Malayalam Short Story : ശിവദുര്‍ഗിലേയ്ക്കുള്ള വഴി, ബിനു കെ ബാലകൃഷ്ണന്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jan 18, 2024, 2:15 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബിനു കെ ബാലകൃഷ്ണന്‍ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


'നമുക്ക് വഴി തെറ്റിയോ കൂട്ടുകാരാ?'
 
പച്ചപ്പുനിറഞ്ഞ മലനിരകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വിജനമായ മലമ്പാത. വെള്ളപ്പുതപ്പണിഞ്ഞ കറുത്തിരുണ്ട പാറക്കെട്ടുകളുടെ വിദൂരദൃശ്യം. ചൂളം വിളികളോടെ താഴ്‌വരയില്‍ നിന്നും വീശിയടിക്കുന്ന കാറ്റ്. പ്രകൃതിയുടെ ആ മനോഹാരിത അല്‍പ്പം പോലും ആസ്വദിക്കാനാകാത്ത വണ്ണം അമ്പരപ്പ് ഉണ്ടായിരുന്നു, നിമിഷങ്ങള്‍ക്ക് മുന്‍പ് ഞെട്ടി ഉണര്‍ന്ന രാജീവന്റെ മുഖത്ത് .
 
'നീയെന്താണ് ഒന്നും പറയാതെ ചിരിക്കുന്നത്?' 
 
തന്റെ വാക്കുകള്‍ക്ക് കൂട്ടുകാരന്‍ പ്രാധാന്യം നല്‍കുന്നില്ല എന്നു കണ്ടു കൊണ്ടാകണം രാജീവന്റെ വാക്കുകളില്‍ അല്‍പ്പം ദേഷ്യം കലര്‍ന്നിരുന്നു.
 
'അല്ലാതെ ഞാന്‍ എന്താ ചെയ്യാ?'
 
ഡ്രൈവിംഗ് സീറ്റില്‍ പിന്നിലേയ്ക്ക് ഒന്ന് ആഞ്ഞിരുന്ന് ശരത് രാജീവനെ നോക്കി വീണ്ടും ചിരിച്ചു.
 
'എന്റെ കൂടെ പത്തു വര്‍ഷം മുന്‍പ് കൂടിയതാ ഇവന്‍. എനിക്ക് വഴി തെറ്റിയാലും ഇവന് തെറ്റില്ല. ഞാന്‍ കാണാത്ത വഴികളുണ്ടോ. നടത്താത്ത യാത്രകളുണ്ടോ. ആ എന്നോടാണോ നീ ?'
 
സ്റ്റിയറിംഗില്‍ ഒന്ന് തട്ടി അഭിമാനപൂര്‍വ്വം ശരത് പറഞ്ഞു. അവന്റെ മുഖത്ത് വീണ്ടും ചിരി നിറഞ്ഞു. രാജീവന് ഇപ്പോള്‍ അല്‍പ്പം ജാള്യതയായി.
 
'എന്നാലും നീയിതെങ്ങോട്ടാ പോകുന്നേ? ഞാന്‍ വരാത്ത വഴികള്‍, കാണാത്ത കാഴ്ചകള്‍. നമ്മളിതെങ്ങോട്ടാ?'
 
രാജീവന്‍ പകപ്പോടെ ചുറ്റിലും കണ്ണോടിച്ചു. സാമാന്യം വേഗതയിലായിരുന്ന വണ്ടി ഒരു ചെറിയ കയറ്റം കയറാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍.
 
ഭൂമിയുടെ ഏറ്റവും അറ്റത്തേക്ക് എന്ന വണ്ണം പ്രകൃതി ചുരുങ്ങി വന്നിരുന്നു. ചുറ്റും ഉയരമുള്ള മലകള്‍ മാത്രം. മനുഷ്യവാസത്തിന്റെ ചെറു ലക്ഷണം പോലും എവിടേയും കാണപ്പെട്ടിരുന്നില്ല.  മലയിടുക്കുകളിലൂടെ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ആദിത്യകിരണങ്ങള്‍ മാത്രം അവരോടൊപ്പം ആ യാത്രയില്‍ കൂട്ടാളിയായി.
 
'നിന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇടയ്ക്കിടെ ഞാന്‍ ആശിപ്പിക്കാറുള്ള ആ സ്ഥലമില്ലേ . അവിടേയ്ക്കാണ് നമ്മള്‍ ഇപ്പോള്‍ പോകുന്നത് '
 
'ഏത് ശിവദുര്‍ഗിലേയ്‌ക്കോ?'
 
രാജീവന്റെ ആകാംക്ഷയോടെയുള്ള ആ ചോദ്യം കേട്ട് ശരത്, മുഖം അവനു നേരെ ഒന്ന് തിരിച്ച്, 'അതെ' എന്ന് തലയാട്ടി, പിന്നെ ഭാവവ്യത്യാസമൊന്നുമില്ലാതെ ഡ്രൈവിംഗിലേക്ക് ശ്രദ്ധ തിരിച്ചു.
 
ഒരു വളവുകൂടി തിരിഞ്ഞ് വണ്ടി കുത്തനെ ഉള്ള ഒരു ഇറക്കം ഇറങ്ങാന്‍ തുടങ്ങി.  സൂര്യകിരണങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തിരുന്ന മഞ്ഞുപാളികള്‍ക്കിടയിലൂടെ രശ്മികള്‍ ഇടയ്ക്ക്, അവരുടെ മുഖത്ത് സ്വര്‍ണ്ണ നിറം വീഴ്ത്തിയിരുന്നു.
 
അലക്ഷ്യമായി പുറം ലോകം വീക്ഷിച്ചിരുന്ന രാജീവന്‍ എന്തോ ഓര്‍ത്തെന്നവണ്ണം ആ സമയം ചോദിച്ചു .
 
'എന്നാലും ആരോടും പറയാതെയുള്ള ഈ യാത്ര ... വീട്ടുകാര്‍ കാത്തിരിക്കുന്നുണ്ടാവില്ലേ? ഇന്നലത്തെ കാര്യമോര്‍ക്കുമ്പോള്‍ എനിക്ക് ഭയമാകുന്നു ശരത്'
 
ഇടമുറിയാതെയുള്ള അവന്റെ വാക്കുകള്‍ക്ക് പക്ഷേ മറുപടി ഒന്നും പറയാതെ ശരത് മുന്നോട്ട് തന്നെ നോക്കി ഇരുന്നു.
 
'എനിക്ക് തലയ്‌ക്കൊക്കെ വല്ലാത്ത ഭാരം അനുഭവപ്പെടുന്നു. വെട്ടിപ്പൊളിയുന്ന പോലെ വേദന. എന്താണ് നമുക്ക് ഇന്നലെ സംഭവിച്ചത്. നമ്മള്‍ ഇന്നലെ കഴിച്ചത് ഓവര്‍ ആയെന്ന് തോന്നുന്നു.'
 
രാജീവന്‍ ആത്മഗതം പറഞ്ഞ് ശരത്തിനെ നോക്കി. ശരത്തിന്റെ മുഖം ഗൗരവപൂര്‍ണ്ണമായിരുന്നു. ചെയ്തത് തെറ്റായി പോയി എന്ന ചിന്ത അവനിലും ഉണ്ടായിരുന്നു എന്ന പോലെ.
 
'ഒരുപാട് ഇരുട്ടിയല്ലേ നമ്മള്‍ അവിടെ നിന്നും ഇറങ്ങിയത്. ഇറങ്ങുമ്പോള്‍ നമ്മുടെ കാലുകള്‍ നിലത്ത് ഉറച്ചിരുന്നില്ല എന്നും ഞാന്‍ ഓര്‍ക്കുന്നു. വണ്ടി എടുക്കണ്ട ടാക്‌സി വിളിക്കാം എന്നും ഞാന്‍ സൂചിപ്പിച്ചതല്ലേ ?'
 
'അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ രാജീവ്... ഇനി അതൊക്കെ പറഞ്ഞിട്ടെന്താ?'
 
രാജീവന്റെ പതം പറച്ചില്‍ ശരത്തിന് സഹിക്കാതായപോലെ.
 
അതാണ് ശരത്തിന്റെ സ്വഭാവം. കൂടുതല്‍ ഉപദേശങ്ങളോ അഭിപ്രായങ്ങളോ കേള്‍ക്കുന്നത് ഇഷ്ടമല്ല. സ്വല്‍പ്പം തന്നിഷ്ടക്കാരനാണ്. എങ്കിലും കാര്യഗൗരവമുള്ളവനാണ്. വളരെ ഊര്‍ജ്വസ്വലന്‍,  ആത്മവിശ്വാസവുമുള്ള ചെറുപ്പക്കാരന്‍. എന്നാലും മദ്യം ശരത്തിനെ ആണ് കുടിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകും.
 
'ജീവിതത്തില്‍ ഒരുപാട് നേടി. ഉയര്‍ന്ന ഉദ്യോഗം, സമ്പത്ത്, എന്നാലും പൂര്‍ണ്ണത എത്താത്ത പോലെ.'
 
തങ്ങളുടെ ഒഴിവുവേളകളിലെ കൂടിച്ചേരലില്‍ ശരത് രാജീവിനോടു പങ്കുവെക്കാറുള്ളതാണ് ആ വാക്കുകള്‍.
 
പരസ്പരം യോജിക്കാനാവാതെ, മധുവിധു തീരും മുന്‍പേതന്നെ ഒഴിയേണ്ടി വന്നതാണ് ശരത്തിന് ദാമ്പത്യം. അന്നു മുതലാകണം അവന്റെ കാഴ്ചപ്പാടുകളിലും മാറ്റങ്ങള്‍ വന്നു തുടങ്ങിയത്.
 
'പോലീസിന് നമ്മളെ മനസ്സിലായി കാണുമോ ശരത്?'
 
ശരത്തില്‍ നിന്നും മറുപടികള്‍ ഒന്നും കൃത്യമായി കിട്ടുന്നില്ലെങ്കിലും ഒരു ഇടവേളയ്ക്കു ശേഷം  രാജീവന്‍ തന്റെ ആവലാതികള്‍ വീണ്ടും തുടര്‍ന്നു.
 
'ഇല്ല ... മനസ്സിലായി കാണില്ല. അവര്‍ നോട്ട് ചെയ്യുന്നതിനു മുന്നേ നമ്മള്‍ പറത്തി വിട്ടില്ലേ?'
 
സ്വയം അങ്ങനെ പറഞ്ഞ് രാജീവന്‍ ആശ്വസിച്ചു.
 
'അവിടെ നിന്ന് ഇറങ്ങിയതും അവരുടെ വായിലല്ലേ ചെന്നുപെട്ടത്. അല്ലേ... ഭാഗ്യം ... വണ്ടിയെങ്ങാനും നിര്‍ത്തിയിരുന്നേല്‍ സ്റ്റേഷനില്‍ കിടക്കേണ്ടി വന്നേനെ...'
 
രാജീവന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. റോഡരുകിലെ മരത്തിലൂടെ ചാടിച്ചാടി നടക്കുന്ന കുരങ്ങിന്‍ കൂട്ടത്തിനു നേര്‍ക്ക് വെറുതെ ഒന്ന് നോട്ടമെറിഞ്ഞു.
 
'അവര്‍ നമ്മളെ ഫോളോ ചെയ്തിരുന്നു. കുറേ നേരം'-മൗനത്തിനു വിരാമമിട്ട് ശരത്തിന്റെ വാക്കുകള്‍.
 
'യേസ് യേസ് ഞാന്‍ ഓര്‍ക്കുന്നു. നീ അത്രയും സാഹസികമായി വണ്ടി ഓടിച്ചതു കൊണ്ടാ നമ്മള്‍ പിടി കൊടുക്കാതെ രക്ഷപ്പെട്ടത്...'
 
രാജീവന്റെ ആ പറച്ചില്‍ കേട്ട് ശരത്തിന് അഭിമാനം കുറച്ചു കൂടിയതുപോലെ ...
 
രാജീവന് മദ്യപാനം ശീലമുള്ളതൊന്നുമല്ല. എന്നാലും പ്രിയ സുഹൃത്ത് വിളിക്കുമ്പോള്‍  പോകാതിരിക്കുന്നത് എങ്ങിനെയാണ്. ഓഫീസില്‍ നിന്ന് ഇറങ്ങി നേരെ പോയതാണ് ബാറിലേയ്ക്ക് .
 
'നീ ശ്രദ്ധിച്ചിരുന്നോ.  വരുന്ന വഴി നമ്മുടെ വണ്ടി ഒരു കാല്‍നടക്കാരനെ ഇടിയ്ക്കാന്‍ പോയത്. കറുത്ത റെയിന്‍ കോട്ടും തൊപ്പിയും ധരിച്ച ഒരാള്‍. നാശം പിടിച്ചവന്‍. നമ്മള്‍ പിടി കൊടുക്കാതിരിക്കാന്‍ വേഗതയില്‍ വരുമ്പോഴാണ് റോഡ് ക്രോസ് ചെയ്യാന്‍ കണ്ടത്.  വണ്ടി അയാളെ തട്ടി കാണുമെന്നാ ഞാന്‍ കരുതിയത്. അത്ര അടുത്തെത്തിയിരുന്നു അയാള്‍...'
 
'ഇനി ശരിക്കും അയാളെ വണ്ടി തട്ടി കാണുമോ? അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?'
 
രാജീവന്‍ ഉദ്വേഗത്തോടെ ശരത്തിനെ നോക്കി. അയാള്‍ പക്ഷേ അതിന് മറുപടി ഒന്നും പറഞ്ഞില്ല.
 
'പിന്നെയും ഓര്‍മ്മയില്ലേ ആ വളവില്‍ വെച്ച് നമ്മുടെ നേര്‍ക്ക് പാഞ്ഞടുത്ത ആ ആന വണ്ടി. എങ്ങനെയാ അതില്‍ നിന്നും നമ്മള്‍ രക്ഷപ്പെട്ടത്.  ഓര്‍ക്കുമ്പോഴേ ഭയമാകുന്നു...'
 
രാജീവന്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു ചാരിയിരുന്നു. എന്തോ ആലോചിക്കുന്നപോലെ അല്‍പ്പനേരം നിശബ്ദനായി...
 
'പിന്നെ എപ്പോഴാണ് ഞാന്‍ ഉറങ്ങിപ്പോയത് ശരത്. പിന്നീട് ഉള്ള ഒന്നും എനിക്ക് ഓര്‍മ്മയില്ല. ഇന്ന് ഈ പുലരിയില്‍ ഈ മലനിരകളിലൂടെ സഞ്ചരിക്കുന്നത് വരെ ...നീയെന്താ എന്നെ ഉണര്‍ത്താതിരുന്നത് '
 
ശരത് ഒന്നു ചിരിച്ചു.  കുറച്ച് ദൂരേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു.
 
'ദാ... അവിടെയാണ് ശിവദുര്‍ഗ്'
 
ഉയരമുള്ള മലകള്‍ക്കിടയില്‍ ഒരുക്കിയ മനോഹരമായ ഒരു ഉദ്യാനം. ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കളാല്‍  സമൃദ്ധമായ മരങ്ങള്‍. ഒരുപോലെ ഒരുക്കി നിര്‍ത്തിയ കുറ്റിച്ചെടികളില്‍, അതിഥികളെ സ്വീകരിക്കാനെന്നവണ്ണം  തലയാട്ടി നില്‍ക്കുന്ന പലവര്‍ണ്ണ പൂക്കള്‍. ൂദളങ്ങളില്‍ ചുണ്ടുകള്‍ ചേര്‍ത്തുരുമ്മി നാണത്തോടെ പാറിയകന്ന്, അതിമോഹത്താല്‍ വീണ്ടും വട്ടമിട്ടുപറക്കുന്ന ഏഴുനിറങ്ങളുള്ള ശലഭങ്ങള്‍. പകലെന്നോ രാത്രിയെന്നോ തോന്നാത്തവണ്ണം പ്രകാശം പെയ്തിറങ്ങുന്ന പ്രകൃതി. മരങ്ങളില്‍ നിന്നും ഊര്‍ന്നു  വീഴുന്ന മഞ്ഞുകണങ്ങള്‍.
 
ശരത് വണ്ടി ഒതുക്കി നിര്‍ത്തി. വാതില്‍ തുറന്ന് പുറത്തിറങ്ങുമ്പോള്‍ രാജീവന്‍ പറഞ്ഞു.
 
'മനോഹരമായ സ്ഥലമാണ് ഇത്. നീ എനിക്ക് ഫോട്ടോകള്‍ കാണിച്ചു തരാറില്ലേ. അതു പോലെ തന്നെ. ആ പച്ചപ്പും കുന്നുകളും മഞ്ഞും. കൊള്ളാം.
 
പക്ഷേ, എനിക്ക് തലയ്ക്ക് വല്ലാത്ത ഭാരം ശരത്. തലയ്ക്കുള്ളില്‍ എന്തോ വല്ലാത്ത വേദന..'
 
'ഇന്നലെ നീ അമിതമായി കഴിച്ചതല്ലേ . അതുകൊണ്ടാകും. സാരമില്ല. വാ നടക്കാം. ഞാന്‍ നിനക്ക് ശിവദുര്‍ഗ് കാണിച്ചു തരാം..'
 
ശരത് നടന്നു. അനുസരണയുള്ള കുട്ടിയെ പോലെ പിന്നാലെ രാജീവനും.
 
ഉദ്യാനം കടന്ന്, മലകളെ ലക്ഷ്യമാക്കിയാണ് അവരുടെ നടപ്പ്. മലയുടെ ഓരം ചേര്‍ന്ന് പ്രകൃതി ഒരുക്കിയ ഒരു ഒറ്റയടി പാത. പാതയില്‍ വലുതും ചെറുതുമായ കല്ലുകള്‍ നിരത്തിയിരിക്കുന്നു. ഒരുവശത്ത് അഗാധമായ കൊക്ക. ആ വഴിയിലൂടെ ചിരപരിചിതനെപ്പോലെ ശരത് നടന്നു. മലയുടെ അരികുകളില്‍ ചേര്‍ന്ന് പാറകളില്‍ പിടിച്ച്  താഴേക്ക് നോക്കാതെ നടന്ന രാജീവിന്റെ മുഖത്ത്  പക്ഷെ ഭയമായിരുന്നു.
 
'ഇത് ദുര്‍ഘടം പിടിച്ച സ്ഥലം തന്നെ. എനിക്ക് ഭയമാകുന്നു. നമുക്ക് തിരിച്ചു പോയാലോ ശരത്'
 
'നീ പേടിക്കേണ്ട . ഞാന്‍ ഇല്ലേ കൂടെ. ഇനി അല്‍പ്പദൂരം കൂടി.നിന്റെ ഏതു കാര്യത്തിനും ഉള്ള തോഴനല്ലേ ഞാന്‍.  ഒരിക്കലെങ്കിലും നിന്നെ ഇവിടെ കൊണ്ടുവരണമെന്ന് ഞാന്‍ കരുതിയിരുന്നതാണ്.'
 
തിരിഞ്ഞു നോക്കാതെ തന്നെ ശരത് പറഞ്ഞു.
 
പാതയ്ക്ക് അല്‍പം കൂടി വീതിവെച്ചു. ഒരുമിച്ചു നടക്കാമെന്നായപ്പോള്‍ ശരത് രാജീവന്റെ കൈ പിടിച്ച് ചേര്‍ന്നു നടന്നു ...
 
'ഞാന്‍ പറഞ്ഞിട്ടില്ലേ രാജീവ്. ഇത് വളരെ ശ്രേഷ്ഠമായ ഒരിടമാണ്. ഒരു വ്യക്തിയുടെ ജീവിതയാത്രയില്‍ ഒരിക്കലെങ്കിലും അയാള്‍ ഇവിടെ വന്നിരിക്കും. കാരണം എന്താണെന്ന് അറിയുമോ? ഭൂമിയില്‍ നിന്നും യമപുരിയിലേയ്ക്കുള്ള കവാടമായാണ് ഇവിടം അറിയപ്പെടുന്നത്. ശരീരം ത്യജിച്ച് പോകുന്ന ആത്മാവിനെ ഇവിടെ വെച്ചാണ് യമന്‍ സ്വീകരിച്ച് കൊണ്ടുപോവുക എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കാതെ പോകാന്‍ ആര്‍ക്കും സാധ്യമല്ല.'
 
'കേള്‍ക്കുമ്പോള്‍ തന്നെ ഭയമാകുന്നു ശരത്'
 
രാജീവന്‍ ശരത്തിന്റെ കൈ മുറുകെ പിടിച്ചു.
 
വഴി അവസാനിച്ചു. മുന്നില്‍ ചെറുതും വലുതുമായ പാറക്കെട്ടുകള്‍ ദ്യശ്യമായി. ഒരു വശത്ത് ഉയരമുള്ള പാറകള്‍ക്കിടയിലൂടെ വെള്ളം താഴേക്കു പതിക്കുന്ന മനോഹര കാഴ്ച. താഴെ പാറയിടുക്കില്‍ വന്നടിക്കുന്ന ജലം പതഞ്ഞ് പൊങ്ങി ജലകണങ്ങള്‍ അവരുടെ മുഖത്തേയ്ക്ക് പാറി വീണു കൊണ്ടിരുന്നു.
 
'ഇത് തീര്‍ത്തും മനോഹരം തന്നെ ശരത്. പക്ഷേ ഭീതിജനവും...'
 
'അതെ രാജീവ് നീ പറഞ്ഞത് ശരിയാണ്'
 
രാജീവനോട് അങ്ങനെ പറഞ്ഞ്, വെള്ളച്ചാട്ടത്തിനോട് അഭിമുഖമായി, ഉയര്‍ന്ന ഒരു പാറയുടെ മുകളിലേയ്ക്ക് ശരത് കയറി. വെള്ളത്തിന് സമാന്തരമായി കാലുകള്‍ തൂക്കിയിട്ട്, നുരഞ്ഞ് പൊങ്ങുന്ന നീര്‍ കുമിളകളില്‍  മിഴികള്‍ പായിച്ചിരുന്നു.
 
'നീ വാ... ഇവിടേയ്ക്ക് കയറി ഇരിക്ക്. എന്റെയടുത്തായി. ഈ പ്രകൃതിയിലേയ്ക്ക് അല്‍പ്പനേരം നമുക്ക് ചുരുങ്ങാം.'  

ശരത് രാജീവന് നേര്‍ക്ക് കൈ നീട്ടി. ആ കയ്യില്‍ മുറുകെ പിടിച്ച് രാജീവന്‍ മുകളിലേയ്ക്ക് കയറി. ശരത്തിന് അരികിലായി ഇരുന്നു.
 
'നമ്മള്‍ ഇന്നലെ ചെയ്തത് ശരിക്കും അബദ്ധമാണ് ശരത്. നിനക്ക് അങ്ങിനെ തോന്നുന്നില്ലേ.  എനിക്ക് ആ ചിന്തകള്‍ വിട്ടു പോകുന്നേ ഇല്ല. ഹോ നാശം പിടിച്ച ഈ തലവേദന. അത് കൂടി കൂടി വരുകയാണല്ലോ'
 
രാജീവന്‍ കൈകളില്‍ തല താങ്ങി താഴേക്ക് നോക്കി തല ഒന്നു കുടഞ്ഞു.
 
രാജീവന്റെ വാക്കുകള്‍ക്ക് പക്ഷേ ശരത് മറുപടി ഒന്നും പറഞ്ഞില്ല. വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു.
 
'ഇത് തീര്‍ത്തും വിജനമായ സ്ഥലം തന്നെ. എന്തുകൊണ്ടായിരിക്കും ഈ മനോഹാരിത ആസ്വദിക്കാന്‍ ആരും ഇവിടേയ്ക്ക് വരാതിരിക്കുന്നത്?'
 
രാജീവന്‍ ആത്മഗതം പറഞ്ഞ് തലയുയര്‍ത്തി ചുറ്റുപാടും കണ്ണോടിച്ചു. അടുത്ത നിമിഷം എന്തോ കണ്ട് ഞെട്ടി, ചാടി എഴുന്നേറ്റു.
 
'ശരത്... ദാ...അവിടെ .... അവിടേയ്ക്ക് നോക്ക് ... അവിടെ ഒരാള്‍..'
 
രാജീവന്റെ ശരീരം ഭയം കൊണ്ട് വിറച്ചു. മുഖത്ത് വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞു. അവന്‍ ശ്വാസം ആഞ്ഞു വലിക്കാന്‍ തുടങ്ങി. അവന്റെ തൊണ്ട വരണ്ടു. വാക്കുകള്‍ കിട്ടാതെ പതറി. അവന്‍ പാറകള്‍ക്ക് മുകളിലേയ്ക്ക് വിരല്‍ ചൂണ്ടി നിന്നു. വിക്കി വിക്കി പറഞ്ഞു.
 
'അയാളെ... അയാളെ നമ്മള്‍ എവിടെയോ കണ്ടിട്ടുണ്ട്. അതെ, അതെ ശരത്. അത് അയാളാണ്. കറുത്ത റെയിന്‍ കോട്ടും തൊപ്പിയും ധരിച്ച് ഇന്നലെ രാത്രിയില്‍ നമ്മള്‍ കണ്ടില്ലേ. നമ്മുടെ വണ്ടിക്ക് മുന്‍പില്‍ ചാടിയ ആ നാശം പിടിച്ചവന്‍. അയാള്‍ തന്നെ'
 
അയാളെങ്ങിനെ ഇവിടെ..?'
 
രാജീവന്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് ശരത് തിരിഞ്ഞു. വെള്ളച്ചാട്ടത്തിന് വശങ്ങളിലെ പാറകളില്‍ ചവിട്ടി ആയാസപ്പെട്ടു നടന്നു പോകുന്ന ഒരാള്‍ .
 
ശരത് പാറകളില്‍ നിന്ന് താഴെ ഇറങ്ങി. രാജീവന് മുഖം കൊടുക്കാതെ ആ കറുത്ത കോട്ടുകാരനെ ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.
 
'ശരത്... ശരത്... നീ എന്താണ് കാണിക്കുന്നത്. ആ ഭ്രാന്തനു പുറകെ നീയെന്തിനാണ് പോകുന്നത്? അവന്‍ എവിടെ എങ്കിലും പോയി തുലയട്ടെ.'' രാജീവന്‍ അലറി.
 
ശരത് പക്ഷെ അത് കേട്ടതായി നടിച്ചില്ല. അവന്‍ പാറകളില്‍ പിടിച്ച് വെള്ളച്ചാട്ടത്തിനരികിലൂടെ കയറാന്‍ തുടങ്ങി.
 
രാജീവന്‍ വീണ്ടും അലറി. ശരത്തിനു പുറകെ നടക്കാനായി അവന്‍ മുന്നോട്ട് ആഞ്ഞെങ്കിലും അവന് സാധിച്ചില്ല. കാലുകള്‍ പാറകളില്‍ ബന്ധിപ്പിക്കപ്പെട്ട പോലെ അവന്‍ നിശ്ചലനായി നിന്നു.
 
'ശരത്... ശരത്...നീ എന്താണ് ചെയ്യുന്നത്... എന്റെ തൊണ്ട വരളുന്നു. ശരീരം കുഴയുന്നു. ..ശരത് ത് ത്....'
 
അമ്മേ.. വെള്ളം ... വെള്ളം...'
 
രാജീവന്റെ ചുണ്ടുകള്‍ വെള്ളത്തിനായി യാചിച്ചു.
 
അവന്റെ ചുണ്ടുകള്‍ നനഞ്ഞു. വെള്ളം തുള്ളി തുള്ളിയായി ചുണ്ടുകള്‍ക്കിടയിലൂടെ വായിലേയ്ക്കിറങ്ങി. തൊണ്ടയിലൂടെ താഴേക്കിറങ്ങിയ തണുപ്പില്‍ രാജീവന്‍ നിശബ്ദനായി.
 
അടക്കിപ്പിടിച്ച സംസാരങ്ങളും തേങ്ങലുകളും രാജീവന്‍ കേട്ടു. ശിവദുര്‍ഗും ശരത്തും കാഴ്ചയില്‍ നിന്നും മാഞ്ഞു. കണ്ണിനെ മൂടി ഇരുട്ടു മാത്രം. തലയ്ക്കുള്ളിലെ അസഹ്യമായ വേദന മാത്രം മാറ്റമില്ലാതെ തുടര്‍ന്നു. ചുണ്ടുകള്‍ ഞൊട്ടി നുണഞ്ഞ് രാജീവന്‍ ദീര്‍ഘനിശ്വാസം എടുത്തു.
 
'രാജീവന്‍.... രാജീവന്‍'-ആരോ തോളില്‍ തട്ടി വിളിച്ചു.
 
'കണ്ണുകള്‍ തുറക്കൂ...' വീണ്ടും ആ സ്വരം.
 
'ശരത്താവും' -രാജീവന്‍ ബലം പ്രയോഗിച്ച് കണ്ണുകള്‍ വെട്ടി വെട്ടി പതിയെ തുറന്നു .
 
മങ്ങിയ കാഴ്ചകള്‍. കണ്ണിനെ മൂടി മഞ്ഞുകണങ്ങള്‍. ആ മൂടലിനിടയിലൂടെ ചെറിയ ഒരു വെളിച്ചം മാത്രം. പതിയെ മഞ്ഞുരുകി തെളിച്ചം വന്നു. മുന്നില്‍ അപരിചിത മുഖങ്ങള്‍. അവന്‍ സൂക്ഷിച്ചു നോക്കി. പുറകിലായി ചില പരിചിത മുഖങ്ങളെ കണ്ടു.
 
രാജീവന്‍ ചുറ്റിലും കണ്ണോടിച്ചു. 'ശരത് എവിടെ.. തൊപ്പിക്കാരന് പുറകെ ശിവദുര്‍ഗ് കയറിപ്പോയ അവന്‍ അയാളെ പിടിച്ചു കാണുമോ ...'
 
'ശരത് ... ശരത് എവിടെ?'- കൂടി നിന്നവരോട് അവന്‍ ചോദിച്ചു. എല്ലാവരേയും മാറി മാറി നോക്കി. ആരും ഒന്നും പറഞ്ഞില്ല.
 
'ശിവദുര്‍ഗില്‍ നിന്ന് ഞങ്ങള്‍ എപ്പോഴാണ് വന്നത്. എന്താ എന്റെ തലയ്ക്ക് ഒരു കനം പോലെ?'- അവന്‍ ഒന്നു ഞരങ്ങി.
 
'ആക്‌സിഡന്റില്‍, രാജീവന് തലയ്ക്ക് മുറിവു പറ്റിയിട്ടുണ്ട്. സ്റ്റിച്ചും ഇട്ടിട്ടുണ്ട്. അതാ വേദന..'' അപരിചിതന്‍ ഒന്ന് പറഞ്ഞ് നിര്‍ത്തി.
 
''സാരമില്ല... പതിയെ ശരിയാവും...പിന്നെ.... ശരത്തിനെ കാണിക്കാം. നിങ്ങള്‍ ഇപ്പോള്‍ റെസ്റ്റ് എടുക്കൂ...''
 
അയാള്‍ പറഞ്ഞു. ഒപ്പമുള്ളവര്‍ക്ക് എന്തൊക്കെയോ നിര്‍ദ്ദേശങ്ങളും കൊടുത്തു.
 
രാജീവന് ഒന്നും മനസ്സിലായില്ല. 'എന്താണ് നിങ്ങള്‍ പറയുന്നത്' എന്ന മട്ടില്‍ അവന്‍ അയാളെ നോക്കി. മിഥ്യകളും യാഥാര്‍ത്ഥ്യവും  തിരിച്ചറിയാനാവാതെ അവന്‍ ഉഴറി. പല പല ചിത്രങ്ങള്‍ മിന്നിയും മറഞ്ഞും അവന്റെ തലച്ചോറില്‍ സംഹാരതാണ്ഡവമാടി.
 
അവന്, ശരീരത്തിന് ഭാരം നഷ്ടമായി. ഒരു അപ്പൂപ്പന്‍ താടി പോലെ അവന്റെ മനസ്സ് പറക്കാന്‍ തുടങ്ങി. അവന്റെ കാഴ്ചകള്‍ വീണ്ടും മങ്ങി. കണ്ണുകളില്‍ ഇരുട്ടു കയറി. മല കയറിപ്പോകുന്ന കറുത്ത കോട്ടുകാരന്റേയും, പിന്തുടര്‍ന്നിരുന്ന ശരത്തിന്റേയും പൊട്ടിച്ചിരികള്‍ അവന്റെ കാതുകളില്‍ മുഴങ്ങി. അത് കാതടപ്പിക്കുന്ന ഒരു ശബ്ദമായി ഉള്ളില്‍ നിറഞ്ഞു. വേദന താങ്ങാനാവാതെ വീണ്ടും മയക്കത്തിലേയ്ക്കവന്‍ മറിഞ്ഞു വീണു.
 
ശരത്തിനെ അവന്‍ വീണ്ടും കണ്ടു. ആരെയോ കാത്തിരിക്കുന്നതു പോലെ, ആ  വെള്ളച്ചാട്ടത്തിനരികില്‍ ഏകനായി അവന്‍. രാജീവനെ കണ്ടതും അവന്‍ ചിരിച്ചു. സന്തോഷത്തോടെ കൈ ഉയര്‍ത്തി വീശിക്കാണിച്ചു. പിന്നെ തിരിഞ്ഞു നടന്നു. ശിവദുര്‍ഗിന്റെ പാറക്കെട്ടുകള്‍ കയറി വെള്ളച്ചാട്ടത്തിനരികിലൂടെ മുകളിലേയ്ക്ക്.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!