ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹേമാമി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വീടുറങ്ങുകയാണ്,
മുകളില്‍ നടക്കുന്ന
അടഞ്ഞ വര്‍ത്തമാനങ്ങളറിയാതെ.
ഫോണിലാരോ
ആരോടോ പറയുന്നു,
ഇടവഴിയിലേക്കാണ് മുഖം
ഇടത്തും വലത്തും പാടം
തൊട്ടടുത്ത് കൈവരിയില്ലാത്ത തോട്
പിരിയന്‍ ഗോവണി
തെന്നാതെ ഇറങ്ങണം
പ്രായമല്പം കൂടുതലാണ്
ചുമര്‍ വിണ്ട് ചിത്രം
കളം വരച്ചിട്ടുണ്ട്.
വീട് ഞെട്ടിയുണര്‍ന്നു
ചിന്തിച്ചു.
താന്‍ ഡിസക്ഷന്‍ മേശയിലാണോ
ഉറങ്ങാന്‍ കിടന്നത്?
സ്‌കാന്‍ ചെയ്യുന്നു,
കീറിമുറിക്കാന്‍ തുടങ്ങുന്നു.
രണ്ട്
മേയാന്‍ വിട്ട സ്വപ്നങ്ങളെല്ലാം
കുഴലൂതി വിളിക്കാന്‍ തുടങ്ങി.
കാപ്പിപ്പൂമണമുള്ള തണുപ്പില്‍
ഒരുടലായ് കൊരുത്ത പ്രണയികളും,
ചുടുകാപ്പിമൊത്തി കവിതയില്‍ മധുരം ചേര്‍ത്തവരും
നിറഞ്ഞു തെളിഞ്ഞ ദിനങ്ങള്‍.
ചുമരില്‍ മണ്‍മറഞ്ഞവര്‍,
മറയാന്‍ കാത്തുനില്‍ക്കുന്ന
സൂത്രശാലികള്‍,
ദൈവങ്ങള്‍,
ചരിത്രമുടച്ച എത്രയോപേര്‍.
രുചികളും അരുചികളും
അരവും എരിവുംചേര്‍ത്ത അടുക്കള.
മൂന്ന്
വീട് ഒന്ന് ചുറ്റും നോക്കി.
മഴ ഒലിച്ചിറങ്ങിയ വഴിയില്‍
തവളകള്‍ ഉടലിനോട്
കലമ്പുന്നു
തലകീഴായ് വവ്വാലുകള്‍
അന്തേവാസികളുടെ
തലതിരിഞ്ഞ കാഴ്ചകളെ
കണ്ണടച്ചു കാണുന്നു.
താന്‍ മാത്രം,
സദാചാര കോടതിയില്‍ വിചാരണ നേരിട്ട്
ആത്മഹത്യചെയ്ത
പ്രണയത്തിന്റെ അവസ്ഥയില്‍.
കണ്ണുകളില്‍ സ്വപ്നങ്ങള്‍ നിറച്ച്
മറ്റെല്ലാവരും പടിയിറങ്ങി.
വീട് ഒന്ന് തേങ്ങി;
ഇറങ്ങി പോകാന്‍
മറ്റൊരിടം ഉണ്ടായിരുന്നെങ്കില്‍!