ബഹിരാകാശത്തുവെച്ച് സെക്സിൽ ഏർപ്പെടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ എന്തൊക്കെ?

By Web Team  |  First Published Sep 29, 2021, 2:27 PM IST

ജർമൻ ആസ്ട്രണട്ട് ആയ ഉൾറിച്ച് വാൾട്ടർ  എഴുതുന്നത് ആ മിഷൻ സെക്സ് കൂടി ഉദ്ദേശിച്ചുകൊണ്ടുള്ള ഒന്നായിരുന്നു എന്നാണ്.


സ്‌പേസ് എക്സിന്റെ ബാനറിൽ ബഹിരാകാശ ടൂറിസമൊക്കെ പച്ചപിടിച്ചു തുടങ്ങിയ ഈ കാലത്ത് പതിവിലും അധികം ആളുകൾ ബഹിരാകാശ സഞ്ചാരികളാവുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് സ്‌പേസ് എക്സിന്റെ ഭൂമിയുടെ ഓർബിറ്റിലൂടെ കറങ്ങുന്ന ഒരു മിഷനുവേണ്ടി നാല് സഞ്ചാരികൾ പുറപ്പെട്ടത്. പത്തുവർഷത്തിനുള്ളിൽ ചൊവ്വ ലക്ഷ്യമിട്ടുള്ള, വർഷങ്ങൾ നീണ്ടേക്കാവുന്ന ഒരു യാത്രയ്ക്കും കളമൊരുങ്ങുന്നുണ്ട്. ലൈംഗിക തൃഷ്ണ എന്നത് മനുഷ്യനിൽ സ്വാഭാവികമായുള്ള ഒരു അടിസ്ഥാന ചോദന (Basic Instinct) ആണ്. അതുകൊണ്ടുതന്നെ ബഹിരാകാശ ദൗത്യങ്ങൾ പോലെ എല്ലാ ഘടകങ്ങളെയും കൃത്യമായി പഠിച്ച്, തയ്യാറെടുത്ത് നടത്തപ്പെടുന്ന മിഷനുകളിലും അതിനെ പരിഗണിക്കാതിരിക്കാൻ സാധിക്കില്ല. ബഹിരാകാശത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നിത്യേന പുതിയ ഉൾക്കാഴ്ചകൾ ഏകിക്കൊണ്ട് പുരോഗമിക്കുമ്പോഴും ബഹിരാകാശരതിയെക്കുറിച്ച് ഇന്നും കാര്യമായ ധാരണകൾ ഒന്നും തന്നെ ശാസ്ത്രലോകത്തിനില്ല.

ജർമ്മൻ ബഹിരാകാശ സഞ്ചാരിയായ(astranaut) മത്ത്യാസ് മൗറെർക്ക് അഭിമുഖങ്ങൾ ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ(ISS)  ചെലവിടാനുദ്ദേശിക്കുന്ന വരുന്ന ആറുമാസത്തെക്കുറിച്ചുള്ള പത്രക്കാരുടെ ചോദ്യങ്ങൾക്ക് ഏറെ രസകരമായ, വിജ്ഞാനപ്രദമായ മറുപടികളും അദ്ദേഹം നൽകാറുണ്ട്. ആ മൗറെറെപ്പോലും കുഴക്കുന്ന ഒരു ചോദ്യമുണ്ടെങ്കിൽ അത് ബഹിരാകാശത്തെ സെക്സ് ഡ്രൈവിനെ കുറിച്ചുള്ളതാണ്. ഒരിക്കൽ, 'ബഹിരാകാശത്തിരിക്കുമ്പോൾ വികാരത്തള്ളിച്ചയുണ്ടായാൽ അതെങ്ങനെ അടക്കും' എന്നുചോദിച്ച ഒരു പത്രക്കാരനോട് " അതിനെപ്പറ്റി ഞങ്ങൾ അധികം ചർച്ച ചെയ്തിട്ടില്ല, കാരണം സ്‌പേസ് സ്റ്റേഷനിൽ തികഞ്ഞ പ്രൊഫഷണൽ സാഹചര്യമാണ് തല്ക്കാലം നിലവിലുള്ളത്" എന്ന് പറഞ്ഞ് ഒഴിയുകയാണ് മൗറെർ ചെയ്തത്.  
 

Latest Videos

undefined

'മത്ത്യാസ് മൗറെർ'

"ബഹിരാകാശ ദൗത്യങ്ങളുടെ ദൈർഘ്യം കൂടാൻ പോവുന്ന സാഹചര്യത്തിൽ ബഹിരാകാശത്ത് നടന്നേക്കാവുന്ന രതിയെക്കുറിച്ചും കുറേക്കൂടി മെച്ചപ്പെട്ട ധാരണകൾ നമുക്ക് ഉണ്ടായേ തീരൂ" എന്നാണ് നാസയിൽ പതിനഞ്ചു വർഷത്തോളം ഒരു ബയോ എതിസിസ്റ്റ് ആയി ജോലി ചെയ്ത പോൾ റൂട്ട് വോൾപ്പ് പറയുന്നത്.

ബഹിരാകാശ രതി പ്രസക്തമാണ്

മനുഷ്യൻ സദാ  സെക്സിനെക്കുറിച്ച് ചിന്തിക്കുന്ന ഒരു ജീവിയാണ് എന്നതുകൊണ്ട് മാത്രമല്ല അതിനെക്കുറിച്ച് പഠിക്കേണ്ടുന്നത്. സെക്സ് ഇന്ന് ബഹിരാകാശ ട്രെയിനിങ് മോഡ്യൂളുകളുടെ ഭാഗമാണോ എന്ന് ചോദിച്ചപ്പോൾ മത്യാസ് മൗറെർ പറഞ്ഞത്, "നിലവിൽ അല്ല, പക്ഷേ, ആകേണ്ടതുണ്ട് എന്നാണ്"
 


സെക്‌സും സ്വയംഭോഗവും ഈ ഭൂമിയിൽ മനുഷ്യന്റെ സ്വാഭാവികാരോഗ്യത്തെ നിർണായകമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ് എങ്കിൽ, ബഹിരാകാശത്തു പോയി എന്നുവെച്ച് അത് മാറുന്നില്ല. പുരുഷന്മാരുടെ പ്രോസ്റ്റേറ്റിനു പരിസരത്തായി ഉണ്ടാവുന്ന ബാക്ടീരിയ അടിഞ്ഞു കൂടലിനെ ചെറുക്കാൻ ശുക്ല വിസർജനം സഹായിക്കും. അതുപോലെ രതിമൂർച്ഛയിൽ എത്തുന്നത് മാനസിക സംഘർഷം അയയാനും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടാനും സഹായിക്കും. സ്‌പേസ് മിഷൻ പോലെ കടുത്ത മനഃസംഘർഷം ഉണ്ടാകുന്ന ദൗത്യങ്ങളിൽ അതുകൊണ്ടുതന്നെ സെക്സ് ഏറെ സഹായകമാവാനിടയുണ്ട്.

സംഭവിച്ചു കഴിഞ്ഞിട്ടുണ്ടോ ഇതിനകം?

നമുക്ക് ഊഹിക്കാൻ മാത്രമേ ഇക്കാര്യത്തിൽ സാധിക്കൂ എങ്കിലും, ബഹിരാകാശത്തുവെച്ച് ഇതിനോടകം തന്നെ മനുഷ്യർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നുതന്നെ വേണം വിശ്വസിക്കാൻ. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ വനിതയായ റഷ്യൻ കോസ്മോനട്ട് സ്വെറ്റ്ലാന സാവിറ്റ്സ്കായ 1982 -ൽ സോയൂസ് ടി 7 സ്‌പേസ് മിഷന്റെ പേടകത്തിൽ ഏഴുദിവസത്തെ താമസത്തിനു ചെന്നതാണ് ആദ്യത്തെ 'കോ-എഡ്‌' ബഹിരാകാശ ദൗത്യം. അന്ന് സ്വെറ്റ്ലാന പേടകത്തിലെത്തുമ്പോൾ അവിടെ രണ്ടു പുരുഷ കോസ്മോനാട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. 'A hell ride through time and space' എന്ന തന്റെ പുസ്തകത്തിൽ ജർമൻ ആസ്ട്രണട്ട് ആയ ഉൾറിച്ച് വാൾട്ടർ ആ ദൗത്യസംഘത്തിന്റെ ഡോക്ടർ ആയ ഒലെഗ് ജോർജിവിച്ച് ഗേസെങ്കോയെ ഉദ്ധരിച്ചുകൊണ്ട് എഴുതുന്നത് ആ മിഷൻ സെക്സ് കൂടി ഉദ്ദേശിച്ചുകൊണ്ടുള്ള ഒന്നായിരുന്നു എന്നാണ്.

'മറ്റു പുരുഷ കോസ്മോനോട്ടുകൾക്ക് ഒപ്പം സ്വെറ്റ്ലാന സാവിറ്റ്സ്കായ '

അതിനു പിന്നാലെ 1992 -ൽ എൻഡെവർ എന്നൊരു മിഷൻ നാസ നടത്തിയപ്പോൾ അതിൽ വിവാഹിതരായ മാർക്ക് ലീ, ജാൻ ഡേവിസ് എന്നീ രണ്ടു സഞ്ചാരികളും ഉണ്ടായിരുന്നു. മിഷന് ഒരു വർഷം മുമ്പുമാത്രം രഹസ്യമായി വിവാഹിതരായ അവരുടെ ഹണിമൂൺ ട്രിപ്പ് ആയിരുന്നു ആ ബഹിരാകാശ യാത്ര എന്ന് വേണമെങ്കിൽ പറയാം.

സെക്സ്, ഭൂമിയിലും ബഹിരാകാശത്തും, എന്താണ് വ്യത്യാസം ?

ബഹിരാകാശത്ത് സെക്സ് നടക്കുന്നുണ്ട് എന്ന് സങ്കല്പിച്ചാൽ, എന്താണ് ഇവിടെയും അവിടെയും തമ്മിൽ കാര്യങ്ങൾ നടത്തുന്നതിനുള്ള വ്യത്യാസം? അടിസ്ഥാന ചോദനയിൽ തന്നെ തുടങ്ങാം. സെക്സ് ഡ്രൈവ് ഇവിടെയും അവിടെയും ഒരുപോലെയാണോ? ബഹിരാകാശ വാസ കാലത്ത് തുടക്കത്തിലെങ്കിലും യാത്രികരുടെ സെക്സ് ഡ്രൈവിൽ ഇടിവുണ്ടാവും എന്നുതന്നെയാണ് പരിമിതമായ ഡാറ്റ സൂചിപ്പിക്കുന്നത്. പ്രധാന കാരണം അവിടത്തെ മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങൾ തന്നെയാണ്. ശൂന്യാകാശത്ത് യാത്രികർ അനുഭവിക്കുന്ന ഭാരനഷ്ടം അവരിൽ കാര്യമായ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവുന്നു.  ഉദാ. ഈസ്ട്രജന്റെ അളവിനെ അത് കുറയ്ക്കും. ഈസ്ട്രജന്റെ അളവ് ദേഹത്ത് കുറഞ്ഞാൽ സെക്സ് ഡ്രൈവ് കുറയും.


'മാർക്ക് ലീ, ജാൻ ഡേവിസ്'

ബഹിരാകാശത്തെ ഹോർമോണുകളുടെ വ്യതിയാനത്തെപ്പറ്റി ഇതുവരെ നടന്നിട്ടുള്ള പഠനങ്ങളിൽ മുക്കാലും പുരുഷന്മാരിൽ നടത്തപ്പെട്ടിട്ടുള്ളതാണ്. അതിനു പ്രധാനകാരണം, ഇന്നോളമുണ്ടായിട്ടുള ബഹിരാകാശ യാത്രികരിൽ കേവലം 11.5 ശതമാനം മാത്രമേ സ്ത്രീകളുള്ളൂ എന്നതാണ്. അതിൽ തന്നെ ഭൂരിഭാഗം പേരും അവിടെ വെച്ച് ആർത്തവം വരാതിരിക്കാൻ വേണ്ടിയുള്ള മരുന്നുകൾ കഴിച്ചിട്ടാണ് യാത്ര പുറപ്പെടുന്നത് തന്നെ എന്നതും സ്വാഭാവിക ശാരീരിക പ്രതികരണങ്ങളെ മാറ്റി മറിക്കും. അതുകൊണ്ട് സ്ത്രീകളിൽ, ബഹിരാകാശ ദൗത്യം സ്വാഭാവികമായി എന്ത് ഹോർമോൺ വ്യതിയാനം ഉണ്ടാക്കുമെന്ന് അറിയുക ദുഷ്കരം തന്നെയാണ്.

ബഹിരാകാശത്തെ സെക്സ് ഡ്രൈവിനെ സ്വാധീനിക്കുന്ന മറ്റൊരു കാര്യം അവരുടെ ആന്തരികമായ ജൈവ ഘടികാരമാണ്. യാത്രികർ ഭൂമിയെ ചുറ്റി വലംവെക്കുമ്പോൾ 90 മിനിറ്റ് കൂടുമ്പോൾ അവരുടെ സാർക്കേഡിയൻ റിഥം മാറും. അത് സെക്സ് ഡ്രൈവും ഹോർമോണുകളും അടക്കം സകലതിനെയും ബാധിക്കുകയും ചെയ്യും. ബഹിരാകാശ സഞ്ചാരിയായ വാൾട്ടർ തന്റെ പുസ്തകത്തിൽ എഴുതിയതും, "ബഹിരാകാശത്തുകഴിഞ്ഞ പത്തു ദിവസം വിശേഷിച്ചൊരു ലൈംഗിക വികാരവും തോന്നിയിരുന്നില്ല" എന്നാണ്.

ബഹിരാകാശ സഞ്ചാരികളും ഉദ്ധാരണവും

സെക്സ്ഡ്രൈവ് ബഹിരാകാശത്ത് ഭൂമിയിലെപ്പോലെ ഉണ്ടാവുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. " അവിടെ വെച്ച് ഉദ്ധാരണം സാധ്യമാണോ?" എന്നതാണ് മില്യൺ ഡോളർ ചോദ്യം. മൈക്രോ ഗ്രാവിറ്റിയിൽ രക്തപ്രവാഹം തലയുടെ ഭാഗത്തേക്കാണ് കൂടുതലായി ഉണ്ടാവുക. അരക്കെട്ടിന്റെ ഭാഗത്ത് ഭൂമിയിലേതിനേക്കാൾ കുറവാകും.

ബഹിരാകാശത്തുവെച്ച് ഉദ്ധാരണമുണ്ടാവുമോ എന്ന ചോദ്യത്തിന് നാസ ശാസ്ത്രജ്ഞനായ മാർക്ക് ലീ നൽകിയ ഉത്തരം,"ഉണ്ടാകും, അതിനൊന്നും ഒരു പഞ്ഞവുമില്ല എന്നായിരുന്നു" റൂട്ട് വോൾപ്പിന്റെ അഭിപ്രായവും,"സെക്സ് സാധ്യമല്ലാതിരിക്കാൻ കാരണമൊന്നുമില്ല"എന്നായിരുന്നു.

റോൺ ഗാരൻ എന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി രണ്ടു തവണ ശൂന്യാകാശത്ത് പോയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തോട് ഒരിക്കൽ റെഡിറ്റിൽ 'ആസ്ക് മി എനിതിങ്' എന്നൊരു ത്രെഡിൽ ഒരാൾ ബഹിരാകാശത്തുവെച്ച് ഉദ്ധാരണമുണ്ടാവുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി,"ഇവിടെ ഭൂമിയിൽ വെച്ച് നടക്കുന്ന എല്ലാ ജൈവിക പ്രക്രിയകളും അവിടെ ശൂന്യാകാശത്തുവെച്ചും സാധ്യമാണ്" എന്നായിരുന്നു.

സ്ത്രീകളുടെ കാര്യത്തിൽ സ്ഥിതിഗതികളിൽ ചെറിയ വ്യത്യാസങ്ങൾ കാണാം. സാധാരണ ഗതിയിൽ ഭൂമിയിൽ സ്ത്രീകൾക്ക് ലൈംഗികോത്തേജനം ഉണ്ടായാൽ അവരുടെ ലൈംഗിക അവയവങ്ങളിൽ നിന്ന് ചില ദ്രാവകങ്ങളുടെ ഒഴുകുണ്ടാവും. അങ്ങനെ ഒളിച്ചിറങ്ങുന്നതിനു പകരം, ഉത്പാദിപ്പിക്കപ്പെടുന്ന ഇടതുതന്നെ ഉരുണ്ടുകൂടി ഇരിക്കുകയാണ് സ്‌പേസിൽ സംഭവിക്കുക.

സ്‌പേസ് സെക്സ് എന്ന പരാക്രമം - ഡോൾഫിൻ പൊസിഷൻ

നടന്നാലും ഇല്ലെങ്കിലും, സ്‌പേസിലെ സാഹചര്യങ്ങളിൽ ലൈംഗികബന്ധം അത്ര എളുപ്പമാവാൻ ഇടയില്ല. സീറോ ഗ്രാവിറ്റിയിൽ ഇവിടെ ഭൂമിയിലെപ്പോലെ സെക്സിൽ ഏർപ്പെടുമ്പോഴുള്ള ചലനങ്ങൾ സാധിച്ചെടുക്കുക അത്ര എളുപ്പമാവാൻ ഇടയില്ല. ജർമൻ പബ്ലിക് ബ്രോഡ്കാസ്റ്റർ ആയ എൻഡിആറിലെ വാൾട്ടർ നിർദേശിച്ചത് സമുദ്രത്തിൽ ഡോൾഫിനുകൾ സ്വീകരിക്കുന്ന രീതിയാണ്. ഡോൾഫിനുകൾക്കിടയിൽ രണ്ടിണകൾ രതിയിൽ ഏർപ്പെടുമ്പോൾ അവർ തമ്മിൽ വേർപെട്ടുപോവാതിരിക്കാൻ വേണ്ടി മൂന്നാമതൊരു ഡോൾഫിൻ അവരെ ചേർത്ത് പിടിക്കുന്ന രീതിയാണുള്ളത്. "സ്‌പേസിലെ ചുവരുകൾ വെൽക്രോ കൊണ്ടുണ്ടാക്കിയതാണ്. ആ വെൽക്രോയിൽ ഒരു പങ്കാളിയെ കുരുക്കി ഇട്ടും സെക്സിനിടയിലുള്ള ഡ്രിഫ്റ്റിംഗിന് പരിഹാരമുണ്ടാക്കാം "എന്ന് റൂട്ട് വോൾപ്പും ഇതേപ്പറ്റി പറയുന്നുണ്ട്.
 

click me!