വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കേസാണ് ഇരുവരുടേതും. 2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിഞ്ഞിരുന്നു. പിന്നീട് 2018ല്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഹേഡ് തുറന്നുപറഞ്ഞതോടെ ഡെപ്പ് വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഡെപ്പിന്റെ സിനിമാകരിയറും ഏറെ ബാധിക്കപ്പെട്ടിരുന്നു
'പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍' സീരീസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജോണി ഡെപ്പ് ( Johnny Depp )വീണ്ടും വിവാദങ്ങളില്‍ നിറയുകയാണിപ്പോള്‍. മുന്‍ഭാര്യ ആംബെര്‍ ഹേഡിനെതിരായ ( Amber Heard ) മാനനഷ്ടക്കേസില്‍ വിചാരണ തുടരവേ ഡെപ്പ് കോടതിയെ ധരിപ്പിച്ച കാര്യങ്ങളും ഡെപ്പിന്റെ അഭിഭാഷകര്‍ കൊണ്ടുവന്ന മനശാസ്ത്ര വിദഗ്ധന്‍ കോടതിയില്‍ അറിയിച്ച കാര്യങ്ങളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഹേഡിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് ഡോ. ഷാനന്‍ കെറി കോടതിയെ അറിയിച്ചിരിക്കുന്നത്. ഹേഡിന് 'ഹിസ്ട്രിയോണിക് ആന്റ് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറുകള്‍' ഉണ്ടെന്നാണ് ഡോക്ടര്‍ കോടതിയില്‍ വാദിച്ചിരിക്കുന്നത്.
undefined
വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കേസാണ് ഇരുവരുടേതും. 2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിഞ്ഞിരുന്നു. പിന്നീട് 2018ല്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഹേഡ് തുറന്നുപറഞ്ഞതോടെ ഡെപ്പ് വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഡെപ്പിന്റെ സിനിമാകരിയറും ഏറെ ബാധിക്കപ്പെട്ടിരുന്നു.
ഡെപ്പിന്റെ പേര് എടുത്ത് പരാമര്‍ശിച്ചിരുന്നില്ല എങ്കില്‍ പോലും അത് അദ്ദേഹത്തെ തന്നെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ഏവര്‍ക്കും മനസിലാകുമെന്ന് അന്ന് ഡെപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് കരിയറിലും തിരിച്ചടി നേരിട്ടതോടെ ഹേഡിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു ഡെപ്പ്.
ഈ കേസിന്റെ വിചാരണയാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹേഡ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ഡെപ്പ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇവര്‍ തനിക്ക് നേരെ കുപ്പി വലിച്ചെറിയുകയും അത് തട്ടി കയ്യിലെ എല്ല് പൊട്ടിയെന്നുമെല്ലാം ഡെപ്പ് കോടതിയില്‍ വെളിപ്പെടുത്തി.
എന്നാല്‍ വിചാരണയ്ക്കിടെ ഡെപ്പ് പലവട്ടം പരസ്പരവിരുദ്ധമായി സംസാരിച്ചത് കോടതിമുറിയില്‍ പൊട്ടിച്ചിരിക്ക് ഇടയാക്കിയെന്നാണ് ചില വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ അഭിനയിച്ച സിനിമകളുടെ പേര് പോലും ഡെപ്പിന് പറയാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏതായാലും ഹേഡിന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന വാദം ഉയരുന്ന പശ്ചാത്തലത്തില്‍ ഇതെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മിക്കവരും ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത 'ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡറി'നെ കുറിച്ച് തന്നെയാണ് കൂടുതല്‍ ചര്‍ച്ചകള്‍.
ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍...
സ്വന്തം സ്വത്വവുമായി ബന്ധപ്പെട്ടും വൈകാരികതയുമായി ബന്ധപ്പെട്ടും ഒരു വ്യക്തി നേരിടുന്ന ഒരുപിടി മാനസികപ്രശ്‌നങ്ങളാണ് 'ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍'. സ്വന്തം ആത്മാഭിമാനത്തെ മറ്റുള്ളവരുടെ അംഗീകാരത്തിന് വിട്ടുകൊടുത്ത്, എല്ലായ്‌പോഴും ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന പെരുമാറ്റമാണ് പ്രധാനമായും ഇത്തരക്കാരില്‍ കാണാനാവുക.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കാത്ത അവസരങ്ങളില്‍ ഇത്തരക്കാര്‍ അസ്വസ്ഥരാകും. വൈകാരിക വ്യതിയാനങ്ങള്‍ പെട്ടെന്ന് തന്നെ പ്രകടമാക്കുക, മറ്റുള്ളവരെ 'ഇംപ്രസ്' ചെയ്യിക്കാനുള്ള തുടര്‍ച്ചയായ ശ്രമം, ഇതിന് വേണ്ടിയുള്ള സംസാരം, നാടകീയമായ പെരുമാറ്റം തുടങ്ങിയവയെല്ലാം ഈ അവസ്ഥയുടെ ഭാഗമായി കാണാം.
ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍...
ഇതും സ്വന്തം സ്വത്വവുമായി ബന്ധപ്പെട്ട് തന്നെ ഒരു വ്യക്തി നേരിടുന്ന പ്രതിസന്ധിയാണ്. ഈ അവസ്ഥയിലും വൈകാരികതകളെ നിയന്ത്രിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ രോഗി പ്രാപ്തരായിരിക്കില്ല.
സ്വന്തം ശരീരത്തെയും മനസിനെയും നോവിക്കുക, മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ എല്ലായ്‌പോഴും വിള്ളല്‍, ബന്ധങ്ങള്‍ നഷ്ടപ്പെട്ട് പോകുമെന്ന ഭയത്തില്‍ ആദ്യമേ അതില്‍ നിന്ന് ഓടിപ്പോവുക, പെട്ടെന്നുള്ള പ്രതികരണങ്ങള്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍, അമിതമായോ തീരെ കുറഞ്ഞോ ഭക്ഷണം കഴിക്കുക, മദ്യപാനം മറ്റ് ലഹരി ഉപയോഗം, ഡ്രൈവിംഗില്‍ അശ്രദ്ധ, മൂഡ് സ്വിംഗ്‌സ്, അത്മഹത്യാപ്രവണത, അത്തരം ചിന്തകള്‍, ഒരിക്കലും വിട്ടുപോകാത്ത ശൂന്യത ഇത്തരം പ്രശ്‌നങ്ങളെല്ലാം 'ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറി'ല്‍ കാണാം.
എന്തുകൊണ്ട് ഇത്തരം 'പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍'കള്‍?
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള വ്യക്തിത്വവൈകല്യങ്ങള്‍ ഒരു വ്യക്തിയില്‍ കാണപ്പെടുന്നത് എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഇതുവരെ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ജനിതകമായ കാരണങ്ങള്‍ (പാരമ്പര്യം), അതുപോലെ സാമൂഹികവും പാരിസ്ഥിതികവും ആയ കാരണങ്ങള്‍ എന്നിവയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ശാരീരികമോ, ലൈംഗികമോ, മാനസികമോ ആയ പീഡനങ്ങള്‍ ഏല്‍ക്കുന്നതും, സാമൂഹികമായ ഒറ്റപ്പെടല്‍, പരിഹാസം എന്നിവ തുടര്‍ച്ചയായി നേരിടുന്നതും കുട്ടിക്കാലത്തെ ട്രോമകളുമെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയോ ആക്കം കൂട്ടുകയോ ചെയ്യാം.
എങ്ങനെ തിരിച്ചറിയാം?
ഇങ്ങനെയുള്ള വ്യക്തിത്വവൈകല്യങ്ങള്‍ ഒരു വ്യക്തിക്ക് സ്വയവും അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ക്കും തിരിച്ചറിയാം. രോഗലക്ഷണങ്ങള്‍ വച്ചുതന്നെയാണ് ഇത് തിരിച്ചറിയാനാവുക. ഓരോ രോഗിക്കും ഓരോ തരത്തിലുള്ള ചികിത്സാരീതികളാണ് ഡോക്ടര്‍മാര്‍ നിശ്ചയിക്കുക. മാനസികപ്രശ്‌നങ്ങള്‍/ രോഗങ്ങള്‍ പുറത്തുപറയാന്‍ കൊള്ളാത്തതാണെന്നും അത് പുറത്തറിഞ്ഞാല്‍ അപമാനമാണെന്നുമെല്ലാം ചിന്തിക്കുന്ന ധാരാളം പേരുണ്ട്.
അഭ്യസ്തവിദ്യര്‍ പോലും ഇന്നും ഇങ്ങനെയെല്ലാം ചിന്തിക്കാറുണ്ട്. അത്തരം സങ്കല്‍പങ്ങളെല്ലാം തന്നെ തെറ്റാണ്. ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ പോലെ തന്നെ മനസിനെ ബാധിക്കുന്ന രോഗങ്ങളെയും കാണാന്‍ ശ്രമിക്കുക. സ്വന്തം പ്രശ്‌നങ്ങള്‍ മനസിലാക്കി ചികിത്സയ്ക്ക് വിധേയമാകുന്നതോ, അക്കാര്യം സധൈര്യം തുറന്നുപറയുന്നതോ വ്യക്തിത്വത്തെ കുറച്ച് കാണിക്കുന്നതല്ല, മറിച്ച് സ്വന്തത്തെ കുറിച്ചുള്ള അറിവിനെ വെളിപ്പെടുത്തുന്നതാണ്.