ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിയ ജോര്‍ജ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മുറിയുടെ നിശബ്ദതയില്‍, കള കള എന്ന ശബ്ദം മുഴങ്ങി. കേള്‍ക്കുന്നവര്‍ക്ക് വളരെ അരോചകമായി തോന്നിപ്പിക്കുന്ന ശബ്ദം. കാണുന്നവര്‍ക്ക് അറപ്പ് ഉളവാകുന്ന സ്വരം. അത് അവള്‍ക്ക് സുപരിചിതമായിരുന്നു.
നാട്ടിലെ ഗവ. ഹോസ്പിറ്റലില്‍ നിന്നു മരം കൊച്ചുന്ന തണുപ്പുള്ള അയര്‍ലണ്ടിലേക്ക് ആദ്യമായി വന്നപ്പോള്‍ കൗതുകം തോന്നിയ മെഡിക്കല്‍ മേഖലയാണ് പാലിയേറ്റീവ് കെയര്‍. മരിക്കുന്നതിന് അഞ്ചു മിനിറ്റ് മൂന്‍പ് വരെ വൈദ്യ ശാസ്ത്രത്തിനു കഴിയുന്ന എല്ലാ ചികില്‍സകളും ചെയ്യുന്നതാണ് നമ്മുടെ നാട്ടിലെ ശീലം. ഇവിടെയത് മരണത്തിനായുള്ള ഒരുക്കമാണ്. ആ മാറ്റം മാനസികമായി ഉള്‍ക്കൊള്ളാന്‍ കാലമെടുത്തിരുന്നു. ആദ്യം ഇത് അംഗീകരിക്കാന്‍ തന്നെ കഴിഞ്ഞിരുന്നില്ല.
'സിസ്റ്റര്‍ ലുസി, ഐ ആം അറ്റ് പീസ് നൗ'
'സീ സംടൈംസ് ഇറ്റ് ഈസ് ബെറ്റര്‍ ടു സ്റ്റോപ്പ് ആന്‍ഡ് ലീവ് ദ് റെസ്റ്റ്.'
ഇതൊക്കെ പല പല രോഗികള്‍ അവളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ആണ്.
പ്ലാസ്റ്റിക് സക്ഷന്‍ ട്യൂബ് വായിലൂടെ കടത്തി, ശരീരത്തിന് ചുമച്ചു തള്ളാന്‍ കഴിയാത്ത, ശ്വാസകോശത്തിന് പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത കട്ടിയുള്ള കഫം അവള്‍ വലിച്ചെടുത്തു. കള കള ശബ്ദത്തിന് ഒരു കുറവ് വന്നു. ആ അമ്മച്ചി ഒന്ന് ശാന്ത ആയതു പോലെ.
നീണ്ട 20 വര്‍ഷത്തെ ക്യാന്‍സറിനോടുള്ള പോരാട്ടം കഴിഞ്ഞ് ഇനിയുള്ള നാളുകളില്‍ ചികിത്സ വേണ്ട എന്നു തീരുമാനിച്ചപ്പോള്‍ ഞങ്ങളുടെ അടുത്ത് വന്നതാണ് സ്‌കാര്‍ലറ്റ്. സ്വര്‍ണ മുടിയുള്ള, നീലക്കണ്ണുകള്‍ ഉള്ള, ചുവന്നു തുടുത്തു പഞ്ഞിക്കെട്ട് പോലുള്ള സുന്ദരി അമ്മച്ചി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്‌കാര്‍ലെറ്റ് മരണത്തിലേക്ക് വഴുതിവീണ കൊണ്ടിരിക്കുകയാണ്. ബന്ധുമിത്രാദികളേയും കൂട്ടുകാരേയും ഒക്കെ കണ്ട് യാത്ര പറഞ്ഞു. കൊച്ചുമക്കള്‍ കൈകൊണ്ട് വരച്ച ഗ്രീറ്റിംഗ് കാര്‍ഡുകളും പൂച്ചെണ്ടുകളുമായി വന്നിരുന്നു. എല്ലാവരോടും വിടപറഞ്ഞുവെങ്കിലും, സ്‌കാര്‍ലെറ്റ് മരണത്തിന് കീഴടങ്ങിയില്ല. അബോധാവസ്ഥയില്‍ ശ്വാസം മാത്രം നിലനിര്‍ത്തിക്കൊണ്ട് അവര്‍ എന്തിനോ വേണ്ടി പിടിച്ചു നിന്നു. ഇത് ഇപ്പോള്‍ 72 മണിക്കൂര്‍ ആയി.
യുകെക്കാരി നേഴ്‌സ് ആയ ഫാല്‍ക്കണ്‍, കുടുംബത്തിലെ ഏറ്റവും മൂത്തമകനായ ജെയിംസിനെ വിളിച്ചു. ഒരു കപ്പ് കാപ്പി തയ്യാറാക്കി ജയിംസിന് നല്‍കിക്കൊണ്ട് അവര്‍ സംഭാഷണത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു.
'ജെയിംസ്, സ്‌കാര്‍ലെറ്റിന്റെ വേണ്ടപ്പെട്ടവരെല്ലാം വന്നോ? അവര്‍ ആരെയോ കാത്തിരിക്കുന്നതുപോലെ. ചിലപ്പോള്‍ പേഷ്യന്‍സ് അങ്ങനെ ചെയ്യാറുണ്ട്'
കാപ്പി കപ്പിലേക്ക് ചുണ്ടോടടുപ്പിച്ചു കൊണ്ട്, ചിന്തയുടെ അലകളില്‍ മനസ്സിനെ പറഞ്ഞു വിട്ടു, ആലോചിച്ചിട്ട് ജെയിംസ് പറഞ്ഞു; 'ഇല്ല ഇനി ആരും തന്നെ വരാനില്ല.'
'നിങ്ങള്‍ വിഷമിക്കേണ്ട അതിനു വേണ്ടി പറഞ്ഞതല്ല ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവരെ കൂടി അറിയിക്കാനായി ഒന്ന് ഓര്‍മിപ്പിച്ചു എന്ന് മാത്രം.' ഇത്രയും പറഞ്ഞു കൊണ്ട് ഫാല്‍ക്കണ്‍ തന്നെ ബാക്കി പ്രവര്‍ത്തികളില്‍ മുഴുകി.
മരുന്നുകളുടെ വീര്യം കുറഞ്ഞു കൊണ്ടിരുന്നപ്പോള്‍, ഇടക്കിടക്ക് സ്‌കാര്‍ലെറ്റ് ബോധത്തിലേക്ക് തിരിച്ചുവന്നു അങ്ങനെയുള്ള അവസരങ്ങളില്‍ അവര്‍ വേദനയില്‍ പുളഞ്ഞു. വീണ്ടും മരുന്ന് കൊടുക്കുവാനായി ട്രെയില്‍ എടുത്ത് ഉള്ളിലേക്ക് പോയ ഫാല്‍ക്കണ്‍ കണ്ടത്, അഞ്ചുവയസ്സുള്ള കൊച്ചുമോന്‍ സ്‌കാര്‍ലറ്റിനോട് അവരുടെ പട്ടിക്കുട്ടിയെ പറ്റി പറയുന്നത്.
''ഗ്രാന്‍മായെ കാണാത്തതുകൊണ്ട് സ്‌കാര്‍ലെറ്റ് ഭക്ഷണം ഒന്നും കഴിച്ചില്ല'- അവന്‍ ഫാല്‍കനോടും പറഞ്ഞു.
''ഗ്രാന്‍മക്ക് പ്രായമായപ്പോള്‍, കൂട്ടിനായ് വാങ്ങിച്ചതാണ് നാന്‍സിയെ, 'എന്നും ഇവര്‍ രണ്ടുപേരും കൂടെ നടക്കാന്‍ പോകുമായിരുന്നു. തന്റെ സ്വന്തം മകളെപ്പോലെയാണ് ഗ്രാന്‍മ നാന്‍സിയെ നോക്കിയത്.'- അവന്‍ വാചാലനായി.
പെട്ടെന്ന് ഫാല്‍ക്കണ് കാര്യങ്ങള്‍ മനസ്സിലായി. സ്‌കാര്‍ലെറ്റ് ഇത്ര കാലം മരണത്തിന് കീഴടങ്ങതെ പിടിച്ചുനിന്നത് ഒരുപക്ഷെ നാന്‍സിയെ കാണാന്‍ ആകും. ഫാല്‍ക്കന്‍ പിന്നെയും ജെയിംസിനെ കണ്ടു. എന്നിട്ടു നാന്‍സിയെ കൊണ്ട് വരാന്‍ അനുമതി നല്‍കി.
ഇന്നിപ്പോള്‍ അതിനു വേണ്ടി ഉള്ള കാത്തിരിപ്പാണ്.
10 മണി ആയപ്പോള്‍ ജെയിംസ് കൈയില്‍ ഒരു കാപ്പിപ്പൊടി നിറത്തിലെ കുഞ്ഞു പട്ടിക്കുട്ടിയെ കൊണ്ട് വന്നു. നീളന്‍ ചെവികളും, സങ്കടത്തില്‍ വലുതായ കണ്ണുകളും ഒക്കെ ഉള്ള ഒരു സുന്ദരി പട്ടിക്കുട്ടി. മുറിയില്‍ വന്നപാടെ അവള്‍ സ്‌കാര്‍ലറ്റിന്റെ അരികിലേക്ക് ചാടി കയറി.
72 മണിക്കൂര്‍ കണ്ണ് തുറക്കാതെ കിടന്ന അവര്‍ കൈകള്‍ കൊണ്ട് നാന്‍സിയെ തലോടി. നാന്‍സി സന്തോഷം കൊണ്ടും അതിശയം കൊണ്ടും സ്‌കാര്‍ലെറ്റിനരികില്‍ അവരുടെ ചൂട് പറ്റി കിടന്നു. നാന്‍സിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഒരു പട്ടിക്ക് ഇതൊക്കെ മനസ്സിലാകുമോ? അറിയില്ല. പക്ഷേ പിന്നീട് ഉള്ള സമയം അത്രയും നാന്‍സി സ്‌കാര്‍ലറ്റിന് അരികില്‍ തന്നെ ഇരുന്നു. അവസാന ശ്വാസം എടുത്തപ്പോള്‍ സ്‌കാര്‍ലറ്റ് നാന്‍സിയെ സ്‌നേഹ പൂര്‍വ്വം തലോടി.
സ്‌കാര്‍ലറ്റ് മരണത്തെ ആലിംഗനം ചെയ്തപ്പോള്‍ നാന്‍സിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം ആ റൂമില്‍ നിന്നും ഒരു വലിയ ബഹളം കേട്ട് കൊണ്ടാണ് ഞാന്‍ അവിടേക്ക് കയറിച്ചെന്നത്. സ്‌കാര്‍ലെറ്റ് പോയതിനെ തുടര്‍ന്ന്, അവരുടെ വില്‍പത്രം വായിക്കുവാന്‍, സ്‌കാര്‍ലറ്റിന്റെ മുന്‍ ഭര്‍ത്താവും മക്കളും വന്നിട്ടുണ്ട്. അവരോടാണ് ജെയിംസ് തര്‍ക്കിക്കുന്നത്. അല്പസമയത്തിനുള്ളില്‍ വക്കീല്‍ വരുമെന്നും സ്‌കാര്‍ലെറ്റ് വില്‍പത്രം നേരത്തെ തയ്യാറാക്കി വച്ചു എന്നും ജെയിംസ് ആവര്‍ത്തിച്ചു പറഞ്ഞു. ആകെപ്പാടെ ഒച്ചപ്പാടും ബഹളവും കുടുംബ വഴക്കും.
ആ മുറിയുടെ ഒരു കോണില്‍ കിടന്നിരുന്ന സ്‌കാര്‍ലെറ്റ് ജീവിച്ചിരുന്നപ്പോള്‍ ഇവരാരെയും അവിടെ കണ്ടിട്ടില്ല. മരണക്കിടക്കയില്‍ ആയപ്പോള്‍ എല്ലാവരും കൃത്യമായി വരുന്നു. വില്‍പത്രത്തെ പറ്റി കൃത്യമായി അന്വേഷിക്കുന്നു.
എന്തായാലും വക്കീല്‍ എത്തി. കാണാന്‍ വലിയ പ്രൗഢി ഒന്നുമില്ലാത്ത, ഏതോ പൊട്ടിയ സിനിമയ്ക്കു ബാല്‍ക്കണിയില്‍ ആളുകള്‍ ഇരിക്കുന്നത് പോലെ തലയില്‍ അവിടെയവിടെയായി വെളുത്ത തലമുടിയുള്ള ഒരാള്‍. മുഖത്ത് ഗൗരവം തോന്നിപ്പിക്കാന്‍ ഒരു കട്ടി കണ്ണാടി. പുള്ളിക്കാരന്‍ വന്നു കേറിയതും അവര്‍ വാതിലടച്ചു.
രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് ആ വാതില്‍ തുറന്നത്. തേനീച്ചക്കൂട് ഇളകി പോകുന്നതുപോലെ ഒരുപറ്റമാളുകള്‍ വെളിയിലേക്ക് കുതിച്ചു. ജെയിംസും നാന്‍ന്‍സിയും ആ കൊച്ചു മോനും നഴ്‌സസ് ഡെസ്‌കിലേക്ക് വന്നു പുഞ്ചിരിയോടെ ഞങ്ങളോട് യാത്ര പറഞ്ഞു. പോകുന്നതിനു മുമ്പായി എന്ത് സംഭവിച്ചു എന്ന് ഫാല്‍ക്കന്‍ ചോദിച്ചു.
'സ്വത്തെല്ലാം നാന്‍സിക്കാണ്. ഇത്രയും കാലം നോക്കിയത് ആരാണോ അവര്‍ക്ക് വീടും വലിയ പറമ്പും സ്‌കാര്‍ലറ്റ് എഴുതിവെച്ചു. ബാക്കിയുള്ളതൊക്കെ തുല്യമായി വീതിച്ചു.'
ഇത് പറഞ്ഞ് ചിരിച്ചുകൊണ്ട് ജെയിംസ് നാന്‍സിയെയും തന്റെ മകനെയും വിളിച്ചുകൊണ്ട് ദൂരേക്ക് നടന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...