സെക്സിൽ ഏർപ്പെടുന്ന മുതിർന്നവരുടെ ആരോഗ്യം അതില്ലാത്തവരുടേതിനേക്കാൾ മെച്ചമാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
രതി, സെക്സ്, ലൈംഗികത, പ്രണയം - ഇതൊക്കെ യൗവ്വനത്തിൽ മാത്രം സാധ്യമായതാണ് എന്ന് ആരാണ് പറഞ്ഞത്? പ്രായം ചെല്ലുന്തോറും ആസ്വാദ്യത കൂടിക്കൂടി വരുന്ന ഒന്നാണ് രതിബന്ധങ്ങൾ എന്നാണ് അനുഭവസ്ഥരിൽ പലരുടെയും അഭിപ്രായം. ഗാർഡിയനിൽ അമീൻ സെനെർ എഴുതിയ ഒരു ഫീച്ചർ ലേഖനത്തിൽ ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തിനിൽക്കുന്ന പലരും സ്വന്തം സെക്സ് അനുഭവങ്ങൾ തുറന്നു പറഞ്ഞതിൽ നിന്ന് വെളിപ്പെടുന്നത് വാർദ്ധക്യത്തിലെ സെക്സിന്റെ അപാരമായ നിരവധി സാധ്യതകളാണ്. അതോടെ പൊളിഞ്ഞടുങ്ങുന്നത് പ്രായം എഴുപതും എൺപതും താണ്ടിക്കഴിഞ്ഞാൽ പിന്നെ മനസ്സിൽ ഭോഗേച്ഛ പാടില്ല എന്ന തരത്തിലുള്ള മിഥ്യാ ധാരണകളാണ്. ആ അനുഭവവിവരണങ്ങളിലേക്ക്.
കയ്യിൽ പിങ്ക് നിറത്തിലുള്ള തിളങ്ങുന്നൊരു വൈബ്രേറ്റർ എടുത്തു ചുഴറ്റിക്കൊണ്ട് സിൽവിയ പറഞ്ഞു തുടങ്ങി. " എനിക്ക് ഇക്കൊല്ലം വയസ്സ് 81 തികയും. ഭർത്താവ് പോളിന് 73 കടക്കുന്നതേയുള്ളൂ. ഞങ്ങൾ സെക്സ് ടോയ്‌സ് കണ്ടെത്തിയിട്ട് പത്തുവർഷമാവുന്നു. എഴുപതു വയസ്സ് കഴിഞ്ഞതിൽ പിന്നെ എനിക്ക് അത്യാവശ്യം മൂഡാവണമെങ്കിൽ അങ്ങനെ വല്ലതുമൊക്കെ വേണം എന്നായിരുന്നു. അത് സാധിക്കാനാണ് ദേ ഇവൻ... ഞാൻ ഈ ഒരു സംഗതി പരിചയിച്ചു വരുന്നതേയുള്ളൂ.“ ചിരിച്ചുകൊണ്ടാണ് സിൽവിയ അത്രയും പറഞ്ഞു നിർത്തിയത്.
undefined
സിൽവിയയും പോളും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് വർഷം 32 കഴിഞ്ഞു. ഈ മൂന്നു പതിറ്റാണ്ടുകാലവും ജീവിതത്തിൽ സെക്സ് വളരെ പ്രധാനമെന്ന് തന്നെ കരുതി അനുഷ്ഠിച്ചവരാണ് അവർ. സെക്സ് എന്ന പരുക്കൻ പദത്തേക്കാൾ പോളിനിഷ്ടം "മേക്കിങ് ലവ്" എന്ന കുറേക്കൂടി സൗമ്യമായ പദമാണ്. ആദ്യത്തെ വാക്കിൽ എന്തോ ഒരു യാന്ത്രികത തോന്നുമെങ്കിലും, രണ്ടാമത്തേത് സ്നേഹമൂറുന്ന ഒരു വാക്കാണ്. ആദ്യമായി ഇരുവരും മനസ്സും ശരീരവും പങ്കിട്ട ആ സുന്ദരദിനം, അന്നനുഭവിച്ച ആനന്ദം, അതിന്റെ തരിപ്പ് ഇന്നും അവരുടെ ദേഹത്തുണ്ടെന്ന് അവർ പറയുന്നു.
"പോൾ എന്നേക്കാൾ റൊമാന്റിക് ആണ്. ആൾക്ക് എന്നെക്കാൾ കൂടുതൽ ലൈംഗികവാസനയുമുണ്ട്. മുമ്പൊക്കെ ഏതാണ്ട് എല്ലാ ദിവസവും ഞങ്ങൾ ബന്ധപ്പെടുമായിരുന്നു. ഇപ്പോൾ അതിൽ ഇത്തിരി കുറവ് വന്നിട്ടുണ്ട്. വയസ്സായതിൽ പിന്നെ കൂട്ടുവന്ന വാതം മുമ്പത്തെ പല പൊസിഷനുകളും ഇപ്പോൾ പ്രയാസകരമാക്കുന്നുമുണ്ട്. മാത്രവുമല്ല, കൊവിഡ് വന്നു പോയ ശേഷം ക്ഷീണവും ഒരു പ്രശ്‌നമാവുന്നുണ്ട്. ഇപ്പോൾ സെക്സ് പത്തു ദിവസത്തിൽ ഒരിക്കൽ ഒക്കെയായി ചുരുങ്ങിയിട്ടുണ്ട്. " സിൽവിയ പറഞ്ഞു. "മുപ്പതു വർഷം കൊണ്ട് ശാരീരികാകർഷണം ഏറിയിട്ടേ ഉള്ളൂ" എന്നാണ് പോളും പറയുന്നത്. പരസ്പരം എന്താണിഷ്ടമെന്നും എന്താണ് അനിഷ്ടമെന്നുമൊക്കെ ഇക്കണ്ട കാലം കൊണ്ട് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ നടന്ന National Survey of Sexual Attitudes and Lifestyles സർവേ വെളിപ്പെടുത്തുന്നത് 65-74 ഇടയ്ക്കു പ്രായമുള്ള പുരുഷന്മാരിൽ 39 ശതമാനവും കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിൽ സെക്സിൽ ഏർപ്പെട്ടിട്ടുണ്ട്. സ്ത്രീകളിൽ അത് 23% വരും. അതുപോലെ 2018 -ലെ സമാനമായ ഒരു പഠനം വെളിപ്പെടുത്തുന്നത് 65 വയസ്സിനുമേൽ പ്രായമുള്ള മുതിർന്നവരിൽ സെക്സിൽ ഏർപ്പെടുന്നവരുടെ ആരോഗ്യം, അല്ലാത്തവരുടേതിനേക്കാൾ മെച്ചമായിരുന്നു എന്നാണ്.
"കുറേക്കാലമായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പൊതുബോധം സെക്സ് എന്നത് ചെറുപ്പക്കാർക്ക് മാത്രം പറഞ്ഞിട്ടുള്ള ആനന്ദമാണ് എന്നാണ്. അത് തെറ്റാണ്. ആ വിചാരമൊക്കെ മാറിവരികയാണ്. " എന്നാണ് പലരും പ്രതികരിക്കുന്നത്. എഴുപത്തൊന്നുകാരിയായ കെയ്റ്റ് പറയുന്നത് "ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സെക്സ് അറിയുന്നത് ഇതാ ഈ പ്രായത്തിലാണ്. എന്റെ പാർട്ണർ ലിൻഡി എനിക്ക് പകരുന്ന ആനന്ദം ഞാൻ മുമ്പനുഭവിച്ചതിനെക്കാളൊക്കെ എത്രയോ ഇരട്ടിയാണ്..." എന്നാണ്. അറുപത്തഞ്ചാം വയസ്സിൽ രണ്ടാം വിവാഹമോചനം നേടിയ ശേഷം താൻ പ്രണയത്തിൽ അകപ്പെടുമെന്നോ, ഇനിയൊരു സെക്സ് ലൈഫിന് ഭാഗ്യമുണ്ടാവുമെന്നോ കെയ്റ്റ് കരുതിയിരുന്നതല്ല. ഇപ്പോൾ ലിൻഡിയെ പരിചയപ്പെട്ട ശേഷം സാഹസികമായൊരു സെക്സ് ലൈഫിലൂടെയാണ് താൻ കടന്നു പോവുന്നതെന്ന് അവർ പറഞ്ഞു. "സെക്സ് ടോയ്‌സ്, റോൾ പ്ലെ... പരസ്പരം അങ്ങനെ ഒരു അതിരും വക്കത്തുള്ള ആഘോഷമാണ് ഇപ്പോൾ നടക്കുന്നത്. "എന്റെ കുട്ടികൾക്കുള്ളതിനേക്കാൾ, മികച്ചൊരു സെക്സ് ലൈഫ് ആണ് ഞങ്ങൾക്കുള്ളത്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഞങ്ങൾ ബന്ധപ്പെടാറുണ്ട്." കെയ്റ്റ് കൂട്ടിച്ചേർത്തു. ഓർഗാസം എത്താൻ ഒരിത്തിരി നേരം കൂടുതൽ എടുക്കും എന്നതല്ലാതെ പ്രായം മറ്റൊരു തരത്തിലും തന്റെ ലൈംഗികാനുഭവത്തെ മാറ്റിയിട്ടില്ല എന്നും അവർ പറഞ്ഞു. എന്തായാലും, ഈ അനുഭവങ്ങൾ ഗാർഡിയൻ പ്രസിദ്ധപ്പെടുത്തിയത് ലോകമെമ്പാടുമുള്ള, സമാനമായ പ്രായമുള്ള പലരെയും, "എല്ലാം അവസാനിച്ചു " എന്ന മിഥ്യാബോധത്തെ കുടഞ്ഞെറിഞ്ഞ് വീണ്ടും ആനന്ദത്തെ പുൽകാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
"മറ്റൊരു മനുഷ്യജീവിയുമായി ശാരീരികമായ അടുപ്പം സ്ഥാപിക്കാനുള്ള, മറ്റൊരാളുടെ വിരലുകളാൽ ലാളിക്കപ്പെടാനുള്ള, മനസ്സടുപ്പമുള്ള ഒരാളുടേതായി മാറി സർവം സമർപ്പിച്ച് രതിയിൽ ഏർപ്പെടാനുള്ള മോഹത്തിന് ഒരിക്കലും പ്രായമാവില്ല " എന്നാണ് ലേലോ എന്ന സെക്ഷ്വൽ വെൽനെസ്സ് ബ്രാൻഡിന്റെ ഉപദേഷ്ടാവായ മോയിൽ പറയുന്നത്. അടുത്തിടെ അമ്പത് വയസ്സിനു മേലെ പ്രായമുളവർക്കിടയിൽ ഒരു സർവേ നടന്നു. അതിൽ വെളിപ്പെട്ടത്, പ്രായമേറുന്തോറും രതിയിലേർപ്പെടുന്നത് കുറഞ്ഞു എങ്കിലും, ഏർപ്പെടുന്ന സെക്‌സിന് മുമ്പത്തേക്കാൾ ആസ്വാദ്യത ഇരട്ടിച്ചിട്ടുണ്ട് എന്നാണ്. പ്രായമേറുമ്പോൾ ചിലർക്കെങ്കിലും ഹൃദ്രോഗം അടക്കമുള്ള കാരണങ്ങളാൽ ഉദ്ധാരണ ശേഷി നഷ്ടപ്പെട്ടേക്കാം. പല സ്ത്രീകൾക്കും ഒരു പ്രായം കഴിഞ്ഞാൽ യോനി വരണ്ടുണങ്ങുന്നതും പ്രശ്നമാകാം. അതോടെ പൂർണമായ അർത്ഥത്തിൽ ഒരു ലൈംഗിക ബന്ധം സാധ്യമല്ലാത്ത സാഹചര്യം ഉടലെടുക്കും. എന്നാൽ, അത് ഒരിക്കലും ലൈംഗികാനന്ദം ആസ്വദിക്കുന്നതിനു തടസ്സമല്ല എന്നും, ഓർഗാസത്തിൽ എത്തിച്ചേരാനുള്ള ഒരേയൊരു മാർഗം 'പെനിട്രേറ്റിവ് സെക്സ്' മാത്രമല്ല എന്നും മോയിൽ പറഞ്ഞു.
കൂടുതൽ ചെറുപ്പമായിരുന്ന പ്രായത്തിൽ സെക്‌സിന് അനുയോജ്യമായ സാഹചര്യങ്ങൾ ഒത്തുവരാൻ പ്രയാസമാണ്. ജോലിയുടെ തിരക്കുകൾ കാരണമുണ്ടാവുന്ന ശാരീരിക ക്ഷീണം, കുട്ടികൾ തുടങ്ങി പലതും സെക്സ് മനസ്സിരുത്തി ആസ്വദിക്കുന്നതിൽ നിന്ന് പലരെയും തടഞ്ഞേക്കും. പ്രായമേറുന്തോറും അത്തരത്തിലുള്ള യാതൊരുവിധ തടസ്സങ്ങളും ഇല്ലാതെ, ദിവസത്തിന്റെ ഏതൊരു നേരത്തും, എത്ര നേരത്തേക്ക് വേണമെങ്കിലും ആരുടേയും ബാധ കൂടാതെ രതി ആസ്വദിക്കാൻ അവസരമുണ്ട്. ചുരുക്കത്തിൽ, സെക്സ് ആസ്വദിക്കുന്നതിനുള്ള തടസ്സം പ്രായമോ, പ്രായാധിക്യം കൊണ്ടുവരുന്ന ശാരീരികപരിമിതികളോ അല്ല, സെക്‌സിനോടുള്ള നമ്മുടെ സമീപനത്തിലുണ്ടാവുന്ന മാറ്റം മാത്രമാണ്..."എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.