വിമർശനങ്ങള്‍ ആത്മവിശ്വാസം തകർക്കുമ്പോള്‍ നാം ചെയ്യേണ്ടത്...?

By Priya Varghese  |  First Published Apr 9, 2021, 7:08 PM IST

നമ്മുടെ ജോലിയിലും വ്യക്തിജീവിതത്തിലും നമ്മുടെ പ്രവർത്തികളെ പ്പറ്റി മറ്റുള്ളവര്‍ നടത്തുന്ന വിലയിരുത്തല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങൾക്ക്  കാരണമാകും. നമ്മെ വിമർശിക്കുന്ന വ്യക്തി ഏതു രീതിയിലാണ്‌ അതു പ്രകടമാക്കുന്നത് എന്നതും വളരെ പ്രധാനമാണ്. 


നമ്മുടെ പ്രവർത്തികളെപ്പറ്റി ആരെങ്കിലും വിമർശിക്കുകയോ എതിരഭിപ്രായം പറയുകയോ ചെയ്താൽ എന്തായിരിക്കും നമ്മുടെപ്രതികരണം? ഓഫീസില്‍ നമ്മുടെ ബോസ്, അല്ലെങ്കില്‍ നമ്മുടെ കൂട്ടുകാരോ, അദ്ധ്യാപകരോ, മാതാപിതാക്കളോ അങ്ങനെ ആരുമാകാം നമ്മെ വിമർശിക്കുന്നവര്‍. വിമർശനങ്ങള്‍ നമ്മെ അസ്വസ്ഥമാക്കാറുണ്ടെങ്കിലും അങ്ങയറ്റം മനസ്സു തകരുന്ന നിലയിലേക്ക് പോകാതെ ശ്രദ്ധിക്കേണ്ടതു വളരെ പ്രധാനമാണ്.

വിമർശനങ്ങള്‍ പലവിധം...

Latest Videos

undefined

1.  ഗുണകരമായ വിമർശനം 

നമ്മുടെ ജോലിയിലും വ്യക്തിജീവിതത്തിലും നമ്മുടെ പ്രവർത്തികളെ പ്പറ്റി മറ്റുള്ളവര്‍ നടത്തുന്ന വിലയിരുത്തല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങൾക്ക്  കാരണമാകും. നമ്മെ വിമർശിക്കുന്ന വ്യക്തി ഏതു രീതിയിലാണ്‌ അതു പ്രകടമാക്കുന്നത് എന്നതും വളരെ പ്രധാനമാണ്. വളരെ സൗഹാർദപരമായി നമ്മളെപ്പറ്റി ഒരാള്‍ വിലയിരുത്തല്‍ നടത്തുമ്പോള്‍ നമ്മുടെ പ്രവർത്തികളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിനെപ്പറ്റി കാര്യമായി നാം ചിന്തിക്കാന്‍ അതു കാരണമാകും.

2. ദോഷകരമായ വിമർശനം
 
മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കുന്ന രീതിയില്‍ ചിലര്‍ നമ്മെ വിമർശിക്കാറുണ്ട്. അത്തരം നാണക്കേടുകള്‍ ഒഴിവാക്കാന്‍ ഒരു വ്യക്തി തന്റെ പ്രവർത്തികളില്‍ കാര്യമായ വ്യത്യാസം വരുത്തും എന്ന പ്രതീക്ഷയിലാണ് അവര്‍ അങ്ങനെ ചെയ്യുന്നതെങ്കില്‍ ഫലം മറ്റൊന്നാവും. വിമർശനങ്ങളെ ഭയന്ന് പല ആളുകളും അതുവരെയുണ്ടായിരുന്ന അവസ്ഥയില്‍ നിന്നു പിന്നോട്ടു പോകുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകും.

3. അസൂയയും വിമർശനവും

മറ്റുള്ളവര്‍ ജീവിതത്തിൽ ജയം കൈവരിക്കുന്നത് കാണുമ്പോൾ ചില ആളുകളില്‍ അത് അസൂയ ഉളവാക്കാറുണ്ട്. തങ്ങൾക്ക് നേട്ടങ്ങൾ കെെവരിക്കാനാവില്ല എന്ന ചിന്തയാണ്  അവരിൽ അസൂയതോന്നാനുള്ള കാരണം. മനസ്സിനെ അസ്വസ്ഥമാക്കുന്ന സ്വയംവിലയില്ലയ്മ എന്ന അവസ്ഥയെ മറച്ചുവയ്ക്കാന്‍ പുറമേ താൻ ഒരു വലിയ ആളാണെന്ന ഭാവം കാണിക്കാനും ആളുകൾ വിമർശനത്തെ ഉപയോഗിക്കാറുണ്ട്. 

ഒരു വ്യക്തിയെ മറ്റുള്ളവരുടെ മുന്നിൽ അധിക്ഷേപിച്ച് ആ വ്യക്തിയിലും ശ്രേഷ്ഠനാണ് താൻ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടത്തും. മറ്റൊരാളെ അപമാനിക്കുമ്പോൾ സ്വയംകേമനായി എന്ന തോന്നല്‍ ചിലർക്ക്  ഉണ്ടാകാം. 

ഇത്തരം വിമർശനങ്ങൾക്ക് കേൾക്കുന്നയാളെ ദോഷകരമായി ബാധിക്കും. വിമർശനം കേൾക്കുന്ന ആളിന്റെ ആത്മവിശ്വാസത്തെ അതു മുറിവേൽപ്പിക്കും. വിമർശനങ്ങളിലെ അധിക്ഷേപ സ്വരവും വ്യക്തിഹത്യയും ആളുകളില്‍ മനോവ്യഥയും വലിയ മാനസിക സമ്മർദ്ദവും ഉണ്ടാക്കും. പ്രത്യേകിച്ച് മനസ്സിനു വലിയ ശക്തിയില്ലാത്ത ആളുകളെ ഇതെല്ലാം വല്ലാതെ മുറിവേല്‍പ്പിക്കും.

 

 

വിമർശനങ്ങള്‍ ആത്മവിശ്വാസം തകർക്കുമ്പോള്‍ നാം ചെയ്യേണ്ടത്...

നമുക്ക് നമ്മളെപ്പറ്റിതന്നെയുള്ള അഭിപ്രായം രൂപപ്പെടുന്നത് നമ്മള്‍ കൈവരിച്ച നേട്ടങ്ങളും അതുപോലെതന്നെ മറ്റുള്ളവര്‍ക്ക് നമ്മെപ്പറ്റി എന്താണ് അഭിപ്രായം എന്നതിനെ എല്ലാം ആശ്രയിച്ചാണ്‌. പക്ഷേ ചില സമയങ്ങളില്‍  വിമർശനം കേൾക്കുമ്പോള്‍ നാം ജീവിതത്തിലെ മറ്റെല്ലാ നന്മകളെയും നേട്ടങ്ങളെയും വളരെ അപ്രധാനമായി കരുതി വിമർശകരുടെ വാക്കുകളെ മാത്രം എപ്പോഴും ചിന്തിച്ചിരിക്കാറുണ്ട്.

 അങ്ങനെ അധികമായി അവയെ ചിന്തിക്കുകയും അവര്‍ പറഞ്ഞതു ശരിയാണ് എന്നുറപ്പിക്കുകയും ചെയ്യും. എന്നാല്‍ അതു ജീവിതത്തില്‍ നല്ല മാറ്റങ്ങൾക്കായി ഉപയോഗിക്കാതെ സ്വയം കുറ്റപ്പെടുത്തുന്ന രീതി ആരംഭിക്കുമ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടു തുടങ്ങും. മുമ്പ് വളരെ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്നുപോലും പിന്നോട്ടു വലിയും. പതുക്കെ മനസ്സ് വിഷാദത്തിലേക്കു പോകും. മുമ്പ് ചെയ്തിരുന്ന പ്രവർത്തികളില്‍ താല്പര്യം ഇല്ലാതെ വരിക, ജീവിതത്തില്‍ പ്രതീക്ഷ ഇല്ലായ്മ, കുറ്റബോധം, സ്വയം കുറ്റപ്പെടുത്തല്‍ എന്നിങ്ങനെ ജീവിതം മടുത്തു എന്ന തോന്നല്‍ വരെ ഈ ചിന്തകള്‍ കൊണ്ടെത്തിച്ചേക്കാം.

അമിതമായ നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാന്‍ നാം ശ്രമിക്കണം. പ്രത്യേകിച്ച് കൊവിഡ് പശ്ചാത്തലത്തില്‍ ജീവിത സാഹചര്യങ്ങളില്‍ വളരെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. മുമ്പത്തെ അപേക്ഷിച്ച് അധികം ഫ്രീ ടൈം കിട്ടുമ്പോള്‍ സ്വയം വിമർശിക്കുന്ന നെഗറ്റീവ് ആയ ചിന്തകളെ പ്രോത്സാഹിപ്പിക്കരുത്. 

എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ ബിസിയായി ഇരിക്കാന്‍ ശ്രമിക്കാം. പ്രത്യേകിച്ചും പരീക്ഷ അടുക്കുമ്പോള്‍ കുട്ടികളിലും, മുതിർന്നവരിൽ ജോലി സംബന്ധമായ പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും ഒക്കെ കൂടുതല്‍ ഉള്ള സാഹചര്യത്തില്‍ മനസ്സ് വിഷാദത്തിലേക്കോ ഉൽകണ്ഠയിലേക്കോ പോകുന്നതായി തോന്നിയാല്‍ അത് വളരെ ​ഗൗരവമായി എടുക്കണം.

നെഗറ്റീവ് ചിന്തകള്‍ അലട്ടുന്നുണ്ടോ...? അറിയേണ്ട ചിലത്

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Consultation Near TMM Hospital
Telephone Consultation Available
For AppointmentsCall: 8281933323

click me!