ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിന്ധു കോറാട്ട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
വരൂ, ഈ നിമിഷത്തില്‍
നമുക്ക് ചുംബിക്കാം!
ചുംബിക്കുമ്പോള്‍
ലോകത്തിലെ മറ്റെല്ലാത്തില്‍നിന്നും
നമുക്ക് വിടുതി ലഭിക്കുന്നു.
വാതിലും ജനാലയുമില്ലാത്ത
ഒരു മുറിയില്‍ നാം അടക്കപ്പെടുന്നു,
ഒരു ചുണ്ടില്‍ നിന്ന് മറ്റൊരു
ചുണ്ടിലേക്കൊരു പാലമുണ്ടാകുന്നു.
പറയാനാഗ്രഹിച്ച
മുരടിച്ച വാക്കുകള്‍
മരിച്ചു വീഴുന്നു,
പരസ്പരം അറിയാനുള്ളതെല്ലാം
അതിന്റെ ആഴത്തില്‍ അറിയുന്നു,
പുളിപ്പുകള്‍, ചവര്‍പ്പുകള്‍
മധുരങ്ങള്‍,
ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍
തിടുക്കത്തില്‍ വലിച്ചു തള്ളിയ
കാലത്തിന്റെ മണം
നിന്റെ ഭൂതകാലത്തിലേക്കും
ഞാനും
എന്റേതിലേക്ക് നീയും
ഇറങ്ങിച്ചെല്ലുന്നു.
അവിടെ വള്ളിനിക്കറിട്ട
കുട്ടിയായി ഞാന്‍
നിന്നെ കാണുന്നു,
മണലില്‍ പാവാട വിരിച്ചിട്ട്
കൊത്തന്‍കല്ല് കളിക്കുന്ന
എന്നെ നോക്കി നീ പുഞ്ചിരിക്കുന്നു.
നിന്റെ മനോരാജ്യങ്ങളെല്ലാം
എന്റേതാകുന്നു,
നമ്മള്‍ ഒരുമിച്ചു ഒരു പുഴയാകുന്നു,
സമതലങ്ങളിലൂടെയും
ചതുപ്പിലൂടെയും ഒഴുകി
പര്‍വ്വതങ്ങളില്‍ നിന്നും
താഴേക്ക് കുതിക്കുന്നു.
സ്പര്‍ശനത്തിന്റെ
അലിഖിത ഭാഷ രുചിക്കുന്നു,
സുദീര്‍ഘമായ ഒരു ചുംബനം
നീണ്ട ജീവിതത്തേക്കാള്‍
മഹത്തരമാണ്,
അത് ഒരു തീര്‍ഥയാത്രയാണ്.
................
Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍
Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത
................
വരൂ...
ജലത്തിലേക്ക്
ശാഖിയെന്നപോല്‍
ഞാന്‍ നിന്നിലേക്ക്
ചായുന്നു.
ഒരു ചുംബനം കൊണ്ട്
നമുക്ക് ഈ ഭൂമിയില്‍
നിന്ന് അദൃശ്യരാവാം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...