ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദീപിക അജിത് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
'അമ്മയ്ക്ക് കുറച്ചു ദിവസമായിട്ട് വല്ലാത്ത തലവേദന. ആശുപത്രിയില്‍ പോവാമെന്ന് പറഞ്ഞിട്ട് കേള്‍ക്കുന്നില്ല. ഉണ്ണിയെ വിളിച്ചു പറയല്ലേ എന്ന് എന്നോട് നിര്‍ബന്ധം പിടിച്ചതാ. പക്ഷെ കഴിയുന്നില്ല ഉണ്ണീ ആ വേദന കണ്ടു നില്‍ക്കാന്‍. നീ ഇത്രടം വരെ ഒന്നു വരണം.'
സതി അപ്പച്ചിയെ രാവിലെ ഫോണ്‍ ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കേട്ടപ്പോള്‍ മുതല്‍ വല്ലാത്തൊരു അസ്വസ്ഥത. അപ്പച്ചി ഉള്ളത് കൊണ്ട് ഞാന്‍ ഒന്നും അറിയുന്നില്ല. അമ്മയെ തനിച്ചാക്കി ഈ നഗരത്തിലേക്ക് ചേക്കേറിയപ്പോള്‍ അമ്മയെ കൂടെ കൂട്ടാം എന്ന് കരുതിയതാണ്. പക്ഷേ അമ്മ വന്നില്ല. മരുമകളുടെ പീഡനം സഹിക്കുന്നതിനെക്കാള്‍ നല്ലത് ഈ ഒറ്റയ്ക്കുള്ള ജീവിതം ആണെന്ന് അമ്മയും കരുതിയിട്ടുണ്ടാവും. അപ്പച്ചി അടുത്തുള്ളതാണ് വലിയൊരു ആശ്വാസം.
അമ്മയെ കാണാന്‍ തോന്നുമ്പോള്‍ ഓടി പോവാനുള്ള ദൂരമേ ഉള്ളു. പക്ഷെ എപ്പോഴൊക്കെ ഇറങ്ങിയാലും അവള്‍ വിടില്ല. കഴിഞ്ഞ ആഴ്ചയും കൂടി അമ്മയെ കാണാന്‍ പോവണം എന്ന് പറഞ്ഞതാ. ഞാന്‍ കുളിക്കാന്‍ കയറിയ തക്കം നോക്കി അവള്‍ എന്നെ ബാത്റൂമില്‍ പൂട്ടിയിട്ടു. തിങ്കളാഴ്ച രാവിലെയാണ് അവള്‍ എന്നെ തുറന്നു വിട്ടത്. ആരോടെങ്കിലും പറയാന്‍ ആവുമോ? നാണക്കേടല്ലേ.
എന്തായാലും ഇപ്പോള്‍ തന്നെ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോവാം. ഞാന്‍ വിളിച്ചാല്‍ വരാതെ ഇരിക്കില്ല. വൈകുന്നേരം ഓഫീസില്‍ നിന്നും പോവുന്നത് പോലെ വീട്ടിലേക്ക് തിരിച്ചു പോവാം. അതാവുമ്പോള്‍ അവള്‍ അറിയത്തുമില്ല. അവന്‍ വേഗം ഓഫീസില്‍ നിന്നും ഇറങ്ങി.
വീടിന്റെ മുന്നില്‍ വണ്ടി വന്നു നിന്നപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ ആവാതെ നില്‍ക്കുന്ന അമ്മയെ ആണ് കണ്ടത്. പാവം. ഞാന്‍ കാരണമല്ലേ അമ്മ ഇവിടെ ഒറ്റയ്ക്കു കഴിയേണ്ടി വന്നത്. അമ്മയുടെ അടുത്തേക്ക് ഓടി ചെന്ന് ആ മാറോട് ചേര്‍ന്നപ്പോള്‍ വീണ്ടും ആ പഴയ ഒന്നാം ക്ലാസുകാരനായത് പോലെ. അതേ ചൂട്. അതേ സ്‌നേഹം.
'എന്താ ഉണ്ണി പതിവില്ലാതെ ഒരു വരവ്. അവള്‍ വന്നില്ലേ?'
ഇത്രയൊക്കെ അമ്മയെ അവള്‍ ദ്രോഹിച്ചിട്ടും അമ്മ അവളെ പറ്റി അന്വേഷിക്കുന്നല്ലോ. ഇതാണ് അമ്മയുടെ സ്‌നേഹം. അവള്‍ക്ക് ഇതൊന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കില്‍. ഇവിടെ നിന്നും മാറിയിട്ട് വര്‍ഷം മൂന്ന് ആയി. ഒരിക്കല്‍ പോലും അവള്‍ അമ്മയെ കാണാന്‍ വന്നിട്ടില്ല. വിളിച്ചാല്‍ പോലും രണ്ടു വാക്ക് മിണ്ടില്ല.
'ഇല്ല അമ്മേ. അവള്‍ അറിഞ്ഞിട്ടില്ല ഞാന്‍ ഇങ്ങോട്ട് വന്നത്.'
ഇത്രയും പറഞ്ഞ് ഉണ്ണി അകത്തേക്ക് കയറി. അവന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി. ഇപ്പോഴാണ് വീട്ടില്‍ കയറിയ ആ ഒരു ഫീല്‍ വന്നത്. അവിടെ ചെന്ന് കയറുമ്പോള്‍ തനിക്ക് ശ്വാസം മുട്ടല്‍ ആയിരുന്നു അനുഭവപ്പെട്ടിരുന്നത് എന്ന് അവന്‍ ഞെട്ടലോടെ ഓര്‍ത്തു. തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മയും വരാന്തയില്‍ തന്നെ നില്‍ക്കുന്നു. കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്.
'എന്താമ്മേ ഇത്? ഉണ്ണീടെ അമ്മ കരയുകയാണോ? അയ്യേ.' ഓടി ചെന്ന് അമ്മയെ ചേര്‍ത്തു പിടിച്ചു.
'ഞാന്‍ കാരണം... ഞാന്‍ കാരണം അല്ലേ എന്റെ മോന് ഈ വിധി വന്നത്. അഞ്ജലിയെ മതിയെന്ന് വാശി പിടിച്ച് നിന്നെ കൊണ്ട് അവളുടെ കഴുത്തില്‍ താലി കെട്ടിച്ചത് ഞാനല്ലേ. പാവം ആണെന്ന് കരുതിയെടാ ഞാന്‍. അവളുടെ അമ്മ വെറും പാവമാണ്. ഉമ ഈ കല്യാണക്കാര്യം പറഞ്ഞപ്പോള്‍ എനിക്കും സന്തോഷമാണ് അന്ന് തോന്നിയത്. തറവാടികള്‍. നമ്മളെക്കാള്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതി. അഞ്ജലി ആണെങ്കില്‍ നല്ല സുന്ദരി. നല്ല വിദ്യാഭ്യാസം ഉണ്ട്. നല്ല അച്ചടക്കവും പെരുമാറ്റവും. സ്‌നേഹത്തോടെയുള്ള അവളുടെ പെരുമാറ്റം കണ്ടപ്പോള്‍ നിന്നെ അവള്‍ സ്‌നേഹിക്കുമെന്ന് കരുതി മോനെ. അമ്മയ്ക്ക് തെറ്റിപ്പോയി. നിന്റെ ജീവിതം ഞാന്‍ തുലച്ചല്ലോടാ.'
അപ്പോഴേക്കും സതി അപ്പച്ചിയും വന്നു. കൂടെ മീനാക്ഷിയും. 'ഉണ്ണിയേട്ടന്‍ എപ്പോ വന്നു?'
'വന്നതേ ഉള്ളു. അപ്പച്ചി. നമുക്ക് അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോവാം. വേഗം ഒരുങ്ങി വായോ.'
എന്താ സംഭവിക്കുന്നത് എന്നറിയാതെ ആ അമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉണ്ണി പറഞ്ഞു.
'അപ്പച്ചിയെ രാവിലെ വിളിച്ചപ്പോള്‍ അറിഞ്ഞു അമ്മയുടെ തലവേദനയുടെ കാര്യം. നമുക്ക് ആശുപത്രിയില്‍ പോവാം. എതിരൊന്നും പറയണ്ട. '
'അതൊക്കെ പോട്ടെ ഉണ്ണിയേട്ടാ. താങ്കളുടെ നാര്‍സിസിസ്റ്റ് ഭാര്യ അറിഞ്ഞു കൊണ്ടുള്ള വരവാണോ ഇത്? അതോ ഒളിച്ചുള്ള വരവോ?' മീനാക്ഷി ഇത് ചോദിച്ചപ്പോള്‍ ഉണ്ണി അറിയാതെ ചിരിച്ചു പോയി.
'ഈ കുട്ടീടെ കാര്യം. നിന്റെ ഏട്ടത്തിയാണ് അഞ്ജലി. അങ്ങനെ ഒന്നും പറയാന്‍ പാടില്ല. എവിടെ എന്ത് സംസാരിക്കണം എന്നറിയില്ല.' മീനാക്ഷിയെ സതി അപ്പച്ചി ശകാരിച്ചപ്പോള്‍ പോലും അവള്‍ നിര്‍ത്തിയില്ല.
'അന്നൊരിക്കല്‍ കാലിടറി വീണിട്ടാണ് കയ്യൊടിഞ്ഞത് എന്നല്ലേ ഉണ്ണിയേട്ടന്‍ പറഞ്ഞത്. അത് അഞ്ജലി ഏട്ടത്തി ഉണ്ണിയേട്ടനെ ഗോവണിയില്‍ നിന്നും ഉന്തിയിട്ടതല്ലേ? ഉണ്ണിയേട്ടന്‍ പപ്പടം കാച്ചാന്‍ സഹായിച്ചപ്പോള്‍ പൊള്ളിയതെന്നല്ലേ അപ്പച്ചിയോട് പറഞ്ഞത്? അത് ഏട്ടത്തി പൊള്ളിച്ചതല്ലേ? ഉണ്ണിയേട്ടന്റെ ഫോണ്‍ വെള്ളത്തില്‍ വീണതാ എന്ന് പറഞ്ഞത് നുണയല്ലേ? ഏട്ടത്തി വെള്ളത്തില്‍ മുക്കിയതല്ലേ? ഏട്ടന്‍ എത്ര കാലമായി സുമേഷ് ഏട്ടന്റെയും സാജന്‍ ഏട്ടന്റെയും ഒക്കെ ഒപ്പം അമ്പലക്കുളത്തില്‍ പോയിട്ട്. എന്തിന്? ഒന്ന് വിളിച്ചിട്ട് എത്ര കാലമായി. ഏട്ടത്തി ഉണ്ണിയേട്ടനെ ഇങ്ങോട്ട് വിടാറില്ലല്ലോ. ഉണ്ണിയേട്ടന്‍ ജോലിക്ക് പോവുമ്പോള്‍ മാത്രമല്ലേ ഇങ്ങോട്ട് വിളിക്കുന്നത്. അതും ഓഫീസിലെ ലാന്‍ഡ്‌ഫോണില്‍ നിന്നും.'
മീനാക്ഷി പറയുന്നത് കേട്ട് സതി തളര്‍ന്നിരുന്നു പോയി.
'എന്റെ കുട്ടീ, ഇവള്‍ ഈ പറയുന്നതില്‍ വല്ല സത്യവും ഉണ്ടോ?'
'ഉണ്ട് അപ്പച്ചി. പക്ഷെ ഞാന്‍ ഇത് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?' ഉണ്ണിയുടെ തൊണ്ടയിടറി.
'ഞാന്‍ ഒരു ആണെന്ന് പറഞ്ഞ് നടക്കുന്നതില്‍ പിന്നെ എന്താണ് അര്‍ത്ഥം? അവള്‍ എന്താ ഇങ്ങനെ എന്ന് എനിക്കറിയില്ല അപ്പച്ചി. അവളെ ഒത്തിരി സ്‌നേഹിച്ചു. ചില സമയം അവളും എന്നെ സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കും. പക്ഷെ ചില സമയം അവള്‍ എന്നെ കൊല്ലാക്കൊല ചെയ്യും. ഭാര്യയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന് ഞാന്‍ എങ്ങനെ പുറത്ത് പറയും.'
ഒന്ന് നിര്‍ത്തിയിട്ട് അവന്‍ തുടര്‍ന്നു. 'ഞാന്‍ എന്റെ കൂടെ ജോലി ചെയ്യുന്നവനോട് പറഞ്ഞപ്പോള്‍ അവന്‍ പോലും എന്നെ കളിയാക്കി. ഞാന്‍ എന്താ ചെയ്യേണ്ടത് എന്നറിയില്ല അപ്പച്ചി.'
'ഉണ്ണിയേട്ടന്‍ കരയണ്ട. ഏട്ടത്തി നാര്‍സിസിസ്റ്റ് സ്വഭാവം ഉള്ള വ്യക്തിയാവണം. കഴിഞ്ഞ ദിവസം സൂസന്‍ മാഡം പറഞ്ഞതാണ്. ചിലപ്പോള്‍ എട്ടത്തിക്ക് ബൈപോളാര്‍ ഡിസീസ് പോലുള്ള മാനസിക പ്രശ്‌നങ്ങളുമുണ്ടാവും. ഞങ്ങളുടെ ഹോസ്പിറ്റലില്‍ സൈക്യാട്രി ഡിപ്പാര്‍ട്‌മെന്റ് മേധാവിയാണ് സൂസന്‍ മാഡം. ഏട്ടന്‍ മാഡത്തിനെ പോയി കാണു. മാഡം എന്താ വേണ്ടത് എന്ന് പറഞ്ഞു തരും.'
'ആരെ കാണുന്ന കാര്യമാ മോളേ?' അമ്മ വരുന്നത് കണ്ടതും ഉണ്ണി കണ്ണുകള്‍ തുടച്ചു.
'അത് സാജനെ കാണുന്ന കാര്യമാ അമ്മേ. വാ നമുക്ക് പോവാം.'
'ഹോ! എന്തൊരു ട്രാഫിക് ആണ് ഇവിടെ. എങ്ങനെയാ മക്കളെ നീ ഈ തിരക്കിലൂടെ ദിവസവും ജോലിക്ക് പോവുന്നത്?'
ഒരു പുഞ്ചിരി മാത്രം അവന്‍ അമ്മയ്ക്ക് നല്‍കി. വണ്ടിയിലെ നിശ്ശബ്ദത അവനെ വല്ലാതെ അലട്ടി. റേഡിയോയുടെ ശബ്ദം അവന്‍ കൂട്ടി വച്ചു. അതില്‍ മീനാക്ഷി പറഞ്ഞ സൂസന്‍ ഡോക്ടര്‍ ആയിരുന്നു അതിഥി. ഡോക്ടര്‍ പറയുന്നത് തന്റെ കഥ തന്നെയാണെന്ന് ഒരു വേദനയോടെ അവന്‍ തിരിച്ചറിഞ്ഞു.
എത്ര വിദഗ്ധമായിട്ടാണ് ട്രാഫിക് പോലീസുകാരന്‍ അവിടത്തെ ഗതാഗതകുരുക്ക് അഴിക്കുന്നത്. ഓരോ വശത്തെയും തിരക്കുകളും പ്രശ്‌നങ്ങളും മനസിലാക്കി എത്ര ഭംഗിയായിട്ടാണ് അദ്ദേഹം ആ ജോലി ചെയ്യുന്നത്. ഇതു പോലെ തന്റെ മനസ്സിലെയും ട്രാഫിക് ജാം അഴിക്കേണ്ടതും തന്റെ തന്നെ ജോലിയാണ്.
ആദ്യം തന്നെ അഞ്ജലിയെ അവളുടെ വീട്ടില്‍ കൊണ്ടു വിടണം. മീനാക്ഷി പറഞ്ഞത് തന്നെയല്ലേ സൂസന്‍ ഡോക്ടറും ഇപ്പോള്‍ പറഞ്ഞത്. അവളുടെ രോഗം മാറില്ല. ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. എന്റെ ജീവനും കൂടി അപകടത്തിലാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അമ്മ തനിച്ചാവും. ഇനി മുതല്‍ അമ്മയുടെ ഒപ്പം. അമ്മയുടെ മകനായി. അമ്മയ്ക്ക് ഒരു താങ്ങും തണലുമായി. എനിക്കും ജീവിക്കണം. സ്വപ്നങ്ങള്‍ തീര്‍ന്നിടത്തു നിന്നും പറന്നുയരണം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...