സൈബറിടങ്ങളില്‍ കുട്ടികള്‍ക്കെതിരായി നടന്നിരിക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച 842 കേസുകളില്‍ 738 എണ്ണവും ലൈംഗികതയുമായി ബന്ധപ്പെട്ടവയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ ഇടപെടലുകള്‍, അവരോട് ലൈംഗികച്ചുവയില്‍ സംസാരിക്കുക, ലൈംഗികതയടങ്ങിയ വീഡിയോയോ ചിത്രങ്ങളോ എഴുത്തോ കൈമാറുക തുടങ്ങി പല തരത്തിലുള്ള സംഭവങ്ങളും ഇതിലുള്‍പ്പെടുന്നുണ്ട്
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്കെതിരായ ( Child Abuse ) ഓണ്‍ലൈന്‍ ലൈംഗികാതിക്രമ കേസുകളില്‍ ( Online Sexual Attack ) രാജ്യത്ത് വന്‍ വര്‍ധനവ്. എന്‍സിആര്‍ബി ( നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സൈബറിടങ്ങളില്‍ കുട്ടികള്‍ക്കെതിരായി നടന്നിരിക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച 842 കേസുകളില്‍ 738 എണ്ണവും ലൈംഗികതയുമായി ബന്ധപ്പെട്ടവയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ ഇടപെടലുകള്‍, അവരോട് ലൈംഗികച്ചുവയില്‍ സംസാരിക്കുക, ലൈംഗികതയടങ്ങിയ വീഡിയോയോ ചിത്രങ്ങളോ എഴുത്തോ കൈമാറുക തുടങ്ങി പല തരത്തിലുള്ള സംഭവങ്ങളും ഇതിലുള്‍പ്പെടുന്നുണ്ട്.
undefined
2019ല്‍ ആകെ 164 കേസുകളാണ് സൈബറിടങ്ങളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 2018ല്‍ 117 ഉം 2017ല്‍ 79 ഉം ആയിരുന്നു കേസുകളുടെ എണ്ണം. ഈ തോതില്‍ നിന്നാണ് 2020 ആയപ്പോഴേക്കും വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുകയും സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കപ്പെട്ട് എല്ലാം ഓണ്‍ലൈന്‍ ഇടങ്ങളിലേക്ക് മാറുകയും ചെയ്തതോടെ കൂടുതല്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുതുടങ്ങിയിരുന്നു. ഇത് സൈബറിടങ്ങളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാമൂഹികമായ ഇടപെടലുകള്‍ ഇല്ലാതിരുന്ന സാഹചര്യം കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതും സൈബറിടങ്ങളിലെ കുരുക്കുകളിലേക്ക് കൂടുതല്‍ കുട്ടികള്‍ വഴിതെറ്റിയെത്തുന്നതിന് കാരണമായെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഒപ്പം തന്നെ മാതാപിതാക്കളുടെയോ മുതിര്‍ന്നവരുടെയോ അധ്യാപകരുടെയോ അശ്രദ്ധയും ശിക്ഷണമില്ലായ്കയും ഇതില്‍ ഘടകമായി വന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികളെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുന്നതല്ല ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്. സൈബറിടങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് അവര്‍ക്ക് കൃത്യമായ അവബോധം നല്‍കുകയാണ് വേണ്ടത്. കുട്ടികള്‍ക്ക് തുറന്ന് ഇടപഴകാനും എന്ത് സംശയങ്ങളും ചോദിക്കാനും എല്ലാമുള്ള സ്വതന്ത്രമായ അന്തരീക്ഷം വീടുകളിലും ഉണ്ടാകേണ്ടതുണ്ട്.
അല്ലാത്തപക്ഷം അവര്‍ അത്തരം ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം തേടി ഇന്റര്‍നെറ്റ് ലോകത്ത് തന്നെ വിഹരിക്കാം. ഇതും കൂടുതല്‍ അബദ്ധങ്ങളില്‍ ചെന്നുപിണയുന്നതിന് കാരണമാകാം. സൈബറിടങ്ങളിലെ ജാഗ്രത പോലെ തന്നെ, ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കുട്ടികള്‍ക്ക് സാമാന്യം അവബോധം നല്‍കേണ്ടതുണ്ട്. പലപ്പോഴും ഇക്കാര്യങ്ങള്‍ കുട്ടികളോട് സംസാരിക്കരുത് എന്ന നിലപാടിലാണ് മാതാപിതാക്കളും അധ്യാപകരും തുടരാറ്. ഇത് തീര്‍ത്തും അനാരോഗ്യകരമായ പ്രവണത തന്നെയാണ്.
കൊവിഡ് കാലത്ത് രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നായി മൂന്നരക്കോടിയില്‍ അധികം കുട്ടികള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റിനെ ആശ്രയിച്ചുവെന്നാണ് യൂനിസെഫിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതായത് അത്രമാത്രം കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയെന്നത് തന്നെയാണ് ഉചിതമായ രീതി.
Also Read:- കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു!