വീട്ടിനകത്ത് അഞ്ഞൂറോളം 'പെറ്റ്‌സ്'; മറിയത്തിന് ഇത് ജീവിതം തന്നെ

By Web Team  |  First Published Nov 27, 2020, 12:34 PM IST

ഇവര്‍ക്ക് ഭക്ഷണം നല്‍കാനും ചികിത്സാസൗകര്യങ്ങള്‍ ഉറപ്പുവരുത്താനും വൃത്തിയായി ഇവരെ താമസിപ്പിക്കാനുമെല്ലാം മാസത്തില്‍ വലിയൊരു തുകയാണ് മറിയം ചെലവിടുന്നത്. എത്ര പണം ചെലവിടേണ്ടിവന്നാലും എന്തെല്ലാം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നാലും ഈ ഉദ്യമത്തില്‍ നിന്ന് ഇനി മരണം വരെ പിന്നോട്ടില്ലെന്നാണ് മറിയത്തിന്റെ പക്ഷം


വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെ പോലെ കാണുന്ന എത്രയോ പേരുണ്ട്. എന്നാല്‍ അവര്‍ക്കായി ജീവിതം തന്നെ മാറ്റിവച്ചവര്‍ എത്ര കാണും! ഒമാനിലെ മസ്‌കറ്റ് സ്വദേശിയായ മറിയം അല്‍ ബാലുഷി എന്ന അമ്പത്തിയൊന്നുകാരി അങ്ങനെയാരാളാണ്. 

മസ്‌കറ്റിലുള്ള മറിയത്തിന്റെ വീട്ടില്‍ നിലവില്‍ 480 പൂച്ചകളും 12 പട്ടികളുമുണ്ട്. ഇതില്‍ 17 എണ്ണത്തിന് കാഴ്ചാശക്തിയില്ല. പലപ്പോഴായി മറിയത്തിന്റെ കയ്യില്‍ വന്നുപെട്ടവരാണ് ഇക്കൂട്ടത്തില്‍ അധികവും. 

Latest Videos

undefined

അച്ഛനും അമ്മയും നഷ്ടപ്പെട്ട് ചെറുപ്പത്തിലേ അനാഥത്വത്തിന്റെ ദുഖമറിഞ്ഞയാളാണ് മറിയം. പിന്നീട് വളര്‍ന്നുവലുതായപ്പോഴും ആ ദുഖം മറിയത്തോടൊപ്പം തുടര്‍ന്നു. വിവാഹിതയായി സ്വന്തമായി കുടുംബമായപ്പോഴും താനനുഭവിച്ച അനാഥത്വത്തിന്റെ വേദനയെ മറന്നുകളയാന്‍ മറിയം കൂട്ടാക്കിയില്ല. 

അങ്ങനെയാണ് തെരുവില്‍ ഒറ്റപ്പെട്ട് പോകുന്ന മൃഗങ്ങളോട് മറിയം കരുതല്‍ കാട്ടിത്തുടങ്ങിയത്. മകന് എവിടെ നിന്നോ ലഭിച്ച ഒരു പേര്‍ഷ്യന്‍ പൂച്ചക്കുഞ്ഞായിരുന്നു ആദ്യം മറിയത്തിന്റെ കൈകളിലെത്തിയത്. അതൊരു തുടക്കമായിരുന്നു. പിന്നീട് 2014ല്‍ സ്വന്തം വീട് വച്ചപ്പോള്‍ മുതല്‍ ധൈര്യമായി പൂച്ചകളേയും പട്ടികളേയും എടുത്ത് വളര്‍ത്താന്‍ തുടങ്ങി. 

ഇവര്‍ക്ക് ഭക്ഷണം നല്‍കാനും ചികിത്സാസൗകര്യങ്ങള്‍ ഉറപ്പുവരുത്താനും വൃത്തിയായി ഇവരെ താമസിപ്പിക്കാനുമെല്ലാം മാസത്തില്‍ വലിയൊരു തുകയാണ് മറിയം ചെലവിടുന്നത്. എത്ര പണം ചെലവിടേണ്ടിവന്നാലും എന്തെല്ലാം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നാലും ഈ ഉദ്യമത്തില്‍ നിന്ന് ഇനി മരണം വരെ പിന്നോട്ടില്ലെന്നാണ് മറിയത്തിന്റെ പക്ഷം. 

'എന്തുകൊണ്ടും മനുഷ്യരെക്കാള്‍ വിശ്വാസത്തിലെടുക്കാവുന്നവരാണ് മൃഗങ്ങള്‍. പ്രത്യേകിച്ച് പൂച്ചകളും പട്ടികളും. ഇപ്പോള്‍ എന്റെ ജീവിതം തന്നെ ഇതാണ്. ഇവര്‍ക്ക് ഭക്ഷണം നല്‍കുക, ഇവരെ വൃത്തിയാക്കുക, പരിചരിക്കുക, ഇവരുടെ കുസൃതികള്‍ക്കും കളികള്‍ക്കുമൊപ്പം പങ്കുചേരുക അങ്ങനെയെല്ലാം. ഇതില്‍ നിന്നെല്ലാം കിട്ടുന്ന സന്തോഷം എനിക്ക് മറ്റെവിടെ നിന്നും കിട്ടുകയില്ല...'- മറിയം പറയുന്നു. 

വീട്ടിനകത്ത് അഞ്ഞൂറോളം 'പെറ്റ്‌സ്'മായി കഴിയുന്ന മറിയം ഇതിനോടകം തന്നെ ഒമാനില്‍ പ്രശസ്തയായിക്കഴിഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് മൃഗങ്ങളോടുള്ള സമീപനത്തില്‍ അല്‍പം കൂടി മെച്ചപ്പെട്ട നിലപാടാണ് ഒമാനില്‍ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിച്ചാല്‍ ഇന്ന് ഒമാനില്‍ പിഴയൊടുക്കണം. അതുപോലെ തന്നെ മൃഗസ്‌നേഹികളുടെ സംഘടനകളും ഒമാനില്‍ സജീവമാണിപ്പോള്‍.

Also Read:- വീട്ടിനകത്ത് തീപ്പിടുത്തം; ഉടമസ്ഥനെ രക്ഷിച്ചത് 'പെറ്റ്' ആയി വളര്‍ത്തിയ തത്ത...

click me!