Shark Attack : സ്രാവ് ആക്രമിച്ചു; പത്തുവയസുകാരന്‍റെ കാല്‍ മുറിച്ചുമാറ്റി

By Web Team  |  First Published Aug 17, 2022, 4:10 PM IST

അനിയന്ത്രിതമായ രക്തപ്രവാഹമായിരുന്നു ഉണ്ടായത്. ഇതോടെ എത്രയും പെട്ടെന്ന് കുട്ടിയെ ബോട്ടില്‍ കയറ്റി കരയ്ക്കെത്തിക്കുകയും വൈകാതെ തന്നെ ഹെലികോപ്റ്ററില്‍ മിയാമിയിലുള്ള കുട്ടികളുടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. 


സ്രാവിന്‍റെ ആക്രമണത്തില്‍ ആളുകള്‍ക്ക് പരുക്കേല്‍ക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതുമൊന്നും അത്ര സാധാരണമല്ല. പൊതുവെ മനുഷ്യരെ അങ്ങോട്ട് കയറി ആക്രമിക്കുന്നവയുമല്ല ഇവ. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ സ്രാവുകള്‍ ആക്രമണകാരികളാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ തന്നെ നഷ്ടമാകുന്ന തരത്തിലേക്ക് പരുക്കേല്‍ക്കാം. 

എന്തായാലും അത്തരത്തിലുള്ള ദാരുണമായൊരു സംഭവത്തിന്‍റെ റിപ്പോര്‍ട്ടാണ് അമേരിക്കയിലെ ഫ്ളോറിഡയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. കടലില്‍ കളിക്കുകയായിരുന്ന പത്തുവയസുകാരന് സ്രാവിന്‍റെ ആക്രമണമേല്‍ക്കുകയും ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഈ കുട്ടിയുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവരികയും ചെയ്തതായാണ് വാര്‍ത്ത. 

Latest Videos

undefined

ഫ്ളോറിഡയിലെ 'ലൂ കീ റീഫ്'ലാണ് സംഭവം നടന്നിരിക്കുന്നത്. ദിനംപ്രതി ധാരാളം സഞ്ചാരികളെത്തുന്ന ഇവിടെ ഇത്തരമൊരു അപകടം സംഭവിച്ചതിന്‍റെ നടുക്കത്തിലാണ് ഏവരും. കടലില്‍ അടിത്തട്ടില്‍ മുങ്ങിക്കളിക്കുകയായിരുന്നു ജയിംസണ്‍ റീഡര്‍ ജൂനിയര്‍. അച്ഛൻ റീഡറും സഹോദരങ്ങളുമെല്ലാം ജയിംസണിനൊപ്പം ഉണ്ടായിരുന്നു. 

കടലില്‍ അല്‍പദൂരം വരെ ബോട്ടില്‍ പോയി, പിന്നീട് മുങ്ങി അടിത്തട്ടില്‍ പോകാൻ സാധിക്കുന്ന സൗകര്യം ഇവിടെയുണ്ടായിരുന്നു. ഇതുപയോഗപ്പെടുത്തി കളിയില്‍ ഏര്‍പ്പെടുകയായിരുന്നു ജയിംസണ്‍. ഇതിനിടെ കുട്ടിയുടെ കാലില്‍ എന്തോ പിടിച്ചുവലിക്കുന്നത് അച്ഛൻ കാണുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ വലിച്ചെടുത്ത് ബോട്ടിലേക്ക് കയറ്റിയെങ്കിലും കാലില്‍ ഗുരുതരമായ പരുക്കേറ്റിരുന്നു.

അനിയന്ത്രിതമായ രക്തപ്രവാഹമായിരുന്നു ഉണ്ടായത്. ഇതോടെ എത്രയും പെട്ടെന്ന് കുട്ടിയെ ബോട്ടില്‍ കയറ്റി കരയ്ക്കെത്തിക്കുകയും വൈകാതെ തന്നെ ഹെലികോപ്റ്ററില്‍ മിയാമിയിലുള്ള കുട്ടികളുടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സമയത്തിന് ആശുപത്രിയിലെത്തിച്ചതിനാല്‍ കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്താനാായി. എന്നാല്‍ കാല്‍ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. മുട്ടിന് താഴേക്കാണ് കാല്‍ മുറിച്ചുമാറ്റിയിരിക്കുന്നത്. സര്‍ജറിക്ക് ശേഷം ജയിംസണ്‍ സുഖം പ്രാപിച്ചുവരികയാണിപ്പോള്‍. 

യുഎസില്‍ പലയിടങ്ങളിലും സ്രാവിന്‍റെ ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് അധികൃതരെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രധാനമായും വിനോദസഞ്ചാരമേഖലയെ ആണിത് ദോഷകരമായി ബാധിക്കുക. യുഎസില്‍ തന്നെ ഏറ്റവുമധികം സ്രാവുകളുടെ ആക്രമണമുണ്ടാകുന്നത്ത ഫ്ളോറിഡയിലാണ്. 

Also Read:- കയ്യില്‍ സ്രാവ് കടിച്ചുപിടിച്ചു; ചോരയൊഴുകുമ്പോഴും ശാന്തനായി ഒരാള്‍- വീഡിയോ

tags
click me!