ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിജി കെ ഫിലിപ്പ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മഴയത്തും
വെയിലത്തും
ചിന്നമ്മേടത്തീടെ
ഓലിതന്നെ വെള്ളം
കലോമെടുത്തോണ്ടമ്മ -
യിറങ്ങുമ്പോള്‍
മുമ്പേ ഞാനുണ്ടാകും
ഓടിപ്പോകുമ്പോള്‍
ഊരിപ്പോകുന്ന
നിക്കറും കേറ്റിയിട്ട്
അനിയന്‍
എന്റെ മുമ്പിലും
തലേന്നത്തെ
വര്‍ത്താനോം
വിളമ്പിവച്ച്
ചിന്നമ്മേടത്തി
വാതുക്കല്‍
കാത്തുനില്‍പുണ്ടാകും
കലം തിണ്ണയ്ക്ക്
വച്ചമ്മ
വര്‍ത്താനത്തിന്
മുന്നില്‍
കൊതിയോടിരിക്കുമ്പോള്‍
ഞങ്ങള്‍ക്കവിടെ
സ്റ്റോപ്പില്ലാത്തതിനാല്‍
ഞാനുമവനും
നിര്‍ത്താതെ
ഓലിയിലേക്കു പാഞ്ഞു
ചെന്നപാടെ ബ്രേക്കുപൊട്ടി
അവന്‍ ഓലിയിലും
ഞാന്‍ കുഴപ്പത്തിലും
അവന്റെ കാല്‍പിടിച്ച്
മരണം താഴേയ്ക്കും
ഞാന്‍ ജീവിതത്തിലേക്കും
വലിച്ചു
'അമ്മേയമ്മേ'യെന്ന
വിളികള്‍ കുന്നുകയറി
ചിന്നമ്മേടത്തീടെ
വീട്ടിലുമെത്തിയില്ല
എത്ര നേരം
ഞാനും മരണോം
വടം വലിച്ചെന്നറിയില്ല
നുണയും കുശുമ്പും
കൂട്ടി വിളമ്പീതും
കഴിച്ച് വയറുനിറച്ച്
വരുന്നയമ്മയെ
കണ്ടപ്പോള്‍
മരണം കാലീന്നും
ഞാന്‍ കൈയീന്നും
പിടിവിട്ടു
ഒരടിയവനും
രണ്ടു കിഴുക്കെനിക്കും
മരണത്തിനേം വിളിച്ചു
നാലു തെറി.
ഇന്നിപ്പോള്‍
പല രാത്രികളിലും
അവനെ മരണത്തിന്
വിട്ടുകൊടുക്കാതെ
ഞാന്‍ പിടിച്ചോണ്ടിരുന്നിട്ടും
അമ്മ വന്നുമില്ല
അടീം കിഴുക്കും
തന്നുമില്ല
സങ്കടത്തോടെണീറ്റു
വരുമ്പോള്‍
ചിരിച്ചോണ്ടമ്മ
ചുമരിലങ്ങനെ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...