പലപ്പോഴും ഒരു ബന്ധത്തിൽ തുടരുമ്പോള്‍ പങ്കാളിയിൽ നിന്ന് മാനസിക പിന്തുണ വേണ്ടത്ര ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നത് തിരിച്ചറിയാനും അത്ര പെട്ടെന്ന് സാധിക്കണമെന്നില്ല. എങ്ങനെയാണ് ഇത് തിരിച്ചറിയാനാവുക?
വൈവാഹിക ബന്ധമായാലും പ്രണയബന്ധമായാലും എല്ലാം പങ്കാളിയുമായുള്ള ധാരണ വളരെ പ്രധാനമാണ്. മാനസികമായ പിന്തുണയില്ലെങ്കിൽ ബന്ധം തുടരാനോ, ബന്ധത്തിൽ സന്തോഷിക്കാനോ ഒന്നും സാധിക്കണമെന്നില്ല. മാനസിക പിന്തുണ ലഭിക്കണമെങ്കിൽ തീര്‍ച്ചയായും വൈകാരികമായ അടുപ്പം വേണം. എന്നാൽ പലപ്പോഴും ഒരു ബന്ധത്തിൽ തുടരുമ്പോള്‍ പങ്കാളിക്ക് നിങ്ങളോട് വൈകാരികമായ അടുപ്പമുണ്ടോ ഇല്ലയോ എന്നത് തിരിച്ചറിയാനും അത്ര പെട്ടെന്ന് സാധിക്കണമെന്നില്ല.
എങ്ങനെയാണ് ഇത് തിരിച്ചറിയാനാവുക? ബന്ധത്തിന്‍റെ സ്വഭാവം, പങ്കാളിയുടെ പെരുമാറ്റം എന്നിവയിലൂടെയെല്ലാം ഇത് തിരിച്ചറിയാൻ സാധിക്കും. അത്തരത്തിൽ പങ്കാളിക്ക് നിങ്ങളുമായി വൈകാരികമായ അടുപ്പമില്ലെന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
undefined
ഒന്ന്...
സമര്‍പ്പണമില്ലായ്മയാണ് ഇതിന്‍റെ ഒരു സൂചന. പ്രണയബന്ധത്തിലാണെങ്കില്‍ അത് വിവാഹത്തിലേക്ക് എത്തിക്കാനോ, പ്രണയം തന്നെ അടുത്തൊരു ഘട്ടത്തിലേക്ക് എത്തിക്കാനോ ഒന്നും ശ്രമിക്കാതെ വരാം. ദാമ്പത്യത്തിലാണെങ്കില്‍ നിങ്ങളോട് ആത്മാര്‍ത്ഥതയില്ലാത്തതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് ഇഷ്ടമുള്ളയിടങ്ങളില്‍ കൂടി പോവുക, ആളുകളുമായി ബന്ധപ്പെടുമ്പോള്‍ അവിടെ നിങ്ങളെ അംഗീകരിക്കുകയൊന്നും ചെയ്യുന്നില്ലെങ്കിലും അത് ശ്രദ്ധിക്കുക. നല്ലൊരു ബന്ധത്തിന്‍റെ സൂചനയല്ല ഇവ.
രണ്ട്...
വൈകാരികമായി നിങ്ങളോട് അടുപ്പമില്ലാത്തയാളാണെങ്കില്‍ ആ അകല്‍ച്ച എല്ലായിടത്തും പ്രതിഫലിച്ചുകാണാം. അവരുടെ ചിന്തകളും, ആഴത്തിലുള്ള തോന്നലുകളും, രഹസ്യങ്ങളുമൊന്നും നിങ്ങളുമായി പങ്കുവയ്ക്കാതിരിക്കുക, ശാരീരികബന്ധത്തിലും അടുപ്പവും സ്നേഹവും കാണിക്കാതിരിക്കുക, സംസാരിക്കുമ്പോള്‍ കണ്ണിലേക്ക് നോക്കാതിരിക്കുക എല്ലാം ഇതിന്‍റെ ലക്ഷണമായി വരാം.
മൂന്ന്...
ഏറെ നേരം സംസാരിക്കുന്നില്ലയെങ്കിലും വൈകാരികമായ അടുപ്പമില്ലായ്മയാകാം. ചിലരില്‍ ഇത് അവരുടെ വ്യക്തത്വ സവിശേഷതയാകാറുണ്ട്. അങ്ങനെയല്ലാത്തവര്‍ സംസാരിക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. സംസാരിക്കുന്നില്ലെന്ന് മാത്രമല്ല, വൈകാരികമായ ഒരു തരത്തിലുള്ള സംഭാഷണങ്ങളും ഉണ്ടാവുകയുമില്ല.
നാല്...
വൈകാരികപ്രശ്നങ്ങള്‍ നിങ്ങളോട് പങ്കുവയ്ക്കാതെ അത് സ്വയം തന്നെ കൈകാര്യം ചെയ്യുന്നവരും പങ്കാളിയുമായി വൈകാരികബന്ധം ഇല്ലാത്തവരായിരിക്കാനുള്ള സാധ്യതയുണ്ട്.
അഞ്ച്...
എന്ത് പറയുമ്പോഴും, ചര്‍ച്ച ചെയ്യുമ്പോഴും സ്വന്തം ഭാഗം ന്യായീകരിച്ച് സംസാരിക്കുന്നതായി തോന്നാറുണ്ടോ? ഇത്തരത്തില്‍ എപ്പോഴും സ്വയം ന്യായീകരിക്കുന്നതും നിങ്ങളോടുള്ള വൈകാരികബന്ധത്തിന്‍റെ കുറവ് മൂലമാകാം.
ആറ്...
നിങ്ങളോട് അനുതാപമില്ലാതെ പെരുമാറുന്നതും നിങ്ങളുമായി വൈകാരികമായ അടുപ്പമില്ലാത്തതിന്‍റെ ലക്ഷണമാകാം. അതായത്, നിങ്ങള്‍ നിങ്ങളുടെ ഒരു പ്രശ്നമോ, നിങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള കാര്യമോ സംസാരിക്കുമ്പോള്‍ അത് അയാള്‍ക്ക് തന്നെ വച്ച് താരതമ്യപ്പെടുത്തി നോക്കാനോ, അങ്ങനെ അനുതാപപൂര്‍വ്വം പെരുമാറാനോ സാധിക്കാതിരിക്കുന്ന അവസ്ഥ.
ബന്ധങ്ങളില്‍ കാണുന്ന മിക്ക പ്രശ്നങ്ങളും കൗണ്‍സിലിംഗിലൂടെ തന്നെ വലിയൊരു പരിധി വരെ പരിഹരിക്കാവുന്നതേയുള്ളൂ. ഇതിന് താല്‍പര്യമുള്ളവര്‍ക്ക് ഇക്കാര്യം വളരെ എളുപ്പമാണ്. അതല്ല എങ്കില്‍ ഈഗോ മാറ്റിവച്ചുകൊണ്ട് പരസ്പരം തുറന്ന് സംസാരിക്കുന്നതിലൂടെയും ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാം.
Also Read:- ഒരു പ്രണയബന്ധം എങ്ങനെ പരാജയപ്പെടാം? ഇതാ മൂന്ന് കാരണങ്ങൾ