Latest Videos

ഭൂചലനത്തിനിടെയും നിര്‍ത്താതെ ലൈവ് ഷോ; വീഡിയോ വൈറലാകുന്നു...

By Web TeamFirst Published Aug 21, 2023, 5:33 PM IST
Highlights

സ്റ്റുഡിയോയില്‍ ഇരിക്കുന്ന ഇവരുടെ കസേരയും മേശയും മറ്റും ഭൂചലനത്തില്‍ കുലുങ്ങുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ചിലരുടെ മുഖത്ത് ഭയം വരുന്നുണ്ട്, എങ്കിലും ഷോ നിര്‍ത്താതെ അവര്‍ തുടരുകയായിരുന്നു

ഭൂചലനം, നാം ഏറ്റവുമധികം ഭയപ്പെടുന്നൊരു പ്രകൃതി ദുരന്തമാണ്. പല രാജ്യങ്ങളിലും പല നാടുകളിലുമായി നിരവധി പേരുടെ ജീവൻ കവര്‍ന്നിട്ടുള്ള, നിരവധി പേര്‍ക്ക് വീടോ കുടുംബമോ ഉപജീവനമാര്‍ഗമോ ഇല്ലാതാക്കിയിട്ടുള്ള- അത്രമാത്രം ഗൗരവമുള്ളൊരു പ്രകൃതിദുരന്തം തന്നെയാണ് ഭൂചലനം. 

നമുക്കറിയാം പല തീവ്രതയിലാണ് ഭൂചലനമുണ്ടാവുക. ഇതിന്‍റെ തോത് അളക്കാനുപയോഗിക്കുന്ന ഉപാധി റിക്ടര്‍ സ്കെയില്‍ ആണ്. റിക്ടര്‍ സ്കെയിലില്‍ അഞ്ച് കടന്നാല്‍ തന്നെ അത് സാമാന്യം ഭീഷണി ഉയര്‍ത്താവുന്ന ഭൂചലനമായി. എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിട്ടും ലൈവ് ഷോ നിര്‍ത്താതെ തുടര്‍ന്ന ഒരു ടിവി ചാനലില്‍ നിന്നുള്ള വീഡിയോ ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

കൊളംബിയയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനേഴിനാണ് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയില്‍ പലയിടങ്ങളിലുമായി ഭൂചലനമുണ്ടായത്. അല്‍പസമയം നീണ്ടുനിന്ന ഭൂചലനവും തുടര്‍ചലനങ്ങളും ഇതനുഭവപ്പെട്ട പ്രദേശങ്ങളെ ആകെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഭൂചലനമുണ്ടായപ്പോള്‍ ഭയന്ന് പത്താംനിലയിലെ ജനാലയിലൂടെ പുറത്തുചാടിയ ഒരു സ്ത്രീ മരിക്കുകയും ചെയ്തു. 

ഇതിനിടെയാണ് ഒരു ലോക്കല്‍ ടിവി ചാനലില്‍ ലൈവ് ഷോ നിര്‍ത്താതെ മാധ്യമപ്രവ്രര്‍ത്തകര്‍ മുന്നോട്ടുപോയത്. മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്ന അതിഥികളും സംഭവസമയത്ത് ഷോയില്‍ നിന്ന് ഇറങ്ങിപ്പോയില്ല.

സ്റ്റുഡിയോയില്‍ ഇരിക്കുന്ന ഇവരുടെ കസേരയും മേശയും മറ്റും ഭൂചലനത്തില്‍ കുലുങ്ങുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ചിലരുടെ മുഖത്ത് ഭയം വരുന്നുണ്ട്, എങ്കിലും ഷോ നിര്‍ത്താതെ അവര്‍ തുടരുകയായിരുന്നു. ഇതിന് പിന്നാലെ വാര്‍ത്ത വായിക്കുന്ന അവതാരകനും ഭൂചലനമുണ്ടാകുമ്പോള്‍ എഴുന്നേല്‍ക്കാതെ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം മാധ്യമസ്ഥാപനത്തിലെ മറ്റ് ജീവനക്കാരെയെല്ലാം കെട്ടിടത്തില്‍ നിന്ന് മാറ്റുന്നുണ്ട്. ഇത് നമുക്ക് ഈ വീഡിയോയില്‍ തന്നെ നിരീക്ഷിച്ചാല്‍ കാണാൻ സാധിക്കും. പല അഭിപ്രായങ്ങളാണ് വീഡിയോയെ ചൊല്ലി വരുന്നത്. ചിലര്‍ ഇത് അപകടമാണ്, ഇതൊരു നല്ല മാതൃകയല്ല എന്ന് അടിവരയിട്ട് പറയുമ്പോള്‍- മറ്റ് ചിലരാകട്ടെ ഇവര്‍ അപകടത്തിന്‍റെ തീവ്രത മനസിലാക്കാതെ ഇരുന്നതാകണം എന്ന് ന്യായീകരിക്കുന്നു. അതേസമയം ഷോ ആണ് പ്രധാനം ജീവനല്ല എന്ന മനോഭാവമാണെങ്കില്‍ ആ സാഹസികത അത്ര നല്ലതല്ല എന്ന് ഉപദേശിക്കുന്നവരും കുറവല്ല. എന്തായാലും വീഡിയോ വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു എന്ന് പറയാം.

വീഡിയോ...

 

Also Read:- ആത്മഹത്യ തടയാൻ സഹായിക്കുന്ന ഫാൻ; ട്രോള്‍ വാങ്ങിക്കൂട്ടി പുതിയ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!