പ്രമേഹരോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കി; കുഴപ്പമില്ലെന്ന് പറഞ്ഞിട്ടും ഇറക്കിയെന്ന് യാത്രക്കാരി...

By Web Team  |  First Published Oct 12, 2023, 1:49 PM IST

വിമാനമെടുക്കാൻ അല്‍പസമയം മാത്രം ബാക്കിനില്‍ക്കെ ഇവരോട് യാത്ര ചെയ്യാനാകില്ലെന്നും വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. 


പ്രമേഹരോഗിയാണെന്ന പേരില്‍ യാത്രയ്ക്ക് തൊട്ടുമുമ്പ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതിപ്പെട്ട്  യാത്രക്കാരി. യുകെ സ്വദേശിനിയായ ഹെലൻ ടെയ്‍ലര്‍ എന്ന അമ്പത്തിരണ്ടുകാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഒക്ടോബര്‍ രണ്ടിനായിരുന്നുവത്രേ സംഭവം. ഹെലനും ഭര്‍ത്താവും കൂടി റോമിലേക്കുള്ള യാത്രയിലായിരുന്നു. വിമാനമെടുക്കാൻ അല്‍പസമയം മാത്രം ബാക്കിനില്‍ക്കെ ഇവരോട് യാത്ര ചെയ്യാനാകില്ലെന്നും വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. 

Latest Videos

undefined

വിശ്രമമുറിയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഹെലൻ ക്ഷീണിതയായിരുന്നു. ഇത് താൻ ഭക്ഷണം കഴിച്ചയുടൻ ആയതിനാലാണെന്നും പതിവാണെന്നുമാണ് ഇവര്‍ പറയുന്നത്. അതുപോലെ നന്നായി വിയര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ ലക്ഷണങ്ങളെല്ലാം കണ്ടുകൊണ്ടാണ് ജീവനക്കാര്‍ ഇവരോട് വിമാനത്തില്‍ നിന്നിറങ്ങാൻ പറഞ്ഞതത്രേ. 

എന്നാല്‍ താൻ പ്രമേഹരോഗിയായതിനാല്‍ ദീര്‍ഘനേരം ഭക്ഷണം കഴിക്കാതെ കഴിക്കുമ്പോള്‍ ഇതുപോലെ ക്ഷീണമുണ്ടാകുന്നത് പതിവാണ്, ആര്‍ത്തവവിരാമത്തോട് അടുത്ത് നില്‍ക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. അമിതമായ വിയര്‍പ്പെല്ലാം ഇതിന്‍റെ ഭാഗമാണ്. തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ഏറെ പറഞ്ഞു. എന്നിട്ടും യാത്രയ്ക്ക് അനുമതി നല്‍കാതെ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകാൻ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഹെലൻ പറയുന്നു. 

അതേസമയം ഹെലന്‍റെ ആരോഗ്യനില വിദഗ്ധരെത്തി പരിശോധിച്ചപ്പോള്‍ തൃപ്തികരമല്ലെന്ന് കണ്ടാണ് വിമാനത്തില്‍ നിന്നിറങ്ങാൻ നിര്‍ദേശിച്ചതെന്നാണ് ഫ്ളൈറ്റ് ജീവനക്കാര്‍ അറിയിക്കുന്നത്. 

എങ്കിലും യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന രീതിയാണിതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഹെലന്‍റെ നിലപാട്. അതിനാല്‍ തന്നെ പരാതിയില്‍ തന്നെ ഉറച്ചുനിന്നു ഹെലൻ. പക്ഷേ വിമാനക്കമ്പനി ഇവരുടെ പരാതിയോട് ആദ്യമൊന്നും പ്രതികരിച്ചില്ല. സംഭവം വിവാദമായതോടെ അവര്‍ ഹെലനെ വിളിച്ച് ഖേദമറിയിക്കുകയും മുടങ്ങിയ യാത്രയുടെ നഷ്ടപരിഹാരം നല്‍കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കസ്റ്റമേഴ്സിന്‍റെ സുരക്ഷ മുൻനിര്‍ത്തിയാണ് ഇങ്ങനെയൊരു നടപടിയിലേക്ക് നീങ്ങിയതെന്നും വിമാനക്കമ്പനിയുടെ വക്താവ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജീവിതശൈലീരോഗങ്ങള്‍ അടക്കം വിവിധ രോഗങ്ങളുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തോന്നിയാല്‍ പരിശോധനകള്‍ നടത്തുന്നത് വിമാനത്താവളങ്ങളില്‍ പതിവാണ്. ഇത് യാത്രക്കാരുടെ സുരക്ഷ, മറ്റ് യാത്രക്കാരുടെ യാത്രാസൗകര്യം, ഫ്ളൈറ്റ് ടൈമിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം വേണ്ടിയാണ്. എന്തെങ്കിലും വിധത്തിലുള്ള സംശയം ആരോഗ്യകാര്യങ്ങളില്‍ തോന്നുന്നപക്ഷം യാത്രയും നിഷേധിക്കപ്പെടാം. അതിനാല്‍ തന്നെ ജീവിതശൈലീരോഗങ്ങളുള്ളവരും മറ്റ് രോഗങ്ങളുള്ളവരും ഇതിന് അനുസരിച്ച് വേണം വിമാനയാത്രക്കായി എത്താൻ. 

Also Read:- മധുരവും ഉപ്പും അമിതമാകുന്നത് ഒരുപോലെ അപകടം; ഹാര്‍ട്ട് അറ്റാക്ക് സാധ്യത വരെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!