സമാപന ദിവസം സണ്ണി ലിയോണി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്
കോഴിക്കോട്: കോഴിക്കോട് സരോവരത്ത് പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നിര്‍ത്തി വയ്പ്പിച്ച ഫാഷന്‍ ഷോയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സരോവരം ട്രേഡ് സെന്‍ററിലാണ് ഫാഷന്‍ റേയ്സ് എന്ന പേരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. മുന്നൂറ് കുട്ടികളുള്‍പ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ ഷോയിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. സണ്ണി ലിയോണിയുടെ അടക്കം പേര് ഫാഷൻ ഷോയിൽ പരാമർശിച്ചിരുന്നു. സമാപന ദിവസം സണ്ണി ലിയോണി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്.
undefined
എന്‍ട്രി ഫീസായി ആറായിരം രൂപയാണ് പങ്കെടുക്കാനെത്തിയവർ നല്‍കിയിരുന്നത്. എന്നാൽ മതിയായ സൗകര്യം നൽകിയില്ലെന്ന പരാതി ഉയർത്തിയാണ് പങ്കെടുക്കാനെത്തിയവർ പ്രതിഷേധം ആരംഭിച്ചത്. സംഘാടകരുമായുള്ള തർക്കം പിന്നീട് വലിയ പ്രതിഷേധമായി മാറുകയായിരുന്നു. കോസ്റ്റ്യൂം ഏറെ വൈകിയാണ് പലര്‍ക്കും കിട്ടിയതെന്ന് പങ്കെടുക്കാനെത്തിയവർ പറഞ്ഞു. കിട്ടിയ വസ്ത്രങ്ങള്‍ക്ക് നിലവാരമില്ലെന്നും പങ്കെടുക്കാനെത്തിയവര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് നടക്കാവ് പൊലീസ് സ്ഥലത്തെത്തിയത്.
സംഘാടകര്‍ക്കെതിരായ ആരോപണം പ്രതിഷേധക്കാർ പൊലീസിനോടും ഉന്നയിച്ചു. നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്ന ആരോപണത്തിൽ ഉറച്ച് നിന്ന് പങ്കെടുക്കാനെത്തിയവർ പ്രതിഷേധം ശക്തമാക്കിയതോടെ സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് സ്ഥലത്തെത്തി പരിപാടി നിര്‍ത്തി വെയ്പ്പിക്കുയായിരുന്നു. ശേഷം ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പങ്കെടുക്കാനെത്തിയ ആളുകളെ മുഴുവന്‍ നടക്കാവ് പൊലീസ് സ്ഥലത്ത് നിന്നും നീക്കുകയും ചെയ്തു. വാഗ്ദാനം ചെയ്ത സൗകര്യം നല്‍കിയില്ലെന്ന പരാതി പങ്കെടുക്കാനെത്തിയവര്‍ പൊലീസിന് നൽകി. ഇതോടെ സംഘാടകര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസ് എടുത്തു. പങ്കെടുക്കാനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും മനഃപൂര്‍വ്വം ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതാണെന്നുമാണ് ഫാഷൻ ഷോ സംഘാടകരുടെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം