Teachers Day 2023 : 'അധ്യാപക ദിനത്തില്‍ ഇതിലും നല്ലൊരു എഴുത്ത് വായിക്കാനുണ്ടോ?'

By Web Team  |  First Published Sep 5, 2023, 3:47 PM IST

ഈ അധ്യാപകദിനത്തില്‍ ഇത്ര ഉള്‍ക്കാഴ്ച പകരുന്ന, സ്പര്‍ശിക്കുന്നൊരു എഴുത്ത് വേറെ വായിക്കാൻ കഴിയുമോ എന്ന തരത്തിലാണ് ആര്യന്‍റെ കുറിപ്പിനോടുള്ള മിക്കവരുടെയും പ്രതികരണം. എന്തായാലും ആര്യന്‍റെ എഴുത്ത് വായിക്കാം...


ഇന്ന് സെപ്തംബര്‍ 5, അധ്യാപകദിനമായി കൊണ്ടാടുന്ന ദിനമാണ്. അക്ഷരങ്ങളുടെയും അറിവുകളുടെയും ലോകത്തേക്ക് നാമോരോരുത്തരെയും കൈപിടിച്ച് കൊണ്ടുപോകുന്നത് അധ്യാപകരാണ്. എന്നാല്‍ പാഠപുസ്തകങ്ങളിലെ അറിവ് മാത്രമല്ല, ജീവിതത്തെ മാറ്റിമറിക്കും വിധമുള്ള തിരിച്ചറിവുകള്‍ പകരുന്നതിനും അധ്യാപകര്‍ക്ക് കഴിയും.

അത്തരത്തില്‍ മൂല്യമേറിയ ജീവിതാനുഭവങ്ങളെ കുറിച്ച് ഈ അധ്യാപകദിനത്തില്‍ കുറിക്കുകയാണ് യുവസംവിധായകനും എഴുത്തുകാരനുമായ ആര്യൻ രമണി ഗിരിജാവല്ലഭൻ. 

Latest Videos

undefined

ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തെയും, അതില്‍ ആശ്രയമായി വന്ന അധ്യാപകരെയും കുറിച്ചാണ് ആര്യന്‍റെ എഴുത്ത്. വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതം പച്ചപിടിച്ച ചുറ്റുപാടില്‍ ആ അധ്യാപകരിലൊരാളെ കണ്ടുമുട്ടാനായതിന്‍റെ സന്തോഷവും അവരുടെ സഹായം, തന്നില്‍ പിന്നീടുണ്ടാക്കിയ മാറ്റവുമെല്ലാം ആര്യൻ ഹൃദ്യമായി കുറിച്ചിരിക്കുന്നു.

ഈ അധ്യാപകദിനത്തില്‍ ഇത്ര ഉള്‍ക്കാഴ്ച പകരുന്ന, സ്പര്‍ശിക്കുന്നൊരു എഴുത്ത് വേറെ വായിക്കാൻ കഴിയുമോ എന്ന തരത്തിലാണ് ആര്യന്‍റെ കുറിപ്പിനോടുള്ള മിക്കവരുടെയും പ്രതികരണം. എന്തായാലും ആര്യന്‍റെ എഴുത്ത് വായിക്കാം...

''ബട്ടൻ വലിഞ്ഞ്‌ വലിഞ്ഞ്‌ മുറുകി കീറിയ കുടുക്കുള്ള എന്‍റെ യൂണിഫോം പാന്‍റില്‍ സേഫ്റ്റിപിന്നുകളുടെ അയ്യരുകളി. ഒരൊറ്റ പാന്‍റ്സ്, വൈകീട്ട്‌ കഴുകാനിട്ട് രാത്രി ഫാനിന്‌ കീഴിൽ ഇട്ട്‌‌ ഉണക്കി അടുത്ത ദിവസം ഇത്‌ തന്നെ.  ഒരേ യൂണിഫോം പാന്‍റ്സ് ഇട്ട്‌ വരുന്നത്‌ ശ്രദ്ധിച്ച്‌ എന്നോട്‌ മാഷുമ്മാർക്ക്‌ മാത്രമുള്ള സ്റ്റാഫ് റൂമിൽ വെച്ച്‌ സ്വകാര്യം പോലെ നാല്‌ മാഷുമ്മാരിൽ ഒരു മാഷ്‌ മാറ്റി നിർത്തി‌ ചോദിച്ചൂ,  

വേറെ ഇല്ലേ?? എന്നും ഇതാണല്ലോ‌...
 
അഭിമാനിയായ എനിക്ക്‌ മറുപടി വാക്കുകളാൽ നൽകാൻ കഴിഞ്ഞില്ല... പുഞ്ചിരിച്ചൂ...
 
ആ പുഞ്ചിരി മനസ്സിലാക്കിയെന്നവണ്ണം ലഞ്ച്‌ ബ്രേക്ക്‌ സമയം മാഷുമ്മാരിൽ ഒരാൾ എന്നെ വിളിച്ച്‌ കൊണ്ട്‌ പോയി തുണി വാങ്ങി അളവെടുപ്പിച്ച്‌ തൈക്കാൻ കൊടുത്തൂ. പിന്നീട്‌ അങ്ങോട്ട്‌ ആ മാഷുമ്മാർ വാങ്ങി തന്ന പാന്‍റ്സ് ഇട്ട്‌ ഞാൻ സ്കൂളിൽ‌ വന്ന് പഠിക്കുമ്പോഴും ആ മാഷുമാരിൽ ഒരാൾ പോലും ഞങ്ങൾ വാങ്ങി തന്ന പാന്‍റ്സ് ഇട്ടല്ലേ നീ വന്നിരിക്കുന്നതെന്ന തോന്നൽ ഉണ്ടാക്കുന്ന ഒരു വാക്കോ നോട്ടമോ ചെയ്തിട്ടില്ല. 

ഇപ്പോൾ ഇത്‌ പറയാൻ കാരണം, ആ മാഷുമ്മാരിൽ ഒരാളെ ഈ ഓണം അവധിക്ക്‌ ഫാമിലിയും ഒന്നിച്ച്‌ നെല്ലിയാമ്പതി പോയപ്പോൾ, നെല്ലിയാമ്പതി ടൗണിൽ ഞാനും അനിയനും ഒന്നിച്ച്‌ ഒരു ചായ കുടിച്ച്‌ നിൽക്കുമ്പോൾ  അവിചാരിതമായി വഴിയിൽ വെച്ച്‌ കണ്ടൂ. അദ്ദേഹത്തിന്‍റെ സഹധർമ്മിണി ഞങ്ങളുടെ സ്കൂളിലെ മലയാളം അദ്ധ്യാപികയായിരുന്നൂ. ആദ്യം കണ്ടത്‌ ടീച്ചറെ ആയിരുന്നൂ, മാഷേ കണ്ടതും ‌മനസ്സിൽ പഴയ ഓർമ്മകളുടെ തിരയടി തുടങ്ങി...

സന്തോഷം കൊണ്ട്‌ എന്‍റെ നെഞ്ച്‌ ‌ നിറഞ്ഞൂ... വാക്കുകൾ കിട്ടാതെയായി... മാഷ്‌ എന്‍റെ എഴുത്തിനെ കുറിച്ചും സിനിമ സംവിധാനത്തിനെ കുറിച്ചും എല്ലാം കൂടെ ഉള്ളവരോട്‌ ‌ വാചാലനായി... കലർപ്പില്ലാത്ത സ്നേഹം ആവോളം ചൊരിഞ്ഞ്‌ മനസ്സാൽ പുണർന്ന് എന്നെ അനുഗ്രഹിച്ച്‌ മാഷും ടീച്ചറും യാത്ര പറഞ്ഞൂ.
 
പണ്ട്‌ അന്ന് മാഷുമാരിൽ ആരാണ്‌ ‌ എനിക്ക്‌ യൂണിഫോം വാങ്ങി തരാൻ മുൻകൈ എടുത്തത്‌ എന്നെനിക്ക്‌ അറിയില്ല. ആരാണ്‌ പണം ചിലവാക്കിയത് എന്ന്‌ എനിക്ക്‌ ഇന്നും അറിയില്ല. എന്നെ അവർ അറിയിച്ചില്ല.. ഞാൻ അത്‌ അറിയേണ്ടതില്ല എന്നത്‌ അവർ എടുത്ത തീരുമാനം ആകാം. പിന്നെ ചിന്തിച്ചപ്പോൾ തോന്നി അവരിൽ ആര്‌ അത്‌ ചെയ്യുന്നൂ എന്നതിൽ അല്ലല്ലോ,  അവർ പ്രതിനിധാനം ചെയ്യുന്ന ആ സ്ഥാനം - വിദ്യ പകർന്ന് നൽകുന്ന കുഞ്ഞുങ്ങളുടെ ഒരു പുഞ്ചിരിയിൽ പോലും ഉള്ള നോവിനെ മനസ്സിലാക്കി ചേർത്ത്‌ പിടിക്കുന്ന നല്ല അധ്യാപകരാവുകയായിരുന്നല്ലോ എന്ന്.. 

They were just being normal...

എന്നെ പോലെ ഒരു 100 കുട്ടികൾക്ക്‌ അവർ അത്‌ ചെയ്തിരിക്കാം. എനിക്ക്‌ ആണ്‌ അവർ സൂപ്പർ ഹീറോസ്‌. അവർക്ക്‌ അത്‌ വളരെ സാധാരണ- സ്വാഭാവിക കാര്യമായിരുന്നിട്ടുണ്ടാകാം. അവരെ പോലെ നല്ല അധ്യാപകരെ കിട്ടിയത്‌ എന്‍റെ പുണ്യം.
 
മാതൃഭൂമിയില്‍ ജോലി കിട്ടി, ആദ്യ ശമ്പളം മുഴുവനുമായി വടക്കാഞ്ചേരിയിലെ ഒരു പ്രസ്ഥാനത്തിലെ യൂണിഫോം ആവശ്യമുള്ള കുട്ടികൾക്ക്‌ അത്‌ വാങ്ങാനായി നൽകിയത്‌ സന്തോഷത്തോടെ ഓർക്കുന്നൂ.... 
അനുഗ്രഹിച്ച്‌ തന്ന‌ വെളിച്ചം പകരണമല്ലോ...''

 

Also Read:- ക്യാൻസര്‍ ബാധിതയായ ഭാര്യക്ക് ധൈര്യം പകരാൻ ഭര്‍ത്താവിന്‍റെ സ്നേഹസമ്മാനം; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!