നീലംപേരൂരിൻ്റെ മാനസസരസിലേക്ക് അരയന്നങ്ങൾ വീണ്ടും പറന്നിറങ്ങുന്നു

By Web Team  |  First Published Aug 27, 2022, 3:52 PM IST

2022, സെപ്തംബർ 9 ന് ചൂട്ടുവയ്പിൽ തുടങ്ങി 23, 24 തീയതികളിലാണ് ഇക്കൊല്ലം മകം, പൂരം പടയണികൾ നടക്കുന്നത്. കൊറോണ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പടയണി, ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തുകയായിരുന്നു.


രണ്ട് വർഷങ്ങൾക്കു ശേഷം നീലംപേരൂർ, പൂരം-പടയണി ആഘോഷങ്ങളുടെ നിറച്ചാർത്തിലേക്ക്. ആലപ്പുഴ ജില്ലയിൽ, കുട്ടനാട് താലൂക്കിൽ, കോട്ടയം ജില്ലയോട് അതിരു പങ്കിടുന്ന നീലംപേരൂരിന് ഓണം കഴിഞ്ഞാൽ പുതിയ ഒരു ഉണർവാണ്. ചിങ്ങമാസത്തിലെ അവിട്ടം നാൾ തുടങ്ങി പൂരം നാൾ വരെ, പതിനാറു ദിവസം നീളുന്ന പടയണി ഉത്സവം മറ്റു പടയണികളിൽ നിന്ന് വ്യത്യസ്തമാണ്. പ്രകൃതിയോടിത്രയധികം ഇഴുകിച്ചേർന്ന് നിൽക്കുന്ന ഉത്സവങ്ങൾ ഏറെ ഇല്ല.

 ഏകദേശം 1700 വർഷം പഴക്കമുണ്ട് എന്ന് പറയപ്പെടുന്ന നീലംപേരൂർ ക്ഷേത്രത്തിൽ, പടയണി ആരംഭിച്ചത്‌ ചേരമാൻ പെരുമാളിന്റെ വരവു പ്രമാണിച്ചാണത്രെ. ചേരമാൻ പെരുമാൾ ഒരു നാൾ തിരുവഞ്ചിക്കുളത്തു നിന്നും കായൽ വഴി വള്ളത്തിൽ സഞ്ചരിച്ചു വരുമ്പോൾ നീലംപേരൂർ പ്രദേശത്തിന്റെ ഭൂപ്രകൃതി കണ്ട്‌ ആകൃഷ്ടനായി. ഗ്രാമത്തിൽ കൊട്ടാരം പണികഴിപ്പിച്ച്‌ അവിടെ താമസമാക്കി. പെരുമാൾ തൻ്റെ ഉപാസനാമൂർത്തിയായ പെരിഞ്ഞനത്തു ഭഗവതിയെ നീലമ്പേരൂരിലെ പത്തില്ലത്ത്‌ പോറ്റിമാരുടെ വകയായിരുന്ന ശിവക്ഷേത്രത്തിന്‌ വടക്കുവശം വടക്കുദർശനമായി ക്ഷേത്രം നിർമിച്ച്‌ പ്രതിഷ്‌ഠിച്ചു. രാജാവ് നേരിട്ടു പ്രതിഷ്‌ഠ കഴിപ്പിച്ച തിനാൽ ക്ഷേത്രത്തിന്‌ "പള്ളിഭഗവതി" ക്ഷേത്രമെന്ന്‌ പേരിട്ടു. കലാപ്രകടനങ്ങൾ കണ്ടാസ്വദിക്കാൻ പെരുമാൾ കൊട്ടാര മാളികയിൽ എഴുന്നള്ളിയിരുന്നു. പടയണി ആരംഭിച്ചത്‌ ഇതിൻറെ ഓർമ്മ പുതുക്കാനാണ് എന്നാണ്‌ വിശ്വാസം.

Latest Videos

undefined

നീലംപേരൂർ പടയണി ചരിത്രവും, ഐതീഹ്യങ്ങളും  നിറഞ്ഞ ഒരു  ആഘോഷമാണെന്നിരിക്കെ, പതിനാറു ദിവസം ചടങ്ങുകളും നിറങ്ങൾ ചാർത്തുന കോലങ്ങളും  ക്രമമനുസരിച്ച് വരാൻ ഉതകുന്നൊരു കഥ കൂടി ചേർത്തിണക്കിയാണ് നീലംപേരൂരിലെ പൂർവികർ പടയണി ചിട്ടപ്പെടുത്തിയത്. ദ്രൗപതിക്കു വേണ്ടി കല്യാണസൗഗന്ധികം അന്വേഷിച്ചിറങ്ങിയ ഭീമൻ്റെ കാഴ്ചകളാണ് പടയണിക്കോലങ്ങളായി, പടയണിത്താളത്തിൽ ഓരോ ദിവസവും കളത്തിൽ വരിക. രാത്രി ഇരുണ്ട കാട്ടിലേക്കു പുറപ്പെടുമ്പോൾ കത്തിക്കുന്ന ചൂട്ടുകറ്റ മുതൽ പതിനാറാം ദിവസം, കുബേരൻ്റെ കൊട്ടാരത്തിൽ, മാനസസരസിൽ, പുഷ്പത്തോടൊപ്പം നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ വരെയുള്ള കാഴ്ചകൾ. അവിട്ടം നാളിൽ "ചൂട്ടുവയ്പ്" കഴിഞ്ഞാൽ, നാലു ദിവസത്തിനു ശേഷമാണ് പടയണിക്കളത്തിൽ ആദ്യമായി പച്ച നിറം വരുന്നത്. 

പൂമരം, പാറാവളയം, തട്ടുകുട തുടങ്ങി ഭീമൻ്റെ ആദ്യ കാഴ്ചകൾ, ഇലകളും, ചെത്തിപ്പൂവും മാത്രം ഉപയോഗിച്ച് സൃഷ്ടിക്കുന്നു. എട്ടാം ദിവസം 'കുട നിർത്ത്' ആണ്, കുടം പൂജകളിയും മറ്റ് ചടങ്ങുകളും ഉള്ള ആദ്യ പടയണി. പിറ്റേന്നു മുതൽ പ്ലാവിലകൾ കോർത്ത് ഉണ്ടാക്കുന്ന രൂപങ്ങളാണ് ഈ ഘട്ടത്തിൽ കോലങ്ങളായി വരിക. ഭീമൻ, ഹനുമാൻ, താപസി തുടങ്ങി പ്ലാവിലക്കോലങ്ങൾ അടുത്ത നാലു ദിവസങ്ങളിൽ കാണാം. "പ്ലാവില നിർത്ത് " കഴിഞ്ഞാൽ ആണ് ഏറ്റവും ഭംഗിയോടെ വെള്ള നിറം കളത്തിൽ എത്തുക. കുരുത്തോലയിൽ മെടയുന്ന കാവൽ പിശാചും നല്ല തിളങ്ങുന്ന വാഴപ്പോളയിൽ അലങ്കരിച്ച കൊടിക്കൂറ യും പടയണിക്കളത്തിൻ്റെ നിറങ്ങൾക്ക് പൂർണത വരുത്തുന്നു. 

പിന്നെയാണ് രണ്ട് വലിയ പടയണി ദിവസങ്ങൾ. മകം പടയണി ദിവസം, വാഴപ്പോളയും, കുരുത്തോലയും, ചെത്തിപ്പൂക്കളും ഉപയോഗിച്ച് നിർമ്മിക്കുന്ന അമ്പലക്കോട്ടയാണ് താരം. കൂടെ രണ്ട് ചെറിയന്നങ്ങളും. ഭീമൻ ദൂരേ നിന്ന് കുബേരൻ്റെ കൊട്ടാരം കാണുന്നു എന്ന് പറയാം. മകം നാൾ മുതൽ പടയണിക്കളം ആബാലവൃദ്ധം ജനങ്ങളാൽ നിറയും.

ചെത്തിപ്പൂവിൻ്റെ ചോപ്പിനെ, താമരയിലയുടെ പച്ചയെ, വാഴയുടെയും കുരുത്തോലയുടെയും ഇളം മഞ്ഞ ചേർന്ന വെളുപ്പിനെ... ഒക്കെ ഇത്ര കലാപരമായി, ഭംഗിയായി ചേർത്തു വയ്ക്കാമെന്ന് ഏതോ കാലത്തിൽ തന്നെ ഇന്നാട്ടുകാർ മനസിലാക്കിയിരിക്കുന്നു. പൂരം നാളിൽ പടയണിയുടെ മുഖമുദ്രയായ വലിയന്നവും, ഭീമനും, യക്ഷിയും, അഴകിയ രാവണനും, ചെറിയന്നങ്ങളുമെല്ലാം ഈ നിറങ്ങളിൽ ഒരുങ്ങി കോലങ്ങളായി പടയണിക്കളത്തിൽ നിരന്നു കഴിയുമ്പൊ രാത്രി, ചൂട്ടു വെട്ടത്തിൽ പടയണിയുടെ  ഭംഗി പരിപൂർണതയിലെത്തുന്നു. ഒപ്പം പടയണിത്താളത്തിൽ, വായ്ത്താരികളുടെ അകമ്പടിയോടെ ഓരോ കോലങ്ങളായി നാട്ടുകാർ, ചുവടുകളോടെ ചുമന്ന് ഭഗവതിക്കു മുമ്പിൽ എഴുന്നള്ളിക്കുന്നു.

പതിനാറു ദിവസത്തെ ആവേശം മൂർദ്ധന്യാവസ്ഥ കൈവരിക്കുമ്പൊ പടയണിക്ക് പര്യവസാനമെന്നോണം അവസാനമായി കത്തിനിൽക്കുന്ന ചൂട്ടുകൾ നിലത്തമർന്ന് അണയും. അത്രയും നേരം നിർത്താതെ മിടിച്ചു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് നിന്നു പോയതുപോലെ നീലംപേരൂർ നിശബ്ദമാകും.  പിന്നീട്, പതിനാറു ദിവസവും വ്രതമെടുത്ത് ഇരുന്ന ആൾ തനിയെ ആളും, വെളിച്ചവും ഒഴിഞ്ഞ ക്ഷേത്രപരിസരത്ത് അരിയും തിരിയും വെയ്പ് എന്ന ചടങ്ങ് നടത്തുന്നതോട് കൂടി പടയണിക്ക് സമാപനം ആകുന്നു. 2022, സെപ്തംബർ 9 ന് ചൂട്ടുവയ്പിൽ തുടങ്ങി 23, 24 തീയതികളിലാണ് ഇക്കൊല്ലം മകം, പൂരം പടയണികൾ നടക്കുന്നത്. കൊറോണ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പടയണി, ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തുകയായിരുന്നു.

 

click me!