എസ്കലേറ്റര്‍ എന്തിനുളളതാണെന്ന് മനസിലായില്ല; അപകടത്തില്‍ പെട്ട് സ്ത്രീ, വീഡിയോ...

By Web Team  |  First Published Sep 3, 2022, 10:09 AM IST

എസ്കലേറ്ററിന്‍റെ ഉപയോഗം അറിയാതെ അത് ലഗ്ഗേജ് വയ്ക്കാനുള്ള കണ്‍വെയര്‍ ബെല്‍റ്റ് ആണെന്ന് തെറ്റിദ്ധരിച്ച് അതിലേക്ക് മുകളില്‍ നിന്ന് വലിയ ബാഗ് വയ്ക്കുകയാണ് ഒരു സ്ത്രീ.


സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലവിധത്തിലുള്ള അപകടങ്ങളുടെ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും ശ്രദ്ധക്കുറവ് മൂലമോ, ശരിയായ അവബോധമില്ലാത്തത് മൂലമോ എല്ലാം സംഭവിക്കുന്നതാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നും അതിജീവിക്കണമെന്നുമെല്ലാം ഇത്തരത്തിലുള്ള വീഡിയോകള്‍ തന്നെ നമ്മെ ഓര്‍മ്മപ്പെടുത്താം. 

അങ്ങനെയൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിമാനത്താവളങ്ങളിലും മാളുകളിലുമെല്ലാം ഉള്ള എസ്കലേറ്റര്‍  കണ്ടിട്ടില്ലേ? പടികള്‍ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉപയോഗിക്കാൻ എന്ന രീതിയിലാണ് ഇത് സ്ഥാപിക്കാറ്. മുമ്പ് പലര്‍ക്കും ഇതില്‍ കയറാനോ ഇറങ്ങാനോ കൃത്യമായി അറിയാതിരിക്കുന്നതിന്‍റെ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാലിന്ന് എല്ലാവരും ഇത് സാര്‍വത്രികമായി ഉപയോഗിച്ച് ശീലിച്ചിട്ടുണ്ട്. 

Latest Videos

undefined

എങ്കിലും ചെറിയൊരു വിഭാഗം പേര്‍ക്ക് ഇപ്പോഴും ഇതിന്‍റെ ഉപയോഗമോ പ്രയോഗമോ അറിയില്ല. അതുകൊണ്ട് തന്നെ ചില അപകടങ്ങളും സംഭവിക്കാറുണ്ട്. അങ്ങനെ സംഭവിച്ചൊരു അപകടത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്. എവിടെ വച്ചാണിത് നടന്നതെന്ന് കൃത്യമായി അറിവില്ല. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വീഡിയോ പ്രചരിക്കുന്നുമുണ്ട്. 

എസ്കലേറ്ററിന്‍റെ ഉപയോഗം അറിയാതെ അത് ലഗ്ഗേജ് വയ്ക്കാനുള്ള കണ്‍വെയര്‍ ബെല്‍റ്റ് ആണെന്ന് തെറ്റിദ്ധരിച്ച് അതിലേക്ക് മുകളില്‍ നിന്ന് വലിയ ബാഗ് വയ്ക്കുകയാണ് ഒരു സ്ത്രീ. എസ്കലേറ്റര്‍ മുന്നോട്ട് നീങ്ങിയതോടെ ബാഗ് മറിഞ്ഞുവീഴുകയാണ്. എന്നാലിതൊന്നും അറിയാതെ താഴെയെത്താറായൊരു സ്ത്രീയുടെ ദേഹത്തേക്ക് ഈ ബാഗ് അതിവേഗത്തില്‍ വീഴുന്നു. കാണുമ്പോള്‍ തന്നെ ഏറെ ഭയപ്പെടുത്തുന്ന രംഗമാണിത്. 

കാര്യമായ പരിക്ക് ഇവര്‍ക്ക് സംഭവിച്ചിട്ടുണ്ടാകാനാണ് സാധ്യത. പ്രാഥമിക ചികിത്സയ്ക്കായി ഈ സ്ത്രീയെ സ്ട്രെച്ചറില്‍ തിടുക്കത്തില്‍ നീക്കുന്നതും വീഡിയോയുടെ അവസാനത്തില്‍ കാണാം.

ഇത്തരം വിഷയങ്ങളില്‍ ആളുകള്‍ക്കിടയില്‍ ശരിയായ അവബോധമില്ലെങ്കില്‍ അത് പല ദുരന്തങ്ങള്‍ക്കു വഴിയൊരുക്കുമെന്ന പാഠമാണ് ഇത് പഠിപ്പിക്കുന്നത്. തീര്‍ച്ചയായും ഇങ്ങനെയുള്ള കാര്യങ്ങളില്‍ പ്രാഥമികമായ വിവരം മനസിലാക്കിയ ശേഷമേ ഇവയെല്ലാം ഉപയോഗിക്കവൂ. അല്ലെങ്കില്‍ അറിവില്ലാത്തത് മനസിലാക്കിയെടുക്കാനുള്ള സമീപനം പുലര്‍ത്തുക. 

അപകടത്തിന്‍റെ വീഡിയോ...

 

Also Read:- വമ്പൻ അപകടത്തില്‍ നിന്ന് തലനാരിഴ വ്യത്യാസത്തില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന അച്ഛൻ: വീഡിയോ

tags
click me!