ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അനൂപ് അശോക് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
രാവിലെ തൊട്ട് തിരക്കാണ്. രണ്ട് കേസിന്റെ ചാര്‍ജും കൊടുത്തു, പതിവ് പട്രോളിംഗും കഴിഞ്ഞ്, കോളേജിന് മുന്നിലെ പ്രതിഷേധ റാലിയും കവര്‍ ചെയ്ത്, എസ്‌ഐ വിജയന്‍ തിരികെ സ്റ്റേഷനില്‍ എത്തുമ്പോള്‍ സൂര്യന്‍ മറഞ്ഞു തുടങ്ങിയിരുന്നു.
ഭാര്യ സ്‌കൂളില്‍ കാത്തിരിക്കുകയാണ്, എന്നത്തേയും പോലെ നേരത്തെ എത്താം എന്ന് പറയുന്നത് വെറും വാക്കാണെന്നു അവള്‍ക്കിപ്പോള്‍ നന്നായിട്ട് അറിയാം. ചെറുതായി പെയ്തു തുടങ്ങിയ മഴയെ വകവെയ്ക്കാതെ ബൈക്ക് എടുക്കാന്‍ പോകുമ്പോഴാണ് എസ്‌ഐ വിജയന്‍ അയാളെ ശ്രദ്ധിച്ചത്.
പരിഭ്രാന്തനായി സ്റ്റേഷന്‍ വരാന്തയില്‍ പാറാവ് ഡ്യൂട്ടിക്കാരനോട് സംസാരിച്ചോണ്ട് നില്‍ക്കുന്നൊരു മധ്യവയസ്‌കന്‍.
'എന്താ പ്രശ്‌നം?'
'സാറേ എന്റെ മോനെ കാണാനില്ല'- അത് പറഞ്ഞു നിര്‍ത്തുമ്പോഴേക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
'വൈകുന്നേരം നേരത്തെ സ്‌കൂള്‍ വിട്ട് വന്നിട്ട് കളിക്കാനായി പോയതാണ് സാറേ. കളി കഴിഞ്ഞു വരേണ്ട സമയം ആയിട്ടും കാണാഞ്ഞപ്പോള്‍ ആണ് ഞാന്‍ തിരക്കിയിറങ്ങിയത്.'
'പേടിക്കേണ്ട, നിങ്ങള്‍ വിഷമിക്കാതിരിക്കു, വിനോദേ ഇദ്ദേഹത്തിന്റെ പരാതി എഴുതി വാങ്ങിയിട്ട്, പട്രോളിംഗ് ടീമിനോട് ഇപ്പോള്‍ തന്നെ ആ സ്ഥലത്ത് പോയി നോക്കാന്‍ പറ.'
പാറാവ് ഡ്യൂട്ടിക്കാരനോട് നിര്‍ദ്ദേശിച്ച ശേഷം വിജയന്‍ ബൈക്കിനടുത്തേക്ക് നീങ്ങി. മൊബൈല്‍ അടിക്കുന്നു, ഭാര്യയാണ്. ഇറങ്ങിയോ എന്നറിയാനാണ്.. പോകുന്ന വഴി ഷോപ്പില്‍ കയറണം, നാളെ മോന്റെ പിറന്നാള്‍ ആണ്. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും വിനോദ് ഓടി വന്നു.
'വിജയന്‍ സാറേ, പട്രോളിംഗ് പാര്‍ട്ടി ഹൈവേയില്‍ ആക്സിഡന്റ നടന്ന സ്ഥലത്താണ്. പിന്നെ ഇന്ന് മിനിസ്റ്ററുടെ പാസ്സിങ്ങും ഉണ്ട്. ജീപ്പും ഇല്ല. എന്താ ഈ പയ്യന്റെ കാര്യത്തില്‍ ചെയ്യുക?'
ബൈക്ക് ഓഫാക്കി വിജയന്‍ മുന്നിലെ റോഡിലേക്ക് നോക്കി, ഇരുട്ടായി കഴിഞ്ഞു. ആലോചിക്കാന്‍ ഒരുപാട് സമയം ഇല്ല, ഫോണെടുത്തു ഭാര്യയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു, സാധനങ്ങള്‍ വാങ്ങി, ഓട്ടോയ്ക്ക് പൊക്കോളാം എന്ന മറുപടി. യാതൊരു പരിഭവവും ഇല്ലാതെ ഭംഗിയായി പറയാന്‍ അവള്‍ ശീലിച്ചിരിക്കുന്നു.
വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ 'സാറേ ഞാനും വരാം കൂടെ' എന്ന് പറഞ്ഞ് ആ അച്ഛന്‍ ബൈക്കിന് മുന്നിലേക്ക് വന്നു.
'എന്താ ഞങ്ങളെ വിശ്വാസമില്ലാഞ്ഞിട്ടാണോ, ധൈര്യമായിരിക്കു, ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ മോനെ വീട്ടിലെത്തിക്കും.'-ചെറിയൊരു ചിരിയോടെ വിജയന്‍ അത് പറയുമ്പോള്‍ ആ അച്ഛന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം തെളിഞ്ഞിരുന്നു.
ചാറ്റല്‍ മഴയില്‍ ബൈക്ക് മുന്നോട്ടോടുമ്പോള്‍ എങ്ങനെ കുട്ടിയിലേക്കെത്തും എന്ന ചിന്തയായിരുന്നു വിജയന്റെ മനസ്സ് നിറയെ. അച്ഛന്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം നോക്കിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. സമയം കടന്നു പോകുകയും, ഇരുട്ടിന് കനമേറുകയും ചെയ്തു.
ഒന്ന്, രണ്ട് വട്ടം ആ അച്ഛന്‍ വിളിച്ചപ്പോളൊക്കെ ഉടനെ കണ്ടെത്തും എന്നാശ്വസിപ്പിച്ചു വിജയന്‍ കാള്‍ കട്ട് ചെയ്തു. എട്ട് വയസ്സ് പ്രായമേ ഉള്ളൂ അവന്. നേരം വൈകുംതോറും എന്തെങ്കിലും അപകടത്തില്‍പെട്ടു കാണുമോ എന്ന ചിന്ത ഒരച്ഛന്‍ കൂടിയായ വിജയനിലും ആശങ്ക നിറച്ചു.
കുട്ടി കളിക്കാന്‍ പോയ ഗ്രൗണ്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു ഊട് വഴിയുണ്ട്. വെളിച്ചവും മറ്റും ഇല്ലാത്ത ആ വഴി സമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. അതിലൂടെ ബൈക്കോടിച്ചു വിജയന്‍ റയില്‍വേ സ്റ്റേഷനിലേക്കെത്തുമ്പോള്‍ ഏതോ ട്രെയിന്‍ പുറപ്പെടുന്നതിനുള്ള സിഗ്‌നല്‍ വീണ് കഴിഞ്ഞിരുന്നു. ഇടത്തരം സ്റ്റേഷനാണ്, തിരക്കും കുറവാണ്. പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റത്തു നിന്നും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ഒരാള്‍ കയറിയത് വിജയന്‍ ശ്രദ്ധിച്ചു. അയാളുടെ തോളില്‍ ഒരു കുഞ്ഞുള്ളത് പോലെ വിജയന് തോന്നി.
'നാലാം ക്ലാസ്സില്‍ ആണ് സാറേ, പഠിക്കാന്‍ മിടുക്കനാണ്, ഒന്നും കഴിക്കില്ല, അതുകൊണ്ട് ഒട്ടും ആരോഗ്യം ഇല്ലെന്റെ കുഞ്ഞിന്. എപ്പോഴും കളിയാണ്, കളിക്കാന്‍ വിട്ടില്ലെങ്കില്‍ അവന്‍ കരയും, അത് എനിക്കും, അവള്‍ക്കും സഹിക്കില്ല.'
ആ അച്ഛന്റെ വാക്കുകള്‍ വിജയന്റെ ചെവിയില്‍ മുഴങ്ങികേട്ടു. വേഗം കൂടി തുടങ്ങിയ ട്രെയിനിലേക്ക് മറ്റൊന്നും ആലോചിക്കാതെ ഓടി കേറുമ്പോഴേക്കും അയാള്‍ വല്ലാതെ കിതച്ചിരുന്നു. രണ്ട് വര്‍ഷം കൂടിയേ ഇനി സര്‍വീസുള്ളൂ, ആരോഗ്യത്തേക്കാള്‍ മനോബലമാണ് ഇപ്പോ തുണ.
ധൃതിയില്‍ കോച്ചുകള്‍ മാറിമാറി പരിശോധിക്കുന്നതിനിടെ അടുത്ത സ്റ്റേഷനില്‍ വണ്ടി എത്തുമ്പോള്‍ പൊലീസുകാരോട് തയ്യാറായി നില്‍ക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു.
അനുഭവ സമ്പന്നനായ ആ പോലീസുകാരന്റെ ഊഹം തെറ്റിയില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ നിറഞ്ഞ ആ ട്രെയിനിന്റെ മുന്നിലത്തെ കോച്ചിലെ ബെര്‍ത്തില്‍ കുഞ്ഞിനെ കിടത്തിയതിന് ശേഷം രക്ഷപ്പെടാന്‍ നോക്കുന്ന പ്രാകൃത വേഷക്കാരനെ ഒറ്റനോട്ടത്തില്‍ ആ പൊലീസ് കണ്ണ് കണ്ടെത്തി. എന്നാല്‍ അപ്പോഴേക്കും അവന്‍ കോച്ചിലൂടെ മുന്നോട്ട് ഓടിയിരുന്നു. തിങ്ങി നിറഞ്ഞ ആളുകളെ തള്ളി നീക്കി അവനിലേക്ക് എത്തുമ്പോഴേക്കും പിടി കൊടുക്കാതെ ആ ട്രെയിനില്‍ നിന്നും അവന്‍ ട്രാക്കിലേക്ക് ചാടി. അവനെ കിട്ടാത്ത നിരാശ നിറഞ്ഞെങ്കിലും, കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ആ ഭാഗത്തു തിരയാന്‍ ഉള്ള നിര്‍ദ്ദേശം നല്‍കി അദ്ദേഹം കുഞ്ഞിന്റെ അടുത്തേക്ക് മടങ്ങി.
അടുത്ത സ്റ്റേഷനില്‍ എത്തുമ്പോഴേക്കും സജ്ജമായിരുന്ന ആംബുലന്‍സില്‍ കുഞ്ഞിനെ കയറ്റി അയക്കുമ്പോള്‍ ആ പോലീസുകാരന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. ക്ഷേത്രത്തിലെ സുപ്രഭാതം കേട്ട്‌കൊണ്ടാണയാള്‍ വീടെത്തിയത്. നന്നായൊന്നു കുളിച്ച്, അല്‍പസമയം മയങ്ങി ഉണര്‍ന്നപ്പോഴേക്കും അവള്‍ അമ്പലത്തില്‍ പോയി മടങ്ങിയെത്തിയിരുന്നു.
'ഏട്ടന്‍ പുലര്‍ച്ചെ അല്ലേ എത്തിയത്, അതാണ് ഞാന്‍ വിളിക്കാഞ്ഞത്. ഇപ്പോ കാപ്പിയെടുക്കാം' എന്ന് പറഞ്ഞ് ആ പാവം അകത്തേക്ക് പോയി. പിറന്നാള്‍ ആയിട്ട് മോന്‍ കൂടെയില്ലാത്തതിന്റെ സങ്കടം ആ മുഖത്തുണ്ട്. ഇന്ന് കോണ്‍ഫറന്‍സ് ഉള്ള ദിവസമാണ്, ക്ഷീണം മറന്ന് യൂണിഫോമിട്ട് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ആണ് അവര്‍ ആ മുറ്റത്തേക്ക് കേറി വന്നത്.
'ക്ഷീണം ഒക്കെ മാറി മിടുക്കന്‍ ആയല്ലോ'
വിജയന്‍ സാര്‍ അവന്റെ കവിളില്‍ സ്‌നേഹത്തോടെ തലോടി.
'സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, ഞങ്ങളുടെ ജീവനെ ആണ് സാര്‍ തിരികെ തന്നത്.'-എന്ത് പറയണം എന്നറിയാതെ ആ അച്ഛന്റെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
'ഇതൊക്കെ ഞങ്ങളുടെ ഡ്യൂട്ടി അല്ലേ ചേട്ടാ, ഇനി ഇവനെ അധികം ദൂരെക്കൊന്നും കളിക്കാന്‍ വിടണ്ട, നീയും കേട്ടോ മോനെ.'
ചിരിച്ചു കൊണ്ട് നില്‍ക്കുന്ന അവനെ നോക്കി വിജയന്‍ അത് പറഞ്ഞു തീരുമ്പോള്‍ അവര്‍ക്കുള്ള ചായയും, പലഹാരവുമായി ഭാര്യ എത്തിയിരുന്നു.
അവനെ സ്‌നേഹത്തോടെ അടുത്ത് വിളിച്ചിട്ട്, നെറ്റിയില്‍ ഒരുമ്മ നല്‍കിയതിന് ശേഷം വിജയന്റെ ഭാര്യ ഒരു സമ്മാനപ്പൊതി അവന് നല്‍കി.
'അയ്യോ ഇതൊന്നും വേണ്ട സാറേ, മോനെ അത് തിരിച്ചു കൊടുക്ക്.'ആ അച്ഛന്‍ വേഗത്തില്‍ പറഞ്ഞു.
'സാരമില്ല ,ഇന്ന് ഞങ്ങളുടെ മോന്റെ പിറന്നാള്‍ ആണ്. അവന്‍ ഇവിടെ ഇല്ല. ആ സമ്മാനം ഞങ്ങള്‍ ഇവന് കൊടുത്തു എന്ന് കരുതിയാല്‍ മതി.'
'മോന്‍ ഇപ്പോ എവിടെയാ സാറേ, പുറത്ത് പഠിക്കുവാണോ?'
'അതേ പഠിക്കുവാണ്, ഇവനെപ്പോലെ ഒരീസം കളിക്കാന്‍ പോയതാണ്. വന്നിട്ടില്ല. വരും. വരും..'
അത് പറഞ്ഞു തീര്‍ക്കും മുന്നേ വിജയന്‍ തന്റെ കറുത്ത കണ്ണട കൊണ്ട് കണ്ണുകളെ മറച്ചിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...