Online Food Delivery : ഓര്‍ഡര്‍ ചെയ്ത ഭക്ഷണം സമയത്തിനെത്തിയില്ല; ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത്...

By Web Team  |  First Published Aug 11, 2022, 5:22 PM IST

ലിങ്കിഡിനിലാണ് രോഹിത് തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. സമയത്തിന് ഭക്ഷണമെത്താത്തതിനെ തുടര്‍ന്ന് അല്‍പം അക്ഷമയോടെ ഡെലിവെറി എക്സിക്യൂട്ടീവിനെ പലവട്ടം വിളിച്ചെങ്കിലും ക്ഷമാപൂര്‍വം വൈകാതെ എത്തുമെന്ന മറുപടിയായിരുന്നു രോഹിതിന് ലഭിച്ചുകൊണ്ടിരുന്നത്. 


ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് ഏറെ സാധാരണമായ കാര്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. ജോലിത്തിരക്കുകള്‍ക്കിടെ ഭക്ഷണം പാകം ചെയ്യാൻ സാധിക്കാത്തവര്‍ക്കെല്ലാം വലിയ ആശ്വാസമാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി.

എന്നാല്‍ ചിലപ്പോഴെങ്കില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുമായി ബന്ധപ്പെട്ട് കാര്യമായ പരാതികള്‍ ഉയരാറുണ്ട്. സമയത്തിന് ഭക്ഷണമെത്തുന്നില്ല എന്നതാണ് ഇക്കൂട്ടത്തില്‍ ഉയര്‍ന്നുകേള്‍ക്കാറുള്ളൊരു പരാതി. ഇത്തരമൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ബംഗലൂരുവില്‍ നിന്നുള്ള രോഹിത് കുമാര്‍ സിംഗ് എന്നയാള്‍. 

Latest Videos

undefined

ഞായറാഴ്ച, സ്വിഗ്ഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം സമയത്തിന് ഓര്‍ഡറെത്താതിരുന്നത് മൂലം പലതവണ ഡെലിവെറി എക്സിക്യുട്ടീവിനെ വിളിച്ചതിനെകുറിച്ചും അവസാനം ഡെലിവെറി എക്സിക്യൂട്ടീവ് എത്തിയപ്പോള്‍ അപ്രതീക്ഷിതമായ കാഴ്ച കണ്ട് അമ്പരന്നതിനെ കുറിച്ചുമെല്ലാമാണ് രോഹിത് പങ്കുവച്ചിരിക്കുന്നത്. 

ലിങ്കിഡിനിലാണ് രോഹിത് തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. സമയത്തിന് ഭക്ഷണമെത്താത്തതിനെ തുടര്‍ന്ന് അല്‍പം അക്ഷമയോടെ ഡെലിവെറി എക്സിക്യൂട്ടീവിനെ പലവട്ടം വിളിച്ചെങ്കിലും ക്ഷമാപൂര്‍വം വൈകാതെ എത്തുമെന്ന മറുപടിയായിരുന്നു രോഹിതിന് ലഭിച്ചുകൊണ്ടിരുന്നത്. 

'ഞാനയാളെ വീണ്ടും വിളിച്ചു. വിശന്നിട്ട് വയ്യ, പെട്ടെന്ന് വരുമോ ചേട്ടാ എന്ന് ചോദിച്ചു. അപ്പോഴും അദ്ദേഹം വളരെ ശാന്തനായി അഞ്ച് മിനുറ്റിനകം എത്തുമെന്ന് അറിയിച്ചു. ഒരു അഞ്ച്- പത്ത് മിനുറ്റിനകം അദ്ദേഹം എത്തുകയും ചെയ്തു. കോളിംഗ് ബെല്‍ ശബ്ദം കേട്ട് അക്ഷമയോടെ വാതില്‍ തുറക്കാൻ ഞാൻ ഓടി. വൈകിയെത്തിയതിലുള്ള ദേഷ്യം അറിയിക്കാനായിരിക്കണം ഞാൻ ആ തിടുക്കം കാട്ടിയത്. എന്നാല്‍ തുറന്ന വാതിലിനപ്പുറം കണ്ടത് തുറന്ന ചിരിയോടെ, അല്‍പം നര കയറിയ മുടിയോടെ നാല്‍പതുകളുടെ മധ്യത്തിലുള്ള ക്രച്ചസില്‍ കാലുകളുറപ്പിച്ച് നില്‍ക്കാൻ പാട് പെടുന്ന ഒരാളെയാണ്. അദ്ദേഹത്തിന്‍റെ കയ്യില്‍ എന്‍റെ ഭക്ഷണം. ഒരു സെക്കൻഡ് നേരത്തേക്ക് എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. എത്രമാത്രം ബുദ്ധിമുട്ടിയായിരിക്കും അദ്ദേഹം ഈ ഭക്ഷണം എനിക്കെത്തിച്ചത്. ഞാനിവിടെ സുഖമായി ഇരുന്ന് അദ്ദേഹത്തോടാണല്ലോ ദേഷ്യം വിചാരിച്ചത്...

വൈകാതെ തന്നെ അദ്ദേഹത്തോട് ഞാൻ ക്ഷമാപണം നടത്തി. കൃഷ്ണപ്പ റാത്തോഡ് എന്നാണ് അദ്ദേഹത്തിന്‍റെ പേര്. കൊവിഡ് കാലത്ത് ഒരു കഫേയിലുണ്ടായിരുന്ന ജോലി പോയതിന് ശേഷം സ്വിഗ്ഗിയില്‍ ഡെലിവെറി എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയാണ്. മൂന്ന് കുട്ടികളുള്ള ഇദ്ദേഹത്തിന് ഒരുപാട് സാമ്പത്തികപ്രയാസങ്ങളുണ്ട്. ദിവസം മുഴുവൻ ജോലി ചെയ്യും. കുടുംബത്തിന് വേണ്ടി മറ്റൊന്നും ചെയ്യാനില്ലല്ലോ. ഒരു രണ്ട്- മൂന്ന് മിനുറ്റ് നേരം കൊണ്ടാണ് അദ്ദേഹം ഇത്രയും പറഞ്ഞത്. അതിനുള്ളില്‍ തന്നെ അടുത്ത ഓര്‍ഡര്‍ വൈകും സാര്‍ എന്ന് പറഞ്ഞ് അദ്ദേഹം പിരിഞ്ഞു...'- രോഹിത് കുറിച്ച വാക്കുകളാണിത്.

രോഹിതിന്‍റെ കുറിപ്പും രോഹിത് പങ്കുവച്ച കൃഷ്ണപ്പയുടെ ഫോട്ടോയുമെല്ലാം ഇപ്പോള്‍ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. കൃഷ്ണപ്പയ്കക്ക് സാമ്പത്തികസഹായം നല്‍കാൻ താല്‍പര്യപ്പെടുന്നവര്‍ക്ക് അത് നല്‍കാനുള്ള മാര്‍ഗവും രോഹിത് കുറിപ്പിനൊപ്പം വിശദീകരിച്ചിട്ടുണ്ട്. തന്നെ ബന്ധപ്പെട്ടാല്‍ അതിനുള്ള സംവിധാനമൊരുക്കി നല്‍കാമെന്നാണ് രോഹിത് പറയുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഭിന്നശേഷിക്കാരനായ ഒരു ഓണ്‍ലൈൻ ഫുഡ് ഡെലിവെറി എക്സിക്യൂട്ടീവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓണ്‍ലൈൻ ഫുഡ് കമ്പനികള്‍ ഭിന്നശേഷിക്കാരെ ഈ രീതിയില്‍ പരിഗണിക്കുന്നതിന് വലിയ അംഗീകാരവും അഭിനന്ദനവുമാണ് ലഭിക്കാറ്. 

Also Read:- ഈ ഡെലിവെറി ബോയിക്ക് സോഷ്യൽ മീഡിയയിൽ കയ്യടിയാണ്...

click me!