Malayalam poem : ഗന്ധസ്മൃതികള്‍, ദിവ്യ എച്ച് എഴുതിയ കവിത

By Chilla Lit SpaceFirst Published Oct 10, 2022, 5:11 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദിവ്യ എച്ച് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


ഗന്ധത്തിന്റെ അകമ്പടിയോടെ 
തെളിഞ്ഞു വരുന്ന 
ഓര്‍മകളെ അനുഭവിച്ചിട്ടുണ്ടോ?

എത്ര പഴകിയാലും 
അതേ ഊക്കോടെ 
മൂക്കിലേക്ക് ഇരച്ചുവരുന്ന 
ഗന്ധത്താല്‍ അടയാളപ്പെട്ടവ.
                           
പനിച്ചൂടുകളുടെ 
വിങ്ങുന്ന വരള്‍ച്ചകളിലേക്ക് 
പടര്‍ന്നിറങ്ങി 
ഒരമ്മച്ചൂരിന്നും 
അദൃശ്യമായ് പൊള്ളലാറ്റാറില്ലേ?

അപ്പോള്‍ 
കയ്പ്പുറഞ്ഞ നാവിലേക്ക് 
നനവായിറ്റുന്നതൊക്കെയും 
വാത്സല്യത്തിന്റെ മേമ്പൊടി ചാലിച്ച 
കാപ്പി മണമാകും? 
                           
വീഴ്ചകളുടെ താഴ്ചകളില്‍ 
ശ്വാസം മുട്ടുമ്പോള്‍ 
കരുതലിന്റെ 
വിയര്‍പ്പു പൊടിഞ്ഞോരച്ഛന്‍ ഗന്ധം 
ഉച്ഛാസമായ് ഒഴുകിയിറങ്ങാറില്ലേ?

................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................

 

തോറ്റുപോയവളുടെ 
എത്ര അപകര്‍ഷതകളാണ് 
ആ നെഞ്ചിലെ 
വിശ്വാസത്തിന്റെ ചൂടില്‍ 
ഉരുകിയൊലിച്ചില്ലാതായത്.
                            
പ്രണയം ഒരു വസന്തമെന്നിരിക്കെ 
കേവലമൊരു വിവാഹഹാരം പകര്‍ന്ന 
മുല്ലപ്പൂഗന്ധത്താല്‍ 
പ്രണയത്തിനെയെന്നേക്കും 
അടയാളപ്പെടുത്തിയ 
ഒരുവളെയറിയില്ലേ?

പൊടിച്ചു തുടങ്ങിയ 
ചെമ്പന്‍ മീശക്കു 
കീഴെ കുറുമ്പിന്‍ കൊഞ്ചലുറയുമ്പോള്‍ 
പാല്‍മണമൂറുന്നൊരോര്‍മ 
നെഞ്ചില്‍ പല്ലില്ലാമോണ കാട്ടി 
ചിരിക്കാറില്ലേ?
                           
വെറുപ്പിന്റെ ഗന്ധത്തിന് 
ചിലപ്പോള്‍ 
മദ്യത്തിന്റെ മടുപ്പിക്കുന്ന 
ചൂരുണ്ടാകാറുണ്ടെന്നും 
ആ ഗന്ധത്താല്‍ 
തൊണ്ടയിലുറഞ്ഞൊരു പുളിപ്പ് 
അറപ്പായ് ശേഷിക്കുമെന്നും 
ചില മുഖങ്ങള്‍ 
ഓര്‍മിപ്പിക്കാറില്ലേ?

ഇനിയുമെത്രയോ ഓര്‍മ്മകള്‍, 
പല ഗന്ധങ്ങള്‍ക്കൊപ്പം,
അലിഞ്ഞലിഞ്ഞങ്ങനെ...
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!