ബലൂണ്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് മരണം; അധികൃതര്‍ ശ്രദ്ധിക്കൂ...

By Web Team  |  First Published Aug 23, 2021, 3:35 PM IST

മിക്കവാറും മാര്‍ക്കറ്റുകളും ബീച്ചുകളും പോലുള്ള ജനത്തിരക്കുള്ള മേഖലകളിലും, സ്‌കൂളുകള്‍ക്കടുത്തുമെല്ലാമായിരിക്കും ഇത്തരം കച്ചവടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാറ്. ഇക്കാരണം കൊണ്ട് അപകടത്തിന്റെ തീവ്രതയും വളരെ വലുതായിരിക്കും


ബലൂണില്‍ ഗ്യാസ് നിറയ്ക്കാനുപയോഗിക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേരാണ് മദ്ധ്യപ്രദേശിലെ ഛിന്ദ്വാരയിലും ഉത്തര്‍പ്രദേശിലെ വരാണസിയിലുമായി ഞായറാഴ്ച മരിച്ചത്. രണ്ട് അപകടത്തിലുമായി പത്ത് പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. 

ഛിന്ദ്വാരയില്‍ മാര്‍ക്കറ്റിനടുത്ത് വച്ചായിരുന്നു സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ബലൂണ്‍ കച്ചവടക്കാരടനക്കം അപകടത്തില്‍ മരിച്ചു. പ്രദേശമാകെ പൊട്ടിത്തെറിയില്‍ നടുങ്ങിയതായും മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരാണ് പരിക്കേറ്റ് ആശുപത്രിയിലായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരാണസിയിലും ജനത്തിരക്കുള്ള മേഖലയില്‍ വച്ചായിരുന്നു അപകടം. 

Latest Videos

undefined

മുമ്പും രാജ്യത്ത് പലപ്പോഴായി പലയിടങ്ങളിലായി ഇത്തരത്തില്‍ ബലൂണ്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ബെംഗലൂരുവിലുണ്ടായ അപകടത്തില്‍ പത്തൊമ്പതുകാരനായ തൊഴിലാളിയാണ് മരിച്ചത്. അതിന് മുമ്പ് തമിഴ് നാട്ടിലെ വെല്ലൂരിലുണ്ടയ അപകടത്തില്‍ മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. 2015ല്‍ താനെയിലുണ്ടായ അപകടത്തില്‍ ഒരു മരണവും, 13 പേര്‍ക്ക് പരിക്കും സംഭവിച്ചു. 

താനെയില്‍ അപകടം നടന്നത് സ്‌കൂളിനടുത്ത് വച്ചായിരുന്നു. അന്ന് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്കെതിരെ ഒറ്റ തിരിഞ്ഞ പ്രതിഷേധങ്ങളുയര്‍ന്നുവെങ്കിലും ഇപ്പോഴും ഈ അപകടകരമായ സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുവെന്ന് തന്നെയാണ് ഒരേ ദിവസത്തില്‍ രണ്ടിടങ്ങളിലായി സംഭവിച്ച ദുരന്തം സൂചിപ്പിക്കുന്നത്. 

അശ്രദ്ധമായും നിയമവിരുദ്ധമായും ബലൂണ്‍ സിലിണ്ടറുകള്‍ ഉപയോഗിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ് ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് വഴിയൊരുക്കുന്നത്. സാധാരണനിലയില്‍ 'ഹീലിയം' എന്ന വാതകമാണ് ബലൂണ്‍ സിലിണ്ടറുകളിലുണ്ടാവുക 

ഇതാണ് ബലൂണുകളില്‍ നിറയ്ക്കുന്നത്. എന്നാല്‍ ചിലര്‍ ഹീലിയത്തിന് പകരം ഹൈഡ്രജന്‍ നിറച്ച സിലിണ്ടറുകളും ഉപയോഗിക്കുന്നു. ഇത്തരത്തില്‍ വാതകങ്ങള്‍ നിറച്ച സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതില്‍ കാര്യമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വാതകങ്ങളുടെ അളവിലും തൂക്കത്തിലും അനുപാതത്തിലുമെല്ലാം കൃത്യത പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത് അപകടത്തിലേക്ക് വഴിയൊരുക്കാം. 

തദ്ദേശസ്ഥാപനങ്ങളും പൊലീസുമാണ് ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടത്. മിക്കവാറും മാര്‍ക്കറ്റുകളും ബീച്ചുകളും പോലുള്ള ജനത്തിരക്കുള്ള മേഖലകളിലും, സ്‌കൂളുകള്‍ക്കടുത്തുമെല്ലാമായിരിക്കും ഇത്തരം കച്ചവടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാറ്. ഇക്കാരണം കൊണ്ട് അപകടത്തിന്റെ തീവ്രതയും വളരെ വലുതായിരിക്കും. അതിനാല്‍ തന്നെ അധികൃതര്‍ ഇങ്ങനെയുള്ള കച്ചവടകേന്ദ്രങ്ങളില്‍ കര്‍ശനമായ പരിശോധനകളേര്‍പ്പെടുത്തേണ്ടത് എപ്പോഴും അത്യാവശ്യമാണ്. വലിയ ദുരന്തങ്ങളൊഴിവാക്കാന്‍ ഈ ജാഗ്രത തീര്‍ച്ചയായും നമ്മെ സഹായിക്കും.

Also Read:- ബൈക്ക് യാത്രികന്റെ കഴുത്ത് മുറിച്ചിട്ട പട്ടച്ചരട്; അറിയാം ഈ ആളെക്കൊല്ലിയെക്കുറിച്ച്....

click me!