പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ വിലപിടിപ്പുള്ള വജ്രം; ലക്ഷപ്രഭുവായി കര്‍ഷകന്‍

By Web Team  |  First Published Dec 9, 2020, 3:16 PM IST

ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യത്തില്‍ ലഖന്‍ യാദവും കുടുംബവും സന്തോഷത്തിലാണ്. ലക്ഷങ്ങള്‍ ലഭിച്ചുവെങ്കിലും ഇപ്പോഴുള്ള ജീവിതത്തില്‍ നിന്ന് മാറി ജീവിക്കാനൊന്നും താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ലഖന്‍ യാദവ് പറയുന്നു. തനിക്ക് സ്‌കൂളില്‍ പോകാനുള്ള അവസരമുണ്ടായിരുന്നില്ല. അതിനാല്‍ തന്റെ നാല് മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് ആഗ്രഹം


പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ നിന്ന് വിലിപിടിപ്പുള്ള അപൂര്‍വ്വയിനം വജ്രം ലഭിച്ചതോടെ ലക്ഷപ്രഭുവായി മാറി കര്‍ഷകന്‍. മദ്ധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്തുള്ള ഗ്രാമത്തിലാണ് സംഭവം. 

ദീപാവലി സമയത്താണ് കര്‍ഷകനായ ലഖന്‍ യാദവിന് 200 രൂപയ്ക്ക് പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ നിന്ന് വജ്രം ലഭിക്കുന്നത്. മണ്ണില്‍ ആഴ്ന്നുകിടന്നിരുന്ന വജ്രം കയ്യില്‍ തടഞ്ഞപ്പോള്‍ ആദ്യം അതെന്താണെന്ന് തന്നെ ലഖന്‍ യാദവിന് മനസിലായില്ല. 

Latest Videos

undefined

മണ്ണ് തുടച്ചുകളഞ്ഞപ്പോള്‍ കല്ല് അസാധാരണമായി തിളങ്ങുന്നത് ലഖന്‍ യാദവ് ശ്രദ്ധിച്ചു. തുടര്‍ന്ന് പരിപൂര്‍ണ്ണമായി വൃത്തിയാക്കിയെടുത്തപ്പോഴാണ് അത് വജ്രമാകാമെന്ന നിഗമനത്തിലേക്ക് അദ്ദേഹമെത്തിയത്. ശേഷം ജില്ലാ ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കല്ല് കാണിച്ചു.

ഇതോടെയാണ് 14.98 കാരറ്റ് വരുന്ന വജ്രമാണെന്ന് വ്യക്തമായത്. അധികം വൈകാതെ തന്നെ ലേലത്തിലൂടെ വജ്രം വില്‍ക്കുകയും ചെയ്തു. 60.6 ലക്ഷം രൂപയ്ക്കാണ് വജ്രം വിറ്റുപോയിരിക്കുന്നത്. 

ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യത്തില്‍ ലഖന്‍ യാദവും കുടുംബവും സന്തോഷത്തിലാണ്. ലക്ഷങ്ങള്‍ ലഭിച്ചുവെങ്കിലും ഇപ്പോഴുള്ള ജീവിതത്തില്‍ നിന്ന് മാറി ജീവിക്കാനൊന്നും താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ലഖന്‍ യാദവ് പറയുന്നു. തനിക്ക് സ്‌കൂളില്‍ പോകാനുള്ള അവസരമുണ്ടായിരുന്നില്ല. അതിനാല്‍ തന്റെ നാല് മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് ആഗ്രഹം. ഇതിന് വേണ്ടി പണം ബാങ്കില്‍ സൂക്ഷിക്കുന്നുവെന്നാണ് ലഖന്‍ യാദവ് അറിയിക്കുന്നത്. 

ഒരു ലക്ഷം രൂപയെടുത്ത് ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങിയിട്ടുണ്ട്. അതുതന്നെ മരുമക്കളുടെ നിര്‍ബന്ധം മൂലമാണെന്നാണ് ലഖന്‍ യാദവ് പറയുന്നത്. പന്നയില്‍ ഇതിന് മുമ്പും സാധാരണക്കാര്‍ക്ക് മണ്ണില്‍ നിന്ന് വജ്രം ലഭിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവുമൊടുവില്‍ ഭാഗ്യം വന്നുവീണിരിക്കുന്നത് ലഖന്‍ യാദവിനാണ്.

Also Read:- കാഴ്ചയ്ക്ക് സാധാരണ മോതിരം; വില കേട്ടാല്‍ തല കറങ്ങല്ലേ...

click me!