ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും മനുഷ്യര്‍ വേണ്ട; പകരം 'കുഞ്ഞപ്പന്‍' ഉണ്ട്

By Web Team  |  First Published Jul 31, 2021, 10:00 PM IST

കൊവിഡ് കാലത്ത്, ശുചിത്വവും രോഗപ്പകര്‍ച്ചാ ഭീഷണിയും കണക്കിലെടുത്താണ് പല വിദേശരാജ്യങ്ങളിലും റെസ്റ്റോറന്റുകളില്‍ റോബോട്ടുകള്‍ സ്ഥാപിച്ചത്. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങി പല രാജ്യങ്ങളിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ മഹാമാരിക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു


'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' എന്ന സുരാജ് ചിത്രം കേരളത്തിലാകെ തരംഗമായത് അതിലെ പ്രമേയം കൊണ്ട് തന്നെയായിരുന്നു. മനുഷ്യന് പകരം ആ സ്ഥാനത്തേക്ക് ഒരു റോബോട്ട് വരുന്നതും മനുഷ്യനെ പോലെ എല്ലാ ജോലികളും അത് ഏറ്റെടുത്ത് ചെയ്യുന്നതുമെല്ലാം മലയാളി പ്രേക്ഷകകരെ സംബന്ധിച്ച് പുതുമയുള്ള കാഴ്ചാനുഭവമായിരുന്നു.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പോലെ, വിശക്കുമ്പോള്‍ ഇഷ്ടഭക്ഷണം നല്‍കുന്ന, ഇതുപോലൊരു റോബോട്ട് വീട്ടിലുണ്ടെങ്കിലോ! 2018 മുതല്‍ തന്നെ യൂറോപ്യന്‍ രാജ്യമായ ലത്വിയയില്‍ ഇങ്ങനെയൊരു റോബോ- റെസ്‌റ്റോറന്റുണ്ട്. മെനുവില്‍ നിന്ന് ഇഷ്ടപ്പെട്ട പാസ്ത തെരഞ്ഞെടുത്ത് പണമടച്ച് കാത്തുനിന്നാല്‍, നിമിഷങ്ങള്‍ക്കകം ചൂടോടെ രുചികരമായ പാസ്ത വിളമ്പുന്ന റോബോട്ട്. 

Latest Videos

undefined

'റോബോ ഈറ്റ്‌സ് ആപ്പ്' എന്നാണിതിന്റെ പേര്. ലത്വിയയില്‍ 'വോക്കി ടോക്കി' എന്ന പേരില്‍ ഫാസ്റ്റ് ഫുഡ് ചെയിന്‍ നടത്തിയിരുന്ന രണ്ട് പേരാണ് ഇതിന് പിന്നില്‍. ലത്വിയയില്‍ മാത്രമല്ല, പല രാജ്യങ്ങളിലും ഇപ്പോള്‍ ഇത്തരം റോബോട്ടുകള്‍ വലിയ തോതില്‍ പ്രചാരത്തില്‍ വരികയാണ്. 

ശാസ്ത്രത്തിന്റെ ഓരോ ചുവടുവയ്പും മനുഷ്യന്റെ ജോലികളെ ലഘൂകരിക്കാന്‍ ഉപകരിക്കുന്നതാണ്. ചിലപ്പോഴെങ്കിലും മനുഷ്യര്‍ക്ക് പകരം തന്നെ വയ്ക്കാവുന്ന ബദല്‍ സംവിധാനങ്ങളായി ഇത്തരം കണ്ടെത്തലുകള്‍ മാറാറുണ്ട്. 

റോബോട്ടുകള്‍ ഇതിന് മികച്ച ഉദാഹരണമാണ്. വ്യാവസായിക മേഖലയില്‍ നേരത്തെ തന്നെ റോബോട്ടുകളുടെ യന്ത്രസാന്നിധ്യം പ്രാധാന്യം നേടിയതാണ്. ഇപ്പോഴിതാ വീടുകളിലേക്കും ഈ സൗകര്യങ്ങളെത്താന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

കൊവിഡ് കാലത്ത്, ശുചിത്വവും രോഗപ്പകര്‍ച്ചാ ഭീഷണിയും കണക്കിലെടുത്താണ് പല വിദേശരാജ്യങ്ങളിലും റെസ്റ്റോറന്റുകളില്‍ റോബോട്ടുകള്‍ സ്ഥാപിച്ചത്. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങി പല രാജ്യങ്ങളിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ മഹാമാരിക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. 

ഇനി വീടുകളുടെ അടുക്കളകളും ഇത്തരം റോബോട്ടുകള്‍ ഭരിക്കുമെന്നാണ് സൂചന. യുകെയിലുള്ള ഒരു കമ്പനി നിലവില്‍ റോബോട്ടുകള്‍ നിയന്ത്രിക്കുന്ന അടുക്കളകള്‍ രൂപകല്‍പന ചെയ്തുനല്‍കുന്നുണ്ട്. ഉടമസ്ഥര്‍ ആഗ്രഹിക്കുന്ന നൂറുകണക്കിന് വഭവങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ ഈ റോബോട്ടുകള്‍ക്കാകുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഇതിന് പ്രവര്‍ത്തിക്കാനാവശ്യമായ രീതിയില്‍ അടുക്കളയെ ചിട്ടപ്പെടുത്തിയെടുക്കണമെന്ന് മാത്രം. 

2020 മഹാമാരിക്കാലത്താണ് കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രതിസന്ധിക്കാലത്തും കമ്പനിയുടെ പ്രാരംഭഘട്ടം വിജയകരമായി മുന്നോട്ടുപോയി എന്നാണ് ഇവര്‍ അറിയിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ ഈ മേഖലയിലേക്ക് ഇനിയുമെത്തുമെന്നും റോബോ- കിച്ചനുകളുടെ ചിലവും ഇതിനനുസരിച്ച് കുറയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പതിയെ ഇല്ക്ട്രിക് കാറുകളെ പോലെ തന്നെ ഇവയും വ്യാപകമായി പ്രചാരത്തിലെത്തുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

Also Read:- ഈ റെസ്റ്റോറന്‍റില്‍ പിസ ഉണ്ടാക്കുന്നത് റോബോട്ടുകൾ; വൈറലായി വീഡിയോ

click me!