'എന്റെ അച്ഛന്‍ ഒരു കൂലിപ്പണിക്കാരനാണ്. ഈ ദിവസങ്ങളിലെല്ലാം ഞങ്ങളെ സഹായിച്ചത് അയല്‍ക്കാരാണ്. അമ്മ മരിച്ചതില്‍ പിന്നെ അമ്മയുടെ ഫോണ്‍ കണ്ടുകിട്ടിയിട്ടില്ല. അമ്മയുടെതായ ഓര്‍മ്മകളെല്ലാം ആ ഫോണിലാണ്. ആരെങ്കിലും എടുത്തതാണെങ്കില്‍ അത് ദയവായി തിരിച്ചേല്‍പിക്കൂ, അതല്ലെങ്കില്‍ അത് കണ്ടെത്താന്‍ സഹായിക്കൂ...'
'അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരികെ വേണം, അതിന് എന്നെ സഹായിക്കണം'... ഒരു മകളുടെ വേദന നിറഞ്ഞ അപേക്ഷയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലരെങ്കിലും ഈ സംഭവം അറിഞ്ഞിരിക്കാം. കര്‍ണാടകയിലെ കുടക് സ്വദേശിയാണ് ഈ ഒമ്പത് വയസുകാരി. പേര് ഹൃത്വിക്ഷ.
ഏതാണ്ട് പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹൃത്വിക്ഷയും അമ്മയും അച്ഛനും കൊവിഡ് പൊസിറ്റീവ് ആയി. ആരോഗ്യനില മോശമായതോടെ അമ്മയെ മടിക്കേരിയിലുള്ള കൊവിഡ് പ്രത്യേക ആശുപത്രിയിലേക്ക് മാറ്റി. ക്വറന്റൈനിലായിരുന്നതിനാല്‍ ഹൃത്വിക്ഷയ്ക്കും അച്ഛനും ആശുപത്രിയിലേക്ക് പോകാനേ സാധിച്ചില്ല.
undefined
മെയ് 16ന് ആശുപത്രിയില്‍ നിന്ന് ഇവരെ തേടി ഫോണ്‍ കോളെത്തി. അമ്മ പ്രഭ, കൊവിഡ് മൂര്‍ച്ഛിച്ച് മരിച്ചിരിക്കുന്നു. വൈകാതെ തന്നെ അമ്മയുടെ വസ്ത്രങ്ങളും മറ്റുമടങ്ങിയ ബാഗും ആശുപത്രിക്കാര്‍ വീട്ടിലെത്തിച്ചു. എന്നാല്‍ അതില്‍ അമ്മയുടെ ഫോണ്‍ മാത്രമുണ്ടായിരുന്നില്ല.
അമ്മയോടൊപ്പമുള്ള ഫോട്ടോകളെല്ലാം ആ ഫോണിലാണ്, തനിക്കത് കിട്ടിയേ തീരൂ എന്ന് വാശി പിടിച്ച് കൊച്ചു ഹൃത്വിക്ഷ നിര്‍ത്താതെ കരഞ്ഞുതുടങ്ങി. ബന്ധുക്കളില്‍ ചിലര്‍ കൂടി ഫോണിനായി ആശുപത്രിയില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രഭ മരിച്ചുവെന്ന് വിവരം ലഭിച്ചതിന്റെ തലേ ദിവസം വരെ ഫോണ്‍ ഓണ്‍ ആയിരുന്നുവെന്നും മരണവിവരം അറിഞ്ഞതില്‍ പിന്നെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് കേള്‍ക്കാനാകുന്നതെന്നും ബന്ധു പറയുന്നു.
എങ്ങനെയും ആ ഫോണ്‍ തിരികെ കിട്ടണമെന്നേ ഹൃത്വിക്ഷയ്ക്കുള്ളൂ. അതിനായി ജില്ലാ ഭരണാധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് അവള്‍. ഫോണ്‍ മോഷണം പോയതായിരിക്കണമെന്നാണ് ഇവരുടെ സംശയം. അങ്ങനെയെങ്കില്‍ ദയവായി തങ്ങളുടെ അവസ്ഥ മനസിലാക്കി തിരികെ തരണമെന്നാണ് ഇവര്‍ അപേക്ഷിക്കുന്നത്.
'എന്റെ അച്ഛന്‍ ഒരു കൂലിപ്പണിക്കാരനാണ്. ഈ ദിവസങ്ങളിലെല്ലാം ഞങ്ങളെ സഹായിച്ചത് അയല്‍ക്കാരാണ്. അമ്മ മരിച്ചതില്‍ പിന്നെ അമ്മയുടെ ഫോണ്‍ കണ്ടുകിട്ടിയിട്ടില്ല. അമ്മയുടെതായ ഓര്‍മ്മകളെല്ലാം ആ ഫോണിലാണ്. ആരെങ്കിലും എടുത്തതാണെങ്കില്‍ അത് ദയവായി തിരിച്ചേല്‍പിക്കൂ, അതല്ലെങ്കില്‍ അത് കണ്ടെത്താന്‍ സഹായിക്കൂ...'- ഹൃത്വിക്ഷ ജില്ലാ ഭരണാധികാരികള്‍ക്കും ആശുപത്രി അധികൃതര്‍ക്കും നല്‍കിയ പരാതിയിലെ വരികളാണ്.
പരാതി കയ്യില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഹൃത്വിക്ഷയുടെ ചിത്രവും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. മകളുടെ ഓണ്‍ലൈന്‍ ക്ലാസ് നടന്നിരുന്നത് ആ ഫോണ്‍ മുഖേനയാണെന്നും ഫോട്ടോകള്‍ക്ക് പുറമെ പല പ്രധാനപ്പെട്ട രേഖകളും കോണ്‍ടാക്ടുകളുമെല്ലാം ഫോണിലുണ്ടെന്നും ഹൃത്വിക്ഷയുടെ അച്ഛനും പറയുന്നു.
ഇവരുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയതായാണ് മടിക്കേരി പൊലീസ് ഒടുവില്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ധാരാളം പേര്‍ ഹൃത്വിക്ഷയ്ക്ക് അവളുടെ അമ്മയുടെ ഓര്‍മ്മകളടങ്ങിയ ആ ഫോണ്‍ എത്രയും പെട്ടെന്ന് തിരികെ ലഭിക്കട്ടെ എന്ന് ആശംസിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona