Malayalam Poem : കുടിയന്റെ മകള്‍, ലാലു കെ ആര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Aug 27, 2022, 4:47 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ലാലു കെ ആര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

ചിലപ്പോഴൊക്കെ തോന്നും,
കുപ്പിയുടെ വിലയോടൊപ്പമാണ്
ഞാനും വളര്‍ന്നതെന്ന്.

അരപ്പാവാടയിട്ട് ഞാന്‍
പ്രൈമറി സ്‌കൂളീ പോയിരുന്നപ്പോ
അച്ഛന്‍ കളളാണ് കുടിച്ചിരുന്നത്.

പകലുമുഴുവന്‍ പണിത
നൂറ് രൂപ കൂലി വാങ്ങി,
അരിയും മീനും പലഹാരങ്ങളും വാങ്ങി,
ആറ് രൂപയ്ക്ക്
ഒരു കുപ്പിക്കളളും വാങ്ങി
അച്ഛന്‍ കയറി വരും.

കുളിച്ച് മുറ്റത്ത് വന്നിരുന്ന്
കള്ളും നുണഞ്ഞ്,
പണിസ്ഥലത്തെ കഥയും പറഞ്ഞ് 
അച്ഛനിരിക്കും.
ചകിരി പിരിച്ചു കൊണ്ടമ്മയും
ഹോം വര്‍ക്ക് ചെയ്ത് ഞാനും
അച്ഛനെ കേട്ടിരിക്കും.

പിന്നൊരിക്കലച്ഛന്‍
കള്ളുകുടി നിറുത്തി ,
കള്ളു മുഴുവന്‍
മായമാണെന്ന്...

ലേലത്തുക കൂടിയതുകൊണ്ട്
ചെത്തി വിറ്റാ,
തെണ്ടിപ്പോകുമെന്ന്,
ഇങ്ങനൊക്കെ ചെയ്താലേ
ഞങ്ങക്ക് വല്ലതും കിട്ടൂന്ന്
ഷാപ്പുകാരന്‍ കോശി പറഞ്ഞെന്ന്!

അപ്പന്‍ കള്ളുകുടി നിറുത്തി,
ചാരായം കുടി തുടങ്ങി.
അതിലാണെങ്കില്‍ 
മായമില്ലെന്ന്.

ശരിയായിരിക്കും,
ചില്ലു കുപ്പിയില്‍
സ്ഫടികം പോലെ
തിളങ്ങുന്നൊരു വെള്ളം.

നൂറ്റിരുപത് രൂപയുടെ
പകലുപണിയും കഴിഞ്ഞ്
ഇരുപത് രൂപയുടെ
ഒരു കുപ്പിയും വാങ്ങി
അരിയും മീനും
പലഹാരവും വാങ്ങി
അച്ഛന്‍ കയറി വരും.

കുളിച്ച് വന്നിരുന്ന്
അപ്പന്‍ കുടിച്ച് തലകുടയുമ്പോ
അമ്മ ചോദിക്കും
കുടിക്കാതിരുന്നൂടെയെന്ന്.

പകല് മുഴുവന്‍
നിനക്കുമിവക്കും വേണ്ടിയല്ലോടി
ഞാനീ വെയിലുകൊള്ളുന്നതെന്നും
വൈകുന്നേരമെങ്കിലും 
എനിക്കുമൊന്ന്
സന്തോഷിക്കേണ്ടേടീന്നും പറഞ്ഞ്
അച്ഛനമ്മയെ കെട്ടിപ്പിടിക്കും .
അമ്മ തലകുലുക്കും.
അമ്മയെന്ത് പറയാനാണ്?

പത്താം ക്ലാസിലെ
പരീക്ഷയ്ക്കിടയ്ക്കാണ്
കയ്യില്‍ കുപ്പിയില്ലാതെ
വിഷണ്ണനായൊരു ദിവസം
അച്ഛന്‍ കയറി വന്നത.

ചാരായം നിറുത്തിയെന്ന്.

അമ്മ ചോദിച്ചു,
കുടിക്കാതിരുന്നു കൂടെയെന്ന് .

അച്ഛന്‍ തല കുലുക്കി
ഞങ്ങളും തല കുലുക്കി.

പണിയും കഴിഞ്ഞുവന്ന്
കുളിയും കഴിഞ്ഞച്ഛന്‍
ഞങ്ങളോടൊപ്പം
ഏണിയും പാമ്പും
കളിച്ചുതുടങ്ങി,
അച്ഛന് സോപ്പു മണമായി,
ഞങ്ങള് നിലാവ് കണ്ടു,
അമ്മയുടെ മുഖത്ത്
പൂക്കള് വിരിഞ്ഞു.

പരീക്ഷ കഴിഞ്ഞിരിക്കുമ്പോഴാണ്
അച്ഛന്‍ ദേ കയറി വരുന്നു,
കയ്യിലൊരു വര്‍ണ്ണപ്പടമുള്ള,
കൊച്ചു കുപ്പിയുമായി.
ഉള്ളിലെ വെള്ളത്തിന്
നല്ല സ്വര്‍ണ്ണത്തിന്റെ നിറവും.

ഇത് വിദേശിയാണടീ,
സായിപ്പന്മാരു കുടിക്കുന്നതാ,
സര്‍ക്കാര് കൊണ്ടുവന്നതാ...

വില പത്തു രൂപാ കൂടിയാലും
നല്ലൊന്നാന്തരം സാധനമാടീന്നും പറഞ്ഞ്
അച്ഛനെന്ത് സന്തോഷമാരുന്നു!

പിന്നെ ഞാന്‍ വളര്‍ന്നത്
പെട്ടെന്നായിരുന്നു,
ഫുള്‍ പാവാടയും
ഹാഫ് സാരിയും കഴിഞ്ഞ്
സാരിയുടുത്ത് 
കുപ്പിയുടെ വില പോലെ ഞാന്‍
കുതിച്ചു വളര്‍ന്നു.

അച്ഛന്‍ മെലിഞ്ഞു.
കണ്ണുകള്‍ കുഴിഞ്ഞു,
കൈകള്‍ ശോഷിച്ചു.

പൂട്ടിപ്പോയ കയറു വ്യവസായത്തിനായി
അമ്മ കയറു പിരിക്കാതായി.
മാനമിരുണ്ടു, അമ്മ വീണ്ടും
കാറ്റിലുലഞ്ഞു.

എന്തിനാണച്ഛാ വലിയ കുപ്പീന്ന്
ഞാന്‍ ചോദിച്ചപ്പോ
അച്ഛന്‍ പറയേണ്
ചാരായം പോലൊരു
പിടുത്തമില്ലടീന്ന്,
ഒക്കെ തട്ടിപ്പാണെന്ന്.

പണിയും കുറഞ്ഞ്
കുപ്പിയും വലുതായി
വിലയും കൂടിയപ്പോള്‍
വീട് മിണ്ടാതായി.

കുപ്പിയുടെ വില മാത്രം
എന്നെപ്പോലങ്ങ്
വളര്‍ന്നു കൊണ്ടേയിരുന്നു,
പുരനിറഞ്ഞ് കവിഞ്ഞതും പോരാഞ്ഞ്
അമ്മയുടെ കുടുംബശ്രീ യൂണിറ്റ് വരെ 

കുടുംബശ്രീ പതിയെ
കുടുംബ ശ്രീകേടായി.

ഇന്നിപ്പോ, കുപ്പിയുടെ വില
വളര്‍ന്നു വളര്‍ന്നങ്ങ്
ഒരു പകലിന്റെ
കൂലിയോളമെത്തി.

ഇപ്പോഴിപ്പോ
നാട്ടുകാരെല്ലാം
ഞങ്ങളോട് ചോദിക്കുന്നുണ്ട്
കുടി നിറുത്തിക്കൂടെയെന്ന്...

അത്താഴപ്പട്ടിണി കിടന്ന്
ഉറങ്ങാതെണീറ്റൊരു രാവിലെ
അമ്മ അയലത്തുകാരോട്
വിളിച്ചു പറയുന്നുണ്ട് 

എടിയേ, കുടി നിറുത്തി,
ഇവിടെ കുടി നിറുത്തി,
കഞ്ഞികുടി നിറുത്തിയെന്ന്.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!