ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജസീന റഹിം എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഒരിക്കലെങ്കിലും
ഇളവെയില്‍ ചില്ലയില്‍ നിന്നൊരു
തണ്ടൊടിച്ച് കണ്ണിലൊളിപ്പിച്ചു.
'കണ്ണുകള്‍ക്കെന്തൊരു തിളക്കം'
മഴവില്‍ കൂടാരമൊരുക്കുമൊരു
മഴത്തുള്ളി പറഞ്ഞു.
പാലച്ചോട്ടിലേക്ക് പറക്കാന്‍
തുടങ്ങുമൊരു ഗന്ധര്‍വ്വന്‍
ഉടനൊരു നോട്ടം കൊണ്ട്
ആ കണ്ണുകളെ പ്രണയ കവിതകളാക്കി
മരപ്പൊത്തിലിരിക്കും മൈനക്ക്
പാടാന്‍ കൊടുത്തു.
മയിലും കുയിലും
പാടാനറിയാത്തൊരു കാകനും
കാലമേറെ കഴിഞ്ഞ്
ആ പാട്ടുകള്‍ മൂളവേ
അപരിചിതത്വമണിഞ്ഞ്
ഈണങ്ങളെ അധരത്തിലൊതുക്കി.
ഒരിക്കലെങ്കിലും ഗന്ധര്‍വ്വ ചിറകേറി
ആകാശത്തേക്ക് പറക്കണം
മേഘങ്ങളെ തൊട്ട്
ഹൃദയം തുറന്നൊന്ന് പാടാന്‍.
പാരസറ്റമോള്‍
വെളുത്തുരുണ്ട മേനിയില്‍
ഉറഞ്ഞ താപകുമിളകള്‍
തിളച്ച് പൊന്തുന്നൊരു
ഔഷധ ജന്‍മമായ.
പനിച്ച് വിറച്ച് ഒറ്റക്കായ
മാത്രയില്‍ വെള്ളമില്ലാതെ
വിഴുങ്ങിയ രാത്രിയും.
ചുമച്ച് പൊന്തിയ
നെഞ്ചിന്‍ കൂടില്‍
കിതച്ച് ചേര്‍ന്ന്
വിയര്‍പ്പിറ്റിച്ചതും
തണുപ്പ് പുതച്ചൊരു
ഉന്‍മാദത്താല്‍
പുലര്‍ച്ചയില്‍ ഉണര്‍ന്നതും
പിന്നെയും പനി വന്ന് ഒറ്റക്കായൊരീ
രാത്രിയില്‍ ഓര്‍ത്ത് വിറക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...