ആദ്യം കുട്ടികള്‍ക്കായി പ്രണയവര്‍ണങ്ങളിലെ 'ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍...' എന്ന പാട്ട് വച്ചു. ആ പാട്ടിന് കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങി ഡാൻസ് ചെയ്തു.
മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ ഗായിക കെ എസ് ചിത്രയുടെ പിറന്നാളായിരുന്നു ഇന്നലെ (ജൂലൈ 27). അറുപതിലേക്ക് കടക്കുമ്പോളും പ്രിയഗായികയുടെ, പ്രായം കലര്‍പ്പ് വരുത്താത്ത ശബ്ദവും രൂപവും മലയാളികള്‍ക്ക് സന്തോഷം നല്‍കുന്നു.
ചിത്രയുടെ പിറന്നാള്‍ ഒരുപക്ഷേ ചിത്രയെക്കാളധികം കൊണ്ടാടിയത് ആരാധകര്‍ തന്നെയായിരിക്കും. വീഡിയോ അഭിമുഖങ്ങളായും, ചിത്രയുടെ ഗാനങ്ങളാലപിച്ചുകൊണ്ടുള്ള ട്രിബ്യൂട്ടുകളായും എല്ലാം ചിത്രയ്ക്ക് ആയുരാരോഗ്യ സൗഖ്യവും, ആശംസകളും നേര്‍ന്നു ഏവരും.
undefined
പക്ഷേ ഇക്കൂട്ടത്തില്‍ അത്രയും വ്യത്യസ്തമായൊരു ആഘോഷവീഡിയോ വലിയ ബഹളങ്ങളില്ലാതെ വന്നിരുന്നു. അധ്യാപികയായ ദിൻഷ ദിലീപ് ആണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ പങ്കിട്ടത്. ഇത് ദിൻഷയുടെ സുഹൃത്തുക്കളാണ് കാര്യമായും കണ്ടത്. എന്നാല്‍ ഒറ്റ കാഴ്ചയില്‍ തന്നെ കാണുന്നവരുടെ നെഞ്ചിനകത്തേക്ക് സന്തോഷത്തിന്‍റെ കിലുക്കം പകരുന്ന, അത്രയും മധുരമുള്ള രംഗങ്ങളാണ് ദിൻഷ ടീച്ചര്‍ പങ്കുവച്ച വീഡിയോയിലുള്ളത്.
ദിൻഷ അധ്യാപികയായ, പാലക്കാട്- വടക്കഞ്ചേരി പന്നിയങ്കരയിലുള്ള 'ദ ശോഭ അക്കാഡമി'യില്‍ നിന്നുള്ളതാണ് വീഡിയോ. എല്‍കെജി മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ഇവിടെയുണ്ട്.
ഈ സ്കൂളില്‍ ഇന്‍റര്‍വെല്‍ സമയങ്ങളില്‍ പാട്ട് വയ്ക്കുന്നതോ, കുട്ടികള്‍ ഒന്നിച്ച് താളത്തില്‍ കയ്യടിക്കുന്നതോ എല്ലാം പതിവാണ്. കുട്ടികള്‍ക്കൊരു 'റീഫ്രഷ്മെന്‍റ്' എന്ന നിലയിലാണ് ഇത് ചെയ്യുന്നത്.
അങ്ങനെ ചിത്രയുടെ പിറന്നാള്‍ ദിനത്തില്‍ അവരുടെ ഏതാനും ഫോട്ടോകള്‍ ഡിസ്പ്ലേ ബോര്‍ഡില്‍ വെറുതെ പതിപ്പിക്കാം, കുട്ടികള്‍ക്ക് കാണാമല്ലോ എന്ന് ദിൻഷ ചിന്തിച്ചു. എന്നാല്‍ പിന്നെയാണ് എന്തുകൊണ്ട് ഇന്‍റര്‍വെല്‍ സമയത്ത് ചിത്രച്ചേച്ചിയുടെ പാട്ടുകള്‍ ഇട്ടൂട എന്ന ചിന്ത വന്നതെന്ന് ദിൻഷ പറയുന്നു.
അങ്ങനെ ആദ്യം കുട്ടികള്‍ക്കായി പ്രണയവര്‍ണങ്ങളിലെ 'ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍...' എന്ന പാട്ട് വച്ചു. ആ പാട്ടിന് കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങി ഡാൻസ് ചെയ്തു.
'ചെറിയ കുട്ടികള്‍ക്കൊക്കെ ചിത്രയുടെ പാട്ടുകളെ പറ്റി എത്രത്തോളം അറിയും എന്ന് സംശയം ഉണ്ടായിരുന്നു. പ്രിൻസിപ്പള്‍ മാഡം മൃദുല രാമചന്ദ്രൻ, ഇതെല്ലാം കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. എന്തായാലും ആദ്യത്തെ പാട്ട് വലിയ ഓളം തന്നെ ഉണ്ടാക്കി. ആ പാട്ട് തീര്‍ന്നപ്പോള്‍ അടുത്ത പാട്ട് ഇടണമെന്നായി കുട്ടികള്‍ക്ക്. അത് പ്രിൻസിപ്പള്‍ മാഡവും സമ്മതിച്ചു. അങ്ങനെയാണ് ഈ വീഡിയോയില്‍ കാണുന്ന ഹിറ്റ്‍ലറിലെ പാട്ട് ഇടുന്നത്. ഇതിനും കുട്ടികള്‍ വൻ ഡാൻസായിരുന്നു. ഞാൻ നോക്കുമ്പോള്‍ കുട്ടികള്‍ മാത്രമല്ല, അവിടത്തെ ചേച്ചിമാരും വേറെ അധ്യാപകരും ഒക്കെ ചുവട് വയ്ക്കുന്നുണ്ട്. എല്ലാം ഫോട്ടോ എടുത്ത് വയ്ക്ക് എന്ന് പ്രിൻസിപ്പള്‍ മാഡവും പറഞ്ഞു. അങ്ങനെ പകര്‍ത്തിയ വീഡിയോകള്‍ എല്ലാം കൂടി കൂട്ടിച്ചേര്‍ത്തിട്ട് വെറുതെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ്...'- ദിൻഷ പറയുന്നു.
എല്ലാവരും നിറഞ്ഞ സ്നേഹമാണ് വീഡിയോയ്ക്കുള്ള പ്രതികരണമായി നല്‍കുന്നത്. ഇത് ചിത്രച്ചേച്ചി കണ്ടിരുന്നെങ്കില്‍ എന്നും ചിത്രയുടെ ആരാധകര്‍ ചിന്തിച്ചുപോകും. അത്രയും പോസിറ്റീവ് ആണിത് കാണാൻ തന്നെയെന്ന് കമന്‍റുകളും.
വീഡിയോ കണ്ടുനോക്കൂ...