ്ഥലകാലബോധമുണ്ടായത്.
വലിയ ഉരുണ്ട പാറക്കെട്ടുകളില്‍ തട്ടി ചിന്നിതെറിച്ച വെള്ളം സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിലും തിളങ്ങി.
തിരിച്ചു വന്ന അയാള്‍ ഉമ്മറത്ത്, കത്തിച്ചു വെച്ച ചെറിയ വിളക്കിനടുത്തു ഇരിക്കുന്ന അവളെ കണ്ടു.
'ഞാന്‍ ഒരു കാര്യം പറയാനാണ് വന്നത്'- അയാള്‍ പറഞ്ഞു.
'എനിക്ക് തോന്നി...' അവള്‍ ഉദാസീനമായി മറുപടി പറഞ്ഞു.
ഓരോ നിമിഷവും ഇവള്‍ തനിക്ക് അത്ഭുതം സമ്മാനിക്കുകയാണല്ലോ, എന്നയാള്‍ കരുതി.
പൂത്ത കഞ്ചാവ് ചെടികള്‍ക്കിടയിലൂടെ ലാത്തി വീശി, പോലീസ് പടയുടെ കാക്കി തെളിഞ്ഞപ്പോള്‍ രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ സുകു ഒരു കൊല്ലിയില്‍ വീണു മരണപ്പെട്ട കഥ അയാള്‍ പറഞ്ഞു നിര്‍ത്തി.
അവള്‍ ഒന്നും ഉരിയാടാതെ ചുമരില്‍ ചാരിയിരുന്നു. അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങള്‍ അവളെ ഭൂതകാലത്തിലേക്കു പിന്‍നടത്തിക്കുകയാണെന്നു അയാള്‍ക്ക് തോന്നി.
വ്യസനത്തിനു പകരം വെറുപ്പാണ് അവളുടെ മുഖത്തു തെളിഞ്ഞു നിന്നത് എന്നു അയാള്‍ അത്ഭുതത്തോടെ കണ്ടു.
അയാളുടെ ചിന്ത വായിച്ചെടുത്ത അവള്‍ പറഞ്ഞു, 'എനിക്ക് വല്യേ സങ്കടം ഒന്നൂല്ല...അയാളുടെ ഇടിയും തൊഴിയും കൊള്ളാതെ ഉറങ്ങാലോ?'
'...ന്നാലും അവന്‍ നിന്റെ ഭര്‍ത്താവല്ലേ? മകന്റെ അച്ഛന്‍?'-അയാള്‍ക്ക് അങ്ങനെ പറയണം എന്നു തോന്നി.
'കഞ്ചാവ് പൊകയില്‍ മയക്കി കിടത്തിയ എന്റെ അച്ഛനെ മറികടന്ന് ഒരു പെണ്ണിനെ കീഴ്‌പ്പെടുത്തുന്നതാണോ ആണത്തം?'
പുറത്തു കാളക്കൂറ്റന്‍ മടമ്പുയര്‍ത്തി വെറും മണ്ണില്‍ ചുരമാന്തി, കൊമ്പു കുലുക്കി അമറി. അതു സുകുവായി മാറുന്നത് അയാള്‍ അറിഞ്ഞു.
അവളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അയാള്‍ ചൂളി.
ഉന്മാദാവസ്ഥയില്‍ അവള്‍ പുലമ്പി.
'പലരുടെ വെപ്പാട്ടി ആകാതിരിക്കാന്‍ ഞാന്‍ സുകുവിന്റെ ഭാര്യയായി. എന്റെ അച്ഛന്‍ അല്ലെങ്കില്‍ എന്നെ തൂക്കി വില്‍ക്കുമായിരുന്നു.'
വെട്ടിത്തിരിഞ്ഞു അവള്‍ അകത്തേക്ക് കയറിപ്പോയി.
അവള്‍...മകള്‍, ഭാര്യ, സ്ത്രീ എല്ലാ തുറയിലും അനുഭവിച്ച അവഗണനയുടെ കയ്പ്, വാക്കുകളിലെ മധുരം ചോര്‍ത്തിക്കളഞ്ഞു. ആ കയ്പ് അവളുടെ പ്രവര്‍ത്തികളില്‍ പടരുന്നത് അയാള്‍ കണ്ടു.
മുളംകാടുകളില്‍ ഉരസുന്ന കാറ്റിന്റെ ഇരമ്പം ശ്രവിച്ചു അയാള്‍ തുറന്ന ഉമ്മറത്ത് നക്ഷത്രങ്ങളെ നോക്കി കിടന്നു.
അതിരാവിലെ വലിയ പാല്‍പാത്രങ്ങള്‍ താങ്ങി കുന്നിറങ്ങുന്ന അവളോട് അയാള്‍ പറഞ്ഞു, 'ഞാന്‍ കൊണ്ടുവന്നു തരാം..'
വിശ്വാസം വരാതെ അവള്‍ അയാളെ നോക്കി, പരിഗണനയുടെ ആദ്യവാക്ക് അന്ന് അവള്‍ കേട്ടു.
ഉരുളന്‍ കല്ലുകള്‍ എഴുന്നു നില്‍ക്കുന്ന പാതയില്‍ തലനീട്ടിയ പുല്ലു വകഞ്ഞു അവള്‍ക്കു പുറകെ അയാള്‍ നടന്നു.
'എനിക്കിതൊക്കെ ശീലമായി, പതിനാല് വയസ്സില് തുടങ്ങീതാ...ഈ കുന്നിറക്കം.'
'ഉം...' അയാള്‍ മൂളി.
'അമ്മ?' അയാള്‍ ചോദിച്ചു
'അമ്മക്ക് പെണ്‍കുട്ട്യോളെ ഇഷ്ടല്യായിരുന്നു, പഠിക്കാന്‍ വിട്ടില്ല. ചെറുപ്പത്തില്‍ തന്നെ അടിവാരത്തെ വീട്ടില്‍ പണിക്കു നിര്‍ത്തി.'
അവള്‍ അല്പനേരം ചിന്തകളില്‍ മുഴുകി.
'മാസാവസാനം എന്റെ ചെറ്യേ ശമ്പളം വാങ്ങിക്കാന്‍ മാത്രെ അവടെ വരൂ, സുഖാണോ....ന്നൊരു വാക്കുപോലും എന്നോട് ചോദിക്കില്ല.'
ആദ്യമായി അവളുടെ കണ്ണുകളില്‍ നീര്‍പൊടിയുന്നത് അയാള്‍ കണ്ടു.
'ഒരു അഞ്ചു വയസ്സുകാരനെ തെരുവില്‍ വിട്ടിട്ടുപോയ എന്റെ അമ്മയേക്കാള്‍ ഭേദമല്ലേ?', അയാള്‍ ചോദിച്ചു.
അവള്‍ ഉത്തരം പറയാതെ അയാളെ ദീനമായി നോക്കി.
ദിവസങ്ങള്‍ അവര്‍ക്കിടയിലൂടെ മെല്ലെ ഇരുട്ടിവെളുത്തു. പശുക്കളെ മേയാന്‍ ആട്ടിത്തെളിച്ചു കൊണ്ടുപോകാന്‍ അയാള്‍ അവളോടൊപ്പം ചേര്‍ന്നു.
അവളുടെ മകന്‍ അയാളുടെ ബലിഷ്ടമായ ചുമലില്‍ ഇരുന്നു മരത്തില്‍ ഓടികയറുന്ന അണ്ണാനോടും പാറുന്ന പൂമ്പാറ്റയോടും കിന്നാരം പറഞ്ഞു കൈകൊട്ടി ചിരിച്ചു.
'ഞാന്‍ ആ പുഴ വരെ പോയിട്ടുവരാം'- അയാള്‍ പറഞ്ഞു.
മുളങ്കാലുകള്‍ താങ്ങി നിര്‍ത്തിയ ചായ്പിന്റെ ഇറയില്‍ നിന്നും അയാള്‍ പഴയ ചൂണ്ടക്കോല്‍ വലിച്ചെടുത്തു.
ഒരു വലിയ മത്സ്യവുമായിട്ടാണ് അയാള്‍ തിരിച്ചു വന്നത്. മത്സ്യം അയാളുടെ തോര്‍ത്തില്‍ കിടന്നു പിടച്ചുകൊണ്ടിരുന്നു. അതില്‍ നിന്നും ഇറ്റിറ്റു വീണ വെള്ളം നിലം നനച്ചു.
'വിരോധമില്ലെങ്കില്‍ കറി വെക്കാമോ?'
'ഇങ്ങു തരൂ....'- അവള്‍ ചിരിയോടെ അയാളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങി.
എരിയുന്ന തീജ്വാലകള്‍ക്കിടയിലൂടെ മെല്ലെ ഇളകുന്ന അവളുടെ മുഖവും ചിരിയും അയാള്‍ നോക്കികണ്ടു.
അവളുടെ നെറ്റിയിലെ മുറിപ്പാടു ചൂണ്ടി അയാള്‍ ചോദിച്ചു, 'എന്തു പറ്റിയതാ?'
അവള്‍ ഇരുണ്ട നെറ്റിതടത്തില്‍ വിരലുകള്‍ തൊട്ടു പറഞ്ഞു, 'നിങ്ങളുടെ കൂട്ടുകാരന്‍...'-അവള്‍ മുഴുമിപ്പിച്ചില്ല.
അയാള്‍ക്ക് സുകുവിനെ ഒന്നുകൂടി കൊല്ലണം എന്നു തോന്നി.
അവള്‍ക്കു തന്നോടൊരു അടുപ്പം തോന്നുന്നുണ്ടോ എന്ന് അയാള്‍ സംശയിച്ചു. താനും എന്തോ ഒരു കാന്തിക വലയത്തില്‍ നിന്നും പറിച്ചെടുക്കാനാകാതെ അവളോട് അടുക്കുന്നില്ലേ?
തീര്‍ത്തും അവഗണിക്കപ്പെട്ട രണ്ടുപേര്‍ക്കും ആ സാമീപ്യം നഷ്ടപ്പെടുത്താന്‍ മനസ്സുവന്നില്ല.
ഇരുവരും നടന്നു തീര്‍ത്ത വഴികളിലെ അവഗണനയുടെ മുള്ളുകള്‍ക്ക് ഒരേ മൂര്‍ച്ചയാണല്ലോ. അതിന്റെ പോറലും മുറിവും സമ്മാനിച്ചത് ഒരേ വേദനയും.
ഒരു നിമിഷം അയാള്‍ക്ക് ഇവിടം വിട്ടു പോകണം എന്നു തോന്നും. പക്ഷെ ഉടന്‍ തന്നെ, അവള്‍ പറയട്ടെ എന്നു കരുതി അയാള്‍ തീരുമാനം മാറ്റിവെയ്ക്കും.
പുറത്തു മണ്‍വെട്ടി ഊക്കില്‍ വീഴുന്ന സ്വരം കേട്ടാണ് അന്ന് അവള്‍ കണ്ണു തുറന്നത്.
കിളച്ചുമറിച്ച മണ്ണില്‍ മണ്ണിരകള്‍ വളഞ്ഞു പുളഞ്ഞു നീങ്ങി. അയാളുടെ പുറത്തു വിയര്‍പ്പുചാലുകള്‍ ഒഴുകി തിളങ്ങി. മണ്ണൊരുങ്ങി, വിത്തു പാകി, നനവില്‍ ചുരുണ്ടു ഉയര്‍ന്ന തണ്ടില്‍, ഉണര്‍ന്ന തളിരിലകള്‍ കുടവിരിച്ചു പടര്‍ന്നു കയറി കുന്നിന്‍ ചെരിവിലെ കാറ്റില്‍ തലയാട്ടി. അവിടെയാകമാനം പുതുജീവന്‍ തുടിച്ചു.
വീശിയടിക്കുന്ന കാറ്റില്‍ അയാള്‍ പുഴക്കരയിലേക്ക് ഇറങ്ങി നടന്നു. കാറ്റ് പേറിയ ഈര്‍പ്പം മഴക്ക് കോപ്പുകൂട്ടി. കറുത്ത മേഘങ്ങള്‍ ആ സന്ധ്യ കൂടുതല്‍ ഇരുണ്ടതാക്കി.
അവള്‍ അയാളോടൊപ്പം ചേര്‍ന്നു നടന്നു. വര്‍ഷം നിറച്ച പുഴ ഓളം തല്ലിയാര്‍ത്തു ഒഴുകിയെത്തി. പുഴയില്‍ വെള്ളം മിനുസമുള്ള പാറക്കൂട്ടത്തിന് തൊട്ടു മുകളില്‍ വരെ എത്തിയിരുന്നു.
പുഴയില്‍ മുങ്ങി നനഞ്ഞവള്‍, അവഗണനയുടെ ആഴക്കയത്തില്‍ നിന്നും, അയാളുടെ കരങ്ങളുടെ ഉറപ്പില്‍ ഉയര്‍ന്നു. അവളുടെ കറുത്തു നീണ്ട മുടി ഓളപ്പരപ്പില്‍ ഒഴുകിപ്പരന്നു.
ഈര്‍പ്പുള്ള കാറ്റ് ചെറിയ മൂളലോടെ അവരെ പൊതിഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...