ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ഉള്‍മരം
വിണ്ടുകീറിയ വറുതിയില്‍
പാറിവന്ന വിത്തുകളിലൊന്ന്
ഉഴുതൊരുക്കാത്ത
എന്നില്‍ പതിഞ്ഞു
ഇറ്റുവീണ തുള്ളികളുടെ ആര്‍ദ്രതയില്‍
നേര്‍ത്ത വേരുകള്‍ പൊടിച്ചുവന്നു
മഴയും വെയിലും
മാറി മാറി നുണഞ്ഞ്
ഉള്ളാഴങ്ങളിലേക്ക് ചുറ്റിപ്പടര്‍ന്നു
സ്‌നിഗ്ദ്ധതയില്‍
കുരുന്നിലകള്‍ കിളിര്‍ത്തു
തായ്വേര് ആഴ്ന്നിറങ്ങുന്നതും
ശാഖകള്‍ വളരുന്നതും
ഞാനറിഞ്ഞു
നിനക്കൊപ്പം
ഞാനും
പൂത്തുതളിര്‍ത്തു
ഓരോ വസന്തവും
പിറക്കുമ്പോള്‍
വേദനയുടെ
വീഞ്ഞുപാത്രം
ഞാന്‍ മോന്തി
തീപ്പൂക്കളുടെ
തീക്ഷ്ണ ഗന്ധത്തില്‍
ഞാനുന്മാദിയായി
നിന്റെ ശാഖകളില്‍
ഊഞ്ഞാല് കെട്ടി
ഞാന്‍ ചില്ലാട്ടം പറന്നു
നിന്റെ തണലിലിരുന്ന്
പതംപെറുക്കി
ചില രാത്രികളില്‍
ദുസ്വപ്നം കണ്ടു
പൊട്ടിക്കരഞ്ഞു
ആ ചില്ലകളില്‍ത്തന്നെ
എനിക്കുള്ള കുരുക്കും
തൂങ്ങിയാടുന്നത്
ഇപ്പോഴെനിക്ക് കാണാം