Uber Cab :യാത്രക്കാരെ 'പൊന്നുപോലെ' നോക്കുന്ന ഡ്രൈവര്‍; അനുഭവം പങ്കിട്ട് യുവാവ്

By Web Team  |  First Published Aug 20, 2022, 9:31 AM IST

രാത്രി മുഴുവൻ ഉറങ്ങാതെ ഫ്ലൈറ്റില്‍ യാത്ര ചെയ്ത് എത്തിയ ശേഷം യാത്രക്കായി തെരഞ്ഞെടുത്ത ഊബര്‍ ടാക്സിയുടെ ഡ്രൈവറില്‍ നിന്നുണ്ടായ സ്നേഹപൂര്‍ണമായ പെരുമാറ്റത്തെ കുറിച്ചാണ് ഹര്‍ഷ് പറയുന്നത്. രാത്രി മുഴുവൻ ഉറങ്ങാനാകാത്തതിന്‍റെ ക്ഷീണമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് ഡ്രൈവര്‍ കാറിന്‍റെ സീറ്റ് അതിന് സൗകര്യപ്പെടുംവിധം സജ്ജീകരിച്ചുനല്‍കി. 
 


മനുഷ്യര്‍ പരസ്പരം കാണിക്കേണ്ട അനുകമ്പ, കരുതല്‍ എന്നിവ പലപ്പോഴും നമുക്ക് അനുഭവപ്പെടാതെ പോകാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങനെയൊരു തണല്‍ അടുത്തുള്ളവരില്‍ നിന്ന് നാം പ്രതീക്ഷിക്കില്ലേ? ക്ഷീണിച്ച്, അവശരായിരിക്കെ പ്രത്യേകിച്ചും... 

അങ്ങനെയുള്ള അവസ്ഥകളില്‍ തീര്‍ത്തും അവിചാരിതമായി അപരിചിതരായ മനുഷ്യര്‍ വന്ന് ചേര്‍ത്തുപിടിച്ചാലോ, സ്നേഹത്തോടെ ഒന്ന് പരിചരിച്ചാലോ ഒരുപക്ഷേ അത്രയും നേരത്തെ സമ്മര്‍ദ്ദങ്ങളും തളര്‍ച്ചയുമെല്ലാം മാറാൻ അത് മാത്രം മതിയാകും. മനുഷ്യന്‍റെ പ്രത്യേകത തന്നെ ഈ കഴിവാണ്. 

Latest Videos

undefined

ഇങ്ങനെ മാനുഷികതയുടെ ഹൃദ്യമായൊരു അനുഭവത്തില്‍ കൂടി കടന്നുപോയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് ഹര്‍ഷ് ശര്‍മ്മ എന്ന യുവാവ്. ലിങ്കിഡിനിലാണ് ഹര്‍ഷ് ശര്‍മ്മ തന്‍റെ അനുഭവം പങ്കിട്ടത്. 

രാത്രി മുഴുവൻ ഉറങ്ങാതെ ഫ്ലൈറ്റില്‍ യാത്ര ചെയ്ത് എത്തിയ ശേഷം യാത്രക്കായി തെരഞ്ഞെടുത്ത ഊബര്‍ ടാക്സിയുടെ ഡ്രൈവറില്‍ നിന്നുണ്ടായ സ്നേഹപൂര്‍ണമായ പെരുമാറ്റത്തെ കുറിച്ചാണ് ഹര്‍ഷ് പറയുന്നത്. രാത്രി മുഴുവൻ ഉറങ്ങാനാകാത്തതിന്‍റെ ക്ഷീണമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് ഡ്രൈവര്‍ കാറിന്‍റെ സീറ്റ് അതിന് സൗകര്യപ്പെടുംവിധം സജ്ജീകരിച്ചുനല്‍കി. 

ഉറങ്ങാനൊരുങ്ങവേ, ബ്രേക്ക്ഫാസ്റ്റ് കഴിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വേണ്ട എന്ന് പറഞ്ഞെങ്കിലും ഉറങ്ങിക്കോളൂ, റെസ്റ്റോറന്‍റ് എത്തുമ്പോള്‍ ഞാന്‍ വിളിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 

ഊബര്‍ ഡ്രൈവറുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു ഹര്‍ഷ് അനുഭവം വിവരിച്ചത്. ഈ കാണുന്നയാള്‍ എന്‍റെ ബന്ധുവോ സുഹൃത്തോ ആരുമല്ല. എനിക്ക് അല്‍പം മുമ്പ് വരെ ഇദ്ദേഹത്തെ അറിയുക പോലുമില്ലായിരുന്നു. രവി എന്നാണിദ്ദേഹത്തിന്‍റെ പേര്- എന്ന ആമുഖത്തോടെയാണ് ഹര്‍ഷ് തന്‍റെ കുറിപ്പ് തുടങ്ങുന്നത്. 

ശേഷം ഒരു മണിക്കൂര്‍ കാറില്‍ ഉറങ്ങാൻ സൗകര്യം ചെയ്തുതന്ന് പിന്നീട് നല്ലൊരു റെസ്റ്റോറന്‍റിലും രവി തന്നെ കൊണ്ടുപോയതായി ഹര്‍ഷ് പറയുന്നു. അവിടെ ചെന്ന് തിരക്കിനിടെ തനിക്കായി ഒരു ടേബിള്‍ ഒരുക്കിത്തന്നു. മെനുവില്‍ നിന്ന് നല്ല ഭക്ഷണങ്ങള്‍ നിര്‍ദേശിച്ചു. ഒടുവില്‍ ഉറക്കച്ചടവ് മാറ്റാൻ കാപ്പിയും കുടിപ്പിച്ചു. ഒരു മണിക്കൂര്‍ മുമ്പ് കണ്ട ഒരാള്‍ എങ്ങനെയാണ് ഒരു മകനെ പോലെ തന്നെ ഇത്രയും കരുതലോടെ നോക്കിയതെന്നാണ് ഹര്‍ഷ് അതിശയപ്പെടുന്നത്. ഇദ്ദേഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ഊബര്‍ കമ്പനിയോട് ഹര്‍ഷ് പറയുന്നത്. 

നിരവധി പേര്‍ ഹര്‍ഷിന്‍റെ അനുഭവക്കുറിപ്പിനോട് പ്രതികരണമറിയിച്ചിട്ടുണ്ട്. മനുഷ്യര്‍ പരസ്പരം കാണിക്കേണ്ട സ്നേഹത്തെയും കരുതലിനെയും കുറിച്ച് തന്നെ അധികപേരും കമന്‍റ് ചെയ്തിരിക്കുന്നത്. മുന്നോട്ട് നോക്കുമ്പോള്‍ ജീവിതത്തെ സന്തോഷപൂര്‍വം വരവേല്‍ക്കാൻ പ്രചോദനം നല്‍കുന്ന, അത്രമാത്രം ശുഭകരമായൊരു അനുഭവം എന്ന നിലയ്ക്ക് ഏവരും ഇത് സ്വീകരിച്ചിരിക്കുകയാണ്. 

Also Read:- ഊബര്‍ ഡ്രൈവറുമായുള്ള രസകരമായ ചാറ്റ്; യുവതിയുടെ സ്ക്രീൻഷോട്ട്

click me!