വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍...

By Web Team  |  First Published Dec 29, 2020, 6:44 PM IST

വരണ്ട ചര്‍മ്മക്കാര്‍ക്ക് വീടിനുള്ളില്‍ തന്നെ കണ്ടെത്താവുന്ന ചില സൗന്ദര്യ സംരക്ഷണമാര്‍ഗങ്ങളുണ്ട്.


ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യുന്നത് ചിലരിലെങ്കിലും വലിയ തലവേദനയുണ്ടാക്കാം. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്.

അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Latest Videos

undefined

ഒപ്പം വരണ്ട ചര്‍മ്മക്കാര്‍ക്ക് വീടിനുള്ളില്‍ തന്നെ കണ്ടെത്താവുന്ന ചില സൗന്ദര്യ സംരക്ഷണമാര്‍ഗങ്ങളുണ്ട്. അത്തരത്തില്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്... 

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

രണ്ട്... 

രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. നല്ലൊരു മോയിസ്ചറൈസറായി ഈ പാക്ക് പ്രവര്‍ത്തിക്കും. 

മൂന്ന്... 

ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക.  ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും മൃദുലമാകാനും ഇത് നല്ലതാണ്. 

നാല്...

ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്തു പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 

അഞ്ച്...

ഒരു സ്പൂണ്‍ ഓട്സ് നന്നായി പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം അര മണിക്കൂർ മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകാം. വരണ്ട ചർമ്മത്തിന് നല്ലൊരു ഫേസ് പാക്കാണിത്. 

Also Read: മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ ചെയ്യേണ്ടത്...

click me!