ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബിന്‍സി അഭിലാഷ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ആകാശത്തേയ്ക്ക്
മറവികളെ മേയാന്‍ വിട്ടൊരാള്‍
മുകിലുകളുടെ നിഴലില്‍
മെലിഞ്ഞൊരു പുഴപോലെ
കിടക്കുന്നു .
ഓര്‍മകളുടെ തീവണ്ടിപ്പുകയില്‍
കണ്ണുകലങ്ങിയൊരാള്‍
മുറിവുകളെ നനച്ചതിന്
ചാറ്റല്‍ മഴയോട് കലഹിക്കുന്നു
കാഴ്ച്ചകളുടെ അസ്ഥിവാരം തോണ്ടിയൊരാള്‍
കഴുമരങ്ങളെ പൂന്തോട്ടത്തില്‍ നാട്ടുന്നു
മുഖം മറച്ചിട്ടുമൊഴിയാത്ത
അന്ത്യശ്വാസങ്ങളുടെ
ചൂളംവിളിയില്‍
മൊട്ടുകള്‍ അസഹിഷ്ണരാകുന്നു .
കടലിനോടു കലഹിച്ചൊരാള്‍
തിരകളെ
കല്ലെറിഞ്ഞു തോല്‍പിക്കാന്‍ ആയാസപ്പെടുന്നു
വലിയൊരു തിരയുമായി കടലയാളെ
ആഞ്ഞാഞ്ഞു പുല്‍കാവേ
പെയ്തു തീരാഞ്ഞയൊരുറവയവിടെ
നാമ്പടഞ്ഞു .
തിരികെ വരാത്ത
യാത്രയുടെ പടിവാതില്‍ക്കല്‍
വെയില്‍ കുത്തിയിരിക്കുന്നു .
കാണാതെ പോയൊരു വിരല്‍ത്തുമ്പ്
തിരഞ്ഞൊരു വിളി
ഇടയ്ക്കിടെ
തെക്കിനി വാതില്‍ കടന്ന്
ഒളിഞ്ഞു നോക്കി പോകുന്നു .
സന്ധ്യയറിയാത്ത വിളക്കുമരങ്ങളില്‍
ആഴ്ന്നിറങ്ങിയൊരു മൂളിപ്പാട്ടുമായി
കണ്ണറിയാത്തൊരു കൂമന്‍
കഥ പറയുന്നു.
കണ്ടു കണ്ടെവിടെയോ ഒരു മഴക്കീറിലാകെ
കാത്തിരുപ്പെന്നെഴുതിയൊരാള്‍
ഉള്ളിലൊരു നിലാവിന് വിരുന്നൂട്ടുന്നു
ചാറ്റല്‍ മഴ അടക്കം പറയുന്നു
വരും, വരാതിരിക്കില്ല.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...