ഉടമസ്ഥയായ സ്ത്രീ മരിച്ചു, സങ്കടം സഹിക്കാനാവാതെ വളർത്തുപട്ടി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു

By Web Team  |  First Published Jul 3, 2020, 2:05 PM IST

പരിക്കേറ്റ് പുഴുവരിച്ച നിലയിൽ തെരുവിൽ കണ്ടെത്തിയ ജയയെ 12 വർഷങ്ങൾക്കു മുമ്പാണ് ഡോ. അനിത വീട്ടിലേക്ക് കൂടെക്കൂട്ടിയത് 


ഹൃദയത്തെ പിടിച്ചുലക്കുന്ന ഒരു സംഭവമാണ് കാൺപൂരിൽ നിന്ന് പുറത്തുവന്നിട്ടുള്ളത്. തന്നെ പരിപാലിച്ചിരുന്ന ഉടമസ്ഥയായ സ്ത്രീ വൃക്കരോഗം മൂർച്ഛിച്ച് മരിച്ചതിന്റെ സങ്കടം സഹിക്കാനാവാതെ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് നിന്ന് എടുത്തുചാടി ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് അവരുടെ വളർത്തുപട്ടി. കാൺപൂരിലെ ബർറ ഏരിയയിലാണ് സംഭവം. IANS  ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അനിതാ രാജ് സിംഗ് എന്ന ഡോക്ടറുടെ പ്രിയപ്പെട്ട വളർത്തു പട്ടിയായിരുന്നു ജയ. ഏറെ നാളായി വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഡോ. അനിത, കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ച് മരിച്ചുപോയി. ആശുപത്രിയിൽ വെച്ച് മരണപ്പെട്ട ഡോക്ടറുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ജയ മരണവിവരം അറിയുന്നത്. ബോഡി കൊണ്ടുവന്ന നിമിഷം മുതൽ നിർത്താതെ മോങ്ങുകയും കുരയ്ക്കുകയും ഒക്കെയായിരുന്നു ജയയെന്ന് ഡോക്ടറുടെ മകൻ തേജസ് പറഞ്ഞു. മരണവിവരമറിഞ്ഞ നിമിഷം തൊട്ട്, ഒരു വറ്റ് ഭക്ഷണമിറക്കാനോ, ഒരു തുള്ളി വെള്ളം കുടിക്കാനോ അവൾ തയ്യാറായിരുന്നില്ല.  

Latest Videos

undefined

അൽപനേരം കഴിഞ്ഞപ്പോഴേക്കും ഫ്ലാറ്റിന്റെ ടെറസ്സിലേക്ക് കോണിപ്പടികൾ കയറിപ്പോയി മട്ടുപ്പാവിൽ നിന്ന് എടുത്തു ചാടുകയായിരുന്നു പട്ടി എന്ന്  തേജസ്സ് പറയുന്നു. താഴെ വീണു ഗുരുതരമായി പരിക്കേറ്റ ജയയെ തേജസ് അടുത്തുള്ള മൃഗാശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും അത് മരണപ്പെട്ടിരുന്നു. അമ്മയുടെ മരണവിവരം മനസ്സിലാക്കിയ നിമിഷം തൊട്ട് വളർത്തുപട്ടി ജയ കടുത്ത ഡിപ്രഷനിലായിരുന്നു എന്ന് തേജസ് പറയുന്നു.

ഡോ. അനിതയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വന്ന കുടുംബക്കാർ വീട്ടുവളപ്പിൽ തന്നെ ജയയുടെ മൃതദേഹവും സംസ്കരിച്ചു. ഒരിക്കൽ നടക്കാൻ ഇറങ്ങിയപ്പോൾ പരിക്കേറ്റ് പുഴുവരിച്ച നിലയിൽ തെരുവിൽ കണ്ടെത്തിയ ജയയെ 12 വർഷങ്ങൾക്കു മുമ്പാണ് അമ്മ വീട്ടിലേക്ക് കൂടെക്കൂട്ടിയത് എന്ന് തേജസ് ഓർക്കുന്നു. വീട്ടിൽ കൊണ്ടുവന്ന് മരുന്നുകൾ നൽകി ചികിത്സിച്ച് രോഗം ഭേദമാക്കിയ ശേഷവും ജയയെ തിരികെ തെരുവിലേക്ക് ഇറക്കിവിടാൻ ഡോ. അനിതയ്ക്ക് മനസ്സുണ്ടായില്ല. അന്നുതൊട്ട് അവരുടെ വീട്ടിലെ ഒരംഗത്തെപ്പോലെ, ഡോക്ടറുടെ പ്രിയപ്പെട്ടവളായി കഴിഞ്ഞുകൂടിയിരുന്ന ജയ എന്ന പട്ടിക്ക് ഒടുവിൽ തന്നെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയ അമ്മയുടെ വിയോഗം താങ്ങാനായില്ല. ഡോക്ടർ അനിതയ്ക്ക് പിന്നാലെ ജയയും ഈ ലോകം വിട്ട് അവരുടെ കൂടെ ഇറങ്ങിപ്പോയി. 

click me!