തുറന്നുകിടന്ന പിൻവാതിൽ, അടുപ്പത്ത് പാതിവെന്ത കോഴിക്കാൽ; ഡോക്ടറെ കാണാൻപോയി തിരികെവന്ന വീട്ടമ്മയ്ക്ക് സംഭവിച്ചത്

By Web Team  |  First Published Jan 22, 2021, 4:11 PM IST

ഫോറൻസിക് തെളിവുകളുടെ വെളിച്ചത്തിൽ പൊലീസ് സംഘം എത്തിയത് ഞെട്ടിക്കുന്ന ഒരു നിഗമനത്തിലാണ്.


 കഴിഞ്ഞ തിങ്കളാഴ്ച, ഒന്ന് ഡോക്ടറെ കാണാൻ പോയതായിരുന്നു, ഓസ്‌ട്രേലിയയിലെ റോക്കാമ്പ്ടൺ സ്വദേശിയും മൂന്നു മക്കളുടെ അമ്മയുമായ മോണിക്ക ഗ്രീൻ. തിരികെ വന്നു വീട്ടിൽ കയറിയ പാടെ, അവർക്ക് തന്റെ വീട്ടിനുള്ളിൽ ആകെ ഒരു പന്തികേടനുഭവപ്പെട്ടു. കുറ്റിയിട്ടു പോയ പിൻവാതിൽ ചാരിയ നിലയിലാണ്. ടിവിയും എയർ കണ്ടീഷണറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അടുപ്പത്ത് പാതി വെന്ത നിലയിൽ ഒരു കോഴിക്കാൽ ഇരിപ്പുണ്ട്. ആകെ വീട്ടിനുള്ളിൽ ആരോ അതിക്രമിച്ചു കയറിയിട്ടുണ്ട് എന്ന് അവർക്കുതോന്നി. 

മോണിക്ക ഉടനടി പൊലീസിൽ ബന്ധപ്പെട്ടു. അധികം വൈകാതെ രണ്ട് ഓഫീസർമാർ മോണിക്കയുടെ വീട്ടിലേക്ക് വന്നെത്തുകയും ചെയ്തു. തുടർന്ന് അവർ നടത്തിയ പരിശോധനകളിൽ വെളിപ്പെട്ടത് മോണിക്കയുടെ ഉറക്കം കെടുത്തുന്ന കാര്യങ്ങളാണ്. വീട്ടിലെ സെക്യൂരിറ്റി കാമറ സിസ്റ്റം ആരോ പ്രവർത്തനരഹിതമാക്കിയിരിക്കുന്നു എന്നതാണ് പൊലീസുകാരുടെ ശ്രദ്ധയിൽ ആദ്യം പെട്ട അപാകത. പിന്നാലെ വീട്ടിൽ വിശദമായ അന്വേഷണങ്ങൾ നടത്തിയ പൊലീസുകാർ വീടിന്റെ തട്ടിൻപുറത്തേക്ക് കയറാനുള്ള കിളിവാതിൽപലക ഇളകി ഇരിക്കുന്നത് ശ്രദ്ധിച്ചു. 

Latest Videos

undefined

അവിടെ നിന്ന് ശേഖരിച്ച മറ്റുള്ള ഫോറൻസിക് തെളിവുകളുടെ വെളിച്ചത്തിൽ പൊലീസ് സംഘം എത്തിയത് ഞെട്ടിക്കുന്ന ഒരു നിഗമനത്തിലാണ്. മോണിക്കയുടെ വീടിന്റെ തട്ടിൻപുറത്ത് അവർ അറിയാതെ കഴിഞ്ഞ രണ്ടാഴ്ചകളോളമായി ഒരു അപരിചിതൻ താമസമുണ്ടായിരുന്നു. മോണിക്കയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി മറ്റേതോ പട്ടണത്തിൽ ആയിരുന്നതിനാൽ, അവിടെ പുരുഷസാന്നിധ്യമില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇയാൾ ആരുമറിയാതെ അവരുടെ വീട്ടിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ മോണിക്കയുടെയും മൂന്നുമക്കളുടെയും ഷെഡ്യൂൾ മനസ്സിലാക്കിയ അയാൾ ആരും വീട്ടിലില്ലാത്ത നേരം നോക്കിയായിരുന്നു മച്ചിൻപുറത്തുനിന്ന് താഴെ ഇറങ്ങിയിരുന്നതും, ഭക്ഷണം, ദൈനംദിന കർമങ്ങൾ അടക്കമുള്ള കാര്യങ്ങൾ സാധിച്ചിരുന്നതും. 

അന്നൊരു ദിവസത്തേക്ക് അവർ പതിവ് തെറ്റിച്ച് നേരത്തെ വന്നുകയറിയപ്പോൾ ഈ അക്രമി പിൻവാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായത് എന്ന് പൊലീസ് പറഞ്ഞു. എന്തായാലും അക്രമിയെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇങ്ങനെ ചെയ്യുന്ന ക്രിമിനലുകൾ സാധാരണ രണ്ടാഴ്ചയിൽ കൂടുതൽ ഒരു വീട്ടിൽ കഴിയാറില്ല എന്നും, വീടുവിട്ട വീടുകയറി ആരോരുമറിയാതെ പാർക്കുന്ന ഈ ക്രിമിനൽ പ്രവർത്തനം 'ഫ്രോഗിങ്' എന്ന പേരിലാണ് അറിയപ്പെടുന്നത് എന്നും, കൊവിഡ് ലോക്ക് ഡൗണിനു ശേഷം ഇത്തരം കേസുകൾ കൂടിയിരിക്കുകയാണ് എന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ താക്കോൽ എങ്ങനെയോ സംഘടിപ്പിച്ച് അതിന്റെ പകർപ്പുണ്ടാക്കിയാണ് അക്രമി അകത്തു കടന്നിട്ടുള്ളത് എന്ന് പൊലീസ് പറഞ്ഞതുകൊണ്ട് മോണിക്ക പ്രധാനവാതിലിന്റെ പൂട്ട് മാറ്റി പുതിയത് പിടിപ്പിച്ചിട്ടുണ്ട്. താൻ അറിയാതെ, തന്റെ വീട്ടിൽ നുഴഞ്ഞു കയറിയ ഈ അക്രമി രണ്ടാമതൊരിക്കൽ കൂടി നുഴഞ്ഞു കയറിക്കളയുമോ എന്ന ഭീതിയിൽ നേരാം വണ്ണം ഒന്നുറങ്ങാൻ പോലും സാധിക്കാതെ, ഭയപ്പെട്ടു ദിവസങ്ങൾ കഴിച്ചു കൂട്ടുകയാണ് താനെന്ന് മോണിക്ക ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു. 

click me!