ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രേഖ ആര്‍. താങ്കള്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കാട്ടുമരച്ചില്ലയില്‍
ഒന്നിച്ചു പൂത്തിറങ്ങിയ വസന്തത്തിന്
ഒറ്റയ്ക്ക് ലഭിച്ച ശിക്ഷ പങ്കിട്ടെടുക്കാന്‍
ആളെ തേടിയ കാട്ടാളന്‍
വല്മീകമണിഞ്ഞ്
സന്യാസിയായി!
രാമായണമെഴുതി!
ഒന്നിച്ചു കൊരുത്തെടുത്ത
പ്രണയഞരമ്പില്‍
കവിതയുടെ
ആനന്ദനടനം!
മൊഴിമാറ്റത്തിന് ശ്രമിച്ചപ്പോള്‍
രക്തക്കട്ടകളായി രൂപാന്തരം!
നിലച്ചു പോയ ശ്വാസം
വീണ്ടെടുക്കാനുള്ള വെപ്രാളത്തില്‍
കൈകള്‍ പരതി
കണ്ണുകള്‍ തുറിച്ചു
നാവു പിടഞ്ഞു
നീല പടര്‍ന്നു
വരികള്‍ക്കിടയില്‍ വായിച്ചു
സമസ്തപദങ്ങള്‍ പിരിച്ചെഴുതി
ധ്വനികളും ബിംബങ്ങളും
അറുത്തുകീറി
തര്‍ജമയ്ക്ക് വഴങ്ങാത്തതൊക്കെ
അവള്‍ക്ക് നേരേ മാത്രം
വിരല്‍ ചൂണ്ടി
അതുവരെ തന്നെ പൊതിഞ്ഞിരുന്ന വല്മീകം തച്ചുടച്ച്
കണ്ണുകള്‍ ചിമ്മിത്തുറന്നു
വെളിച്ചം ഇരച്ചുകയറി
നിറങ്ങള്‍ തിരിച്ചറിയാനായി
കാടിന്റെ കറുപ്പില്‍
കാലടികള്‍ ഉറക്കെച്ചവിട്ടി
നെഞ്ചുവിരിച്ച്
ഒറ്റശ്വാസത്തില്‍
ലോകമാകെ അകത്തേക്കെടുത്ത്
വേവില്‍ തിളച്ചുമറിഞ്ഞ്
വരികള്‍ക്കിടയിലെ
ചില്ലക്ഷരങ്ങളില്‍
ഉടക്കിക്കിടന്ന അവളെ
അവള്‍ മോചിപ്പിച്ചു:
സീതായനമെഴുതാന്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...