വീട് വിറ്റ് പേരക്കുട്ടിയെ പഠിക്കാനയച്ചു; ഇപ്പോള്‍ ജീവിതം ഓട്ടോയില്‍...

By Web Team  |  First Published Feb 12, 2021, 2:49 PM IST

''ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയവനാണ്. അവന്‍ പിന്നെ മടങ്ങിയില്ല. അവനോടൊപ്പം എന്റെ ഒരു ഭാഗവും മരിച്ചുപോയി. പക്ഷേ ഒന്ന് കരയാനുള്ള സമയമോ സാഹചര്യമോ പോലും എനിക്കുണ്ടായിരുന്നില്ല. അവന്‍ മരിച്ച് പിറ്റേ ദിവസം തന്നെ ഞാന്‍ ഓട്ടോയുമായി റോഡിലിറങ്ങി...''


കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് അവരെ പഠിപ്പിക്കുകയെന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം പലര്‍ക്കും മക്കളെ സ്‌കൂളിലോ കോളേജിലോ അയച്ച് പഠിപ്പിക്കാനുള്ള സാഹചര്യമില്ലാതെ വരാറുണ്ട്. 

വാര്‍ധക്യകാലത്ത് അത്തരമൊരു പ്രതിസന്ധി നേരിട്ട ദേസ് രാജ് എന്ന ഓട്ടോ ഡ്രൈവറുടെ കഥ ഒന്ന് കേള്‍ക്കണം. മുന്നോട്ടുള്ള ജീവിതത്തിനായി ഓരോരുത്തരെയും അകമഴിഞ്ഞ് പ്രേരിപ്പിക്കും ഈ കഥ. 

Latest Videos

undefined

മുംബൈയില്‍ വര്‍ഷങ്ങളായി ഓട്ടോ ഡ്രൈവറാണ് ദേസ്‍രാജ്. ഭാര്യയും രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരും മക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ആറ് വര്‍ഷം മുമ്പ് മൂത്ത മകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആളെ പിന്നീട് കാണാതാവുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കിട്ടിയത്. 

മകന്റെ മരണത്തില്‍ ദുഖിച്ചിരിക്കാന്‍ പോലും ദേസ്‍രാജിജിനായില്ല. താന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കുടുംബം പട്ടിണിയിലാകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 

'ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയവനാണ്. അവന്‍ പിന്നെ മടങ്ങിയില്ല. അവനോടൊപ്പം എന്റെ ഒരു ഭാഗവും മരിച്ചുപോയി. പക്ഷേ ഒന്ന് കരയാനുള്ള സമയമോ സാഹചര്യമോ പോലും എനിക്കുണ്ടായിരുന്നില്ല. അവന്‍ മരിച്ച് പിറ്റേ ദിവസം തന്നെ ഞാന്‍ ഓട്ടോയുമായി റോഡിലിറങ്ങി. അത്രമാത്രം ഭാരിച്ചതായിരുന്നു എന്റെ ഉത്തരവാദിത്തങ്ങള്‍...'- ദേസ്‍രാജ് 'ഹ്യൂമണ്‍സ് ഓഫ് ബോംബെ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇളയ മകനും മരിച്ചു. അത് ആത്മഹത്യയായിരുന്നു. അങ്ങനെ ആ കുടുംബത്തിന്റെ ബാധ്യതയും ദേസ്‍രാജ് ഏറ്റെടുത്തു. അന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്ന പേരക്കുട്ടി വന്ന് ദേസ്‍രാജിനോട് താന്‍ സ്‌കൂളില്‍ പോകുന്നത് അവസാനിപ്പിക്കണമോ എന്ന് ചോദിച്ചപ്പോള്‍ ദേസ്‍രാജ് അവളെ സമാധാനിപ്പിച്ചു. ആഗ്രഹമുള്ളയത്രയും പഠിപ്പിക്കാമെന്ന് അവള്‍ക്ക് ഉറപ്പുനല്‍കി. 

പിന്നീടങ്ങോട്ട് ഏഴംഗ കുടുംബത്തെ സംരക്ഷിക്കാന്‍ രാപ്പകലില്ലാത്ത അധ്വാനത്തിലായിരുന്നു ദേസ്‍രാജ്. രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെ ഓട്ടോ ഓടിക്കും. പതിനായിരം രൂപയാണ് മാസം ഉണ്ടാക്കാനാവുക. ഇതില്‍ ആറായിരം രൂപ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് ചെലവാകും. 4000 രൂപ കൊണ്ടാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. 

ചില ദിവസം ഭക്ഷണത്തിനുള്ള വകുപ്പില്ലാതെ പട്ടിണി കിടക്കാറുണ്ടെന്നും ദുഖമൊളിപ്പിച്ചുവച്ച ചിരിയോടെ ഈ വൃദ്ധന്‍ പറയുന്നു. മകന്റെ മകള്‍ പ്ലസ് ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയപ്പോള്‍ അന്നുവരെ അനുഭവിച്ച എല്ലാ സങ്കടങ്ങളും എങ്ങോട്ടോ ഒലിച്ചുപോയത് പോലെ തോന്നിയെന്നും അന്ന് മുഴുവന്‍ ഓട്ടോ ഓടിച്ചത് ഒരു രൂപ പോലും കൂലിയായി ആരുടെ കയ്യില്‍ നിന്നും വാങ്ങിക്കാതെയാണെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

എന്നാല്‍ അവള്‍ക്ക് ദില്ലിയില്‍ പോയി ബിഎഡിന് ചേരണമെന്ന് പറഞ്ഞപ്പോള്‍ മാത്രം ദേസ്‍രാജ് കടുത്ത പ്രതിസന്ധിയിലായിപ്പോയി. പക്ഷേ അതിനും ദേസ്‍രാജ് ഒരു മാര്‍ഗം കണ്ടെത്തി. മുംബൈയില്‍ കുടുംബം താമസിക്കുന്ന ചെറിയ വീട് വില്‍ക്കുക. അങ്ങനെ വീട് വിറ്റ കാശ് കൊണ്ട് അവളെ ബിഎഡിന് ചേര്‍ത്തു. മറ്റ് അംഗങ്ങളെയെല്ലാം ദൂരെ ഗ്രാമത്തിലുള്ള ബന്ധുവീട്ടിലേക്കയച്ചു. 

തുടര്‍ന്ന് ജീവിതം മുഴുവന്‍ സമയവും ഓട്ടോയില്‍ തന്നെയായി. പകല്‍ യാത്രക്കാരുമായി ഓടും. ഭക്ഷണം ഓട്ടോയിലിരുന്ന് തന്നെ. രാത്രി ഉറക്കവും ഓട്ടോയ്ക്കകത്ത്. എന്ത് കഷ്ടപ്പാട് സഹിച്ചാലും ഒരുദിവസം പേരക്കിടാവ് അധ്യാപികയായി തിരിച്ചെത്തുമല്ലോ എന്ന പ്രതീക്ഷ അദ്ദേഹത്തെ നയിക്കുകയാണ്. 

'എനിക്ക് അവളെ അധ്യാപികയായി കാണാന്‍ തിടുക്കമാണ്. അന്ന് ഞാനവളെ ചേര്‍ത്തുപിടിച്ചിട്ട് പറയും, നീ എനിക്കഭിമാനമാണെന്ന്. ഞങ്ങളുടെ കുടുംബത്തിലെ ആദ്യ ബിരുദധാരിയും അവളായിരിക്കും...'- ദേസ്‍രാജ് പറയുന്നു. അന്നും യാത്രക്കാര്‍ക്ക് 'ഫ്രീ ട്രിപ്പ്' നല്‍കിയായിരിക്കും താന്‍ സന്തോഷം പങ്കിടുകയെന്നും അദ്ദേഹം പറയുന്നു. 

'ഹ്യൂമണ്‍സ് ഓഫ് ബോംബെ'യുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന ദേസ്‍രാജിന്റെ അഭിമുഖം, ചുരുങ്ങിയ സമയത്തിനകമാണ് വൈറലായത്. ദുരിതങ്ങളില്‍ പതറാതെ ഒരു കുടുംബത്തെയാകെയും സംരക്ഷിച്ചുകൊണ്ടുപോകുന്ന വൃദ്ധന്റെ ഇച്ഛാശക്തിക്ക് കയ്യടിക്കുന്നതിനൊപ്പം തന്നെ സുമനസുകളായ നിരവധി പേരാണ് ദേസ്‍രാജിന് സാമ്പത്തികസഹായവുമായി എത്തിയിരിക്കുന്നത്. എന്തെങ്കിലും നിരാശയോ ദുഖമോ തോന്നിയാല്‍ ഉടന്‍ തന്നെ ജീവിതമുപേക്ഷിച്ച് മരണത്തിലേക്ക് കടന്നുകളയാന്‍ ആഗ്രഹിക്കുന്ന ധാരാളം ചെറുപ്പക്കാരെ ഇന്ന് കാണാനാകും. ഇത്തരക്കാര്‍ക്കെല്ലാം വലിയ പ്രചോദനം കൂടിയാണ് ദേസ് രാജ്.

 

 

Also Read:- 'ഒരുപാട് അനുഭവിച്ചു'; വാക്‌സിനെടുത്ത ശേഷം മഹാമാരിക്കാലത്തെ ജീവിതം പറഞ്ഞ് മോര്‍ച്ചറി ജീവനക്കാരന്‍...

click me!