മടി പിടിച്ചിരിക്കുന്നത് പതിവാണോ? പരീക്ഷിക്കാം ഈ 'ടെക്‌നിക്'

By Web Team  |  First Published Oct 6, 2021, 3:19 PM IST

'കെയ്‌സെന്‍' എന്നാണ് ഈ ജാപ്പനീസ് ടെക്‌നിക്കിന്റെ പേര്. 'കെയ്' എന്നാല്‍ മാറ്റമെന്നും 'സെന്‍' എന്നാല്‍ അറിവ് എന്നുമാണ് അര്‍ത്ഥം വരുന്നത്


ജീവിതത്തില്‍ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്തവര്‍ ( Ambitions ) കുറവായിരിക്കും. നല്ല ജോലി, കുടുംബജീവിതം, സമ്പന്നത, കലാപരമായോ കായികമായോ ഉള്ള മികവ്, ഉയര്‍ച്ച എന്നിങ്ങനെ ഏതെങ്കിലും മേഖലയില്‍ സ്വയം ഉന്നതിയിലെത്തുന്നതിനെ കുറിച്ച് ചിന്തിക്കാത്തവര്‍ അപൂര്‍വമായിരിക്കും. എന്നാല്‍ ഇതിലേക്കെല്ലാം എത്താന്‍ കഠിനാധ്വാനം ( Hard work ) ആവശ്യമാണ് അല്ലേ? 

പക്ഷേ പലപ്പോഴും ഇതിനൊന്നും വേണ്ടി ജോലി ചെയ്യാതെ വെറുതെ ചടഞ്ഞുകൂടിയിരിക്കുകയും അലസമായി സമയം ചെലവിടുകയും നാം ചെയ്യാറുണ്ട്. ചിലരാകട്ടെ ഈ മടി ഒരു പതിവാക്കുകയും ചെയ്യും. മറ്റ് ചിലര്‍ക്ക് ധാരാളം ജോലി ബാക്കിയായിരിക്കുന്ന സമയത്ത് മാനസിക സമ്മര്‍ദ്ദം വഗര്‍ധിക്കുമ്പോള്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലുമാകാം. 

Latest Videos

undefined

എന്തായാലും ഇത്തരക്കാര്‍ക്കെല്ലാം തങ്ങളുടെ മടിയുടെ അന്തരീക്ഷം വിട്ടെഴുന്നേറ്റ് കാര്യങ്ങളില്‍ വ്യാപൃതരാകാനും സജീവമാകാനും സഹായകമാകുന്നൊരു 'ടെക്‌നിക്' ആണ് ഇനി പരിചയപ്പെടുത്തുന്നത്. 'കെയ്‌സെന്‍' എന്നാണ് ഈ ജാപ്പനീസ് ടെക്‌നിക്കിന്റെ പേര്. 'കെയ്' എന്നാല്‍ മാറ്റമെന്നും 'സെന്‍' എന്നാല്‍ അറിവ് എന്നുമാണ് അര്‍ത്ഥം വരുന്നത്. 

പരമ്പരാഗതമായ ഒരു പരിശീലനരീതിയാണിത്. ഒരേയൊരു നിമിഷം മാറ്റിവയ്ക്കുക എന്നതാണ് ഈ ടെക്‌നിക്. അതായത് മടിപിടിച്ചിരിക്കുകയും ചെയ്യാനുള്ള കാര്യങ്ങള്‍ ബാക്കിയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു നിമിഷനേരത്തേക്ക് മാത്രമായി ബോധപൂര്‍വം കാര്യങ്ങളിലേക്ക് കടക്കുക. 

അലസമായി ഇരിക്കുമ്പോള്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റ് അല്ല 'കെയ്‌സെന്‍' പരീക്ഷിക്കേണ്ടത്. പതിയെ ആത്മാര്‍ത്ഥമായി, മനസ് അര്‍പ്പിച്ച് ഒരു നിമിഷം നല്‍കുക. ഈ ഒരു നിമിഷം എന്നത് ദിവസത്തില്‍ ഒരിക്കലെങ്കിലും ചെയ്താല്‍ മതിയത്രേ. അത് ഫലപ്രദമായ ഏത് കാര്യത്തിന് വേണ്ടിയും ഉപയോഗിക്കാം.

പക്ഷേ എല്ലാ ദിവസവും ഇത് പരിശീലിക്കണം. ക്രമേണ ഒരു നിമിഷം എന്നത് ഒരു മണിക്കൂറോ അതിലധികമോ എല്ലാമായി മാറുമെന്നും അതില്‍ ഭാരം അനുഭവപ്പെടാതെയാകുമെന്നുമെല്ലാം ആണ് വിശ്വാസം. 

മനസിനെ സജീവമാക്കുന്ന ഒരു പരിശീലനരീതിയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കോ, മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്കോ എല്ലാം ഒരുപക്ഷേ ഒരുപോലെ സഹായകമായി വരാവുന്നൊരു 'ടെക്‌നിക്'. എന്തായാലും അലസതയെ തോല്‍പിക്കാന്‍ ദിവസത്തില്‍ ഒരേയൊരു നിമിഷത്തെ പരീക്ഷണത്തിനായി മാറ്റിവയ്ക്കാനെല്ലാം നാം തയ്യാറായിരിക്കുമല്ലോ! അപ്പോള്‍ മറക്കേണ്ട, 'കെയ്‌സെന്‍'. 

Also Read:- പകല്‍സമയത്ത് അലസതയും മടുപ്പും തോന്നുന്നോ? ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍...

click me!