ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജംഷിദ് പള്ളിപ്രം എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
രാത്രി ഭക്ഷണ ശേഷം ഒരു ബീഡി പതിവാണ്. ഞാന്‍ മുറിയിലെ ജനാല തുറന്നിട്ടു ഇരുട്ടിലേക്ക് നോക്കിയിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട്. മരച്ചില്ലയിലും പച്ചിലയിലും തട്ടി ഭൂമിയിലേക്ക് വീഴുന്ന മഴയുടെ ശബ്ദം കേള്‍ക്കാം.
ചുണ്ടിലെരിയുന്ന ബീഡി ഞാന്‍ ആഞ്ഞു വലിച്ചു. ശ്വാസോച്ഛശ്വാസിത്തിലേക്ക് കയറ്റി ബാക്കി വന്ന പുക ജനാലയുടെ ഉരുണ്ട മരത്തടികള്‍ക്കിടയിലൂടെ പുറത്തേക്ക് വിട്ടു. ഒരോ പുക അകത്തേക്ക് എടുക്കുമ്പോഴും മഴയുടെ ശക്തി കൂടി വരുന്നത് പോലെ എനിക്ക് തോന്നി. പിന്നെയും പുക ശ്വാസോച്ഛശ്വാസിത്തിലേക്ക് കയറ്റി പാതി പുക ഇരുട്ടിലേക്ക് തള്ളിവിട്ടു. പുക തീരും വരെ ഞാനത് തുടര്‍ന്നു. പതിയെ എരിഞ്ഞു തീര്‍ന്ന ബീഡി കുറ്റി പുറത്തേക്കെറിഞ്ഞു.
ജനാലകള്‍ അടച്ചു കുറ്റിയിട്ട ശേഷവും മഴയുടെ നിലക്കാത്ത ശബ്ദം തെളിഞ്ഞു കേള്‍ക്കാം. മേശപ്പുറത്തിരുന്ന പുസ്തകം നെഞ്ചോട് ചേര്‍ത്തു പിടിച്ചു ഞാന്‍ കട്ടിലില്‍ തലചാരി കിടന്നു. ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലായിരുന്നു അത്. ബാപ്പയുടെ പെട്ടിയില്‍ നിന്നും എടുത്തതാണ്. ആദ്യ പേജുകള്‍ ഓരോന്നും മറിച്ചു പോയി. വായിച്ചു വായിച്ച് നേരം കടന്നപ്പോള്‍ വായനയുടെ ഉദ്യാമത്തില്‍ എന്റെ കണ്ണുകള്‍ അടഞ്ഞു.
ഞാന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കവാടത്തിന് മുന്നിലാണുള്ളത്. അകത്ത് മനോഹരമായ ഒരു മുന്തിരിതോട്ടം കാണാം. അതിനരികിലൂടെ പാലരുവികള്‍ ഒഴുകുന്നുണ്ട്. പൂമ്പാറ്റകളും വര്‍ണ്ണാഭമായ പക്ഷിക്കൂട്ടങ്ങളും പാറികളിക്കുന്നുണ്ട്. കവാടത്തിന്റെ മുന്നില്‍ കുന്തം പിടിച്ചു നില്‍ക്കുന്ന കാവല്‍ക്കാരനോട് ഞാന്‍ അകത്തു കടക്കാന്‍ അനുവാദം ചോദിച്ചു.
അയാളെന്നെ സൂക്ഷിച്ചു നോക്കി.
' അബ്ദുല്‍ ഖാദറല്ലെ..?'
അയാള്‍ക്കെന്നെ അറിയാമെന്ന സന്തോഷത്തില്‍ ഞാന്‍ പുഞ്ചിരിച്ചു.
' അതേ..'
' ഇഞ്ഞി വിട്ടോ.. ഈയ് നരകത്തിലാണ്. ഇവിടെ കേറാന്‍ കയ്യൂല്ല.'
ഹേ... നരകത്തിലോ..? ഇത്രയേറെ പുണ്യം ചെയ്ത ഞാന്‍ എങ്ങനെയാണ് നരകത്തിലാവുന്നത്.'- ഞാന്‍ കാവല്‍ക്കാരനോട് ഒന്നൂടെ തിരക്കി.
'ഞാന്‍ സ്വര്‍ഗ്ഗത്തിലാണ്.'
അകത്തേക്ക് കടക്കാന്‍ അയാള്‍ കൂട്ടാക്കിയില്ല. അയാളുടെ കയ്യിലുണ്ടായ കുന്തം വെച്ച് ഉന്തിമാറ്റാനുള്ള ബലംപ്രയോഗത്തിനിടെ ഞാന്‍ പിന്നെയും ചോദിച്ചു.
'പിന്നെ ആരുടെതാണ് ഈ മനോഹരമായ സ്വര്‍ഗ്ഗം.'
' സുഹറയുടെ.'- അയാള്‍ പറഞ്ഞു.
സുഹറ എന്റെ അയല്‍ക്കാരിയാണ്. സ്വര്‍ഗ്ഗത്തിലെ മുന്തിരിതോട്ടത്തില്‍ എന്നേ കയറ്റാത്തതിലും എന്റെ അരിശവും ദുഖവും അത് സുഹറയുടേതെന്ന് അറിഞ്ഞതിനാലാണ്.
എവിടെയോ അനീതി നടന്നിട്ടുണ്ട്. ഞാന്‍ നേരെ ദൈവത്തെ കാണാന്‍ തീരുമാനിച്ചു. പക്ഷെ, ദൈവത്തെ അങ്ങനെ എളുപ്പം കാണാന്‍ സാധിക്കില്ല. ഞാന്‍ കൂടാതെ നിരവധി അപേക്ഷകര്‍ വേറെയുമുണ്ട്. ഒരാഴ്ച മുമ്പെങ്കിലും അപേക്ഷ ഫോം പൂരിപ്പിച്ച് ബുക്ക് ചെയ്യണം.
ഒരാഴ്ച വരെ കാത്തിരിക്കുക പ്രയാസമാണ്. അത്രയും ദിവസം നരകത്തില്‍ കഴിയണം. ഞാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി ദൈവത്തിന്റെ ഓഫീസില്‍ കയറാനുള്ള പാസ് ഒപ്പിച്ചെടുത്തു.
സിംഹാസനത്തിലാണ് ദൈവം ഇരിക്കുന്നത്. വലത് വശത്ത് ആയിരം തൊഴിലാളികള്‍, ഇടത് വശത്തും ആയിരം തൊഴിലാളികള്‍. മുന്നില്‍ അപേക്ഷകരുടെ നീണ്ട നിര. ഓരോരുത്തരുടെയും പരാതി കേട്ട ശേഷം നന്മ തിന്മകളുടെ പുസ്തകം പരിശോധിച്ച് ദൈവം അന്തിമവിധി പ്രഖാപിക്കുകയാണ്.
ഭയത്തോടെ ഞാന്‍ സിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തിന്റെ അടുത്തേക്ക് പോയി എന്റെ പരാതി ബോധിപ്പിച്ചു.
'നീതിമാനായ ദൈവമേ.. ഇതെന്തൊരു അനീതിയാണ്..?'
എന്താണ് കാര്യമെന്നപ്പോലെ ദൈവം എന്നെ നോക്കുന്നുണ്ട്. ഞാന്‍ തുടര്‍ന്നു.
'കറുത്ത സുഹറ സ്വര്‍ഗ്ഗത്തിലും വെളുത്ത ഞാന്‍ നരകത്തിലും. ഇത് അനീതിയല്ലെ..?'
'നിറം നോക്കിയല്ല ഞാന്‍ സ്വര്‍ഗ്ഗവും നരകവും നിശ്ചയിക്കുന്നത്.' ദൈവം മറുപടി നല്‍കി.
'ഞാന്‍ എത്രയെത്ര നന്മ ചെയ്തിട്ടുണ്ട്.'-എന്റെ കോപം അടക്കാനാവാത്ത വിധം ഞാന്‍ അവിടെ പ്രകടിപ്പിച്ചു.
എന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ ചുറ്റിലും നിശ്ശബ്ദത പരന്നു. ആയിരം കണ്ണുകള്‍ എന്നെ തുറിച്ചു നോക്കി. സമാധാനമായി എന്റെ പരാതി കേട്ട ദൈവം അടുത്തുണ്ടായിരുന്ന ശിഷ്യനോട് ആരെയോ വിളിക്കാന്‍ ആവശ്യപ്പെട്ട് പുറത്തേക്കയച്ചു.
അയാള്‍ വരുന്നതുവരെയും ചുറ്റിലുമുള്ള ആയിരം കണ്ണുകള്‍ എന്നെ നോക്കുന്നുണ്ട്. ഉള്ളിലുണ്ടായ ഭയം നെഞ്ചിടിപ്പിന്റെ വേഗത കൂട്ടി. ദൈവമയച്ച ശേഷ്യന്‍ അല്‍പ്പ നേരം കഴിഞ്ഞ് തിരിച്ചു വന്നു. അയാളുടെ കൂടെ ഒരു കറുത്ത കണ്ടന്‍ പൂച്ചയുമുണ്ട്. അയാള്‍ പൂച്ചയെ എന്റെ മുഖാമുഖം നിര്‍ത്തി മാറിനിന്നു.
'നിനക്ക് ഈ മനുഷ്യനെ അറിയുമോ.'- ദൈവം പൂച്ചയോട് ചോദിച്ചു.
'മ്യാവൂ.. മ്യാവൂ.. മ്യാവൂ.'
'എങ്ങനെ അറിയാം...?'
' മ്യാവൂ.. മ്യാവൂ..'
ഞാന്‍ അവരുടെ സംഭാഷണം കേട്ടു നിന്നു. ദൈവത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം പൂച്ച പുറത്തേക്ക് പോയി. ദൈവം എന്റെ മുന്നിലേക്ക് തിരിഞ്ഞു ചോദിച്ചു.
' പൂച്ച പറഞ്ഞത് മനസ്സിലായോ..?'
' ഇല്ല.'- ഞാന്‍ ഉത്തരം നല്‍കി.
' എന്നും വൈകിട്ട് ഭക്ഷണം തേടി നിന്റെ വീട്ടില്‍ വരാറുള്ള പൂച്ചയാണിത്. വിശന്നു വലഞ്ഞു വരുന്ന ഈ പൂച്ചയെ നീ എന്നും കല്ലെറിഞ്ഞ് ഓടിക്കും. നിന്റെ കല്ലേറ് കൊണ്ട് അത് നേരെ ഓടുന്നത് സുഹറയുടെ വീട്ടിലാണ്. അവള്‍ അതിന് ഭക്ഷണവും വെള്ളവും നല്‍കും. നിന്റെ അയല്‍ക്കാരിയായ സുഹ്‌റ അതുകൊണ്ടാണ് സ്വര്‍ഗ്ഗത്തിലെത്തിയത്.'
' ദൈവമെ, നിസ്സാരമായ ഈ കുറ്റത്തിനാണോ എന്നെ നരകത്തിലയക്കുന്നത്..? '
' അതേ.. നിന്റെ നന്മകള്‍ക്കൊന്നും ഈ തിന്മയെ ചെറുക്കാന്‍ കഴിഞ്ഞിട്ടില്ല.'
ദൈവം അത് പറഞ്ഞു കഴിഞ്ഞതും ഉടനെ ചുറ്റിലുമുള്ള പടയാളികള്‍ ചാടിവീണ് എന്നെ ബന്ധനസ്ഥനാക്കി. ഒരു കുറ്റവാളിയുടേതെന്ന പോലെ കൈകാലുകളില്‍ ചങ്ങല കൊണ്ട് ബന്ധിച്ചു.
എന്നെ ബലമായി പുറത്തേക്ക് കൊണ്ടു പോയി നരകത്തിന്റെ കവാടത്തിന് മുന്നില്‍ നിര്‍ത്തി.
ആഴമേറിയ കിണറായിരുന്നു അത്. വെളിച്ചം തീരെയില്ല. ആ ഇരുട്ടില്‍ നിന്നും കുറേ മനുഷ്യരുടെ കരച്ചിലും നിലവിളിയും കേള്‍ക്കാം. ഭയന്നുവിറച്ച് എന്റെ കാലുകള്‍ കൂട്ടിയിടിച്ചു. നെറ്റിതടങ്ങള്‍ വിയര്‍ത്തു.
അരുതെന്ന് പറഞ്ഞു പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ പടയാളികള്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ എന്നെ ആ കിണറ്റിലേക്ക് തള്ളിയിട്ടു. ഭീമാകാരമായ കുഴിയിലേക്ക് ഞാന്‍ വീഴപ്പെടുകയാണ്. ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേക്ക്. ഇരുട്ട് പൂര്‍ണ്ണമായും എന്റെ ശരീരത്തെ മൂടിയിരുന്നു. കൂരാകൂരിരുട്ടില്‍ വളരെയധികം വേഗത്തില്‍ ഞാന്‍ ആ താഴ്ചയില്‍ നിലംപതിച്ചു.
ധും....!
ഞെട്ടി ഞാന്‍ എന്റെ കണ്ണുകള്‍ തുറന്നു. കട്ടിലിന് താഴെ ചക്ക പട്ട പോലെ തറയില്‍ വീണു കിടക്കുകയാണ്. മേല്‍ക്കൂരയില്‍ ഫാന്‍ തൂങ്ങിയാടുന്നുണ്ട്. കണ്ണിലെ ഇരുട്ട് പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ല. ഞാന്‍ തറയില്‍ കൈവെച്ചു തപ്പിതടഞ്ഞു നോക്കി.
'എവിടെ നരകം..?'
എന്റെ കണ്ണുകള്‍ ഭയത്തോടെ എന്തോ ചുറ്റിലും തിരയുന്നുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...