ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ന്റെ പ്രിയപ്പെട്ട ഓട്ടോപ്‌സീന്റെ
ഡോക്ടറേ,
ന്റെ ബോഡി കീറി മുറിക്കണോന്ന് അത്രയ്ക്ക് നിര്‍ബന്ധാണോ?
മുറിക്കുകയാണെങ്കില്‍ തന്നെ
കുടലിലെ രാസവസ്തു സാന്നിധ്യമോ
യോനിയിലെ ഇരുമ്പ് അടയാളങ്ങളോ
രേഖപ്പെടുത്തിയ അടങ്ങൂ
എന്ന് വാശീണ്ടോ?
ന്തിനാ ഡോക്ടറെ വെറുതെ? പൊല്ലാപ്പാകും, പറഞ്ഞേക്കാം.
ന്റെ ദേഹത്തേക്ക് ചീറ്റിത്തെറിച്ച ശുക്ലത്തിന്റെ പാടുകള്‍ പോലെയുള്ള ഡോക്ടറുടെ സുന്ദരമായ ഒപ്പ്
എന്തിനു പാഴാക്കുന്നു?
ഞാനൊരു സൊല്യൂഷന്‍ പറയട്ടാ?
ഉറക്കത്തില്‍ തൂങ്ങിമരിച്ചു എന്നെഴുതി ഒറ്റത്തവണ തീര്‍പ്പാക്കുക.
തെളിവിനായിട്ട് വേണോങ്കില് ചോരപുരണ്ട ആ പാവാടച്ചരടു കൊണ്ട് കഴുത്തിലൊന്ന് മുറുക്കിക്കോളൂ
പതുക്കെ മതി, കേട്ടോ!
അയ്യേ!
കത്തികള്‍ കൈകളായുളള
ഡോക്ടര്‍ക്കെന്തിനു കണ്ണുനീര്‍?
എനിക്കു തണുക്കുന്നു;
വരൂ
വിറക്കാത്ത കൈകള്‍ കൊണ്ടെന്നെ സ്പര്‍ശിക്കൂ.