ഇതെന്താണ് സാധനമെന്ന് മനസിലായോ? വൈറലായി ഫോട്ടോ

By Web Team  |  First Published Aug 11, 2022, 10:53 AM IST

കണ്ടാല്‍ എന്താണെന്ന് ഒറ്റനോട്ടത്തിലൊന്നും മനസിലാക്കാൻ സാധിക്കാത്ത ചിത്രം തന്നെയിത്. എന്തായാലും വെള്ളം കാണുമ്പോള്‍ ഇത്, കടല്‍ജീവിയോ വെള്ളത്തില്‍ കഴിയുന്ന ജീവിയോ ആണെന്ന് ഊഹിക്കാം, അല്ലേ?


നമുക്കറിയാത്തതും കേട്ടുകേള്‍വി പോലുമില്ലാത്തതുമായി എന്തെന്തെല്ലാം കാര്യങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയ വഴി നമ്മെ തേടിയെത്തുന്നത്. ചിലത് വീഡിയോകളാകാം. ചിലത് വെറും ചിത്രങ്ങളാകാം. അങ്ങനെ ചുരുങ്ങിയ വിവരങ്ങളില്‍ കൂടിയാണെങ്കിലും പുതിയ അറിവുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം എന്നും നേടുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നൊരു ചിത്രമാണിത്. കണ്ടാല്‍ എന്താണെന്ന് ഒറ്റനോട്ടത്തിലൊന്നും മനസിലാക്കാൻ സാധിക്കാത്ത ചിത്രം തന്നെയിത്. എന്തായാലും വെള്ളം കാണുമ്പോള്‍ ഇത്, കടല്‍ജീവിയോ വെള്ളത്തില്‍ കഴിയുന്ന ജീവിയോ ആണെന്ന് ഊഹിക്കാം, അല്ലേ?

Latest Videos

undefined

ഊഹം ശരിതന്നെ. കടല്‍ജീവിയായ ഒരിനം ജെല്ലിഫിഷ് ആണിത്. ചത്ത്, തീരത്തടിഞ്ഞ ജെല്ലി ഫിഷിന്‍റെ അസാധാരണമായ വലുപ്പം തന്നെയാണ് ഏവരെയും കൗതുകത്തിലാക്കുന്നത്. സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോട്ടോ ആണിത്. എന്നാലിപ്പോള്‍ എങ്ങനെയൊക്കെയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ചത്ത ശേഷം, അല്‍പം ചീഞ്ഞ അവസ്ഥയിലാണ് ജെല്ലി ഫിഷുള്ളത്. ഇതിന്‍റെ വലുപ്പം കാണിക്കാൻ വേണ്ടി, ഒരു സ്ത്രീ ഇതിന് തൊട്ടടുത്തായി തന്‍റെ പാദം നീട്ടിവച്ചിരിക്കുന്നു. അങ്ങനെയാണ് ജെല്ലി ഫിഷിന്‍റെ വലുപ്പം നമുക്ക് വ്യക്തമാകുന്നത്. 

ദക്ഷിണ കൊറിയയിലെ ഇന്‍കിയോണ്‍ എന്ന തീരത്ത് വച്ച് 2008ല്‍ പകര്‍ത്തിയതാണത്രേ ഈ ഫോട്ടോ. 1-1.5 മീറ്റര്‍ വീതിയുള്ള വമ്പൻ ജെല്ലി ഫിഷ്, നോമുറാസ് ജെല്ലിഫിഷ് എന്നറിയപ്പെടുന്ന ഇനമാണെന്ന് ജെല്ലി ഫിഷ് വിദഗ്ധനായ ഗില്‍ മാപ്സ്റ്റോണ്‍ പറയുന്നു. ലണ്ടനിലെ 'നാച്വറല്‍ ഹിസ്റ്ററി മ്യൂസിയ'ത്തില്‍ സയന്‍റിഫിക് അസോസിയേറ്റ് ആണ് ഗില്‍. 

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ജെല്ലി ഫിഷ് ഇനമായ 'ലയണ്‍സ് മെയിൻ ജെല്ലിഫിഷി'നോളം തന്നെ വലുപ്പം വരുന്ന നോമുറാസ് ജെല്ലി ഫിഷുകള്‍ കാണപ്പെടാറുണ്ടത്രേ. അങ്ങനെയൊരെണ്ണമാകാം ഇതും എന്നാണ് അനുമാനം. ഈസ്റ്റ് ചൈനയിലും ഇത് കാണപ്പെടാറുണ്ടത്രേ. 

ഇവയുടെ നീണ്ട 'ടെന്‍റക്കിള്‍' എന്നറിയപ്പെടുന്ന വള്ളി പോലുള്ള ഭാഗങ്ങളില്‍ വിഷം നിറഞ്ഞിരിക്കുന്നു. ഇത് മനുഷ്യരിലേക്ക് എത്തിയാല്‍ ചൊറിച്ചിലും നീരും അടക്കമുള്ള ചെറിയ അസ്വസ്ഥതകള്‍ തുടങ്ങി ജീവൻ  പോകുന്ന സാഹചര്യത്തിലേക്ക് വരെയെത്താം. 

പൊതുവെ ജെല്ലി ഫിഷുകള്‍ മനുഷ്യരെ അങ്ങോട്ട് കയറി ആക്രമിക്കുന്ന ജീവികളല്ല. എന്നാല്‍ അബദ്ധത്തില്‍ നമ്മള്‍ അവരെ സ്പര്‍ശിച്ചാലും മതി അവ ആക്രമിക്കാൻ. മിക്ക ഇനങ്ങളിലും വിഷം കാണുന്നതാണ്. അതുകൊണ്ട് തന്നെ ഇവയുള്ള ജലാശയങ്ങളില്‍ ഇറങ്ങാൻ പോലും ആളുകള്‍ മടിക്കാറുണ്ട്. ജെല്ലി ഫിഷിന്‍റെ കടിയേറ്റ് നിരവധി പേര്‍ മരിച്ചിട്ടുമുണ്ട്. ഇന്ത്യയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

Also Read:- നീന്തലിനിടെ ബോക്‌സ് ജെല്ലി ഫിഷിന്റെ കടിയേറ്റു; പതിനേഴുകാരന്‍ മരിച്ചു

click me!