ആ തണ്ണിമത്തൻ ബാഗ് പിറന്നത് കൊച്ചിയിൽ; ഐഡിയ കനിയുടേത് തന്നെ, ഉണ്ടാക്കിയെടുത്തത് ഒരാഴ്ച കൊണ്ട്

By Nirmala babu  |  First Published May 27, 2024, 9:33 PM IST

പനമ്പിള്ളി നഗറിലുള്ള സോള്‍ട്ട് സ്റ്റുഡിയോയിൽ കനിയുടെ സുഹൃത്തും ഡിസൈനറുമായ ദിയ ജോണും സംഘവുമാണ് ഈ ബാഗ് നിർമിച്ചത്. റെഡ് കാർപ്പറ്റില്‍ കനിയുടെ നിലപാട് വ്യക്തമാക്കുന്ന തണ്ണിമത്തൻ ബാഗ് ഒരുക്കിയതിന് പിന്നിലെ കഥ ദിയ ജോൺ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെച്ചു.


കാന്‍ ചലച്ചിത്രോത്സവത്തില്‍ തിളങ്ങിയ മലയാളി താരം കനി കുസൃതിയുടെ ‘തണ്ണിമത്തൻ ബാഗ്’ ആണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ലോകത്തിന്റെ മുന്നില്‍ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമായി കനി ഉയർത്തിയ ‘ക്ലച്ച് ബാഗ്’ പിറന്നത് നമ്മുടെ സ്വന്തം കൊച്ചിയിലാണ്. പനമ്പിള്ളി നഗറിലുള്ള സോള്‍ട്ട് സ്റ്റുഡിയോയിൽ കനിയുടെ സുഹൃത്തും ഡിസൈനറുമായ ദിയ ജോണും സംഘവുമാണ് ഈ ബാഗ് നിർമിച്ചത്. റെഡ് കാർപ്പറ്റില്‍ കനിയുടെ നിലപാട് വ്യക്തമാക്കുന്ന തണ്ണിമത്തൻ ബാഗ് ഒരുക്കിയതിന് പിന്നിലെ കഥ ദിയ ജോൺ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെച്ചു.

റെഡ് കാർപ്പറ്റിൽ തന്റെ വസ്ത്രം ‘പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്’ കൂടി എടുത്ത് കാണിക്കുന്നതാവണം എന്നായിരുന്നു കനി കുസൃതി ദിയയോട് ആവശ്യപ്പെട്ടത്. ആദ്യം ഡ്രസില്‍ തന്നെ എന്തെങ്കിലും ചെയ്യാം എന്നാണ് കരുതിയത്. എന്നാല്‍, സിംപിൾ ലുക്ക് മതിയെന്നും കനി കട്ടായം പറഞ്ഞു. മാറ്റിയും മറിച്ചും പല പല ഐഡിയകള്‍ ആലോചിച്ചു. ഒടുവിലാണ് ബനാറസ് സിൽക്കിൽ ലൈറ്റ് കളറിൽ വസ്ത്രം ഒരുക്കാനും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം വ്യക്തമാക്കുന്ന ഒരു ബാഗ് ചെയ്യാമെന്നും തീരുമാനിക്കുന്നത്. പലസ്തീൻ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേർന്ന ‘തണ്ണിമത്തൻ’ എന്ന ഐഡിയ കനിയുടേത് തന്നെയാണെന്ന് ദിയ പറയുന്നു. ഒരാഴ്ച കൊണ്ടാണ് ക്ലച്ച് ബാഗ് ഒരുക്കിയത്. ഗജ്ജി സിൽക്കിൽ തണ്ണീർമത്തൻ നിറങ്ങളിൽ ബീഡ് വർക്ക് ചെയ്താണ് ഹാൻഡ്ബാഗ് തയ്യാറാക്കിയത്. മഞ്ഞയും പച്ചയും ചുവപ്പും മുത്തുകള്‍ കൊണ്ടാണ് ക്ലച്ചുണ്ടാക്കിയത്.

Latest Videos

undefined

റെഡ്കാർപെറ്റില്‍ ചുവട് വയ്ക്കുന്നതിനായി ഒരുങ്ങി നില്‍ക്കുമ്പോഴാണ് കനിക്ക് ബാഗ് കൊടുക്കുന്നത്. മനസില്‍ വിചാരിച്ചത് പോലെ തന്നെ വന്നു, ഒത്തിരി ഹാപ്പിയായി എന്നായിരുന്നു കനിയുടെ പ്രതികരണമെന്ന് ദിയ പറയുന്നു. കാനിൽ സർപ്രൈസായി ബാഗ് അവതരിപ്പിക്കാം എന്ന് കരുതി മെക്കിംഗ് എല്ലാം രഹസ്യമായിരുന്നു. ഇത്ര വലിയ പ്രതികരണം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും ദിയ കൂട്ടിച്ചേര്‍ത്തു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ദിയ ജോണ്‍ പത്ത് വർഷമായി കൊച്ചിയിൽ സാള്‍ട്ട് സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുകയാണ്. കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ കനി ധരിച്ച ഔട്ട്ഫിറ്റെല്ലാം ഡിസൈൻ ചെയ്തത് സാള്‍ട്ട് സ്റ്റുഡിയോയാണ്. നടിമാരായ പാര്‍വതി, റിമ കല്ലിങ്കൽ, നിമിഷ സജയന്‍ എന്നിവര്‍ക്കും ദിയ സ്റ്റൈൽ ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Salt Studio (@saltstudio)

click me!