ഭംഗിയുള്ള ചുണ്ടുകള്‍ക്കും മുടിക്കും ചര്‍മ്മത്തിനും നെയ്യ് ഉപയോഗിക്കാം...

By Web Team  |  First Published Jun 12, 2021, 3:00 PM IST

വീട്ടില്‍ നെയ്യ് ഉപയോഗിക്കാന്‍ കഴിയുന്ന പല വിധത്തിലുള്ള സാധ്യതകളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഓര്‍ക്കുക, വീട്ടില്‍ തന്നെ തയ്യാറാക്കിയ നെയ്യുടെ കാര്യത്തില്‍ മാത്രമാണ് ഇത്രയും സാധ്യകള്‍ നിലനില്‍ക്കുന്നത്. വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന നെയ്യ് കഴിവതും പാചകത്തിന് മാത്രം ഉപയോഗിക്കുക


മിക്ക വീടുകളിലെ അടുക്കളയിലും എല്ലായ്‌പോഴും കണ്ടുവരാറുള്ളൊരു ചേരുവയാണ് നെയ്യ്. ഇത് വിഭവങ്ങള്‍ പാകം ചെയ്യുമ്പോഴോ, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നേരിട്ടോ ചേര്‍ത്ത് കഴിക്കാവുന്നൊരു ചേരുവ മാത്രമല്ല. പല തരത്തിലുള്ള പ്രയോജനങ്ങളും നെയ്യിനുണ്ട്.

അത്തരത്തില്‍ ഒരു വീട്ടില്‍ നെയ്യ് ഉപയോഗിക്കാന്‍ കഴിയുന്ന പല വിധത്തിലുള്ള സാധ്യതകളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഓര്‍ക്കുക, വീട്ടില്‍ തന്നെ തയ്യാറാക്കിയ നെയ്യുടെ കാര്യത്തില്‍ മാത്രമാണ് ഇത്രയും സാധ്യകള്‍ നിലനില്‍ക്കുന്നത്. വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന നെയ്യ് കഴിവതും പാചകത്തിന് മാത്രം ഉപയോഗിക്കുക. 

Latest Videos

undefined

ഒന്ന്...

നെയ്യ് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളെ വലിയൊരു പരിധി വരെ അകറ്റിനിര്‍ത്താന്‍ സഹായകമാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പായി ഒരു ഗ്ലാസ് ചൂട് പാലില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ നെയ് ചേര്‍ത്ത് കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും. അതുപോലെ മറ്റ് ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നെയ്യ് സഹായകമാണ്. 

 


 

രണ്ട്...

മൂക്കടപ്പിന് താല്‍ക്കാലികാശ്വാസം ലഭിക്കാന്‍ നെയ്യ് ഉപയോഗിക്കുന്നവരുണ്ട്. ഇളം ചൂടുള്ള നെയ്യ് ഏതാനും തുള്ളികള്‍ മൂക്കില്‍ ഇറ്റിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. 

മൂന്ന്...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നെയ്യ് മിതമായ രീതിയില്‍ പതിവായി കഴിക്കാം. കൊഴുപ്പടങ്ങിയ കോശങ്ങളെ ചുരുക്കിക്കളയാന്‍ നെയ്യ് സഹായിക്കുന്നു. അതോടൊപ്പം തന്നെ നെയ്യിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും, ഒമേഗ -6 ഫാറ്റി ആസിഡുകളും കൊഴുപ്പിനെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ സഹായകമാണ്. 

നാല്...

മങ്ങിയും ജീവനില്ലാതെയും കിടക്കുന്ന ചര്‍മ്മത്തിന് ഉണര്‍വേകാനും നെയ്യിന് സാധ്യമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നത്. ഏത് തരം ചര്‍മ്മമുള്ളവര്‍ക്കും നെയ് ഉപയോഗിക്കാവുന്നതാണ്. നെയ്യ് ചേര്‍ത്തുള്ള പല മാസ്‌കുകളും വീട്ടില്‍ തന്നെ ചെയ്ത് പരീക്ഷിക്കാവുന്നതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ വീതം നെയ്യ്, കടലമാവ് എന്നിവയെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍, (നാടന്‍) ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന മാസ്‌ക് ഇതിനുദാഹരണമാണ്. 

അഞ്ച്...

ഭംഗിയുള്ള ചുണ്ടുകള്‍ക്കായും നെയ്യ് പ്രയോജനപ്പെടുത്താം. ചിലര്‍ക്ക് എപ്പോഴും ചുണ്ടുകള്‍ക്ക് പുറമെയുള്ള തൊലി മങ്ങി, നിറം കെട്ടിരിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. അതുപോലെ ചുണ്ടുകള്‍ വിണ്ടുപോകുന്ന പ്രശ്‌നം നേരിടുന്നവരുമുണ്ട്. ഇവര്‍ക്കെല്ലാം രാത്രിയില്‍ ഒന്ന് ചൂടാക്കിയെടുത്ത നെയ് ചുണ്ടില്‍ പുരട്ടി കിടക്കാം. 

 

 

രാവിലെ ചുണ്ടുകള്‍ക്ക് മുകളില്‍ പൊങ്ങിവന്നിരിക്കുന്ന തൊലിയുടെ അടരുകള്‍ നീക്കം ചെയ്താല്‍ മതിയാകും. എല്ലാ ദിവസവും ചെയ്യാവുന്നൊരു പൊടിക്കൈ ആണിത്. 

ആറ്...

മുടിയുടെ അഴകിനും നെയ്യ് ഉപയോഗിക്കാവുന്നതാണ്. മുടി ഭംഗിയായും ഒതുക്കത്തോടെയും കിടക്കുന്നതിന് നമ്മള്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കാറുണ്ട്. ഇതിന് പകരം നെയ്യാവാം. രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുടിയില്‍ തേച്ചുപിടിപ്പിക്കുക. 20 മിനുറ്റിന് ശേഷം വെള്ളമൊഴിച്ച് മുടി കഴുകി വൃത്തിയാക്കിയെടുക്കാം. 

Also Read:- സ്ട്രൈറ്റനിംഗ് ചെയ്തതോടെ തലമുടി കൊഴിച്ചില്‍ തുടങ്ങിയോ? പരീക്ഷിക്കാം ഈ ഹെയര്‍ മാസ്ക്...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!